ചെറുചിന്ത:അഴക് എത്ര ഉണ്ടെങ്കിലും അഴുകുവാൻ നിമിഷം മതി | ഷിബു വർഗ്ഗീസ്

അഴകാർന്ന അഭിനയം കൊണ്ടും ശരീര ഭംഗികൊണ്ടും ആരാധകരുടെ ഹൃദയം കവർന്ന ബോളിവുഡ് ചലച്ചിത്ര താരം ശ്രീദേവിയെ കുടുംബാംഗത്തിന്റെ  വിവാഹത്തിന്റെ ആഘോഷദിനങ്ങൾ‌ക്കിടെ സന്തോഷമെല്ലാം ദുഃഖത്തിലാഴ്ത്തി മരണം കൊണ്ടുപോയത് അപ്രതീക്ഷിതമായിട്ടായിരുന്നു.
വിളിക്കാതെ വരുന്നൊരു അതിഥിയെപ്പോല്‍ വിഷമത്തിലാക്കുന്ന മരണം യാതൊരു മുന്നറിയിപ്പും കൂടാതെ പ്രശസ്തരെന്നോ അപ്രസ്തരെന്നോ വേർതിരിവില്ലാതെ, പ്രാപ്തികൊണ്ടോ പണംകൊണ്ടോ തടുക്കാനാവാതെ എപ്പോൾ വേണമെങ്ങിലും ഏതു മനുഷ്യനെയും തേടിയെത്താം.
ജീവിതം ക്ഷണികം എന്ന് തിരിച്ചറിഞ്ഞ് അനുഭവത്തിൽ നിന്നും പാഠം ഉൾകൊള്ളണം മാത്രമല്ല ഹൃസ്വമായ ജീവിതത്തിൽ മനുഷ്യന് ലഭിക്കുന്ന സ്ഥാനം, സൗന്ദര്യം, സമ്പത്തു ഇവയൊക്കെ നിമിത്തം ഉണ്ടാകാവുന്ന ഉന്നതഭാവം ആരെയും അഹങ്കാര മനോഭാവത്തിന് അടിമയാക്കാതെ ജാഗ്രത ഉള്ളവർ ആയിരിക്കണം.
അഹങ്കാരത്താൽ മനസ്സ് കഠിനമാക്കി ദൈവീക ശിക്ഷ ഏറ്റുവാങ്ങിയ  നെബൂഖദുനേസരിൽ നിന്നും പാഠം ഉൾകൊള്ളാതെ അതേ പാപത്താൽ അഹങ്കാര ഹൃദയത്തിൽ തന്നെ ബേൽശസ്സറും തന്റെ പ്രൗഢി  കാണിക്കാനായി വലിയ ഒരു വിരുന്നൊരുക്കി.
ബേൽശസ്സർ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ (പിതാമഹൻ) നെബൂഖദുനേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്നു എടുത്തുകൊണ്ടുവന്നിരുന്ന വിശുദ്ധമായ പൊൻ വെള്ളി പാത്രങ്ങളിൽ രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും കുടിച്ചു. സത്യ ദൈവത്തെ തള്ളി വിഗ്രഹങ്ങളെ സ്തുതിച്ചു.
അങ്ങനെ സന്തോഷിച്ച്‌  ആഘോഷിക്കുന്ന  അവസരത്തിൽ തന്നെ രാജധാനിയുടെ ചുവരിന്മേൽ ദൈവം അവന്റെ ശിക്ഷാവിധി എഴുതി.
ആ ഗൂഢ എഴുത്ത്‌ വ്യാഖ്യാനിക്കാൻ നിയോഗിക്കപ്പെട്ട ദാനീയേൽ ബേൽശസ്സറിന്റെ നാശത്തിന്റെ കാരണം ഓർമിപ്പിച്ചു:
രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദുനേസരിന്നു രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി, അവന്നു നല്കിയ മഹത്വം ഹേതുവായി അവന്റെ ഹൃദയം ഗർവ്വിച്ചു, അതുനിമിത്തം അവന്റെ ഹൃദയം മൃഗപ്രായമായിതീർന്നു; ദൈവം അവനെ കാളയെപ്പോലെ പുല്ലു തീറ്റിച്ചു;
അവന്റെ മകനായ ബേൽശസ്സരേ…..
നെബൂഖദുനേസരിനോടുള്ള ദൈവീക ഇടപെടലുകൾ അറിഞ്ഞിട്ടും തിരുമേനിയുടെ ഹൃദയത്തെ താഴ്‌ത്താതെയിരുന്നത് എന്ത്?
യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു. (സങ്കീ 138:6)
“ബേൽശസ്സറും കൂട്ടരും വീഞ്ഞ് കുടിച്ച് മത്തരായി തീർന്ന ആ രാത്രിയിൽ തന്നെ ചുവരിന്മേൽ ഉള്ള എഴുത്ത് അനുസരിച്ചു ബേൽശസ്സർ കൊല്ലപ്പെട്ടു”
…..സാഹചര്യം എത്ര മെച്ചപ്പെട്ടാലും അഹങ്കരിക്കരുത്, ഒന്നിലും ഗർവ്വം അരുത്!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.