പുരാതന ബൈബിൾ വിസ്മയമായി അബുദാബിയില്‍ കയ്യെഴുത്ത് പ്രദർശനം

അബുദാബി: പതിനാലാം നൂറ്റാണ്ടിലെ ബൈബിളടക്കം പൗരാണിക ഗ്രന്ഥങ്ങളുടെ അമൂല്യമായ ശേഖരങ്ങളുടെ കാഴ്ചയുമായി പ്രഥമ മാനുസ്ക്രിപ്റ്റ്സ് പ്രദർശനം അബുദാബിയില്‍. മാർട്ടിൻ ലൂതറിന്റെ പരിഭാഷയ്ക്ക് 150 വർഷം മുൻപ് ഇറങ്ങിയ ബൈബിളിന്റെ ജർമൻ ഭാഷയിലുള്ള കയ്യെഴുത്തു പ്രതിയാണ് പ്രദര്‍ശനത്തിനുള്ളത്. 101 പേജുള്ള വെൻസെസ് ലാസ് ബൈബിളിന്റെ ലക്ഷ്വറി എഡിഷനിൽ ലോകത്ത് പത്തു കോപ്പികൾ മാത്രമാണ് നിലവിലുള്ളതെന്ന് ജർമനിയിലെ അഡേവ അക്കാദമിക് മാനേജിങ് ഡയറക്ടർ ഡി പോൾ സ്ട്രസ്ൽ പറഞ്ഞു.

കട്ടികൂടിയ മിൽറ്റ് പേപ്പറിൽ അച്ചടിയെ വെല്ലുംവിധം കൈകൊണ്ട് തയാറാക്കിയ ബൈബിളിന് ഒരു ലക്ഷം യൂറോയാണ് വില. വെൻസെ‌സ്‌ലാസ് രാജാവിന്റെ നിർദേശപ്രകാരം തയാറാക്കിയ കയ്യെഴുത്ത് പ്രതിയിൽ എഴുതിയ ആളുടെ പേര് ഇല്ല. 530  x 265 മില്ലിമീറ്റർ വലുപ്പത്തിലാണ് ബൈബിൾ തയാറാക്കിയത്.

ലോകത്ത് പഴക്കമേറിയതും അമൂല്യവുമായ താളിയോല ഗ്രന്ഥങ്ങളും വൈദ്യശാസ്ത്ര പുസ്തകങ്ങളും ഭൂപടങ്ങളും നോവലുകളും കവിതകളുമെല്ലാം പ്രദർശനത്തെ സമ്പന്നമാക്കുന്നു. വില്യം ഷെയ്ക്സ്പിയറിന്റെ കോമഡീസ്, ഹിസ്റ്ററീസ് ആൻഡ് ട്രാജഡീസ് രണ്ടാം പതിപ്പ്, ഫ്ലോറൻസ് നൈറ്റിങ്ഗേൽ നൈറ്റിങ്ഗേൽ ഒപ്പുവച്ച സ്വന്തം ഫൊട്ടോഗ്രാഫ്, ചിത്രങ്ങളടക്കമുള്ള ലോകത്തിലെ ആദ്യ ശരീരഘടനശാസ്‌ത്ര പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി തുടങ്ങി അപൂർവ പുസ്തകങ്ങളുടെയും ചിത്രങ്ങളുടെയും നീണ്ട നിരകളുണ്ട് പ്രദര്‍ശനത്തിന്.

അബുദാബി മനാറത് അൽ സാദിയാത്തിൽ ഇന്നലെ ആരംഭിച്ച കയ്യെഴുത്ത് പ്രതികളുടെ രാജ്യാന്തര പ്രദർശനം ഫെബ്രുവരി15 വരെ നീണ്ടുനിൽക്കും. പ്രവേശനം സൗജന്യം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.