ലേഖനം:മൂടുപടം | ജിനേഷ്

രാവിലെ 7 മണി ആയപ്പോൾ  അച്ചായൻ എണീറ്റു പ്രഭാത കാര്യങ്ങളെല്ലാം ചെയ്തു. 8 മണിക്ക് സൺഡേസ്‌കൂളിന് പിള്ളാരെയും എടുത്തുകൊണ്ട് അച്ചായൻ പള്ളിയിൽ എത്തി. സൺഡേസ്കൂൾ കഴിഞ്ഞ് ആരാധനയ്ക്കുള്ള സമയമായപ്പോൾ പാടുവാനുള്ള സജ്ജീകരണങ്ങൾ എല്ലാം ക്രമപ്പെടുത്തി അച്ചായൻ പാട്ടുകാരുടെ മുൻപിൽ വന്നു നിന്നു. എന്തൊരു ആത്മാർത്ഥമായ ആരാധന, പരിശുദ്ധാത്മാവിന്റെ  പ്രവാഹം സഭയിൽ നിറഞ്ഞു. സാക്ഷ്യത്തിന് സമയമായപ്പോൾ അച്ചായൻ എഴുന്നേറ്റ്‌ അനുഗ്രഹീതമായ ഒരു പ്രബോധനവും നൽകി. വിശ്വാസികൾ ഒന്നടങ്കം അത് ഏറ്റെടുത്തു. എത്ര മനോഹരമായ ദൈവീക വചനം, അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് അവർ  പരസ്പരം പറഞ്ഞു. സഭാരാധന കഴിഞ്ഞ് ഭവനത്തിൽ വന്ന് ഉച്ചഭക്ഷണവും കഴിഞ്ഞ് അച്ചായൻ നല്ല ഉറക്കത്തിലാണ്. ആ സമയത്താണ് കൂട്ടുകാരന്റെ ഫോൺ കാൾ വന്നത്. അച്ചായാ, പെട്ടെന്ന് ടൗണിലേക്ക് വാ, ഇന്ന് നമുക്ക് ഇവിടെ കൂടാം എന്നായിരുന്നു കൂട്ടുകാരന്റെ അറിയിപ്പ്. അത് കേൾക്കേണ്ട താമസം, അച്ചായൻ ടൗണിൽ എത്തി, പഴയതുപോലെ തന്നെ കൂട്ടുകാരുമൊത്ത് ദൈവഹിതമല്ലാത്ത കാര്യങ്ങളിൽ ഏർപ്പെട്ടു. പള്ളിയിൽ ആത്മീയതയും പുറത്തു ജഡീകനും.

മത്തായി 6:24 രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല. നാം രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന മൂന്ന് പേരുണ്ട്. 1) നമ്മെ കുറ്റം വിധിക്കാൻ നിൽക്കുന്ന സാത്താൻ. 2) നമ്മെ സ്നേഹിക്കുന്ന ദൈവം. 3) നാം നമ്മെ കാണുന്നു. നാം ചെയ്യുന്ന രഹസ്യവും പരസ്യവുമായ എല്ലാ കാര്യങ്ങളും ദൈവം കാണുന്നുണ്ട്. ഭൂമി അതിൻറെ പൂർണ്ണതയിൽ എത്തിക്കൊണ്ടിരിക്കുമ്പോൾ  നാമോരോരുത്തരും വിശുദ്ധിയോടെ നിൽക്കണം എന്നുള്ളത് ദൈവത്തിന്റെ ആഗ്രഹമാണ്.

ഈ കാലഘട്ടത്തിൽ നാം ഓരോരുത്തരും അതിശ്രദ്ധയോടെ നോക്കി കാണേണ്ട ഒരു വിഷയമാണിത്. നമ്മുടെ ശരീരത്തെയും മനസ്സിനെയും വിശുദ്ധിയോടെ കാക്കുകയും അകത്തെ മനുഷ്യനെ ദിനംതോറും ശക്തിപ്പെടുത്തേണ്ടതും ആവശ്യമാണ്. നാം കർത്താവിനുവേണ്ടി അധികം പ്രവർത്തിക്കുന്നതിനെക്കാൾ കർത്താവിന്റെ മുൻപിൽ വിശുദ്ധ ജീവിതം നയിക്കുന്നതാണ് പ്രാധാന്യം. മത്തായി 7:23:- അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും. അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവൻ ആണ് നമ്മുടെ കർത്താവ് എന്നുള്ളതു നാം മറന്നു പോകരുത്.

നമ്മുടെ ജീവിതത്തിൽ ചില കുറവുകൾ സംഭവിക്കാം. എന്നാൽ അറിഞ്ഞുകൊണ്ട് പാപത്തിൽ ചെന്നുചാടുന്ന മനുഷ്യന് അയ്യോ കഷ്ടം. അതുകൊണ്ട് മനുഷ്യനെ പ്രസാദിപ്പിക്കുന്ന രീതിയിലും മനുഷ്യന് വിളങ്ങുന്ന രീതിയിലും ആയിരിക്കരുത് നമ്മുടെ ആരാധനയും, പ്രവൃത്തിയും, മറിച്ച് ദൈവത്തിന് പ്രസാദമുള്ള രീതിയിൽ മാത്രമായിരിക്കണം ആരാധന. അതിനാൽ മോഹങ്ങൾക്ക് പുറകെ അല്ല, കർത്താവായ യേശുക്രിസ്തുവിനെയും അവന്റെ വചനത്തെയും മുറുകെ പിടിച്ചുകൊണ്ടു നമ്മുടെ ആരാധനയും പ്രവർത്തിയും ദൈവനാമ മഹത്വത്തിനായി മാത്രം ചെയ്തുകൊണ്ട് മുന്നോട്ടു ഗമിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.