പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് (പി.സി.എൻ.എ.കെ) പ്രമോഷണൽ യോഗം ഫ്ളോറിഡയിൽ

നിബു വെള്ളവന്താനം

ന്യൂയോർക്ക്:  പെന്തക്കോസ്തൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പി.സി.എൻ.എ.കെ)  കോൺഫ്രൻസിന്റെ  വിജയകരമായ നടത്തിപ്പിനായുള്ള  പ്രമോഷണല്‍ യോഗങ്ങളും രജിസ്‌ട്രേഷന്‍ സ്വീകരിക്കലും  സൗത്ത് ഫ്ളോറിഡയിലും സെൻട്രൽ ഫ്ളോറിഡയിലും 21, 22 തീയതികളിൽ നടത്തപ്പെടും.
 
ഏപ്രിൽ 21 ശനി വൈകിട്ട് 6ന്  സൺറൈസിലുള്ള ഐ.പി.സി സൗത്ത് ഫ്ളോറിഡ  സഭയിൽ വെച്ച് നടത്തപ്പെടുന്ന പ്രമോഷണൽ യോഗത്തിനും സംഗീത ശുശ്രൂഷകൾക്കും നാഷണൽ പ്രതിനിധി മനു ഫിലിപ്പ് , യുവജന വിഭാഗം പ്രതിനിധി സാം ജോർജ് തുടങ്ങിയവർ  നേത്യത്വം നൽകും. ഏപ്രിൽ 22 ഞായർ വൈകിട്ട് 4ന് ഒർലാന്റോ ഐ.പി.സി സഭാഹാളിൽ നടത്തപ്പെടുന്ന പ്രമോഷണൽ യോഗത്തിന് നാഷണൽ മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം, യുവജന പ്രതിനിധി സ്റ്റെഫിൻ ജേക്കബ് തുടങ്ങിയവർ നേത്യത്വം നൽകും. 
 
ദേശീയ ഭാരവാഹികളെ കൂടാതെ  ഫ്ളോറിഡയുടെ വിവിധ പട്ടണങ്ങളിൽ നിന്നുമായി എത്തിച്ചേരുന്ന  സഭാ ശുശ്രൂഷകന്മാരും പി.സി.എൻ.എ.കെ മുൻ ഭാരവാഹികളും,  വിശ്വാസ പ്രതിനിധികളും സമ്മേളനങ്ങളിൽ സംബദ്ധിക്കും. യോഗങ്ങളോടനുബദ്ധിച്ച് ആത്മീയ ഗാന ശുശ്രുഷകളും  ഉണ്ടായിരിക്കും. കോണ്‍ഫ്രന്‍സിന്റെ നാഷണൽ കൺവീനർ പാസ്റ്റർ ബഥേൽ ജോൺസൺ ഇടിക്കുള, നാഷണൽ  സെക്രട്ടറി വെസ്ളി മാത്യു, നാഷണൽ ട്രഷറാർ ബാബുക്കുട്ടി ജോർജ്, യൂത്ത് കോർഡിനേറ്റർ ഷോണി തോമസ്, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ആശ ഡാനിയേൽ, കോൺഫ്രൻസ് കോർഡിനേറ്റർ ഡോ.തോമസ്  ഇടിക്കുള തുടങ്ങിയവർ കോൺഫ്രൻസിന്റെ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെകുറിച്ച്  വിശദീകരിക്കുകയും, മുഖ്യ പ്രാസംഗികരെ പരിചയപ്പെടുത്തി ചിന്താവിഷയം അവതരിപ്പിക്കുകയും ചെയ്യും. പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ മുന്‍  ഭാരവാഹികളെ കൂടാതെ വിവിധ സഭാ ശുശ്രൂഷകന്മാരും വിശ്വാസി പ്രതിനിധികളും, നാഷണൽ – ലോക്കൽ തലത്തിലുള്ള ഭാരവാഹികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. 
 
2018 ജൂലൈ 5 മുതല്‍ 8 വരെ  ബോസ്റ്റൺ പട്ടണത്തിലുള്ള മാസ് മ്യൂച്ചൽ കൺവൻഷൻ സെൻററിൽ വെച്ചാണ്  ആത്മീയ മഹാ സംഗമം നടത്തപ്പെടുന്നത്. പി.സി.എൻ.എ.കെ കോൺഫ്രൻസിൽ സംബദ്ധിക്കുവാൻ  ആഗ്രഹിക്കുന്നവർ യോഗങ്ങളിൽ പങ്കെടുത്ത് കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷൻ റിസർവ്വ് ചെയ്യണം. നാല് ദിവസമായി സംഘടിപ്പിക്കുന്ന പി.സി.എൻ.എ.കെ കൺവൻഷനിൽ ഏറ്റവും കുറഞ്ഞ ചിലവിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് നാഷണൽ ലോക്കൽ കമ്മറ്റികൾ സംയുക്തമായി ചെയ്തുവരുന്നതെന്ന് നാഷണൽ കൺവീനർ പാസ്റ്റർ  ബഥേൽ ജോൺസൺ ഇടിക്കുള അറിയിച്ചു. 
 
പെന്തക്കോസ്ത് സമൂഹത്തിന്റെയും വിശ്വാസികളുടെയും ഐക്യം ആഗ്രഹിക്കുന്ന ദൈവജനം ഈ കോൺഫ്രൻസിൽ കടന്നു വരികയും, രജിസ്റ്റർ ചെയ്ത് സ്പോൺസർഷിപ്പിൽ പങ്കാളികളാകുകയും ഉദാരമായ സംഭാവനകൾ തന്ന് ഈ നല്ല സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ദേശീയ സെക്രട്ടറി വെസ്ളി മാത്യൂ ഡാളസ് അറിയിച്ചു. കടന്നു വരുന്ന ദൈവമക്കളുടെ പ്രത്യാശയ്ക്ക് ഒട്ടും മങ്ങൽ ഏൽക്കാതെ ദൈവ കേൾവിക്കും ആരാധനയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ട് മറ്റ് പരിപാടികൾ കഴിവതും ഒഴിവാക്കി  ദൈവജനത്തിന് ആത്മിക നിർവ്യതി നൽകുന്ന യോഗങ്ങളായിരിക്കും എല്ലാ സെക്ഷനുകളിലും ക്രമീകരിക്കപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു.
 
ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മാരിയറ്റ് ഷെരാട്ടൺ ( ടൗൺ സ്വകയർ ), ഹോളിഡേ ഇൻ ഹോട്ടലുകൾ താമസിക്കുന്നതിനായി തിരഞ്ഞെടുക്കാം. പിന്നീട് രജിസ്റ്റർ ചെയുന്നവർക്കായി റീജൻസി ഇൻ ആന്റ് സ്യൂട്ട്സ്, കാന്റിൽവുഡ് സ്യൂട്ട്സ്, ക്ലാരിയോൺ, ക്വാളിറ്റി ഇൻ തുടങ്ങിയ ഹോട്ടലുകൾ അക്കോമഡേഷനായി ലഭ്യമാകും.  ഈ പ്രാവശ്യം വിശ്വാസികളുടെ വൻ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വെബ് സൈറ്റ്, ഇ മെയിൽ, ഫോൺ എന്നിവ വഴി രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യങ്ങൾ പരമാവധി ഏവരും പ്രയോജനപ്പെടുത്തണമെന്ന് നാഷണൽ ട്രഷറാർ ബാബുക്കുട്ടി ജോർജ് അറിയിച്ചു.
 
ഹോട്ടലുകളിൽ നിന്ന് കോൺഫ്രൻസ് വേദിയിലേക്ക് സൗജന്യ വാഹന സൗകര്യം  ഉണ്ടായിരിക്കും. കോൺഫ്രൻസ് തീയതിക്കു മുമ്പ് 3 ദിവസവും കോൺഫ്രൻസ് കഴിഞ്ഞ് 3 ദിവസവും പി.സി.എൻ. എ.കെ അക്കോമഡേഷൻ നിരക്കിൽ ആവശ്യമുള്ളവർക്ക് റൂമുകൾ ലഭിക്കുന്നതാണെന്ന് കോൺഫ്രൻസ് കോർഡിനേറ്റർ പാസ്റ്റർ ഡോ. തോമസ്  ഇടിക്കുള അറിയിച്ചു. വിവിധതരത്തിൽ മുൻവർഷങ്ങളിലേക്കാൾ പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഈ കോണ്‍ഫ്രന്‍സ് പെന്തക്കസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹം മടങ്ങി വരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നല്‍ നല്‍കുന്നതിനുമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. 
ബോസ്റ്റൺ സ്പ്രിങ്ങ് ഫീൽഡിലുള്ള  പ്രസിദ്ധമായ മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിലാണ് 36 മത് പി.സി.എൻ.എ.കെ  സമ്മേളനം നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകള്‍, മികച്ച താമസ-ഭക്ഷണ- യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണൽ – ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അറിയിച്ചു.
നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ. കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. ” അങ്ങയുടെ രാജ്യം വരേണമേ” എന്നുള്ള വിഷയത്തെ ആസ്പദമാക്കി സുപ്രസിദ്ധ ഉണർവ്വ് പ്രഭാഷകരും അതിഥി പ്രാസംഗികരും വിവിധ സെക്ഷനുകളിൽ ദൈവവചനം പ്രസംഗിക്കും. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികള്‍ പങ്കെടുക്കുവാനും, പ്രാര്‍ത്ഥിക്കുവാനും  ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും –www.pcnak2018.org     

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.