ലേഖനം:പത്രോസിനു വേണ്ടി ഒരു പത്താം മണി നേരം | പാസ്റ്റര്‍ ജോണ്‍ കോന്നി

യോഹന്നാന്‍ 1:39

‘അവന്‍ അവരോട്; വന്നു കാണ്മീന്‍ എന്നു പറഞ്ഞു. അങ്ങനെ അവന്‍ വസിക്കുന്ന ഇടം അവര്‍ കണ്ടു അവനോടു കൂടെ പാര്‍ത്തു; അപ്പോള്‍ ഏകദേശം പത്താം മണി നേരം ആയിരുന്നു’.

പശ്ചാത്തലം ഇപ്രകാരം: യേശുവിന്റെ സ്നാനത്തിന് പിറ്റെന്നാള്‍ യോഹന്നാന്‍ സ്നാപകന്‍ തന്റെ രണ്ടു ശിഷ്യന്മാരുമായി നില്ക്കുന്ന നേരം യേശു കടന്നു പോകുന്നതു കണ്ടിട്ടു; ഇതാ, ദൈവത്തിന്‍റെ കുഞ്ഞാടു എന്നു പറഞ്ഞു. ഇതു കേട്ട ആ ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ചു. യേശുവിനോടുകൂടെ അന്നു പാര്‍ത്തു. തന്റെ ശിഷ്യന്മാർക്ക് മറ്റൊരു ശ്രേഷ്ഠഗുരുവിനെ പരിചയപ്പെടുത്തുകയും അവരെ പോകാൻ അനുവദിക്കുകയും ചെയ്ത യോഹന്നാൻ സ്നാപകന്റെ സമീപനം ഈ തലമുറയിൽ അനുകരണീയമായ ഒരു നേതൃത്വ ഗുണമാണ്.

ആരായിരുന്നു ഈ ശിഷ്യന്മാർ? അതില്‍ ഒരാള്‍ പത്രോസിന്റെ സഹോദരനായ അന്ത്രയോസ് ആയിരുന്നു (വാക്യം 40). അങ്ങനെയെങ്കില്‍ ഇവരും പത്രോസിനെപ്പോലെ മുക്കുവരാകാന്‍ സാദ്ധ്യതയുണ്ട്. രാത്രി മുഴുവന്‍ (നൈറ്റ് ഡ്യൂട്ടി) അദ്ധ്വാനിച്ചിട്ട് രാവിലെ വിശ്രമിക്കാനുള്ള സമയത്താകാം ഒരു പക്ഷേ അവര്‍ ആത്മീയ കാര്യങ്ങള്‍ക്കായി സമയം ചെലവിട്ടത്. പല നാളിലെ പ്രയത്നം പാഴായിപ്പോയില്ല. അതിന്‍റെ ഫലം ഒരുനാള്‍ അവര്‍ കണ്ടു. യോഹന്നാന്‍റെ സാക്ഷീകരണത്തില്‍ അവര്‍ കണ്ടെത്തിയ യേശു എന്ന രക്ഷിതാവായ മശിഹാ ലോകചരിത്രത്തിന്‍റെ നാഴികക്കല്ലും അവരുടെ ജീവിതവഴിത്തിരിവുമായിരുന്നു. ദൈവീകമായതിനെ പിന്‍പറ്റുന്നത് ഒരിക്കലും വൃഥാവല്ല.

അന്ത്രയോസ് പത്താം മണി നേരം വരെ യേശുവിന്‍റെ ഒപ്പം പാര്‍ത്തു. NIV ബൈബിളിൽ ഉച്ച കഴിഞ്ഞ് നാലാം മണി എന്നാണ് എഴുതിയിട്ടുള്ളത്.
എന്നു വച്ചാല്‍ ഒരു മുക്കുവന്‍റെ ജോലി ആരംഭിക്കുന്ന സമയം. മുക്കുവനായ തന്‍റെ മുമ്പില്‍ പ്രവചനാതീതമായ നിമിഷങ്ങളാണ് പത്താം മണിക്ക് ശേഷം. കാരണം കടലിലുള്ള അവരുടെ ജോലി അതുപോലെ പ്രയാസമേറിയത് ആയിരുന്നു. എന്നാല്‍ ആ പത്താം മണി നേരം തന്നെ അന്ത്രയോസ് ചെയ്യുന്നത്:
1) വേഗത്തില്‍ തന്‍റെ സഹോദരനെ കണ്ടെത്തി,
2) ഞങ്ങള്‍ മശിഹായെ കണ്ടെത്തി എന്നുള്ള ആ സുവിശേഷ സന്ദേശം കൈമാറി,
3) വേഗം അവനെ യേശുവിന്റെ അരികില്‍ കൊണ്ടു വന്നു. ആ തക്ക സമയം ശരിയായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പത്രോസിനെ പിന്നീട് കണ്ടെത്തുവാനും കഴിയുമായിരുന്നില്ല.

ദൈവം ഒരുക്കിയ ആ പത്താം മണിക്കൂര്‍ സഹോദരന്റെ നന്മയ്ക്കും രക്ഷയ്ക്കും വേണ്ടി ഉപയോഗിക്കുന്ന അന്ത്രയോസ് സുവിശേഷ ദര്‍ശനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറക്ക് ഒരു മാതൃക തന്നെയാണ്.
ദൈവം പത്രോസിനു വേണ്ടി അന്ത്രയോസില്‍ക്കൂടെ ഒരുക്കിയ ആ പത്താം മണി നേരം അവന്‍റെ ജീവിതത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു.
നമ്മുടെ ജോലിത്തിരക്കുകൾക്കിടയിലും ഒരാളെ യേശുവിന്നരികിലേക്ക് കൊണ്ടു പോകുവാൻ കഴിയുന്നുണ്ടെങ്കിൽ അത് എത്രയോ ശ്രേഷ്ഠകരമാണെന്നത് ശരിക്കും മനസിലാക്കുവാൻ കഴിയുന്നത് ആ വ്യക്തി ഭാവിയിൽ കർത്താവിൽ പ്രസിദ്ധമാകുമ്പോൾ ആണ്.

സമയം ദൈവത്തിനും മനുഷ്യർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. സമയം തക്കത്തിൽ ഉപയോഗിക്കുവാൻ ബൈബിൾ പഠിപ്പിക്കുമ്പോൾ ‘നാം അങ്ങനെ ചെയ്യുന്നവരാണോ’ എന്ന് ഒന്നു ശോധന ചെയ്യാം. സ്മാർട്ട് ഫോണുള്ള ഒരു സാധാരണ വ്യക്തി കുറഞ്ഞത് 8 മണിക്കൂർ അതിൽ ചിലവഴിക്കുന്നുവെന്ന് പഠനം പറയുമ്പോൾ അന്ന് അന്ത്രയോസിന് സ്മാർട്ട് ഫോണും ഫേസ് ബുക്കും ഇല്ലാഞ്ഞത് പത്രൊസിനു മാത്രമല്ല ദൈവരാജ്യത്തിന്റെയും വിശാലതയ്ക്ക് കാരണമായി.
അനാവശ്യമായി സമയം നഷ്ടപ്പെടുത്തുന്ന ഫോണോ സുഹൃത്തുക്കളോ മുതലായവയെയെല്ലാം സ്വർഗ്ഗരാജ്യത്തിന് വേണ്ടി ഉപേക്ഷിക്കാം.

സ്വര്‍ഗ്ഗത്തിന്‍റെ ആ പത്താം മണിനേരം പത്രൊസിന്റെ വിളിയുടെയും വാഗ്ദത്തത്തിന്‍റെയും സമയം ആയിരുന്നു. ആ പത്താം മണിക്കൂറില്‍ അന്ത്രയോസിന് തന്റെ സഹോദരനായ ശീമോനില്‍ വലിയ പ്രതീക്ഷകളൊന്നും അര്‍പ്പിക്കുവാനുണ്ടായിരുന്നില്ല. എന്നാല്‍ അമ്മയപ്പന്മാര്‍ തങ്ങളുടെ മകന് വാത്സല്യത്തോടെയും ആചാരപ്രകാരവും നല്കിയ ശീമോൻ എന്ന പേര് ആ പത്താം മണിക്കൂറില്‍ യേശു മാറ്റി വിളിച്ചു. ഞാങ്ങണ (ശിമോൻ) എന്നത് പാറക്കഷണം (പത്രൊസ് ) എന്ന് കർത്താവ് വിളിച്ചപ്പോൾ അസാധാരണ വ്യത്യാസങ്ങൾ ജീവിതത്തിലും സ്വഭാവത്തിലും പ്രവൃത്തിയിലും ദൃശ്യമാകുവാൻ ആരംഭിച്ചു. സ്വര്‍ഗ്ഗത്തിനും “ശീമോനി”ലല്ലായിരുന്നു, മറിച്ച് “പത്രോസില്‍” ആയിരുന്നു പ്രതീക്ഷ. സ്വര്‍ഗ്ഗം അവന്‍റെ മേല്‍ ആ പത്താം മണിക്കൂറില്‍ എഴുതിയ പദ്ധതിയില്‍ പെന്തെക്കോസ്തു നാളിൽ ‘ആത്മശക്തിയില്‍ മൂന്നാം മണിനേരത്ത് എഴുന്നേറ്റു ധൈര്യമായി പ്രസംഗിക്കുന്ന ഒരു അപ്പൊസ്തോലനും'(അപ്പൊസ്തോല പ്രവര്‍ത്തികള്‍ 2) ‘ആറാം മണിനേരത്ത് ദര്‍ശനം കാണുന്ന ഒരു പ്രാര്‍ത്ഥനാ മനുഷ്യനും’ (അപ്പൊസ്തോല പ്രവര്‍ത്തികള്‍ 10) ഉണ്ടായിരുന്നു.

ഇത് യേശു എനിക്കു വേണ്ടി വച്ചിട്ടുള്ള പത്താം മണിക്കൂറാണെന്നുള്ള തിരിച്ചറിവോടെ അവനേറ്റവും അരികിലേക്ക് നമ്മുക്കും അടുത്തു ചെല്ലാം. ജീവിതവും ശുശ്രൂഷയും മാറ്റിമറിക്കുന്ന ആ പത്താം മണിക്കൂർ ഇതാ ആഗതമായി.

നമ്മുടെ മുന്‍പിലുള്ള മണിക്കൂറുകള്‍ നഷ്ടപ്പെടാതിരിക്കട്ടെ…
ദൈവസഭയ്ക്ക് മുതല്‍ക്കൂട്ടായ പത്രോസുമാരെ ഈ തലമുറയ്ക്കു വേണ്ടിയും അടുത്ത തലമുറയ്ക്കു വേണ്ടിയും കണ്ടെത്താം… വാര്‍ത്തെടുക്കാം…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.