കർതൃമേശ ആചരിക്കണമെങ്കിൽ ഇനി മുതൽ ആരാധനാലയങ്ങൾ ലൈസൻസ് എടുക്കേണ്ടിവരും

തിരുവനന്തപുരം: ഇനി മുതല്‍ ആരാധനാലയങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണമെങ്കില്‍ ആരാധനാലയങ്ങളും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ലൈസന്‍സ് എടുക്കാതെ ആരാധനാലയങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്താല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

പ്രസാദം വിതരണം ചെയ്യുന്ന ക്ഷേത്രങ്ങള്‍, നേര്‍ച്ച വിരുന്ന് നടത്തുന്ന മസ്ജിദുകള്‍, കുര്‍ബാന അപ്പം നല്‍കുന്ന ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങിയവയെല്ലാം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം. ആരാധനാലയങ്ങളോട് അനുബന്ധിച്ച് ഭക്ഷണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്നുണ്ടെങ്കിലും ഇനി മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ആരാധനാലയങ്ങളില്‍ ഭക്ഷണങ്ങള്‍ തയ്യാറാക്കുന്ന ഇടങ്ങളിലും സ്റ്റോര്‍ റൂമുകളിലും വൃത്തിയും ശുചിത്വവും പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തുകയും വേണം.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ എടുക്കാതെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ആറ് മാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണിതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.