ബാലഭാസ്കർ ഓർമ്മയാകുമ്പോൾ…

ദുബായ്: ഒരു കോരിത്തരിപ്പോടെയല്ലാതെ ആരാധകര്‍ ആ വയലിനില്‍ നിന്നുള്ള മാന്ത്രിക സംഗീതം ആസ്വദിച്ചിട്ടില്ല, നിറഞ്ഞ പുഞ്ചിരിയോടെയല്ലാതെ ആരും ഇന്നേ വരെ ബാലഭാസ്‌കറിനെ കണ്ടിട്ടുമില്ല. നിറഞ്ഞ പോസിറ്റീവ് എനര്‍ജി സമ്മാനിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഈണവും പരിപാടികളും. അത്‌കൊണ്ട് തന്നെയാണ് കാല്‍നൂറ്റാണ്ടായി സംഗീത രംഗത്തുള്ള ഈ പ്രതിഭ അതുല്യനായി, വയലിന്‍ ചക്രവര്‍ത്തിയായി മാറുന്നത്.

വയലിനെ ഇത്രമേല്‍ പ്രണയിച്ച മറ്റൊരു പ്രതിഭയെയും നാളിതു വരെ മലയാളി വേറെ കണ്ടിട്ടില്ല. ആ തന്ത്രികളില്‍ ആ കൈതൊട്ടപ്പോഴെല്ലാം വിരിഞ്ഞത് മലയാളികള്‍ എന്നും ഓര്‍ത്ത് നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന ഒരു പിടി ഈണങ്ങളാണ്. വയലിനിൽ മായാജാലം ഉണ്ടാക്കുന്ന സംഗീതജ്ഞനായിരുന്നു ബാലഭാസ്ക്കർ. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയ ബാലഭാസ്കർ ഫ്യൂഷന്‍റെ അനന്ത സാധ്യതകളാണ് എന്നും തേടിയത്. വയലിനുമായി ബാലഭാസ്ക്കർ വേദിയിലെത്തിയാൽ പിന്നെ ആസ്വാദകർ എല്ലാം മറക്കും.

കാലം പഴയ കോളേജ് വിദ്യാര്‍ത്ഥിയില്‍ നിന്നും ബാലഭാസ്‌കറിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു. നിരവധി ആല്‍ബങ്ങളും സംഗീത പരിപാടികളും അദ്ദേഹത്തിന്റെ പ്രശസ്‌തി ലോകം മുഴുവന്‍ എത്തിച്ചു. എന്നിട്ടും എല്ലാ ദിവസവും സാധകം മുടക്കാത്ത ബാലഭാസ്‌കര്‍ കൂട്ടുകാര്‍ക്കു പോലും പിടികിട്ടാത്ത അദ്ഭുതമായി തുടരുകയായിരുന്നു. ഒടുവില്‍ നൊമ്പരപ്പെടുത്തി അകാലത്തില്‍ കടന്നു പോകുമ്പോൾ ഓര്‍മയാകുന്നതു മികച്ച ഈണങ്ങളും മായാത്ത പുഞ്ചിരിയും.

കലാകാരന്റെ വിടപറച്ചിലുകള്‍ എന്നും കലയെയും തന്റെ കലയുടെ സ്മരണകളും, താന്‍ നടന്ന വഴികളും ബാക്കിവെച്ചാണ് വിടപറയാറ്, അത്‌കൊണ്ട് തന്നെയാണ് അവന്റെ സ്മരണകള്‍ എന്നും നിലനില്‍ക്കുന്നതും കലാകാരന്‍ അനശ്വരനാകുന്നതും. ബാലഭാസ്‌കര്‍, നിങ്ങള്‍ അനശ്വരനാണ്, വിടപറഞ്ഞാലും താങ്കളുടെ മാന്ത്രിക സംഗീതം ഇവിടെ മുഴങ്ങി കേട്ടുകൊണ്ടേ ഇരിക്കും. ആദരാഞ്ജലികൾ!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.