കവിത: ഗോൽഗോഥാ ആർക്കുന്നു | ആഷേർ മാത്യു

രക്തസാക്ഷിതൻ കുടീരങ്ങളാർക്കുന്നൂ,
ശൂന്യമാം കല്ലറയുമുച്ചത്തിലാർക്കുന്നൂ..
ഗോൽഗോഥാ ആർക്കുന്നു .. മാറാനാഥാ…
ഗോൽഗോഥാ ആർക്കുന്നു.. മാറാനാഥാ..

കീറിയൊരു തിരശ്ശീല,
പിളർന്നതാം പാറകൾ,
ചീട്ടിട്ടു പങ്കിട്ടെടുത്തതാം ശീലകൾ…
കയ്പ്പിൻ ദ്രാക്ഷാരസം,…
കുന്തമേറ്റൻപേ മുറിഞ്ഞോരു നെഞ്ചകം,
രാജാധിരാജാവിൻ മേലെഴുത്തും…..
ഗോൽഗോഥാ ആർക്കുന്നു .. മാറാനാഥാ…
ഗോൽഗോഥാ ആർക്കുന്നു.. മാറാനാഥാ..

ഇടനെഞ്ചിലാഴത്തിനടിയേറ്റവർ..
തീപ്പന്തമേറ്റങ്ങു ക്കനലായവർ..
ഉയരുന്ന വാളുകൾ.. തെറിക്കും ശിരസ്സുകൾ..
തലയറ്റ് നിലയറ്റ് ചലനമറ്റോർ..
മരണത്തിൻ നേരത്തും ചിരി തൂകിയോർ..
ഗോൽഗോഥാ ആർക്കുന്നു .. മാറാനാഥാ…
ഗോൽഗോഥാ ആർക്കുന്നു.. മാറാനാഥാ..

പച്ചമാംസത്തിൻ രൂക്ഷമാം ഗന്ധം..
ഒഡീഷതൻ ദേശത്തുയർന്നോരു ഗന്ധം..
സ്റ്റെയിൻസിന്റെ ഗന്ധം, തിമോത്തിയിൻ ഗന്ധം,
ഫിലിപ്പിന്റെ ഗന്ധം, ആർത്തുവിളിക്കുന്നു…
രക്തസാക്ഷികൾ.. ധീര സാക്ഷികൾ…
രക്തസാക്ഷികൾ..
ഗോൽഗോഥാ ആർക്കുന്നു .. മാറാനാഥാ…
ഗോൽഗോഥാ ആർക്കുന്നു.. മാറാനാഥാ..

ഒലീവു മലനിരകൾ കാത്തു നില്ക്കുന്നൂ,
സർവ്വ ഭൂജാലങ്ങൾ കാത്തു പാർക്കുന്നു,
സർവ്വഗോത്രങ്ങൾ പ്രലാപിച്ചിടുമ്പോൾ,
ആദിത്യൻ കണ്ണടക്കുമ്പോൾ,
ഹിമാംശുവും മിഴി പൊത്തീടുമ്പോൾ,
അംബരശക്തികൾ ഇളകി മറിയുമ്പോൾ
എന്റെ രാജാവെഴുന്നള്ളിടും…
ഗോൽഗോഥാ ആർക്കുന്നു .. മാറാനാഥാ…
ഗോൽഗോഥാ ആർക്കുന്നു.. മാറാനാഥാ..

വിതയുണ്ട്, കൊയ്ത്തുണ്ട്,പോക നാം..
ഇനിയുമേറെയങ്ങുപോക നാം.
അടരാടിടാം, നിണം ചിന്തിടാം,
ബന്ധനമില്ലാ വചനവുമായി..
ഗോൽഗോഥാ ആർക്കുന്നു .. മാറാനാഥാ…
ഗോൽഗോഥാ ആർക്കുന്നു.. മാറാനാഥാ..

-Advertisement-

You might also like
Comments
Loading...