ലേഖനം:പാപി,പിന്മാറ്റക്കാരന്‍,ന്യൂ ജനറേഷന്‍ | അലന്‍ പള്ളിവടക്കന്‍

എങ്ങനുണ്ട് തലക്കെട്ടു? മൂന്നും നല്ല കോമ്പിനേഷന്‍ അല്ലെ????

ആഹ് ഒരു കാര്യം കൂടെ,

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ ലേഖനം വായിച്ചിട്ടു “യഥാര്‍ത്ഥ” പാപികളും പിന്മാറ്റക്കാരും സഭാരാഷ്ട്രീയക്കാരും ന്യു ജനറേഷന്‍ ദുരുപദേശ സംഘങ്ങളും സന്തോഷിക്കണ്ട! മാനസാന്തരപ്പെടാത്ത പക്ഷം നീ നരകത്തില്‍ തന്നെ പോകും. ഇത് സംസ്കാരവും, കീഴ്വഴക്കവും, പൂര്‍വികതയും പൌരാണികതയും ഒക്കെ പറഞ്ഞു ഈ ഗണത്തിലേക്ക് മുദ്ര കുത്തപെട്ട ചില ഓള്‍ഡ്‌ ജനറേഷന്‍ “സത്യ വേദപുസ്തക” ഉപദേശത്തില്‍ നിലനില്‍ക്കുന്ന യുവജനങ്ങളെ കുറിച്ചാണ്.

എല്ലാം പെട്ടന്നായിരുന്നു! (ഈ കാലം മാറിയതേ…)

മൊബൈല്‍ വന്നു… ഇന്‍റെര്‍നെറ്റ് വന്നു…

പിന്നെ സ്മാര്‍ട്ട്‌ ഫോണ്‍, ബ്രോഡ്‌ ബാന്‍ഡ്, 3g, 4g, വൈഫൈ, ഓര്‍ക്കൂട്ട്, ഫേസ് ബുക്ക്‌, വാട്ട്സ്ആപ്, ഇന്‍സ്ടാഗ്രാം,ആകെ ഒരു മേളം ആരുന്നു…

ഉത്സവത്തിന്‍റെ കലാശക്കൊട്ടു പോലെ (അയ്യോ, അതു എഴുതിയാല്‍ പാപം അല്ലെ!) അപ്പോ മാറ്റി പിടിക്കാം,

ആരാധനയുടെ അവസാന 5 മിനിറ്റ് ഡ്രമ്മടി പോലെ പെട്ടന്നായിരുന്നു എല്ലാം!

ലോകം മുഴുവന്‍ ഒരു ഒറ്റ സ്മാര്‍ട്ട്‌ വില്ലജ് ആയി പരിണമിച്ചപ്പോള്‍ എല്ലാ നാട്ടിലെയും പോലെ മ്മടെ കേരളത്തിലും സാംസ്കാരികമായി വലിയ മാറ്റം തന്നെ ഉണ്ടായി. ബ്രിട്ടീഷ് ഇന്ത്യക്ക് ശേഷമുള്ള കഠിനദാരിദ്ര്യം അനുഭവിച്ചവരും, മേല്‍പ്പറഞ്ഞ മാറ്റത്തിനൊപ്പം വളര്‍ന്നു വന്നവരും, അള്‍ട്രാ മോഡേണ്‍ ജീവിതത്തിലേക്ക് ജനിച്ചു വീണവരും ഒരേ സഭയില്‍, ഒരേ പായില്‍ ഇരിക്കുമ്പോള്‍ ചിന്താഗതികളെ ഒരുമിച്ചു കൊണ്ടുപോകാന്‍ അല്പം ശ്രമകരമാകും! സംശയമില്ല.

എഴുതുന്ന ഞാന്‍ ഉള്‍പ്പെടെ 1980 മുതല്‍ 2000 വരെ ജനിച്ചവരെ മനശാസ്ത്രജ്ഞന്‍മാര്‍ വിളിക്കുന്നത്‌ “മില്ലെനിയല്‍സ്” അല്ലെങ്കില്‍ “ജനറേഷന്‍ Y” എന്നാണു. ഇന്നത്തെ സഭകളിലെ യുവജനങ്ങള്‍ ഇവരാണ്. സ്വഭാവത്തിലും ചിന്തകളിലും ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട് ഇവര്‍ക്കു. അത്മീകമായി “ജനറേഷന്‍ X” (1960-1980) നെ ക്കാളും മുന്നില്‍ ആണ് ഇവര്‍. മതത്തിലോ ദൈവതിലോ വിശ്വാസം ഇല്ലാത്തവര്‍ പോലും! കാരണം, എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയില്‍ വിശ്വസിക്കുന്നവര്‍ ആണ് ഇവര്‍. അപ്പോള്‍ വിശ്വാസികളുടെ കാര്യം പറയണോ? പുറത്തു കാണിക്കില്ലെങ്കിലും ഉള്ളിന്‍റെ ഉള്ളില്‍ ദൈവവുമായി നല്ല ബന്ധം പുലര്‍ത്തുന്നവര്‍ ആയിരിക്കും ഇവര്‍. ഇവരില്‍ ചിലരുടെ താടി, മുടി, കൈയ്യിലെ ബാന്‍ഡ്, മോഡേണ്‍ വസ്ത്രങ്ങള്‍, ആടംഭര വാഹനങ്ങള്‍ ഒക്കെ കാണുമ്പോള്‍ പ്രായമായവര്‍ക്കു എല്ലാം അനാത്മീയം ആയും അധികപ്പറ്റായും തോന്നാം എന്നാലും, ഈ പ്രായമായ ദൈവഭയത്തില്‍ നിഷ്ടകളോടെ ഒക്കെ മിതമായി ജീവിക്കുന്ന വിശ്വാസികളെകാല്‍ അത്മീയരും ദൈവവുമായി ബന്ധം ഉള്ളവരും ആണ് മില്ലെനിയല്‍സ് ഭൂരിഭാഗവും.

പഠനങ്ങള്‍ പ്രകാരം ജനറേഷന്‍ X താരതമ്യേനെ ഈശ്വര വിശ്വാസം കുറവുള്ളവരും, അതിനു മുന്‍പുള്ളവര്‍ വിശ്വാസത്തില്‍ ജീവിക്കുന്നവരും, ജനറേഷന്‍ Y ദൈവത്തില്‍ അധികം വിശ്വാസം ഉള്ളവരും ആണ്. സേവനത്തിലും സഹായതിലും മറ്റുള്ളവരേക്കാള്‍ മുന്നിലാണ് മില്ലേനിയല്സ്. (ഇതിലെല്ലാം വ്യത്യസ്ത സ്വഭാവക്കാരുമുണ്ട് പക്ഷെ അതു ഒരു ന്യൂനപക്ഷം മാത്രമാണ്)

പക്ഷെ പ്രധാന പ്രശ്നം… ഇതൊന്നുമല്ല!

എന്തുകൊണ്ട് ജനറേഷന്‍ Y യുമായു ജനറേഷന്‍ X ഉം അതിനു പുറകോട്ടു ഉള്ളവരും ചേര്‍ന്നു പോകുന്നില്ല?

ഒറ്റ ഉത്തരം…

ഇവരുടെയെല്ലാം സത്യത്തെ കുറിച്ചുള്ള വീക്ഷണം കാഴ്ചപ്പാടും വ്യത്യസ്തമാണ്.

തല്‍ക്കാലം നമുക്ക് എണ്‍പതുകള്‍ക്കും അതിനു ശേഷവും ജനിച്ചവരെ പുതിയ തലമുറ എന്നും അതിനു മുന്‍പു ജനിച്ചവരെ പഴയ തലമുറ എന്നും തരം തിരിക്കാം.

പുതിയ തലമുറയും പഴയ തലമുറയും വ്യത്യസ്തമായ രണ്ടു സംസ്കാരങ്ങളുടെ പ്രതിനിധികള്‍ ആണ്. രണ്ടുപേരുടെയും സ്വഭാവവും പെരുമാറ്റവും തികച്ചും വ്യത്യസ്തങ്ങള്‍ ആണ്. പഴയ തലമുറ പുതിയ തലമുറയെ തങ്ങളുടെ സംസ്കാരത്തിലേക്കും അതുപോലെ തിരിച്ചും കൊണ്ടുപോകാന്‍ ഉള്ള വടംവലി ഇതിനിടയില്‍ നിശബ്ദമായി നടക്കുന്നു. വിശ്വാസത്തിലേക്കു വരുമ്പോള്‍ ആശയങ്ങളിലും ഉപദേശങ്ങളിലും ഈ വടം വലി ഉണ്ട്.

സമൂഹത്തിന്‍റെ സത്യം ആണ് പഴയ തലമുറയ്ക്ക് അവരുടെ സത്യം. എന്നാല്‍ പുതിയ തലമുറയ്ക്ക് സത്യം ആപേക്ഷികമാണ്, വ്യക്തിനിഷ്ടമാണ്. ഇത് വായിക്കുന്ന പഴയ തലമുറയില്‍ ഉള്ളവര്‍ക്കു ഇതു വെറും വിരോധാഭാസമായി തോന്നാം കാരണം കമ്മൂണിസ്റ്റ് ആശയങ്ങളിലാണ് “സത്യം ആപേക്ഷികമാണ്“ എന്നതു നിങ്ങള്‍ കൂടുതലും കേട്ടിട്ടുള്ളതു. അര്‍ത്ഥപരമായി രണ്ടും വ്യത്യസ്തമാണ്. സത്യം ആപേക്ഷികം ആണെന്നതുകൊണ്ട് ഇവടെ ഉദ്ദേശിക്കുന്നത് വ്യക്തിനിഷ്ടമായുള്ളതാണ്. ഓരോ വ്യക്തിക്കും അവരുടെതായ സത്യവും, ശരികളും, മൂല്യങ്ങളും ഉണ്ട്. എന്‍റെ ശരികള്‍ എന്‍റെ ശരികളാണ്, നിങ്ങളുടെ ശരികള്‍ നിങ്ങളുടെതും. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരികളെ ഞാനും, എന്‍റെ ശരികളെ നിങ്ങളും ബഹുമാനിക്കുന്നു.

സമൂഹത്തില്‍ ഒരു കീഴ്വഴക്കം അല്ലെങ്കില്‍ നിഷ്ട ഉണ്ടെങ്കില്‍ അതിനെ അപ്പാടെ സ്വന്തം ശരിയായി അങ്ങീകരിക്കുന്ന സ്വഭാവമായിരുന്നു പഴയ തലമുറയ്ക്ക്. വസ്ത്രം, വിവാഹം, ആചാരങ്ങള്‍, പെരുമാറ്റം, തീരുമാനങ്ങള്‍, എല്ലാം സ്വയതെക്കാള്‍ മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടായിരുന്നു പഴയ തലമുറ ചെയ്തിരുന്നത്. മറ്റുള്ളവരുടെ ശരികള്‍ ആണ് എന്‍റെ ശരികള്‍ എന്നു അവര്‍ അന്ധമായി വിശ്വസിച്ചിരുന്നു. മാത്രമല്ല മറ്റുള്ളവരും ഈ കീഴ്വഴക്കങ്ങളും നിഷ്ടകളും ആചാരങ്ങളും ഒക്കെ പാലിക്കണം എന്ന നിര്‍ബന്ധബുദ്ധിയും ഇവര്‍ക്കുണ്ട്. സഭാ ഉപദേശങ്ങളിലും, വിശ്വാസങ്ങളിലും, ആചാരങ്ങളിലും ഈ കാഴ്ചപ്പാട് പ്രതിഭലിച്ചു. വ്യത്യാസമുള്ളതിനെയെല്ലാം അനാത്മീകമായി കണ്ടു.

പുതിയ തലമുറക്ക്‌ മറ്റുള്ളവരുടെ ശരികള്‍ അവരുടേത് മാത്രമാണ്. അറിവിലേക്ക് ഉള്ള അവരുടെ ദൂരം കുറഞ്ഞു. സ്വന്തമായി കണ്ടെത്തുന്ന / മനസിലാക്കുന്ന സത്യങ്ങള്‍ ആണ് അവരുടെ ശരികള്‍. വിശ്വാസത്തിലേക്ക് വരുമ്പോള്‍ വേദപുസ്തകത്തില്‍ നിന്നും ഉള്ളതാല്ലാത്ത ഉപദേശങ്ങള്‍ അവര്‍ അങ്ങീകരിക്കില്ല. പഴയ തലമുറ അടിച്ചേല്പിക്കുമ്പോള്‍ അധികം പ്രതികരിക്കുകയും ഇല്ല. കാരണം “നിങ്ങളുടെ സത്യം നിങ്ങളുടേത് മാത്രം ആണെങ്കിലും ഞാന്‍ അതിനെ ബഹുമാനിക്കുന്നു” എന്ന കാഴ്ചപ്പാട് ആണ്. പഴയതലമുറയുടെ അത്തരം അടിചെല്‍പ്പിക്കലുകള്‍ എല്ലാവരും ഏറ്റെടുത്തു പ്രാവര്‍ത്തികം ആക്കില്ല കാരണം “എനിക്കു എന്‍റെ ശരികള്‍ ഉണ്ട്” എന്ന കാഴ്ചപ്പാട്.

സഭയെ അല്ല വചനത്തെ ആണ് അനുസരിക്കേണ്ടത്‌ എന്നും, മനുഷ്യനെ അല്ല ദൈവത്തെ ആണു അനുസരിക്കേണ്ടത്‌ എന്നും വിശ്വാസി എന്ന നിലയില്‍ സ്വാഭാവികമായി അറിയുന്നതുകൊണ്ട് പൂര്‍വ്വ പിതാക്കന്മാര്‍ ആചരിച്ച എല്ലാം പുതിയ തലമുറ ആച്ചരിക്കില്ല. അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ അങ്ങീകരിക്കുകയും ഇല്ല. അതുകൊണ്ട് അവര്‍ പാപികളാകുന്നില്ല, പിന്മാറ്റക്കാരും ആകുന്നില്ല ന്യൂജനറേഷന്‍ ദുരുപദേശത്തിന്‍റെ വക്താക്കളും ആകുന്നില്ല. തങ്ങള്‍ക്കു ദൈവം വെളിപ്പെടുത്തിക്കൊടുത്ത സത്യങ്ങള്‍ക്ക് അനുസരിച്ചു അവര്‍ ജീവിക്കുന്നു.

പഴയ തലമുറ ചെയ്യുന്നതും തെറ്റല്ല. നിഷ്ടകളിലും കീഴ്വഴക്കങ്ങളിലും അനുസരിച്ചു ജീവിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ അതിനു പ്രതിഭലം ഉണ്ട്. ഭക്ഷണം ത്യജിച്ചു ദൈവസന്നിധിയില്‍ ഉപവസിക്കുന്നതുപോലെ. എന്നാല്‍ വചന അടിസ്ഥാനമാല്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതു തെറ്റാണു. വചനത്തോടു കുറയ്ക്കുന്നവാന്‍ അവകാശം ഇല്ലാത്തതു പോലെ കൂട്ടുവാനും നമുക്ക് അവകാശം ഇല്ലല്ലോ. “ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.” എന്നാണു വെളിപ്പാടു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. ഇനി ഇത് വെളിപ്പാടു പുസ്തകത്തെ ഉദ്ദേശിച്ചു മാത്രം പറഞ്ഞതാണെന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍, മറ്റു പല ഭാഗങ്ങളിലും ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്.

എന്നാല്‍ ദൈവവചനത്തിനുവിരുദ്ധമായി ജീവിക്കുന്ന ആളുകളോടു ദൈവ വചന ഉപദേശങ്ങള്‍ പഠിപ്പിക്കുന്നതിനു വലിയ പ്രതിഭലം നിങ്ങള്‍ക്കു ലഭിക്കും. “ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും” എന്നാണല്ലോ മത്തായി സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത്.

പുതിയ തലമുറയ്ക്ക് സ്വന്തം സത്യങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും ഒക്കെ ഉള്ളതു നല്ലതു തന്നെ. പക്ഷെ അവനവനു വിഭാഗിച്ചു കിട്ടിയതുപോലെ ഭക്ഷിക്കുമ്പോള്‍ സമാന ആശയങ്ങളുമായി വരുന്ന ആട്ടിന്‍തോല് അണിഞ്ഞ ചെന്നായ്ക്കള്‍ നിങ്ങളെ മറിച്ചു കളയാതിരിക്കാന്‍ സൂക്ഷിക്കുന്നത് നന്നു.

ഭൂമിയില്‍ ഏതൊരു വിശ്വാസിക്കും ദൈവം നല്‍കിയിരിക്കുന്ന സുവിശേഷീകരണം എന്ന വലിയ ദൗത്യത്തിനു വേണ്ടി പുതിയ തലമുറയും പഴയ തലമുറയും ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കാന്‍ ഇട വരട്ടെ. രണ്ടു കൂട്ടരുടെയും ചിന്തകളെയോ സംസ്കാരത്തെയോ ഇണക്കി ചേര്‍ക്കാന്‍ കഴിയില്ല. കാലഘട്ടങ്ങളുടെ ദൂരമുണ്ട് അതിനു. തുറന്ന മനസോടെ പരസ്പരം മനസിലാക്കുവാന്‍ കഴിയട്ടെ. തെറ്റല്ലാത്തതിനെ അങ്ങീകരിക്കാന്‍ കഴിയട്ടെ. പാപിയല്ലത്തവന്‍ പാപിയെന്നും, പിന്മാറ്റക്കാരന്‍ അല്ലാത്തവന്‍ പിന്മാറ്റകാരനെന്നും മാറിചിന്തിക്കുന്നവരെ ന്യൂജനറേഷന്‍ എന്നും ദുരുപദേശകന്‍ എന്നും മുദ്ര കുത്തപ്പെടാതെ ഇരിക്കട്ടെ.

താടിയിലും മുടിയിലും ആഭരണത്തിലും ആരാധിക്കുന്ന രീതിയിലും പാടുന്ന പാട്ടിലും ഒന്നുമല്ല ജീവിതത്തിലും പ്രവര്‍ത്തിയിലും ഹൃദയ വിശുദ്ധിയിലും നിര്‍മ്മലതയിലും ആത്മാര്‍ത്ഥതയിലും അല്ലോ ദൈവം പ്രസാദിക്കുന്നത് എന്ന ചിന്ത നമ്മില്‍ ഉണ്ടാവട്ടെ. “യഹോവയോ ഹൃദയങ്ങളെ തൂക്കി നോക്കുന്നു!”

സഭയില്‍ പുതിയ തലമുറയും പഴയ തലമുറയും ഒരുമിച്ചു നിന്നാല്‍ ഒരു ദുരുപദേശകനും നമ്മുടെ ഇടയിലേക്കു മുതലെടുപ്പിനു വരില്ല.

കര്‍ത്താവ്‌ ഇങ്ങു വരാറായി… ഒന്നിച്ചു നിന്നു നമുക്ക് അധികം ആത്മാക്കളെ നേടാം…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.