പാസ്റ്റർ റ്റി. എസ്. എബ്രഹാമിന്റെ വിയോഗത്തിൽ പ്രമുഖരുടെ പ്രതികരണം

എന്റെ സുഹൃത്ത് വിട വാങ്ങി; പത്മഭൂഷൻ മാർ ക്രിസ്റ്റോസം തിരുമേനി

ഇന്ത്യ പെന്തക്കോസ്ത് സഭയുടെ അമരക്കാരിൽ ഒരാളും എന്റെ അടുത്ത സ്നേഹിതനുമായ പാസ്റ്റർ റ്റി. എസ് എബ്രഹാമിന്റെ വിയോഗം വേദനാജനകമാണ്. പലപ്പോഴും കാണാനും സൗഹൃദം പുതുക്കാനും ആത്മീയ കാര്യങ്ങൾ സംസാരിക്കുവാനും കഴിഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുന്നു.

പാസ്റ്റർ റ്റി. എസ്. എബ്രഹാം സൗമ്യനായ വ്യക്തിപ്രവാഹം – പാസ്റ്റർ വി. എ. തമ്പി

ഒരു ജേഷ്ഠ സഹോദരന് തുല്യം ഞാൻ ബഹുമാനിച്ചിരുന്ന കർത്തൃദാസൻ ആയിരുന്നു പാസ്റ്റർ ടി. സ്. എബ്രഹാം. അമ്പതു വർഷങ്ങൾക്കു മുൻപേ ഞങ്ങൾ പരിചയപെട്ടിരുന്നു എങ്കിലും മുപ്പത്തിയഞ്ചു വർഷമായുള്ള അടുത്ത പരിചയവും ആത്മ ബന്ധവും സൗഹൃദവും ഞങ്ങൾക്കുണ്ട്. ആത്മീയ കാഴ്ചപ്പാടോടും ദീർഘ വീക്ഷണത്തോടും സഭയെ നയിച്ച സൗമ്യനായ നേതാവായിരുന്നു അദ്ദേഹം. അറിഞ്ഞ നിർമല സത്യങ്ങൾക്കുവേണ്ടി ജീവിത അവസാനം വരെയും നിലകൊണ്ട വേറിട്ട വ്യക്തി പ്രഭാവമായിരുന്നു ദൈവ ദാസൻ. ദുഃഖത്തിലായിരിക്കുന്ന കുടുംബങ്ങൾക്കും മറ്റു പ്രിയപ്പെട്ടവർക്കും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ പ്രത്യാശ അറിയിച്ചുകൊള്ളുന്നു.

നികത്താനാവാത്ത നഷ്ടം: പാസ്റ്റർ സാം ജോർജ്

മലയാളി പെന്തകോസ്ത് സമൂഹത്തിൽ, പുത്തൻ ഉണർവിന് ചുക്കാൻ പിടിച്ച തലമുറയുടെ അവസാന കണ്ണി. ഇന്ത്യാ പെന്തകോസ്ത് സഭക്ക്‌ ഈ വേർപാട് ഒരു തീരാ നഷ്ടം തന്നെയാണ്. എന്റെ പിതാവിന്റെ അടുത്ത സുഹൃത്തും ഉത്തമ മാർഗ്ഗ നിർദ്ദേശിയുമായിരുന്ന പ്രിയ ദൈവദാസന്റെ വേർപാട് മനുഷീകമായി വേദന ഉണ്ടാക്കുന്നതാണെങ്കിലും നിത്യതയുടെ പൊൻപുലരിയിൽ വീണ്ടും കാണും. എന്റെയും കുടുംബത്തിന്റെയും അഗാധമായ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

യുഗാന്ത്യം: പാസ്റ്റർ വിത്സൻ ജോസഫ്

അര നൂറ്റാണ്ടോളം നമ്മുടെ പ്രസ്ഥാനത്തെ നയിച്ച കർത്താവിൽ പ്രസിദ്ധനായിരുന്ന പാസ്റ്റർ റ്റി.എസ് എബ്രഹാമിന്റെ വിയോഗം ഇന്ത്യ പെന്തകോസ്ത് ദൈവസഭയ്ക്ക് തീരാ നഷ്ട്ടമാണ്. ഒരു യുഗത്തിന്റെ അന്ത്യം എന്നുതന്നെ പറയാം. എന്നാൽ ഒരു വലിയ പ്രത്യാശ നമ്മൾക്കുണ്ട്. അദ്ദേഹം നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു. അനേകർക്ക് ഒരു മാതൃകയായിരുന്നു അദ്ദേഹം. വിയോഗ വാർത്തയറിഞ്ഞു ദുഃഖത്തിലായിരിക്കുന്ന ആ കുടുംബത്തെയും, നമ്മുടെ പ്രസ്ഥാനത്തെയും ദൈവം ആശ്വസിപ്പിക്കട്ടെ. എന്റെയും കുടുംബത്തിന്റെയും ഐ.പി.സി വർഷിപ്പ് സെന്ററിന്റെയും ദുഃഖവും പ്രത്യാശയും അറിയിക്കുന്നു

അധ്വാനിയായിരുന്ന കർതൃഭൃത്യൻ: പാസ്റ്റർ സി. സി. തോമസ്

ഒരു പുരുക്ഷായസ് മുഴുവൻ ദൈവ രാജ്യത്തിന്റെ വ്യാപനത്തിനായി അദ്ധ്വാനിച്ച പാസ്റ്റർ റ്റി. എസ് എബ്രഹാമിന്റെ വിയോഗം സംഘടന വത്യാസമെന്ന്യേ മലയാളി പെന്തക്കോസ്തു സമൂഹത്തിനു തീരാ നഷ്ട്ടമാണ്. എക്കാലവും ദൈവ സഭയുമായും അടുത്ത ബന്ധം കാത്തുപോന്നിരുന്ന ദൈവദാസന്റെ വിയോഗത്തിൽ ദൈവ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്നലെ കുമ്പനാട് ബംഗ്ലാവിൽ പോയി അദ്ദേഹത്തെ കാണുവാനും അൽപ്പ സമയം ആ കുടുംബത്തോടൊപ്പം ചിലവഴിക്കുവാനും സാധിച്ചിരുന്നു.

പാസ്റ്റര്‍ അലക്സ് എബ്രഹാം; സെക്രെട്ടറി ഐ.പി.സി യു.എ.ഇ റീജിയന്‍

ഐ.പി.സി പ്രസ്ഥാനത്തിനു മാത്രമല്ല കേരളത്തിലെ എല്ലാ പെന്തകൊസ്തു സഭകളുടെ തന്നെയും തുടക്കത്തിനും വളര്‍ച്ചയ്ക്കും കാരണമായി തീര്‍ന്ന സാറാപ്പച്ചന്റെ മകനായ പാസ്റ്റര്‍ റ്റി.എസ് എബ്രഹാമിന്‍റെ ദേഹ വിയോഗത്തില്‍ ഐ.പി.സി യു.എ.ഇ  റീജിയന്‍റെയും, യു.എ.യില്‍ ഉള്ള എല്ലാ ഐ.പി.സി സഭകളുടെയും, ദുബായ് ഐ.പി.സി ശാലോം സഭയുടെയും ദുഖവും പ്രത്യാശയും അറിയിക്കുന്നു. കഴിഞ്ഞ അര നൂറ്റാണ്ടോളം ഈ മഹാ പ്രസ്ഥാനത്തെ മുന്നില്‍ നിന്നും നയിക്കുവാന്‍ പ്രീയ ദൈവദാസന് ദൈവം കൃപ കൊടുത്തു. ഐ.പി.സി യുടെ ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചക്ക് പാസ്റ്റര്‍ റ്റി.എസ് എബ്രഹാം ചെയ്ത സംഭാവനകള്‍ മറക്കാനാകാത്തതാണ്. ദുഖത്തില്‍ ആയിരിക്കുന്ന കുടുംബത്തിനും, പ്രസ്ഥാനത്തിനെയും ദൈവം ആശ്വാസിപ്പിക്കുമാറാകട്ടെ…

പാസ്റ്റർ രാജു പൂവക്കാല

എന്റെ പിതാവിന്റെ സ്നേഹിതനും എന്റെ ആത്മീയ പിതാവും ആയ പാസ്റ്റർ ടി. എസ്. അബ്രഹാമിന്റെ ദേഹവിയോഗം ഞങ്ങൾക്ക് വലിയ നഷ്ടം ആണ്. ഉണ്ണുണ്ണി സാറിന്റെ കാലം മുതൽ ഉള്ള സ്നേഹബന്ധം തലമുറകളായി കാത്തു സൂക്ഷിക്കുവാൻ ഇടയായതിൽ സന്തോഷിക്കുന്നു. എന്റെ ആത്മീയ വളർച്ചയിൽ പ്രത്യേകാൽ തിരുവല്ല പ്രയർ സെന്റർ സഭയുടെ പുരോഗതിയിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. സ്വന്തം മകനെ പോലെ സ്നേഹിച്ചതും കരുതിയതും മറക്കുവാൻ ആകില്ല. പ്രീയ പിതാവിന്റെ വേർപാടിൽ ഞങ്ങൾ സഭയായും കുടുംബമായും ഹൃദയപൂർവം ദുഃഖം രേഖപ്പെടുത്തുന്നു. അതോടൊപ്പം ഐ. പി. സി കേരളാ സ്റ്റേറ്റിന്റെ പ്രത്യാശയും കുറിക്കുന്നു.

സഭാ വളർച്ചയുടെ അമരക്കാരൻ; പാസ്റ്റർ റ്റി. ജെ. സാമുവേൽ

ഇന്ത്യയിൽ പെന്തകോസ്ത് സഭകളുടെ വളർച്ചക്ക് വേണ്ടി വളരെ അധ്വാനിച്ച വ്യക്തിയായിരുന്നു പാസ്റ്റർ ടി. എസ്. ഏബ്രഹാമെന്ന് ഏ. ജി. മലയാളം സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവേൽ പറഞ്ഞു. സഭാ വത്യാസമെന്ന്യേ സൗഹൃദം കാത്തു സൂക്ഷിച്ച അദ്ദേഹത്തിന്റെ ദേഹ വിയോഗത്തിൽ ഏ. ജി യിലെ എല്ലാ സഭകളുടെയും ശുശ്രൂഷകന്മാരുടെയും അനുശോചനവും പ്രത്യാശയും അദ്ദേഹം രേഖപ്പെടുത്തി.

പാസ്റ്റർ കെ. ജോയ്, ഡൽഹി

നല്ല പോർ പൊരുതി ഓട്ടം തികച്ചു വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം പ്രാപിക്കാനായ് നിത്യതയിൽ പ്രവേശിച്ചിരിക്കുന്ന ആദരണീയനായ ദൈവഭൃത്യൻ പാസ്റ്റർ റ്റി.എസ് എബ്രഹാം ന്റെ ദേഹവിയോഗത്തിൽ ഞാനും കുടുംബവും IPC Delhi State ൽ ഉള്ള സകല സഭകളും അനുശോചനം അറിയിക്കുന്നു. 1967 ൽ എന്റെ 14 ആം വയസിൽ ഞാൻ ഹെബ്രോൻ ബൈബിൾ കോളേജിൽ പഠിക്കുമ്പോൾ എന്നെ വചനം പഠിപ്പിച്ച അദ്ധ്യാപകരിൽ ഇതു വരെ ജീവനോടെയിരുന്നത് കുഞ്ഞുകുഞ്ഞച്ചായൻ എന്ന് ഞങ്ങൾ വിളിച്ചുവന്ന പാസ്റ്റർ റ്റി. എസ്. എബ്രഹാം ആയിരുന്നു. ഈ പ്രത്യേക സന്ദർഭത്തിൽ സന്തപ്ത കുടുംബങ്ങളേ സർവശക്തനായ ദൈവം സമാശ്വസിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. പ്രത്യാശയോടെ പാസ്റ്റർ കെ ജോയ്.

‌പാസ്റ്റർ രാജൻ ചാക്കോ,
‌പ്രസിഡന്റ്, IPC അരുണാചൽ പ്രദേശ് സ്റ്റേറ്റ്

കേരളത്തിലെ പെന്തക്കോസ്ത് പ്രസ്ഥാനത്തിന്റെ തുടക്കത്തിനും വളർച്ചയ്ക്കും കാരണമായി തീർന്ന പാസ്റ്റർ K. E എബ്രഹാം സാറിന്റെ പിൻ തലമുറകൾ ഇന്ന് ഈ പ്രസ്ഥാനത്തെ വളർത്തിക്കൊണ്ടു വരികയാണ്. അതിൽ നിർണ്ണായകമായ പങ്കു വഹിച്ച പ്രഗത്ഭനായിരുന്നു പാസ്റ്റർ T. S എബ്രഹാം. പിതാവിന്റെ പെന്തക്കോസ്തു ആശയത്തിന്റെ ശക്തനായ പ്രചാരകനായി തീർന്ന പാസ്റ്റർ T. S എബ്രഹാം പല പ്രസ്ഥാനങ്ങൾക്കും തുടക്കക്കാരനായി ഭവിച്ചു. ഞങ്ങൾ ആസ്സാം – അരുണാചൽ പ്രദേശിൽ പ്രവർത്തനം ആരംഭിച്ച കാലം മുതൽ നോർത്ത് – ഈസ്റ്റേൺ സ്റ്റേറ്റുകളിലെ പ്രവർത്തനങ്ങൾ ശക്തി പെടുത്തണം എന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. IPC അരുണാചൽ പ്രദേശ് സ്റ്റേറ്റ് രൂപീകരണത്തിലും തുടർന്നുള്ള അതിന്റെ വ്യാപനത്തിലും പാസ്റ്റർ T. S എബ്രഹാം അവർകളുടെ പ്രോത്സാഹനങ്ങളും നിർദ്ദേശങ്ങളും ഞങ്ങൾക്ക് വിസ്മരിക്കാനാവില്ല. അദ്ദേഹം തന്റെ ദൗത്യം പൂർത്തിയാക്കി മഹത്വത്തിലേക്കു ചേർക്കപ്പെട്ടു എങ്കിലും അദ്ദേഹം ആരംഭിച്ച പ്രവർത്തനങ്ങൾ എല്ലാം വളരെ ശക്തമായി മുന്നേറുകയാണ്. അതിൽ നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം. അദ്ദേഹത്തിന്റെ വേർപാടിൽ ദു:ഖിതരായിരിക്കുന്ന എല്ലാ കുടുംബാങ്ങങ്ങളുടെയും പ്രസ്ഥാനത്തിന്റെ യും ദു:ഖത്തിൽ ഞങ്ങളും പങ്കു ചേരുന്നു. പ്രത്യാശയുടെ പൊൻപുലരിയിൽ വീണ്ടും കാണാം എന്ന ആശയോടെ.

പെന്തക്കൊസ്തിന്റെ കാരണവർ – ഐപിസി അബുദാബി

ഒരു ആയുസ്സ്‌ മുഴുവൻ കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ അധ്വാനിച്ച്‌, സഫലമായ ക്രിസ്തീയജീവിതം നയിച്ച പാ. റ്റി എസ്‌ എബ്രഹാം വിടവാങ്ങി. കേരളത്തിലേയും ഭാരതത്തിലേയും പെന്തക്കൊസ്ത്‌ ചരിത്രത്തിലെ, തിളക്കമാർന്ന ഒരു അധ്യായമാണ് അവസാനിച്ചത്‌. ഭരണപാടവം കൊണ്ടും ശുശ്രൂഷാവേദികളിലെ ആഢ്യത്തം കൊണ്ടും ഏവർക്കും സമാദരണീയനായിരുന്നു പാ. റ്റി എസ്‌.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യു. ഏ.ഈ. യിലെ പ്രഥമപ്രവർത്തനമായ ഐ പി സി അബുദാബിയിൽ പ്രിയ ദൈവദാസൻ പല പ്രാവശ്യം സന്ദർശനം നടത്തുകയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള കാര്യം ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. കുടുംബാംഗങ്ങളെ സർവശക്തൻ ആശ്വസിപ്പിക്കട്ടെ. ഐ പി സി അബുദാബിയിലെ ശുശ്രൂഷകന്മാരുടെയും വിശ്വാസീസമൂഹത്തിന്റെയും ദുഃഖവും പ്രത്യാശയും ഈ അവസരത്തിൽ അറിയിക്കുന്നു.

പ്രത്യാശയോടെ കുഞ്ഞുച്ചായന് വിട! പാസ്റ്റർ എബ്രഹാം ജോർജ്, ആലപ്പുഴ

ആലപ്പുഴ : ഐ.പി.സി സ്ഥാപക നേതാവിന്റെ മകൻ, പി വൈ പി എ യുടെ സ്ഥാപക അംഗം, മികച്ച ഭരണാധികാരി, എന്റെ വേദ അദ്ധ്യാപകൻ പാസ്റ്റർ ടി എസ് എബ്രഹാമിന്റെ വിയോഗം പ്രസ്ഥാനത്തിന് എന്ന പോലെ കുടുബാംഗം എന്ന നിലയിലും വ്യക്തിപരമായും ഒരു നഷ്ടമാണ്.

ശാരീരിക ബുദ്ധിമുട്ട് അവഗണിച്ചു കൊണ്ട് എന്റെ മകളുടെ വിവാഹ നിശ്ചയം ആലപ്പുഴയിൽ നടന്നപ്പോൾ വരികയും, കൂടാതെ 2011ൽ ഞങ്ങൾക്ക് ദൈവം തന്ന ഭവനത്തിന്റെ സമർപ്പണ ശുശ്രുഷ ചെയ്യുവാൻ ആലപ്പുഴ വരെ പ്രിയ പിതാവ് കടന്ന് വരികയും ചെയ്തു . ഏറ്റവും ഒടുവിലായി ഈ വർഷത്തെ കുമ്പനാട് കൺവെൻഷൻ നടന്നപ്പോൾ ജനുവരി 19ന് ഞങ്ങൾക്ക് ഒരുമിച്ചു ഇരുന്ന് ഭക്ഷണം കഴിക്കുവാൻ ഇടയായി കൂടാതെ ബംഗ്ളാവിൽ അല്‌പം നേരം ചിലവഴിക്കുവാനും സാധിച്ചു. അന്നൊന്നും വിചാരിച്ചില്ല താൻ ഇത്ര വേഗം അക്കരെ നാട്ടിൽ പ്രവേശിക്കുമെന്ന്. എങ്കിലും തന്റെ വേല തികച്ചു കൊണ്ട് നമ്മെ വിട്ടു പിരിഞ്ഞു.

നല്ല ഓർമ്മകൾ സമ്മാനിച്ചും, തന്റെ നേതൃഗുണം കണ്ട് മനസ്സിലാക്കുവാനും ഈ കാലയളവിൽ സാധിച്ചു.

ദുഃഖത്തിൽ കഴിയുന്ന കുടംബത്തെ ദൈവം ആശ്വസിപ്പിക്കുമാറാകട്ടെ. പ്രസ്ഥാനത്തെ ഇച്ഛാശക്തിയോടെ നയിച്ച ആത്മീക നേതാവ് വിടവാങ്ങി…! ഉയർപ്പിന്റെ പൊന്പുലരിയിൽ വീണ്ടും കാണാമെന്ന പ്രത്യാശയോടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

പാസ്റ്റർ കെ. കോശി (സെക്രട്ടറി, ഐ. പി. സി. പഞ്ചാബ് സ്റ്റേറ്റ് ഡയറക്ടര്‍, പഞ്ചാബ് ബൈബിള്‍ കോളേജ്)

ഇന്ത്യ പെന്തകോസ്ത് ദൈവസഭക്ക് പാ. ടി. എസ്. ഏബ്രഹാം ചെയ്ത സേവനങ്ങൾ വിസ്മരിക്കാനാവുകയില്ല. കഴിഞ്ഞ 35 കൊല്ലങ്ങളായി ആ കുടുംബത്തോടുള്ള അഭേദ്യമായ സ്നേഹബന്ധം ഒരിക്കെലും മറക്കാന്‍ തക്കവണ്ണം കഴിയുകയില്ല.

നോർത്ത് ഇന്ത്യൻ മിനിസ്ട്രിയിൽ എന്നെ ഉത്സാഹിപ്പിക്കുകയും,  ആത്മികവും ഭൗതികവുമായ പ്രോത്സാഹനങ്ങൾ നൽകി തന്ന കർത്തൃദാസൻ നൽകിയ കൈതാങ്ങൽ എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഇത്തരുണത്തില്‍ എന്റെയും എന്റെ കുടുംബത്തിന്റെയും, ഐ. പി. സി പഞ്ചാബ് സ്റ്റേറ്റ്-ലെ എല്ലാ ദൈവദാസന്മാരുടെയും, ദൈവമക്കളുടെയും, പഞ്ചാബ് ബൈബിള്‍ കോളേജിന്റെയും പേരിലുള്ള  അനുശോചനവും, പ്രാര്‍ത്ഥനയും അറിയിച്ചു കൊള്ളുന്നു. വേല തികച്ചു അക്കരനാട്ടില്‍ എത്തിച്ചേര്‍ന്ന ദൈവദാസനെ മറുകരയില്‍ വീണ്ടും കാണാം എന്ന പ്രത്യാശയോടെ,

പാസ്റ്റർ ടി. എസ്. എബ്രഹാമിന്റെ വേർപാട് പെന്തകൊസ്തിന്റെ പൊതു നഷ്ടം: പാസ്റ്റർ തോമസ് ഫിലിപ്പ് എ ജി മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി

ഭാരതത്തിലെ പെന്തെകൊസ്തു സമൂഹത്തിൽ ഉജ്വലമായ നേതൃപാടവം കാഴ്ച വച്ച സമുന്നതനായ നേതാവായിരുന്നു പാസ്റ്റർ ടി എസ് എബ്രഹാം എന്ന് അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് അനുസ്മരിച്ചു .ഇന്ത്യൻ പെന്തെകൊസ്തു സഭ യുടെ ആചാര്യൻ മാരിൽ ഒരാൾ ആയിരുന്ന പാസ്റ്റർ കെ ഇ എബ്രഹാമിന്റെ മകൻ എന്നതിനോടൊപ്പം സ്വന്തം ആയ നേതൃ ശേഷിയിലൂടെയും ശുശ്രുഷ വൈഭവത്തിലൂടെയും ഇന്ത്യൻ മണ്ണിൽ ശക്തമായ സാന്നിധ്യമായി പാസ്റ്റർ ടി. എസ്. എബ്രഹാം നിറഞ്ഞു നിന്നിരുന്നത് ഏവരും എക്കാലവും അനുസ്മരിക്കും. അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ നല്ലൊരു അഭ്യുദയ കാംഷിയായിരുന്നു അദ്ദേഹം. ഭാരതത്തിലെ വിശേഷിച്ചു കേരളത്തിലെ മിക്ക പൊതു വേദികളിലും പെന്തെകോസ്തന്റെ പൊതു മുഖമായും അദ്ദേഹത്തിനു പ്രവർത്തിക്കുവാൻ കഴിഞ്ഞത് ഇത്തരുണത്തിൽ ഓർമ്മിക്കുന്നു… അദ്ദേഹത്തിന് വേർപാടിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അനുശോചിക്കുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു…

പാസ്റ്റർ ഫിലിപ്പ് എബ്രഹാം (സി ഇ എം ജനറൽ പ്രസിഡന്റ്)

ഭാരത പെന്തെക്കോസ്ത് ചരിത്രത്തിൽ തനതായ വൃക്തിമുദ്ര പതിപ്പിച്ച ആദരണീയനായ ആത്മീയ പിതാവ് പാസ്റ്റർ ടി. സ്. ഏബ്രഹാമിന്റെ ദേഹ വിയോഗത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചെലിക്കൽ മൂവ്‌മെന്റ് (സി. ഇ. എം ) ദുഃഖവും അതിലേറെ പ്രേത്യാശയും രേഖപെടുത്തുന്നു .യുവജന പ്രെവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും അടുത്ത തലമുറകൾക്ക് മാതൃക കാട്ടുകയും അനേകരെ കരം പിടിച്ചുയുർത്തുവാനും പ്രിയ പിതാവിന് കഴിഞ്ഞു എന്നത്‌ സ്മരണീയമാണ്. സ്വർഗീയ ദർശനത്തിന് അനുസരണക്കേട് കാണിക്കാതെ നല്ല പോർ പൊരുതി ഓട്ടം തികച്ചു അക്കെരെ നാട് പൂകിയ പ്രിയ ക്രിസ്തു ഭടനെ വീണ്ടും കാണാം എന്ന പ്രത്യാശയാൽ എല്ലാവരെയും ദൈവം ആശ്വസിപ്പിക്കട്ടെ. സൂര്യ തേജസ്‌ പോലെ പ്രെശോഭിച്ച ആ വെളിച്ചം അസ്തമിച്ചു. ആ വിടവ് നികത്തുവാൻ വെളിച്ചങ്ങളായി ദൈവം അനേകരെ എഴുനേൽപ്പിക്കട്ടെ. ഇന്ത്യ പെന്തെക്കോസ്ത് ദൈവ സഭക്ക് മാത്രമല്ല എല്ലാ പെന്തെകൊസ്തു സഭകൾക്കും ഈ വേർപാട് ഒരു നഷ്ടമാണ്. നിത്യതയുടെ പൊൻ പുലരിയിൽ കാണാം എന്ന പ്രത്യാശയോടെ…

സുവിശേഷ തൽപരൻ ആയിരുന്ന ദൈവഭൃത്യൻ (പാ. സാമുവേൽ മേമന, ഐ. പി. സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്)

ഇന്ത്യാ പെന്തക്കോസ്ത്‌ ദൈവസഭയുടെ ആരംഭപ്രവർത്തകനായിരുന്ന പാ. കെ ഈ എബ്രഹാമിന്റെ മകൻ പാ. റ്റി എസ്‌ എബ്രഹാം പിവൈപിഎ ‌പ്രസ്ഥാനത്തിലൂടെ സഭയുടെ മുൻനിരയിലേക്ക് വരികയും വിവിധ നിലകളിൽ കർത്താവിന്റെ നാമമഹത്വത്തിനു വേണ്ടി പ്രവർത്തിക്കുകയും, ചുമതലകൾ വഹിക്കയും അനേകം രാജ്യങ്ങളിലും ഭാരതത്തിന്റെ വിവിധ കോണുകളിലും സുവിശേഷവുമായി കടന്നു പോകുകയും ചെയ്തു. ഈ വേർപാട് ഉണ്ടാക്കുന്ന വിടവ് നികത്തുവാൻ ദൈവം അനേകരെ എഴുന്നേല്പിന്നതിനായി പ്രാർത്ഥിക്കുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ.

ഡോ. ജോർജ് കോവൂർ, തൃശൂർ

പാസ്റ്റർ കെ.ഇ എബ്രഹാമിന്റെ കാലം മുതൽ ഈ കുടുംബവുമായി വളരെ കാലം മുതൽ നല്ല ആത്മീയ ബന്ധവും സ്നേഹവും സൂക്ഷിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പാസ്റ്റർ.ടി.എസ് എബ്രഹാമുമായി അത് തുടർന്നു വരുന്നു. എന്റെ മാതാവ് മേരി കോവൂരിനെ പ്രഭാഷണ വേദികളിൽ ഉത്സാഹിപ്പിക്കുകയും അനേക അവസരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഞാൻ പിതൃതുല്യം സ്നേഹിക്കുന്ന പാസ്റ്റർ റ്റി. എസ് എബ്രഹാമിന്റെ വേർപാടിൽ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു. ദൈവം കുടുംബത്തെ ആശ്വസിപ്പിക്കട്ടെ.

കാലത്തിനു നികത്താനാകാത്ത വേർപാടുകൾ ഉണ്ട് (ഷിബിൻ ശാമുവേൽ, പ്രസിഡന്റ്, പത്തനാപുരം സെന്റർ പി. വൈ. പി. എ)

പാസ്റ്ററുടെ മക്കളുടെ ജീവിതം പട്ടുമെത്തയല്ല പക്ഷേ ആവേശകരമാണ് താനും.. ആ ആവേശം ഹൃദയത്തിൽ കയറാത്തവർ ആ വഴിയിലൂടെ നടന്നു നീങ്ങാറില്ല..കുമ്പനാട് ഹെബ്രോൻ പുരത്തേ ബംഗ്ലാവിനെ പോലും പെന്തെക്കോസതിന്റെ കഥ പറയാൻ കരുത്തുള്ള ഒന്ന് ഇന്ന് ഇന്ത്യയിലുണ്ടോ??
കലാലയ ജീവിതത്തിനു നിറം ചാർത്താൻ ഉപദേശിമാരുടെ മക്കൾ പോലും രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളാകും. ജീവിതം അടിച്ചു പൊളിക്കാൻ സിനിമ തീയേറ്ററുകളും ബാറുകളും അശുദ്ധ കൂട്ടുകളും. അങ്ങനെ സാദ്ധ്യതകൾ മുമ്പിലുണ്ടായിരുന്ന കാലം.
ആലുവാ യുസി കോളേജിൽ ഒരു യഥാർത്ഥ ദൈവ പൈതലിൻ വിശിഷ്ടതയോടെ ‘കൊച്ചുപദേശിയായി’. അതിന്റെ ബാക്കി പത്രമാണ് ഇന്ന് കാണുന്ന പി.വൈ.പി.എ.
ഇന്ത്യ പെന്തെക്കോസ്ത് ദൈവ സഭയുടെ ചുക്കാൻ പിടിക്കേണ്ട ഭക്തന്റെ ഭാവി അന്നേ നിർണയിക്കപ്പെട്ടിരുന്നു.
കാലത്തിനു മായ്ക്കാൻ കഴിയാത്ത വേർപാടുകൾ ഉണ്ട്. പെന്തെക്കോസതിന്റെ ഉയർച്ച താഴ്ചകൾ, മന്ദതകൾ ഉണർവ്. പ്രതിസന്ധി ഘട്ടങ്ങൾ സുഭിക്ഷതകൾ. എല്ലാം കണ്ടു അനുഭവിച്ചറിഞ്ഞ ഒരു ഭക്തൻ വിടവാങ്ങി.
അങ്ങനെ ഒരു യുഗം ഐ.പി.സി യിൽ അവസാനിക്കുന്നു. ദൂരെ നിന്ന് വീക്ഷിച്ചതെങ്കിലും ആ ജീവിതം ഞങ്ങൾക്ക് ആവേശകരമായിരുന്നു. ദുഃഖവും ക്രിസ്തുവിലുള്ള പ്രത്യാശയും പങ്ക് വെക്കുന്നു.

ഇവ. ഷിബു ബേബി (സെക്രട്ടറി, വൈ. പി. ഇ. കേരള സ്റ്റേറ്റ്)

ഭാരതത്തിലെ പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾക്ക് ഒരിക്കലും മറക്കുവാൻ കഴിയാത്ത മഹാരഥനാണ് പാസ്റ്റർ റ്റി. എസ്. എബ്രഹാം

തന്റെ ദേഹവിയോഗത്തിൽ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ വൈപി ഇ കേരള സ്റ്റേറ്റിന്റെ എല്ലാ പ്രത്യാശയും അറിയിക്കുന്നു.

പാസ്റ്റർ നിഷാന്ത് എം. ജോർജ്

സ്വർഗീയ ദൂതന്മാരാൽ എതിരേൽക്കപ്പെട്ട് ഭാഗ്യകരമായ പ്രത്യാശയുടെ പൂർത്തീകരണത്തിലേക്ക് പ്രവേശിച്ച പാസ്റ്റർ ടി എസ്‌ ഏബ്രഹാമിന്റെ ദേഹവിയോഗത്തിൽ എന്റെയും കുടുംബത്തിന്റെയും അഗപ്പേ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെയും അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു. പാസ്റ്റർ ടി എസ്‌ ഏബ്രഹാമിന്റെ വേർപാടോട് കൂടി മലയാളി പെന്തക്കോസ്ത് രണ്ടാം തലമുറ നേതൃത്വം ഓർമ്മകൾ മാത്രമാവുകയാണ്. യുഗവര്യന്റെ സ്മരണയ്ക്ക് മുന്നിൽ കോടി പ്രണാമങ്ങൾ.

റോയ്സൺ ജോണി (AGMDC – CA പ്രസിഡന്റ്)

ഒരു പുരുഷായുസ്സ് മുഴുവൻ കർത്താവിനായി ജീവിച്ചു ക്രിസ്തീയ നഭോമണ്ഡലത്തിൽ പല പതിറ്റാണ്ടുകൾ നേതൃസ്ഥാനത്ത് പല നിലകളിൽ പ്രശോഭിതനായി നിന്നു തന്റെ ഓട്ടം തികെച്ചു നിത്യവിശ്രാമത്തിലേക്ക് പ്രവേശിച്ച പ്രിയ കർത്തൃദാസന്റെ ദേഹവിയോഗത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ (CA) അനുശോചനവും പ്രത്യാശയും അറിയിക്കുന്നു. ഉയിർപ്പിന്റെ പൊൻപുലരിയിൽ തേജസ്സണിഞ്ഞ ആത്മ നാഥനൊപ്പം പ്രിയ പിതാവിനെയും കാണാമെന്ന പ്രത്യാശയോടെ വിട ചൊല്ലുന്നു.

എഴുത്തുകാരുടെ സുഹൃത്ത്; ഫിന്നി കാഞ്ഞങ്ങാട്; കെ. ഇ. ജനറൽ പ്രസിഡന്റ്

എഴുത്തിനേയും എഴുത്തുകാരെയും പോത്സാഹിപ്പിക്കുകയും നിരവധി പുസ്തകങ്ങൾ എഴുതുകയും ചെയ്ത പാസ്റ്റർ റ്റി. എസ് എബ്രഹാമിന്റെ വിയോഗം പെന്തക്കോസ്ത് സാഹിത്യ സമൂഹത്തിന് തീരാനഷ്ടമാണ്. ക്രൈസ്തവ എഴുത്തുപുരയ്ക്ക് കുടുംബവുമായി നല്ല സ്നേഹവും ബന്ധവും നിലനിറുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ഭക്തന്റെ മരണം താല്ക്കാലികമായി നഷ്ടമാണങ്കിലും സ്വർഗ്ഗത്തിൽ ലാഭമാണല്ലോ.
ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റിന്റെയും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലെ വിവിധ ചാപ്റ്ററുകളുടെയും റാഫ റേഡിയോ, കേഫ ടിവി, ക്രൈസ്തവ എഴുത്തുപുര ദിനപത്രം, അഡോണായി ലൈവ് സ്‌ട്രീമിംഗ്‌, എന്നിവയുടെ പേരിലും ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.

ഷെബു തരകൻ കാനഡ (ക്രൈസ്തവ എഴുത്തുപുര, ജനറൽ സെക്രട്ടറി) 

ക്രൈസ്‌തവ കൈരളിക്ക് ആത്മ വെളിച്ചം പകർന്ന് ഒരു കാലഘട്ടത്തിന്റെ ശബ്ദമായി പെന്തക്കോസ്ത് സമൂഹത്തിനൊപ്പം സഞ്ചരിച്ച ആത്മീയ ശ്രേഷ്ഠൻ വിട പറഞ്ഞു. പ്രസ്ഥാനത്തെ ആവോളം സ്നേഹിച്ചു അതിനെ അതിന്റെ സുവർണ പാതയിൽ നയിച്ച ഇദ്ദേഹത്തിന്റെ നേതൃത്വ പാടവം എടുത്തു പറയേണ്ട ഒന്നു തന്നെ ആണ്. ചരിത്രത്തോടൊപ്പം നടന്ന പ്രിയപ്പെട്ട അപ്പച്ചന്റെ യാത്ര തീരാത്ത ദുഃഖവും നികത്താനാവാത്ത നഷ്ട്ടവുമാണ്.ഇമ്പങ്ങളുടെ പറുദ്ദീസയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിട പറയുന്നു.

ടി. എസ്. ഏബ്രഹാം യുവജനങ്ങൾക്കൊപ്പം നടന്നയാൾ: പി. വൈ. സി. സംസ്ഥാന സമിതി

മുതിർന്ന പെന്തക്കോസ്തു നേതാവും ഐ പി സി മുൻ ജനറൽ പ്രസിഡണ്ടുമായ പാ ടി.എസ് ഏബ്രഹാമിന്റെ വേർപാട് പെന്തക്കോസ്ത് സമൂഹത്തിന് ഒരു തീരാനഷ്ടമാണ്. ഐ.പി.സിയുടെ യുവജന പ്രസ്ഥാനത്തിന്റെ ശില്പി എന്ന നിലയിലാണ് പെന്തക്കോസ്ത് യൂത്ത് കൗൺസിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാനാഗ്രഹിക്കുന്നത്. അതിനർത്ഥം പെന്തക്കോസ്ത് സമൂഹത്തിലെ യുവജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും അതിന് അനുസരിച്ച് പ്രതികരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്നാണ്. ഇദ്ദേഹത്തെപ്പോലെ പുതിയ തലമുറക്ക് ഒപ്പം നടക്കുന്നവരെയാണ് യുവജനങ്ങൾക്കിഷ്ടം. ഈ സന്ദർഭത്തിൽ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ വേദനയിലായിരിക്കുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ സർവ്വ കൃപാലുവായ ദൈവം ആശ്വസിപ്പിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. നിത്യതയുടെ തുറമുഖത്ത് വീണ്ടും കാണാം എന്ന പ്രത്യാശയോടെ.

Pastor Samuel John, IPC Northern Region

IPC Northern Region Council, executives, all churches and pastors share our deepest condolence and grief with you and all family members at this sorrowful time of passing away of your beloved father, and IPC movement’s guiding light for so long, and beloved servant of God Pr T.S. Abraham.

He was a stalwart of faith and an able administrator. His time of leadership had been most memorable in the history of IPC. Personally, he has ordained me as pastor. Great memories of his courageous leadership, gentle love, and encouraging smile will linger in our hearts even if he is physically absent from among us. I had the privilege of visiting with him last few years at least once a year and pray with him. I want to thank Major Luke and sister Mercy for making those occasions possible.

We are praying for you and your sisters and families, that God will strengthen and comfort you all. He is absent from the body, but present with the Lord. On that beautiful morning, we shall see him again.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.