ലേഖനം:ദുബായ് ഫ്രെയിമും ഭക്തന്റെ സമയരേഖയും | പാസ്റ്റർ ജോൺ കോന്നി

അത്യാധുനികതയ്ക്കും ആഡംബരങ്ങൾക്കും പേരുകേട്ട ദുബായ് പട്ടണത്തിൽ കുറച്ചു നാളുകൾക്ക് മുൻപ് തുടങ്ങിയ ഒരു സംരഭമാണ് ദുബായ് ഫ്രെയിം. 150 മീറ്റർ എന്നു വച്ചാൽ 40 നില കെട്ടിടത്തിലും ഉയരമുള്ള ഈ സൗധം ദൂരത്തു നിന്ന് ഒരു ഫോട്ടോ ഫ്രെയിം പോലെ കാണാൻ കഴിയുന്നു. ഒരു വശത്തു പഴയ ദുബായ് പട്ടണവും മറുവശത്ത് പുതിയ ദുബായ് പട്ടണവും ദർശിക്കുവാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. മുകൾത്തട്ടിൽ ഗ്ലാസിന്റെ ഉപരിതലത്തിലൂടെയുള്ള നടത്തവും ആകാശക്കാഴ്ചയും ചിലർക്കൊക്കെ ഭയവും മറ്റു ചിലർക്ക് ആവേശവും പകരുന്നത് കാണുവാൻ കഴിയും.

വിനോദസഞ്ചാരികളെ ആകർഷിക്കുകയും അതിൽ കൂടി ഒരു ധനാഗമമാർഗമാക്കി ഇതിനെ മാറ്റാം എന്നത് മാത്രമല്ല ഈ സൗധം പടുത്തുയർത്തിയതിന്റെ ലക്ഷ്യം. അകത്തേക്കു പ്രവേശിക്കുമ്പോൾ ഒരു ഗ്രാമം അത്യാധുനീകതയിലേക്ക് ആവിർഭവിച്ചതിന്റെ പ്രദർശനശാലയാണ് അവിടെ ദർശിക്കുവാൻ സാധിക്കുന്നത്. പിന്നിട്ട നൂറ്റാണ്ടുകളിലെ ദുബായിൽ കൂടെ നടക്കുന്നതുപോലെ നമ്മുക്ക് അനുഭവപ്പെടും. മുകളിൽ നിന്നും ഒരു വശത്ത് പഴയ ദുബായും മറുവശത്ത് ഇന്നത്തെ ദുബായിയുടെ മോടികളും കാണുവാൻ സാധിക്കും. ശേഷം ഇറങ്ങുന്ന കവാടത്തിൽ നാളെകളിലെ സ്വപ്ന ദുബായുടെ ഭാവിപദ്ധതികളുടെ ദൃശ്യാവിഷ്കാരം ഒരു വ്യത്യസ്ഥ അനുഭവം തന്നെയാണ്.

ധനമഹിമകൾക്ക് പ്രശസ്തമായ പട്ടണത്തിന്റെ ഭൂതകാലത്തെ ഇന്നും ഓർക്കുവാനും ലോകത്തെ അറിയിക്കുവാനും അവർ ആഗ്രഹിക്കുന്നു . ഇന്നത്തെ ആഡംബരങ്ങൾക്കിടയിലും കടന്നു വന്ന ഒരു വഴി ഉണ്ടെന്ന് പഴയതിനേയും പുതിയതിനേയും താരതമ്യം ചെയ്ത് കാണിക്കുന്നു. ഇനിയും ഭാവിയിൽ പൂർത്തിയാക്കേണ്ട ലക്ഷ്യങ്ങളും സ്വപ്നങ്ങളും അവർ കൃത്യമായി പങ്കുവെയ്ക്കുന്നു.

ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഏതൊരു ഭക്തന്റെയും ജീവിതത്തിന്റെ സമയരേഖയും (timeline) ഇതിനു തുല്യമാണ്. ദൈവത്തെ അറിയുന്നതിന് മുമ്പുള്ള ജീവിതം, ദൈവത്തെ അറിഞ്ഞ ജീവിതം, ദൈവം മാത്രം അറിയുന്ന ഒരു ഭാവി ജീവിതം.

പിന്നിട്ട പാതകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്ന് ശമുവേൽ പറഞ്ഞതുപോലെ പറയുവാൻ നമ്മുക്ക് ഏവർക്കും അനേകം അനുഭവങ്ങൾ ഉണ്ടാകും.

ദൈവീക അനുഗ്രഹം പ്രാപിച്ച യാക്കോബിന്റെ പ്രാർത്ഥനയിലെ വാക്കുകൾ ശ്രദ്ധിക്കുക, ”ഞാൻ നിനക്ക് നന്മ ചെയ്യുമെന്ന് എന്നോട് അരുളിച്ചെയ്ത യഹോവേ, അടിയനോട് കാണിച്ചിരിക്കുന്ന സകല ദയയ്ക്കും സകല വിശ്വസ്തതയ്ക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടു കൂടെ മാത്രമല്ലോ ഞാൻ ഈ യോർദാൻ കടന്നത്: ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു” (ഉല്പത്തി 32:9,10). യാക്കോബ് രണ്ടു കൂട്ടമായി പെരുകിയ ശേഷവും ഒരു വടിയുടെ ചരിത്രം മറക്കാതെ ദൈവത്തിന് നന്ദി പറയുന്നത് ഈ കാലഘട്ടത്തെയും സ്വാധീനിക്കുന്നതാണ്.

ഭക്തനായ ദാവീദ് രാജാവ് സങ്കീർത്തനം 103 എഴുതുമ്പോൾ ദൈവത്തിന്റെ ഉപകാരങ്ങൾ ഒന്നും മറക്കാതെ അവനെ സ്തുതിക്കുവാൻ പറയുന്നത് ദൈവത്തിന്റെ പ്രസാദത്താൽ രാജാവായതു കൊണ്ട് മാത്രമല്ല. തന്റെ ഭൂതകാലത്തിൽ വന്ന ഏറ്റവും വലിയ തെറ്റുകൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ പോലും ഒരു അവസരം സങ്കീർത്തനം 51 ൽ ലഭിച്ചുവെന്നത് എത്ര വലിയ കാര്യമാണ് എന്നത് ചരിത്രം പഠിച്ചാൽ മനസിലാകും. പഴയ നിയമത്തിലെ ദൈവത്തിന്റെ വിധികൾ മാറ്റമില്ലാത്തവയായിരുന്നു. പ്രമുഖനായ കോരഹിനെ ദൈവം നേരിട്ടും, ആഖാനെ ജനത്താലും ശിക്ഷ വിധിച്ചപ്പോൾ ഇത് ഉറപ്പിക്കപ്പെടുകയായിരുന്നു. അവരെപ്പോലെയാകാൻ എല്ലാ സാധ്യതയും ഉണ്ടായിരുന്ന ദാവീദ്, ദൈവത്തിന്റെ ഹൃദയം വായിച്ചു കഴിഞ്ഞപ്പോൾ 103:10 ൽ പറയുന്നത് ‘അവൻ നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോട് ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്ക് ഒത്തവണ്ണം നമ്മോട് പകരം ചെയ്യുന്നതുമില്ല.’ യോഗ്യതയില്ലാത്ത പദവികൾക്കു മാത്രമല്ല, വ്യഭിചാരത്തിന് മരണശിക്ഷ വിധിക്കാതെ വീണ്ടും ഈ ഭൂതലത്തിൽ ഒരു അവസരം കൂടി തന്ന ‘അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ കരുണ തോന്നുന്ന യഹോവയെ വാഴ്ത്തുക’ എന്ന് പാടുന്നത് ദൈവം തന്റെ ജീവിതത്തിൽ എത്ര വലിയ ഉപകാരമാണ് ചെയ്തത് എന്ന് വ്യക്തമായതുകൊണ്ടാണ്.

താൻ എവിടെയായിരുന്നു എന്ന് നല്ല ബോധ്യമുള്ള യഹൂദനായ പത്രൊസ്, മുക്കുവൻ എന്ന അവസ്ഥയിൽ നിന്നും ഇന്ന് തിരെഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വർഗവും വിശുദ്ധ വംശവും സ്വന്തജനവും എന്ന അവസ്ഥയിലെത്തിയതിനെ വിശേഷിപ്പിക്കുന്നത് ‘അന്ധകാരത്തിൽ നിന്നും ദൈവത്തിന്റെ അത്ഭുത പ്രകാശത്തിൽ എത്തി’ എന്നാണ് (1 പത്രൊസ് 2:9).
ജീവിതം രാപകലുകളേക്കാൾ വ്യത്യാസമുള്ളതായി എന്നത് അദ്ദേഹത്തിന്റെ ജീവിതം പഠിച്ചാൽ നമ്മുക്ക് മനസിലാകും. ഇവയൊക്കെ ചില ഭക്തന്മാർ അവരുടെ പഴയ – പുതിയ ജീവിതത്തെ താരതമ്യം ചെയ്യുന്ന അവരുടെ അനുഭവത്തിന്റെ വാക്കുകളാണ്.

സങ്കീർത്തനം 1 ൽ ദുഷ്ടനേയും നീതിമാനെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വാക്യം 6 ൽ പറയുന്നത് ” യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം തന്നേ.” ദുഷ്ടന്മാരുടെ വഴിയുടെ അവസാനം നാശം എന്ന് ഏവർക്കും അറിയാവുന്നതാണെങ്കിൽ “നീതിമാൻ തന്റെ വഴിയിൽ എവിടെ എത്തുമെന്നുള്ളത് ദൈവം അല്ലാതെ വേറെ ആരും അറിയുന്നില്ല” എന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു.

ദൈവീക നടത്തിപ്പുകളും ഭാവി പദ്ധതികളും

ദൈവം അനുഗ്രഹിക്കും എന്നുള്ളതുകൊണ്ട് നാം ഭാവിയിലേക്ക് പദ്ധതികൾ തയ്യാറാക്കരുത് എന്ന് അർത്ഥമില്ല.
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവീൻ (1 പത്രൊസ് 5:7) എന്നും ജീവനായി വിചാരപ്പെടരുത് (മത്തായി 6:25) എന്നും വായിക്കുമ്പോൾ നാളേക്കായി പദ്ധതികൾ ഒന്നും തയ്യാറാക്കരുത് എന്നു തെറ്റിദ്ധരിക്കരുത്. ബൈബിൾ പറയുന്നത് നാളേക്കായ് ‘വിചാരപ്പെടരുത്’ എന്നാണ് മറിച്ച് ‘പ്ലാൻ ചെയ്യരുത് ‘ എന്നല്ല. നമ്മുടെ ലക്ഷ്യത്തിലേക്ക് എത്തുവാൻ ‘ഇന്നു നാം എന്തു ചെയ്യുന്നു’ എന്നുള്ളത് വളരെ പ്രസക്തമാണ്.
നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?  (ലൂക്കോസ് 14:28) എന്ന് യേശു പറയുമ്പോൾ വിചാരപ്പെടുകയല്ല, മറിച്ച് പദ്ധതി രൂപീകരണം പ്രാധാന്യതയുള്ളതെന്ന് ചൂണ്ടിക്കാണിക്കുന്നു.”ബുദ്ധിമാനായ ഒരു മനുഷ്യന്റെ പക്കൽ കുറഞ്ഞത് അടുത്ത ആറു മാസത്തേക്കുള്ള പദ്ധതികളുടെ രൂപരേഖ തയ്യാറായിട്ടുണ്ടാകും”

3 ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്;
നിങ്ങൾ എവിടെ ആണ്? (Where are you now?)
നിങ്ങൾക്ക് എവിടെ എത്തണം? (Where do you want to go?)
നിങ്ങൾ എങ്ങനെ അവിടെ എത്തും? (How do you get there?)

ദൈവം ചെയ്തതിനെ മറക്കാതെ, ഇന്നുള്ളതിൽ ഒതുങ്ങാതെ – കർത്താവിന്റെ വരവ് താമസിച്ചാൽ – ഏറ്റവും മനോഹരവും ശ്രേഷ്ഠവുമായതിനായി പുതുവർഷം പുതിയ രൂപരേഖകൾ തയ്യാറാക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.