ആത്മധൈര്യത്തോടെ വിജയത്തിന്റെ വെന്നിക്കൊടിയുമായി കെ. പി. മഞ്ജുഷ

ആലപ്പുഴ: ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയായ നീറ്റ് (NEET) പരീക്ഷയിൽ ഐ. പി. സി. ആലപ്പുഴ വെസ്റ്റ് സെന്റർ തത്തംപള്ളി മനേഹം സഭാവിശ്വാസിയായ കെ. പി. മഞ്ജുഷ ഉന്നതവിജയം കരസ്ഥമാക്കി. ആലപ്പുഴ മാളിക മുക്കിൽ പരേതനായ പുരോഷത്തമൻ – ചെല്ലമ്മ ദമ്പതികളുടെ പെണ്മക്കളിൽ രണ്ടാമത്തെയാണു ഈ റാങ്കുകാരി. മെഡിക്കൽ – ദന്ത വിഷയങ്ങളിൽ ബിരുദ വിദ്യാഭ്യാസം ചെയ്യുന്നതിനു മുന്നോടിയായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി ഇഡ്യൂക്കേഷന്റെ (CBSE) മേൽനോട്ടത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ പട്ടികജാതി വിഭാഗത്തിൽ ദേശീയ തലത്തിൽ 77-​‍ാം റാങ്ക് ആണു ചെന്നിത്തല നവോദയ സ്കൂളിൽ നിന്നു പ്ലസ്-ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ മഞ്ജുഷയെ തേടിയെത്തിയത്. തികഞ്ഞ നിശ്ചയദാർഢ്യത്തോടെ, വൈതരണികൾ ഏറെ തരണം ചെയ്താണു ഈ കടമ്പകടക്കാനായത് എന്നതിനാൽ വിജയത്തിനു മധുരമേറുന്നു. ലോട്ടറി ഏജന്റായിരുന്ന പിതാവ് പുരുഷോത്തമൻ ഏഴുവർഷങ്ങൾക്ക് മുൻപ് ഹൃദയാഘാതത്താൽ മരണപ്പെട്ടപ്പോൾ, കുടുംബഭാരം ഏറേണ്ടിവന്ന മാതാവ് ചെല്ലമ്മ ലോട്ടറി ടിക്കറ്റ് വില്പനയേറ്റെടുക്കേണ്ടിവന്നു ഭവനത്തിന്റെ മുന്നോട്ടുള്ള ഉപജീവനമാർഗ്ഗത്തിനു. കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമായിരുന്ന മാതാവ് അസുഖബാധിതയായി ചികിത്സ തേടേണ്ടിവന്നതിനാൽ തുടർ വിദ്യാഭ്യാസത്തിനു സാദ്ധ്യതകൾ മങ്ങിയെങ്കിലും, സ്നേഹനിധികളായ ചിലരുടെ പ്രോത്സാഹനം ഇന്ന് ഈ വിജയത്തിനു സഹായകമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം. ബി. ബി. എസ്. പ്രവേശനം ലഭിച്ച് ആതുരശുശ്രൂഷാ രംഗത്ത് ഗൈനക്കോളജി വിഭാഗത്തിൽ വൈദഗ്ദ്ധ്യം നേടുകയെന്നതാണു തന്റെ തുടർ ലക്ഷ്യമെന്ന് മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലെ പ്രാരാബ്ദങ്ങൾക്കിടയിൽ കൈത്താങ്ങലായതു കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ദർശന അക്കാദമിയാണെന്ന് ഈ പ്രതിഭ നന്ദിയോടെ സ്മരിക്കുന്നു.

പ്രതിസന്ധികളിൽ പതറാതെ പഠനത്തിന്റെ പടവുകൾ ചവിട്ടുന്ന പ്രിയ സഹോദരിക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

post watermark60x60

ചിത്രം കടപ്പാട്: മലയാള മനോരമ – ചുറ്റുവട്ടം

-ADVERTISEMENT-

-ADVERTISEMENT-

You might also like