കവിതാ: ഗോല്ഗോഥായിലേക്ക് | രമ്യ ഡേവിഡ്

ഗോല്ഗോഥായിലേക്ക്


പോകുന്നു ഗോല്ഗോഥായിലേക്കിന്നു ഞാൻ
കാണുവാൻ താതന്റെ ജീവത്യാഗം
പാതയിൽ തളമായ് തീർന്ന നിൻ നിണം
പാപിയാമെന്റെയും പാദം നനച്ചിടുന്നു

ഞാന്നുചത്ത യൂദാസിൻ കിഴിയിലെ
മുപ്പതു വെള്ളി കാശിൻ കിലുക്കമെൻ
കർണപുടങ്ങളെ വല്ലാതെ നോവിച്ചിടുന്നു
ചെകിടനായ് തീരുവാൻ കൊതിക്കുന്നു ഞാൻ

മരക്കുരിസ്സിൻ ഭാരം താങ്ങുവാനൊരുമാത്ര
ശിഷ്യഗണങ്ങളും വന്നതേയില്ല
പത്രോസിൻ പൊയ്മൊഴി കേട്ടദുഃഖത്താൽ
പൂങ്കോഴിപോലും കൂവി മൂന്നുവട്ടം

പാപികൾ കൊല്ലുവാൻ ഏല്പിച്ചമാത്രയിൽ
മൂകനായ് നിന്നവനെനിക്കുവേണ്ടി
കൊടുംപാപിയാം ബറബ്ബാസുപോലും ഇന്നു
മോചിതനായി തിരു ഹിതത്താൽ

ജീവജലത്തിന്നുറവയാം നാഥനേ നിന്നുടെ
ദാഹമകറ്റുവാൻ കയ്പുനീർമാത്രമോ
അത്ഭുതമന്ത്രിയേ രാജാവാം ദൈവമേ തിരു
ശിരസ്സിൽ ചൂടുവാൻ മുൾമുടിമാത്രമോ

ഒടുവിലായ് പ്രാണൻ പിടയുന്ന നിമിഷത്തിൽ
എല്ലാം സഹിച്ചവൻ കേഴുന്നു താഥനോടായ്
ഇവരെന്റെ മക്കൾ, ഞാൻ പ്രാണൻ കൊടുത്തിടാം
ക്ഷമിച്ചിടു, അറിയാതെ ചെയ്തതാം പാപമെല്ലാം

ഗോല്ഗോഥായിലെ ത്യാഗം കണ്ടുഞാനിതാ പോകുന്നു
നിൻ ജീവത്യാഗത്തിൻ പൊരുളറിയിക്കുവാൻ
കഴുകേണമേ നിൻ നിണത്താലെന്നെയും
പകരേണമേ നിൻ ആത്മാവെനിക്കായ്‌

– രമ്യ ഡേവിഡ് ഭരദ്വാജ് , ഡൽഹി

-Advertisement-

You might also like
Comments
Loading...