ലേഖനം: ദൈവമനസ്സിലെ തീരുമാനങ്ങള്‍ ആരായുന്നവര്‍ | സുനില്‍ വര്‍ഗ്ഗിസ്, ബംഗ്ലൂര്‍

വിടെ രണ്ട് വ്യക്തികളെ നാം ശ്രദ്ധിക്കുവാന്‍ പോകുന്നു. ഒരേ കാര്യങ്ങങ്ങള്‍ രണ്ട് സമയങ്ങളില്‍ ദൈവത്തില്‍ നിന്ന് അഭിഷേക തൈലം വീണവരാണവര്‍. ഒരാള്‍ ശൗലും മറ്റേയാള്‍ ദാവീദുമാണ്. രണ്ടുപേരുടെയും  വിളി യിസ്രായേലിന് രാജാവാകുക എന്നതായിരുന്നു. അപ്പോള്‍ തന്നെ ദൈവത്തിന് കണക്ക് കൊടുക്കുന്ന കാര്യത്തില്‍ അവരുടെ രീതികള്‍ വ്യത്യസ്ഥമായിരുന്നു.
ശൗല്‍ എപ്പോഴും അവനെ കേന്ദ്രീകരിച്ചാണ് ജീവിച്ചത്. അവന്റെ പ്രശ്‌നങ്ങളും അവന് ലഭിക്കേണ്ട പ്രസ്തിയും എന്നിങ്ങനെ ഒരു മണ്ഡലമായിരുന്നു അവനില്‍ ഉണ്ടായിരുന്നത്. ഒരിക്കല്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോട് യുദ്ധംചെയ്യുവാന്‍ കടല്‍ക്കരയിലെ മണല്‍ പോലെ അസംഖ്യമായി ഒന്നിച്ചു കൂടിയായപ്പോള്‍ യിസ്രായേല്‍ മക്കള്‍ ഗുഹകളിലും പള്ളക്കാടുകളിലും ഒളിച്ചു. കുറേ പേര്‍ രാജാവായ ശൗല്‍ രക്ഷിക്കും എന്ന വിശ്വാസത്തോടെ അവന്റെ പിന്നാലെ ചെന്നു. എന്നാല്‍ ശൗല്‍ ഫെലിസ്ത്യരെ എതിരിടുന്നതിന് മുന്‍പ് യാഗം കഴിച്ച് യഹോവയെ പ്രസാദിപ്പിക്കാനാണ് തീരുമാനിച്ചത്. പക്ഷെ യാഗം കഴിക്കാന്‍ വരാമെന്നേറ്റ ശമുവേല്‍ പ്രവാചകന്‍ എത്തുമെന്ന് ഉറപ്പ് കൊടുത്ത ദിവസം കഴിഞ്ഞിട്ടും അദ്ദേഹം എത്തിയില്ല. ശൗലില്‍ ഉണ്ടായിരുന്ന ആശ്രയം പതിയെ കൈവിട്ടു തുടങ്ങിയ യിസ്രായേല്‍ മക്കള്‍ ശൗലിനെ വിട്ടു ചിതറുവാന്‍ തുടങ്ങി. ജനം തന്നിലുള്ള വിശ്വാസം പോയവരായി വിട്ടു പിന്‍വാങ്ങുന്നു എന്നുകണ്ട് ശൗല്‍ ഹോമയാഗവും സമാധാന യാഗവും സ്വയം കഴിച്ചു. യാഗം കഴിഞ്ഞതിന് ശേഷമാണ് ശമുവേല്‍ പ്രവാചകന്‍ എത്തുന്നത്. ശൗല്‍ കാണിച്ച പ്രവൃത്തി ശമുവേലിനെ ക്ഷുഭിതനാക്കി. 1 ശമു 13:13 ല്‍ നീ കാണിച്ചത് ഭോഷത്തം, നിന്റെ ദൈവമായ യഹോവയുടെ കല്പന നീപ്രമാണിച്ചില്ല…. എന്നിങ്ങനെ ശമുവേല്‍ പറഞ്ഞു. ഒപ്പം ശൗലിന്റെ രാജത്വം സ്ഥിരമാവുകയില്ല എന്ന് പ്രവചിച്ചു.

വിട്ടു ചിതറുന്ന ജനത്തെ എങ്ങനെയും കൂടെ നിര്‍ത്തണം എന്ന ചിന്ത മൂലമാണവന്‍ ആ ദൈവവിരോധം ചെയ്തത്. ദൈവത്തെക്കാള്‍ അവന്‍ വലുതായി തന്റെ കൂടെ  നില്‍ക്കുന്നവരെ എണ്ണി. സ്വയമായി തനിക്ക് ഒന്നിനും കഴിവില്ലാതിരുന്നപ്പോള്‍ രാജത്വപദവി നല്‍കുകയും യിസ്രായേല്‍ മക്കള്‍ക്കിടയില്‍ തന്നെ മാനിക്കുകയും ചെയ്ത ദൈവം തുടര്‍ന്നും കരുതിക്കൊള്ളും എന്നവന്‍ വിസ്മരിച്ചു കളഞ്ഞു.
എന്നാല്‍ ദാവീദിനെ നോക്കൂ. എപ്പോഴും ദൈവമനസ്സുമായി അവന്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ദൈവഹിതമന്വേഷിക്കാതെ അവന് ഒന്നും ചെയ്തിരുന്നില്ല. സിക്‌ളാഗിലെ സംഭവമാണ് അതിന് ചേര്‍ന്ന ഉദാഹരണം. ദാവീദും കൂട്ടരും ആഖീശിനെ കണ്ട് മടങ്ങി സിക്‌ളാഗിലെത്തുമ്പോള്‍ അത് ചുട്ടുകരിക്കപ്പെട്ടിരുന്നു. ദാവീദിന്റെ ഭാര്യമാരേയും മറ്റ് അറുന്നൂറ് കൂട്ടാളികളുടെ ഭാര്യമാരെയും അമാലേക്യര്‍ പിടിച്ചു കൊണ്ടുപോയരുന്നു. ദാവീദും കൂട്ടരും സ്‌ക്‌ളാഗിന്റെ സ്ഥിതി കണ്ട് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവസ്ഥയോര്‍ത്ത് കരയുവാന്‍ ബലം ഇല്ലാതാകുവോളം കരഞ്ഞു. പിന്നീട് നാം കാണുന്നത് ദാവീദിന്റെ കൂട്ടാളികള്‍ അവന് എതിരെ തിരിയുന്നതാണ്. ദാവീദിനെ കല്ലെറിയണമെന്ന് അവര്‍ ബഹളം കൂട്ടി.

ജനം എല്ലാം എതിരായപ്പോള്‍ ഇവിടെ പതറിപ്പോയ ഒരുവനെയല്ല നാം കാണുന്നത്. പെട്ടെന്നു തന്നെ ദാവീദ് ഒരു ഏഫോദ് കൊണ്ടുവരാന്‍ അവന്‍ കല്‍പ്പിച്ചു. ദൈവം ഈ സന്ദര്‍ഭത്തില്‍ എന്തു പറയുന്നു എന്നറിയുവാനായി അവന്‍ സമയം വേര്‍തിരിച്ചു. കല്ലുകളുമായി ജനം നില്‍ക്കുമ്പോള്‍ ദാവീദ് യഹോവയോട് താന്‍ ഈ ആക്രമികളെ പിന്‍തുടരണണോ, അവരെ എത്തിപ്പിടിക്കുമോ എന്ന് ചോദിച്ചു.
ജനം ദാവീദിനെ കൊന്നുകളയുവാന്‍ തീരുമാനിച്ചു നില്‍ക്കുന്നത് ദാവീദ് പ്രശ്‌നമായി കണ്ടില്ല. അവന്റെ ശ്രദ്ധ അവന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന കല്ലുകളിലുമായിരുന്നില്ല. മറിച്ച് ആ സാഹചര്യത്തില്‍ ദൈവം എന്ത് പറയുന്നു എന്നതിലായിരുന്നു.
പലപ്പോഴും ഈ രീതിയിലുള്ള സാഹചര്യങ്ങളില്‍ നാം വന്നുപെടാറുണ്ട്. ശൗലും ദാവീദും ഒരേ ക്രമത്തിലുള്ള അഭിഷിക്തന്മാരായിരുന്നു. എന്നാല്‍ ദൈവത്തോടുള്ള അവരുടെ സമീപനം വ്യത്യസ്ഥമായിരുന്നു. ഉടനടി തീരുമാനമെടുത്ത് നടപ്പിലാക്കേണ്ട സന്ദര്‍ഭങ്ങള്‍ ഏത് അഭിഷിക്തന്റെ മുന്നിലും വരും. അപ്പോള്‍ ദൈവഹൃദയത്തിലേക്ക് നോക്കി ഒരു തീരുമാനം അവനില്‍ നിന്ന് പ്രാപിക്കേണ്ടതാണ്. പലപ്പോഴും നമ്മുടെ തീരുമാനങ്ങള്‍ കാര്യങ്ങളെ മാനുഷികമായി അപഗ്രഥിച്ചു നേടുന്നതാണ്. എന്നാല്‍ ദൈവം വസ്തുതകളെ ദൈവീകരീതിയില്‍ ഉള്‍ക്കൊണ്ട് മറുപടി നല്‍കും.
പിന്‍ കുറിപ്പ്: ഈ കാലഘട്ടത്തില്‍ ദൈവത്തിനാവശ്യം ഒരു ശൗലിനേയോ ദാവീദിനേയോ അല്ല. ദൈവമനസ്സിലെ തീരുമാനങ്ങള്‍ അന്വേഷിക്കുന്നവരേയും അത് നടപ്പില്‍ വരുത്തുന്നവരേയുമാണ്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.