ഭാവന:ബോസ്‌ പാസ്റ്ററെ തുറിച്ച്‌ നോക്കരുത്‌!! | റോജി ഇലന്തൂർ

അങ്ങനെ വിദേശത്ത്‌ നിന്ന് ബോസ്‌ പാസ്റ്റർ നാട്ടിലേക്ക്‌ നേരെ ഫ്ലൈറ്റ്‌ കയറി. വരവറിഞ്ഞ ചാക്കോച്ചാനും ചിന്നമ്മയും ബോസ്‌ പാസ്‌റ്ററെ കൂട്ടാൻ എയർപോർട്ടിൽ എത്തി.

ബോസ്‌ പാസ്റ്ററുടെ തലവെട്ടം കണ്ടതും ചാക്കോച്ചായൻ ഓടിചെന്ന് കെട്ടിപ്പിടിച്ച്‌‌ വരവേറ്റു. ഇത്‌ കണ്ട്‌, അവിടെ നിന്ന നാട്ടുകാരെല്ലാം ബോസ്‌ പാസ്റ്ററെ തുറിച്ചുനോക്കി! അല്ലേലും നമ്മുടെ നാട്ടുകാർക്ക്‌ കുറച്ച്‌ നാളായി തുറിച്ചുനോട്ടം അൽപം കൂടുതലാ, ചിന്നമ്മയിലെ ആ പഴയ ഫെമിനിസ്റ്റ്‌ സടകുടഞ്ഞ്‌ എഴുന്നേറ്റു!

എല്ലാരും കാറിൽ കയറിയതുമല്ല, ചാക്കോച്ചൻ കാർ സ്റ്റാർട്ട്‌ ചെയ്ത്‌ ബോസ്‌ പാസ്‌റ്ററുടെ പാഴ്സനേജ്‌‌ ലക്ഷ്യമാക്കി നൂറേനൂറേന്ന് കാർ പറത്തി. ഇത്‌ കണ്ട്‌ വായുഗുളികയ്‌ക്ക്‌ പോവുകയാണൊ ഇവരെന്ന് നാട്ടുകാർ തുറിച്ച്‌ നോക്കി!

വണ്ടിയിൽ കയറിയഠും ചിന്നമ്മയാണ് വൈവായ്‌ക്ക്‌ ആരംഭം കുറിച്ചത്‌‌, “എങ്ങനുണ്ടാരുന്നു പാസ്‌റ്ററേ ശുശ്രൂഷയൊക്കെ?”

“കൃപയാൽ.. കർത്താവ്‌ നടത്തി, അല്ലാതെന്തു പറയാനാ ചിന്നമ്മാമ്മേ? ശു.. ശുശ്രൂഷയൊക്കെ അനുഗ്രഹമാരുന്നു, പിന്നെ, പരിചിതർ പലരും അപരിചിതരും, അ.. അപരിചിതർ പരിചിതരുമായ സ്ഥലം‌! പിന്നെ കാലാവസ്ഥ.. എന്താ ഒരു ചൂ.. ചൂ.. ചൂട്, ഹൊ‌!” പതിവ്‌ വിക്കോടെ ബോസ്‌ പാസ്റ്റർ പറഞ്ഞു.

“പാസ്‌റ്റർക്ക്‌ എവിടുന്നോ ലോട്ടറി അടിച്ചെന്ന് കേട്ടല്ലൊ..” ചാക്കോച്ചൻ ഒരു പരിഹാസച്ചുവയോടെ പറഞ്ഞു.

“എനിക്ക്‌ കരുണ തോന്നണമെന്ന് ഉള്ളവനോട്‌ കരുണ തോന്നുകയും, കനിവ്‌ തോന്നണം എന്നുള്ളവനോട്‌‌ കനിവ്‌ തോന്നുകയും ചെയ്യുന്നവനാണ് നമ്മുടെ കർത്താവെന്ന് വായിച്ചിട്ടില്ലിയോ അച്ചായാ.? കിട്ടിയതിൽ ഒരുലക്ഷം രൂപ അവിടെവച്ച്‌ തന്നെ എന്നെ ആ പ്രാർത്ഥനയ്ക്ക്‌ പറഞ്ഞയച്ച ആ പാസ്‌റ്റർക്ക്‌ ഞാൻ സ്വമേധാ അങ്ങ്‌ കൊടുത്തു… ബാക്കി നാലുലക്ഷത്തിൽ ഓരോലക്ഷം വീതം ഷാർജയിൽ കിടന്ന് മരിച്ച ആ ദൈവദാസന്റെ കുടുംബത്തിനും, പിന്നെയാ അട്ടപ്പാടിയിൽ നാട്ടുകാരു ചേർന്ന് തല്ലിക്കൊന്ന ആ പയ്യന്റെ കുടുംബത്തിനും കൊടുത്തേക്കാമെന്ന് ഞാൻ അങ്ങ്‌ തീരുമാനിച്ചു. ബാക്കി രണ്ട്‌ ലക്ഷം കൊണ്ട്‌ കടം വീട്ടണം. അതോടെ അതു കലാസ്‌! അത്രേയുള്ളൂ..”

ഇത്‌ കേട്ടതുമല്ല, ചാക്കോച്ചായന്റെ ഇടനെഞ്ചിൽ കൂടിയൊരു അകവാൾ വെട്ടി! കാരണം, ബോസ്‌ പാസ്റ്റർ വന്നിട്ട്‌ അൽപം ക്യാഷ്‌ കടമായി വാങ്ങി‌ ബാങ്കിലിട്ട്‌ പലിശ മേടിച്ച്‌ അൽപം കാര്യം നടത്താം എന്ന് സ്വപ്നം കണ്ട ചാക്കോച്ചായൻ ബോസ്‌ പാസ്റ്ററെ ഒന്ന് ഇരുത്തി തുറിച്ച്‌ നോക്കി! എങ്ങനെ നോക്കതിരിക്കും.. അമ്മാതിരി ചെയ്ത്തല്ലിയോ ബോസ്‌ പാസ്റ്റർ ചെയ്തെ?

എന്നാൽ ചിന്നമ്മക്ക്‌ ബോസ്‌ പാസ്റ്ററുടെ പ്രവർത്തി അതങ്ങ്‌ നന്നേ ബോധിച്ചു, “ഞങ്ങളൊക്കെ വിചാരിച്ചത്‌ ദൈവദാസന്മാർക്ക്‌ വാങ്ങാനേ അറിയൂ എന്നാ, കൊടുക്കാൻ അറിയില്ലാന്നും.. എന്നാൽ ബോസ്‌ പാസ്റ്റർ ഞങ്ങടെ ചിന്തകളെയും മാറ്റിമറിച്ചല്ലൊ.”

ബോസ്‌ പാസ്റ്ററിനെ പാഴ്സനേജിൽ വിട്ട്‌ തിരികെ വരുന്ന വഴി ചിന്നമ്മ ചാക്കോച്ചായനെ നോക്കി പറഞ്ഞു, “നിങ്ങളാ ബോസ്‌ പാസ്റ്ററെ കണ്ടുപഠിക്ക്‌ മനുഷ്യാ.. ഒന്നുമില്ലാത്ത ആ ദൈവദാസൻ ഇല്ലാത്തവർക്ക്‌ കൊടുക്കും.. എല്ലാം ഉള്ള നിങ്ങളോ.. എത്ര പറഞ്ഞാലും.. ഏഹെ! അതുകൊണ്ട്‌ എന്താ ദൈവം ആ മനുഷ്യനു വേണ്ടി അത്ഭുതവഴികൾ ഇനിയും തുറക്കും.. അല്ല പിന്നെ! സന്മനസ്സുള്ളവനാ ബോസ്‌ പാസ്‌റ്റർ.”

വേദവചനം: “അവൻ വാരി വിതറി ദരിദ്രന്മാർക്ക്‌ കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിൽക്കുന്നു; അവന്റെ കൊമ്പ്‌ ബഹുമാനത്തോടെ ഉയർന്നിരിക്കും. ദുഷ്ടൻ അത്‌ കണ്ട്‌ വ്യസിനിക്കും; അവൻ പല്ലു കടിച്ച്‌ ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ച്‌ പോകും.” (സങ്കീ 112: 9,10)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.