ലേഖനം:നമ്മുടെ വാക്കുകൾ എങ്ങനെ? | ഡോ.അജു തോമസ്,സലാല

ഓരോ ദിവസവും എണ്ണമറ്റ വാക്കുകൾ ആണ് ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്നത്. സുഹൃത്തുക്കളോട്, കുടുംബാംഗങ്ങളോട്, പുതിയതായി പരിചയപ്പെടുന്നവരോട് ഒക്കെ വ്യത്യസ്ത നിലയിൽ നാം സംസാരിക്കുന്നു. വ്യക്തികൾ മാറുന്നതിനു അനുസരിച്ചു നമ്മുടെ വാക്കുകളുടെ ഉപയോഗവും മാറാറുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവം ആ ആളിൻറെ വാക്കുകളുടെ ഉപയോഗരീതിയിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. കർത്താവായ യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു വിശ്വാസ ജീവിതം നയിക്കുന്ന ഓരോ വ്യക്തികളെ സംബന്ധിച്ചും അവർ ഉപയോഗിക്കുന്ന വാക്കുകൾ വളരെ പ്രധാനപ്പെട്ടതാണ്. വിശ്വാസജീവിതത്തിൽ തങ്ങളുടെ യാത്ര ആരംഭിക്കുമ്പോൾ മുതൽ അവസാനിക്കുന്നത് വരെ ഉള്ള കാലഘട്ടം എപ്രകാരം ജീവിക്കണം എന്ന് ഉപദേശിക്കുന്ന വിശുദ്ധ വേദപുസ്തകം നമ്മുടെ വാക്കുകൾ എങ്ങനെ ഉള്ളത് ആയിരിക്കണം എന്ന് കൂടി വളരെ വിശദമായി വ്യക്തമാക്കുന്നുണ്ട്.

കൊലൊസ്സ്യയിൽ ഉള്ള വിശുദ്ധന്മാരെയും വിശ്വാസികളെയും അഭിസംബോധന ചെയ്തു അപ്പോസ്തോലനായ പൗലോസ് ലേഖനം എഴുതുമ്പോൾ എങ്ങനെ സംസാരിക്കണം എന്നത് സംബന്ധിച്ച് പരിശുദ്ധാത്മാവിൽ ബുദ്ധി ഉപദേശിക്കുന്നത് അങ്ങേയറ്റം പ്രസക്തമാണ്. “സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ. ” (കൊലൊസ്സ്യർ 4 :6 ).വാക്കുകളുടെ ഉപയോഗം എപ്രകാരം ആയിരിക്കണം എന്നതിന് ഇതിലപ്പുറം ഒരു ഉപദേശം ആവശ്യമില്ല. ആ നിലയിൽ ആഴത്തിൽ ഉള്ള ആത്മിക അർത്ഥത്താൽ സമ്പുഷ്ടമാണ് പ്രസ്തുത വാക്യം.

ദൈവകൃപയിൽ അധിഷ്ഠിതമായ വാക്കുകൾ തന്നെ നമ്മുടെ നാവിൽ നിന്ന് പുറപ്പെടണം എന്ന് പരിശുദ്ധാത്മാവിനു നിർബന്ധം ഉണ്ട് എന്ന് കൊലൊസ്സ്യ ലേഖനത്തിലെ പ്രസ്തുത വാക്യത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഉപ്പിനാൽ രുചി വരുത്തി പരുവപ്പെടുത്തിയെടുത്ത വാക്കുകൾ തന്നെ ഒരു വിശ്വാസി ഉപയോഗിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു. ആഹാരം എത്ര നല്ലതെങ്കിലും വിലയേറിയ കൂട്ടുകൾ ചേർത്ത് തയ്യാറാക്കിയതെങ്കിലും ഉപ്പില്ലെങ്കിൽ രുചി കുറയുകയോ ഭക്ഷണ യോഗ്യമല്ലാതെയോ ആയി തീരും എന്നത് പോലെ തന്നെ നമ്മൾ എത്ര നല്ല പശ്ചാത്തലത്തിൽ നിന്നുള്ളവർ എങ്കിലും നമ്മുടെ വാക്കുകൾ ഉപ്പിനാൽ എന്നത് പോലെ രുചി വരുത്താതെവണ്ണം ദൈവ ആഗ്രഹിക്കാത്ത നിലയിൽ ഉള്ളതെങ്കിൽ പ്രയോജന രഹിതമായി തീരുമെന്ന് മാത്രമല്ല
ഗുണത്തേക്കാളേറെ ദോഷം ചെയ്യാനും ദൈവമനാമം കളങ്കപ്പെടാനും മാത്രമേ ഉതകുകയുള്ളു.

post watermark60x60

വിശ്വാസികളായ നാം ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ എപ്രകാരമുള്ളതാണ് എന്ന് നാം തന്നെ വിലയിരുത്തേണ്ടത് ആവശ്യമാണ്. പരിശുദ്ധാത്മാവിനെ പ്രാപിച്ചവരായ നമ്മിൽ നിന്ന് വരുന്ന വാക്കുകൾ സഹ വിശ്വാസികളെയും മറ്റുള്ളവരെയും ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവയാണോ അതോ മുറിപ്പെടുത്തുകയും തകർക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നവയാണോ എന്ന് പരിശോധിക്കേണ്ടതാണ്. ദൈവനാമം നമ്മിലൂടെ മഹത്വം എടുക്കണം എന്ന് ദൈവം ആഗ്രഹിക്കുമ്പോൾ ആ നിലയിൽ നമ്മെ തന്നെ പരുവപ്പെടുത്തി എടുക്കേണ്ടത് ഏറ്റവും വലിയ ഒരു കർത്തവ്യം തന്നെയാണ്. പലപ്പോഴും മറിച്ചാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന യാഥാർഥ്യം നാം തിരിച്ചറിയാതെ പോകുകയുമരുത്.

ശുശ്രൂഷകന്മാരും വിശ്വാസികളും സഭയിൽ പ്രബോധിക്കുമ്പോൾ പ്രസംഗത്തിൽ കൂടി മറ്റുള്ളവരെ കുത്തി മുറിവേൽപ്പിക്കുന്നത് വാക്കുകളുടെ ഉപയോഗം സംബന്ധിച്ച് ഏറ്റവും ദുഖകരമായ സംഗതിയാണ്. ദൈവവചനം മറ്റുള്ളവരോട് പങ്കുവെക്കുമ്പോൾ പോലും വേറെ ഒരാളെ ആ അവസരം മുതലാക്കി വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് ശരിയായ ഒരു കാര്യമല്ല. ഏതെങ്കിലും ഒരു വിഷയത്തിൽ അഭിപ്രായ വ്യത്യസമുണ്ടെങ്കിൽ ആ വിഷയം നേരിട്ട് അഭിപ്രായ വ്യത്യസമുള്ള വ്യക്തികളോട് സംസാരിക്കാം എന്നിരിക്കെ അതിനു മുതിരാതെ ദൈവവചനത്തിലൂടെയോ ദൈവവചനം പങ്കു വെയ്ക്കുന്ന സമയത്തു ആരോടെന്നില്ലാതെ എന്ന രീതിയിലോ വാക്കുകൾ ഉപയോഗിച്ച് കുത്തി മുറിവേൽപ്പിക്കുന്നതു ഒരിക്കലും ഒരു ശുഭലക്ഷണമല്ല. അതു നിമിത്തം ഒരു വിശ്വാസി തകർന്നു പോകുന്നു എങ്കിൽ, മറ്റുള്ളവരുടെ മുൻപിൽ അപമാനിക്കപ്പെട്ടു പോകുന്നു എങ്കിൽ, നിരുസാഹപ്പെട്ടു പോകുന്നു എങ്കിൽ എന്ത് പ്രയോജനമാണ് അങ്ങനെയുള്ള വാക്കുകൾ നേടിയത് എന്ന് ഇരുത്തിചിന്തിക്കേണ്ട വിഷയം തന്നെയാണ്.

ഓരോ വിശ്വാസിയുടെയും വാക്കുകൾ കൃപയോട് കൂടിയതും ഉപ്പിനാൽ രുചി വരുത്തിയതും ആകണം എന്ന് പൗലോസ് അപ്പോസ്തോലൻ കൊലൊസ്സ്യയിൽ ഉള്ള വിശ്വാസികളെ ഉപദേശിച്ചത് പോലെ തന്നെ വാക്കുകൾ സംബന്ധിച്ചു ഉള്ള അപ്പോസ്തോലൻറെ ഉപദേശം എഫെസ്യ ലേഖനത്തിലും തെളിഞ്ഞു നിൽക്കുന്നുണ്ട്.”കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു.” (എഫെസ്യർ 4:29 ). ഒരു വിശ്വാസി ആരോട് സംസാരിക്കുന്നുവോ ആ വ്യക്തിക്കും നമ്മുടെ വാക്കുകൾ നിമിത്തം കൃപ ലഭിക്കേണം എന്ന് അത്യുന്നതനായ ദൈവം ഇച്ഛിക്കുന്നു എന്ന് അപ്പോസ്തോലൻ അർത്ഥശങ്കയ്ക്കു ഇടയില്ലാത്ത വിധം ഈ വാക്യത്തിൽ കൂടി വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ, ഒരു വിശ്വാസി കൃപയോട് കൂടിയുള്ള വാക്കുകൾ മാത്രം ഉപയോഗിക്കണം എന്നും അങ്ങനെയുള്ള വാക്കുകൾ മറ്റുള്ളവർക്ക് കൃപ പകരുന്നു എന്നുമുള്ള ആത്മിക മർമ്മം കൊലൊസ്സ്യ -എഫെസ്യ ലേഖനത്തിൽ കൂടി ദൈവം നമുക്ക് വെളിപ്പെടുത്തിത്തരുന്നു. കൃപയോട് കൂടിയുള്ള നല്ല വാക്കുകൾ ആണോ നമ്മിൽ നിന്ന് പുറപ്പെടുന്നത്?അങ്ങനെ എങ്കിൽ ആ നല്ല വാക്കുകൾ മറ്റുള്ളവരിൽ കൃപ പകരും. മറിച്ചാണെങ്കിലോ, പറയുന്ന നമുക്കും കേൾക്കുന്ന മറ്റുള്ളവർക്കും ദോഷം മാത്രമേ ഉണ്ടാവുകയുള്ളു.കൃപരഹിതമായ വാക്കുകളുടെ പെരുപ്പം നിമിത്തം സാവധാനം നമ്മിലെ ആത്മിക ആത്മിക മനുഷ്യൻ ക്ഷയിക്കുകയും ദൈവത്തിൽ നിന്ന് നാം അറിയാതെ അകന്നു പോകുന്ന നില വരികയും ചെയ്യും.

നമ്മുടെ വാക്കുകൾ നമുക്ക് തന്നെ ദോഷം ചെയ്യുമെന്ന് വചനം കൃത്യമായി നമ്മെ ഉത്ബോധിപ്പിക്കുന്നത് മത്തായി എഴുതിയ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.”എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടി വരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.” (മത്തായി 12 :36 -37 ). നമ്മുടെ വാക്കുകൾ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ളതിന് ഒരു മകുടോദാഹരണമാണ് യേശു പറഞ്ഞ ഈ വാക്കുകൾ. നമ്മുടെ വാക്കുകളാൽ തന്നെ നീതികരിക്കപ്പെടുകയും കുറ്റം വിധിക്കപ്പെടുകയും ചെയ്യുന്ന വ്യവസ്ഥയെ കുറിച്ച് നാം അറിവില്ലാത്തവരായി പോകരുത്.

കഴിഞ്ഞകാല ജീവിതത്തിൽ പൊതുമണ്ഡത്തിലത്തിലെ നമ്മുടെ വാക്കുകൾ എപ്രകാരമായിരു ന്നു? കഴിഞ്ഞു പോയ വർഷങ്ങളിൽ നമ്മുടെ വാക്കുകൾ ആരെയെങ്കിലും മുറിവേൽപ്പിച്ചിട്ടുണ്ടോ? നമ്മുടെ വാക്കുകൾ ആരുടെ എങ്കിലും കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ടോ? നമ്മുടെ സംസാരം ആരെയെങ്കിലും തകർത്തു കളഞ്ഞിട്ടുണ്ടോ, നിരുത്സാഹപ്പെടുത്തിയിട്ടുണ്ടോ? നമ്മുടെ പ്രസംഗത്തിൽ കൂടി മറ്റൊരാളെ കുത്തി മുറിവേൽപ്പിച്ചിട്ടുണ്ടോ? ഇത് വായിക്കുമ്പോൾ അടുത്ത വരിയിലേക്കു പോകുന്നതിനു മുൻപ് ഒരു നിമിഷം സ്വയംശോധനയ്ക്കായി നമുക്ക് മാറ്റിവെക്കാം. ഈ ചോദ്യങ്ങളിൽ ഒന്നിൻറെ എങ്കിലും ഉത്തരം “ഉണ്ട് ” എന്നാണെങ്കിൽ ഒരു മാറ്റം അനിവാര്യമായിരിക്കുന്നു. ദൈവഹിതം വിട്ടു മാറിയെങ്കിലും ദൈവഹിതത്തിലേക്കു ദൈവം നമ്മെ മാടി വിളിക്കുന്നു. അതെ, നമുക്ക് ഒന്ന് മടങ്ങി വരാം. നമ്മുടെ വാക്കുകൾ യേശു ആഗ്രഹിക്കുന്നതുപോലെ ഉള്ളതാകട്ടെ. ഈ അവസരത്തിൽ എൻറെ പിതാവ് എനിക്ക് കുട്ടികാലം മുതൽ നൽകിയ ഉപദേശം കൂടി ചേർക്കട്ടെ. നമ്മുടെ വാക്കുകൾ ഒന്നുകിൽ നമുക്ക് പ്രയോജനം ഉള്ളതായിരിക്കണം, അല്ലെങ്കിൽ മറ്റുള്ളവർക്ക് പ്രയോജനം ഉള്ളതായിരിക്കണം, അതുമല്ലെങ്കിൽ ദൈവ നാമം ഉയരപ്പെടത്തക്കവണ്ണമുള്ളതായിരിക്കണം എന്ന ഉപദേശം അനുഗ്രഹകരമാണ്. ഇങ്ങനെയുള്ള വാക്കുകളാൽ നമുക്ക് നമ്മെ തന്നെ അലങ്കരിക്കാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like