ഭാവന:ഭീതി നിറഞ്ഞ ഒരു രാത്രി | ബിനു വടക്കുംചേരി

സമയം സന്ധ്യയായി പുറത്ത് ഇരുട്ട് കയറുന്നതിനു മുമ്പേ വിശ്വാസിയുടെ ഉള്ളിലേക്ക് ഭീതി നുഴഞ്ഞുകയറി. ഭാര്യയും മക്കളും അവളുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. ആളനക്കമില്ലാത്ത വീട്ടിൽ വിശ്വാസി ഏകനായി. പെട്ടെന്നു വലിയൊരു ശബ്ദം കേട്ടുടൻ “അയ്യോ സ്തോത്രം” എന്ന് അറിയാതെ പറഞ്ഞ വിശ്വാസി, മന്ദം മന്ദം ടോർച്ച് തപ്പിയെടുത്തു ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു നീങ്ങി… ജനൽപാളി മെല്ലെ തുറന്നു നോക്കി, ഒന്നു നെടുവീർപ്പിട്ട് കൊണ്ട് ഒരു ഡയലോഗ് “തേങ്ങ വീഴാൻ കണ്ട സമയമേ’’ !
വേഗത്തിൽ ഭക്ഷണം കഴിച്ച് കിടന്നുറങ്ങാൻ വിശ്വാസി തീരുമാനിച്ചു. അങ്ങനെ ഭക്ഷണം വിളമ്പി മേശപ്പുറത്ത് വെച്ചു. കൈ കഴുകി വന്നപ്പോൾ മേശ പുറത്ത് എന്തോ ഒരു കറുത്ത ചരട്, വിശ്വാസി ധൈര്യം സംഭരിച്ചു ചരട് എടുത്ത് നോക്കിയപ്പോൾ അതിൽ കുറേ കെട്ടുകൾ കണ്ടു. ഉടനെ അതു വലിച്ചെറിഞ്ഞു.
ഇടറിയ കൈകളോടെ ഭക്ഷണം എടുത്ത് മാറ്റാൻ ശ്രമിച്ചതും ഭക്ഷണം നിലത്തുവീണു പോയി. ഹോ എന്തൊരു കഷ്ടം. ആകെ ഉണ്ടായിരുന്ന ഭക്ഷണമായിരുന്നു പോയത്. സ്വയം ഉണ്ടാക്കാൻ കഴിയാത്തതു കൊണ്ടും, വെളിയിൽ പോയി കഴിക്കാൻ ധൈര്യം ഇല്ലാത്തതുകൊണ്ടും, ഒരു നേരം പോലും വിശപ്പു സഹിക്കുകയോ, ഉപവസിക്കുകയോ ചെയ്യാത്ത വിശ്വാസിക്കു ഇത് ജീവിതത്തിലെ ആദ്യ അനുഭവമായി മാറി.
ഇതിനു എല്ലാത്തിനു കാരണമായ ചരടിനെ നോക്കി വിശ്വാസി നിരാശപൂണ്ടു. അദ്ദേഹം ആത്മാവിൽ ആയതുപോലെ വിയർത്തു പോയി. കൈകൾ തളർന്നതുപോലെ… വിട്ടു വിട്ടു കേൾക്കുന്ന രക്ത…ജയം താൻ ബൈബിൾ എടുത്തു. നടുവേ ഉന്തിനിൽക്കുന്ന ബൈബിൾ കണ്ടാൽ അറിയാം സങ്കീർത്തനം മാത്രം വായിക്കാറുള്ള ബൈബിൾ തന്നെ.
എന്തായാലും വിശ്വാസിക്ക് കിട്ടിയത് 91-ാം സങ്കീർത്തനം. അദ്ദേഹം വായന തുടങ്ങി. 1 -ാം വാക്യം വായിച്ച് നെടുവീർപ്പെട്ടു. കാരണം അത്യുന്നതന്റെ മറവിൽ വസിക്കേണ്ടതു തന്നെ എന്റെ സങ്കേ തവും എന്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന ദൈവം എന്നൊക്കെ 2-ാം വാക്യത്തിൽ കണ്ടതോടെ വിശ്വാസിയുടെ ഉള്ളിൽ നിന്നും ഭയം നീങ്ങി തുടങ്ങി.
അങ്ങനെ വായിച്ച്… വായിച്ച് 5-ാം വാക്യത്തിൽ കടന്നു. അതിൽ രാത്രിയിലെ ഭയത്തേയും, പകൽ പറക്കുന്ന അസ്ത്രം, ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരി ഒന്നി നെയും പേടിക്കേണ്ട, നിന്റെ വശത്ത് ആയിരവും പതിനായിരവും പേർ ഉണ്ടെന്ന് വായിച്ചു. അപ്പോൾ വിശ്വസി ചിന്തിച്ചത് തനിക്ക് പതിനായിരം പേരൊന്നു വേണ്ട എന്റെ ഭാര്യാ സഹോദരി മാത്രം കൂടെ ഉണ്ടായാൽ മതി (അപ്പോ കാണാം പൂരം, വിശ്വാസി മനസ്സിൽ മന്ത്രിച്ചു)

അങ്ങനെ ഒരു കണക്കിന് സങ്കീർത്തന വായന കഴിഞ്ഞപ്പോൾ വിശ്വാസി ഒരു വിധം ധൈര്യം കൈവരിച്ചു. നാളെ ഞായറാഴ്ച. നല്ലൊരു സാക്ഷ്യം പറയണം എന്നു കരുതി കിടക്ക വിരിച്ചതും വൈദ്യുതി നിലച്ചു. പിന്നെയും ശത്രുവിന്റെ തട്ടിപ്പ്. ഇടറുന്ന മനസ്സിനെ  പിന്നെയും ഭീതി വിഴുങ്ങി, വിശ്വാസി ഒന്നു നോക്കിയില്ല.
വേഗം കണ്ണടച്ചു കിടന്നു. തലയിലൂടെ പുതപ്പും ഇടാൻ വിശ്വാസി മറന്നി ല്ല. പക്ഷേ ഉറക്കം വരുന്നില്ല, അതിനായ് അദ്ദേഹം പ്രാർത്ഥന തുടങ്ങി . അപ്പോഴാണ് പുറത്ത് പട്ടിക ളുടെ കുര ഭയങ്കരമായി തുടങ്ങിയത്. അതോടെ വിശ്വാസി ഭയമില്ലാ ഭീതിയോടെ കിടക്കയിൽ ചുരുണ്ടു കൂടി കിടന്നു.
അങ്ങനെ രാവിലെയായി. വിശ്വാസി ഉണർന്നത് ഒരു ചെറിയ ഞെട്ടലോടെയാണ്. എന്തോ ഇന്നലത്തെ…… ഭയം  വിട്ടിട്ടുണ്ടാകില്ല എന്നു തോന്നുന്നു. വിശ്വാസി വേഗം എഴുന്നേറ്റ് വാതിൽ തുറന്ന് പത്രം എടുത്തു. മനസ്സിരുത്തി വായന തുടങ്ങി. പിന്നെ സപ്ലിമെന്റ് നോട്ടീസ് എല്ലാം വായിച്ചപ്പോൾ സമയം പോയത് അറിഞ്ഞില്ല. സമയം 10 ആയി. വേഗം ആരാധനയ്ക്കു പോകണം. പെട്ടെന്ന് വൈദ്യുതി വന്നു. പുറത്ത് പട്ടികളുടെ കുര ഇപ്പോഴും കേൾക്കുന്നുണ്ട്.
അങ്ങനെ ഒരു കണക്കിന് വിശ്വാസി സഭയിൽ എത്തി സാക്ഷ്യ സമയത്ത് വിശ്വാസി എഴുന്നേറ്റ് സാക്ഷ്യം പറഞ്ഞു തുടങ്ങി  ‘ഭയപ്പെടേണ്ട ‘ എന്ന വിഷയത്തെക്കുറിച്ച് പ്രബോധനം ആരംഭിച്ചു. പെട്ടെന്ന് പുറത്ത് നിന്ന് പട്ടികളുടെ ശബ്ദം അദ്ദേഹത്തിന്റെ ചെവിയിലേക്ക് പാഞ്ഞു കയറി ഉടനെ തന്നെ താൻ സാക്ഷ്യത്തിനു വിരാമം കുറിച്ചു.
അന്തരീക്ഷത്തിൽ ആ പട്ടിയുടെ കുര പിന്നെയും മുഴങ്ങുന്നു. ഒന്നുകൂടി ശ്രദ്ധിച്ചാൽ അലറുന്ന സിംഹത്തിന്റെ ശബ്ദം പോലെ തോന്നും. വാസ്തവത്തിൽ നമ്മെ ഭീതിപ്പെടുത്തുവാൻ ശ്രമിക്കുന്ന ശ്രതുവിന്റെ കുരയാണ് അത് എന്നു നാം തിരിച്ചറിയണം.

നാം ആരെ ഭയപ്പെടണം? എന്തിനു ഭയപ്പെടണം…….?

ബൈബിൾ പരിശോധിച്ചാൽ ഉടനീളം ‘ഭയപ്പെടേണ്ട’ എന്നു കാണാൻ സാധിക്കും. നാം ഭയപ്പെടേണ്ടത് ദൈവത്തെ സ്നേഹിക്കാനാണ്. ആകയാൽ പ്രിയ ദൈവമക്കളെ നമുക്ക് ദൈവത്തെ ഭയപ്പെട്ടും, സേവിച്ചും പിൻചെല്ലാം അതിനായ് ദൈവം നമ്മെ സഹായിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.