കവിത: അന്നൊരുനാൾ | വിപിൻസ് പുത്തൂരാൻ

ഒരുനാൾ വിളയുമിനിയും
നൂറുമേനിയായ്‌ നിറയും
വിളകളാൽ നിൻ കളപ്പുരകൾ.
കണ്ണുനീരാൽ കടഞ്ഞെടുത്ത
ജീവിത താഴ്‌വരയതോയിനി
സാഫല്യമണിയട്ടെ !
തരിശുനിലമായനവധ്യ-
വ്യഥകളിൽ കുഴങ്ങി,
വിഴുങ്ങുവതവർ നടുവിൽ വിതുമ്പി,
ആലംബമില്ലാതഭയമില്ലാ-
തലഞ്ഞുകരഞ്ഞനാൾ;
അസമാധാന ചുഴികളിൽ
നിലയില്ലാക്കയങ്ങളിൽ
മുങ്ങി താഴ്‌ന്നപ്പോൾ
അശാന്തിയുടെ തീരങ്ങളിൽ
അനിശ്ചിതങ്ങളിലടിഞ്ഞപ്പോൾ
കണ്ണീരുറവ തുറന്നുവോ
പ്രാർത്ഥനകളുടെ
കൊടുമുടികളിൽ.
പാഴ്‌നിലമായ്‌ പാഴായ നാളുകൾ
ഫലപുഷ്ടിയുള്ളതായ്‌
വേലികെട്ടി നനച്ചു
വളർത്തിയവൻ കണ്ണിൽ
തഴച്ചു വന്നു പച്ചപ്പിൽ,
തണലായ്‌, താങ്ങായ്‌,
തളിരുകൾ പതിരില്ലാതെ
ഫലങ്ങളായി.

post watermark60x60

അന്നൊരുനാൾ
നട്ടവൻ മനം തിളങ്ങി,
മാനം തെളിഞ്ഞു,
മിഴിനീർക്കണങ്ങളാൽ നിറയും
ഹൃദയതാഴ്‌വരയിൻ
വേദനകളറിയുന്നോരുവൻ
ഹൃദയമുറിവുകളിൽ
പതിരിടും നിരാശയെ
പ്രത്യാശയിൻ
പുതുവസന്തമാക്കി
തീർക്കുന്നോരുവൻ.
കണ്ണുനീർക്കണങ്ങളാൽ
കടഞ്ഞെടുത്ത ജീവിത-
താഴ്‌വാരമുയരും ഗിരികളായ്‌
കണ്ണീർ തോണി തുഴഞ്ഞാൽ
പ്രാർത്ഥനയിൻ കടവുകളിൽ.

-ADVERTISEMENT-

You might also like