ഭാവന: ആ മനുഷ്യൻ നീ തന്നെ ! | ജസ്റ്റിൻ കായംകുളം

ആ മനുഷ്യൻ നീ തന്നെ ! കൂരമ്പു കുത്തിതുളക്കുന്ന പോലെയാണ് ആ വാക്കുകൾ എന്റെ ചെവിയിൽ തുളച്ചു കയറിയത്.. എന്തൊരു മൂർച്ചയായിരുന്നു ആ വാക്കുകൾക്കു, എന്റെ കാലുകൾ വിറച്ചു, അനങ്ങുവാൻ പോലും പറ്റാത്ത വിധം ഞാൻ മരവിച്ചു പോയി..വേണമെങ്കിൽ എന്റെ നേരെ ചൂണ്ടിയ ആ വിരലുകൾ നിലത്തു വീണു പിടഞ്ഞേനെ ! ആ തലയിൽ മണ്ണ് പറ്റിയേനെ.

പ്രവാചകനായ നാഥാൻ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്. എന്നെ നന്നായറിയുന്ന എന്റെ പ്രിയ കൂട്ടുകാരൻ. ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തിന്റെ പ്രവാചകൻ. ദൈവം കൊടുക്കുന്ന ആലോചനകൾ മാത്രം പറയുന്ന, കാശിനോടും സ്ഥാനത്തോടും, മാനത്തോടും ആർത്തിയില്ലാത്ത ദൈവത്തിന്റെ നാവായി വർത്തിച്ച പ്രവാചക ശ്രേഷ്ഠൻ. അദ്ദേഹമാണ് മഹാരാജാവായ എന്റെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞത് ‘ആ മനുഷ്യൻ നീ തന്നെയെന്ന്’
അതു കേട്ടപ്പോളാണ് എന്റെ ഹൃദയത്തിലൂടെ ചില ചിന്തകൾ കടന്നു പോയത്, ചിന്തകളല്ല ചില യാഥാർഥ്യങ്ങൾ. അതെ എന്റെ അനുഭവങ്ങൾ. ഞാൻ പാപം ചെയ്തിരിക്കുന്നു !

ഭരണകാര്യങ്ങളും കുടുംബവും രാജ്യത്തെക്കുറിച്ചുമൊക്കെയുള്ള ചിന്ത വല്ലാതെ ഭാരപ്പെടുത്തിയപ്പോൾ, വെറുതെ കുറെ സമയം കിട്ടിയപ്പോൾ ഞാൻ ഒന്നു നടന്നു കളയാം എന്നു കരുതിയാണ് മട്ടുപ്പാവിലേക്കു കയറിയത്. അല്പ സമയം പ്രാർത്ഥിക്കാം എന്നു കരുതിയെങ്കിലും പിന്നീടാകട്ടെന്നു കരുതിയാണ് ഉലാത്തുവാൻ തീരുമാനിച്ചത്. അൽപ നേരം നടന്നു കഴിഞ്ഞപ്പോൾ ഒരാശ്വാസം ലഭിച്ചു.. അങ്ങനെ ചുറ്റും നോക്കി വരുന്ന വഴിക്കാണ് ആ കാഴ്ച കണ്ണിലുടക്കിയത്. നോക്കരുതെന്നു മനസ്സ് പലവട്ടം വിലക്കിയിട്ടും അറിയാതെ കണ്ണുകൾ ആ കാഴ്ചയിൽ തന്നെ എന്നെ പിടിച്ചു നിർത്തി..

എത്ര സുന്ദരിയായ ഒരു സ്ത്രീ നിന്നു കുളിക്കുകയാണല്ലോ, ഈറൻ വസ്ത്രം അണിഞ്ഞു മനോഹരമായ അംഗലാവണ്യമുള്ള അവൾ നിന്നു കുളിക്കുന്ന ആ രംഗം എന്നെ വല്ലാതെ പിടിച്ചുലച്ചു. നോക്കരുതെന്നു അറിയാമായിരുന്നു എങ്കിലും എന്നെ നിയന്ത്രിക്കുവാൻ എനിക്ക് സാധിച്ചില്ല.. നോട്ടം മെല്ലെ മോഹത്തിലേക്കു നയിച്ചു. എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കി അനുഭവിക്കണം എന്ന താല്പര്യം ഉള്ളിൽ ജനിച്ചു. ഞാൻ രാജാവല്ലേ ആരറിയാൻ, എന്നെക്കുറിച്ച് എല്ലാവർക്കും നല്ല മതിപ്പാണ്. കാട്ടിൽ കിടന്ന എന്നെ രാജാവാക്കിയത് കൊണ്ട് ഞാൻ നല്ലവനാണെന്നു എല്ലാവരും ചിന്തിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ എന്നെ ആരും സംശയിക്കില്ല. മുൻപും പല തെറ്റുകൾ ചെയ്തിട്ടുണ്ട്, പിടിക്കപ്പെട്ടിട്ടില്ല എല്ലാവരുടെയും മുൻപിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞു പോയിട്ടുമുണ്ട്..

അവളിൽ ജനിച്ച അനുരാഗത്താൽ ഞാൻ പരവശനായി. മറ്റൊരുത്തന്റെ ഭാര്യ ആണെന്നറിഞ്ഞു കൊണ്ട് തന്നെ അവളെ ഞാൻ വീട്ടിൽ വിളിച്ചു കയറ്റി. അവളുടെ ഭർത്താവിന്റെ ജീവൻ ഇങ്ങെടുത്തു. അയാളൊരു പാവമായിരുന്നു. നിഷ്കളങ്കനും, എന്നോട് ആത്മാർത്ഥതയുള്ളവനും ആയിരുന്നു. രാജാവിനോടും രാജ്യത്തോടും കൂറുള്ളവനായിരുന്നു. പക്ഷെ എന്റെ തെറ്റിനെ മറയ്ക്കാൻ അവനെ ഞാൻ കരുവാക്കി. ഇന്നും അങ്ങനെ തന്നെയല്ലേ ഞാൻ കൊന്നു. നിങ്ങൾ കൊല്ലാക്കൊല ചെയ്യുന്നു. നമ്മുടെ കുറ്റം മറയ്ക്കാൻ കൂട്ടു സഹോദരന്റെ തലയിൽ കെട്ടി വെച്ചു മാന്യത ചമയാറുണ്ട്.

ഈ സംഭവം എനിക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളു. പക്ഷെ പ്രവാചകൻ വന്നു പറഞ്ഞപ്പോൾ ഞാൻ ഭ്രമിച്ചു പോയി. മനുഷ്യന്റെ മുൻപാകെ എല്ലാം മറച്ചു വെയ്ക്കാം, അധികാരവും, സ്വാധീനവും, ഭാഷയും, അഭിനയവും ഉള്ളേടത്തോളം മാന്യതയുടെ മുഖം അണിഞ്ഞു നടക്കാം. കസേര, അവസരങ്ങൾ, ശുശ്രുഷ, പണം, ശ്രേഷ്ഠത എല്ലാമെല്ലാം കൈപ്പിടിയിലൊതുക്കാൻ സാധിക്കും.
പക്ഷെ എല്ലാം അറിയുന്ന ദൈവം നമ്മെ കണ്ടു കൊണ്ടിരിക്കുന്നു. നാം ഇരിക്കുന്നതും എഴുന്നേൽക്കുന്നതും, കിടക്കുന്നതും എല്ലാം അറിയുന്ന ദൈവം !. അവന്റെ കയ്യിൽ ഞാൻ വീണു, യഥാർത്ഥ പ്രവാചകന് അവനെല്ലാം വെളിപ്പെടുത്തി കൊടുത്തു. അനീതിക്കും കപടതയ്ക്കും മുന്നിൽ നിന്ന എന്നെ തെറ്റുകൾ ബോദ്ധ്യപ്പെടുത്തി മാനസാന്തരത്തിലേക്കു നയിച്ചു. ഇപ്പോൾ എനിക്ക് തെറ്റ് മനസ്സിലായി. ഞാൻ മാനസാന്തരപ്പെട്ട് ദൈവത്തിനു മുന്നിൽ അനുതപിച്ചു.

ഇന്നിന്റേയും ആവശ്യം ഇങ്ങനെയുള്ള പ്രവാചകന്മാരെയാണ്. ജനത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി അവരെ നേർവഴിക്കു നടത്തുന്ന അഭിഷിക്തൻമാരെയാണ്.. ഭാവിയും അനുഗ്രഹവും നന്മകളും പ്രവചിക്കുന്ന കള്ള പ്രവാചകന്മാരെയല്ല.
ഇതെന്റെ ജീവിതത്തിലെ ഒരനുഭവം മാത്രം.

നിങ്ങൾക്കും അനുഗ്രഹവും മനസാന്തരവും ചിന്തയ്ക്കും കാരണമാകട്ടെ എന്നു ആഗ്രഹിച്ചു കൊണ്ട് നിർത്തുന്നു..

സ്നേഹത്തോടെ
ദാവീദ് രാജാവ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.