എഡിറ്റോറിയൽ:’സിനിമാസ്റ്റൈൽ ഗാനങ്ങൾ’ കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ? | റോജി ഇലന്തൂർ

സംഗീതത്തിന് മനുഷ്യമനസ്സുകളെ സ്വാധീനക്കുവാനുള്ള ശക്തി അപാരമാണ്. ക്രൈസ്തവ ആരാധനയിൽ ആരാധനാഗീതികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാനമാണുള്ളത്‌‌‌. സംഗീതത്തിന്റെ മാസ്മരികശക്തി ക്രൈസ്തവസമൂഹത്തെ പോലെ രുചിച്ചറിഞ്ഞവർ വേറെയില്ല. ആദ്യപിതാക്കന്മാർ തങ്ങളുടെ ജീവിതാനുഭവങ്ങൾ വാക്കുകളായും വരികളായും കോറിയിട്ടപ്പോൾ അനേക അനശ്വര ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക്‌ സമ്മാനിക്കപ്പെട്ടു. ജീവിതാനുഭവങ്ങളിൽ ചാലിച്ചെടുത്ത ഗാനങ്ങൾ എന്നും ഹൃദയഹാരിയും അർത്ഥവത്തുമാണ്.

സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ദൈവീക മഹത്വത്തിന് തക്കവണ്ണം പ്രകീർത്തിച്ചുകൊണ്ട്‌ ദൈവസന്നിധിയിൽ പാടുന്ന ഗീതങ്ങൾ അത്രെ ആരാധനാഗീതങ്ങൾ. എന്നാൽ നാം പാടുന്ന പല പാട്ടുകളും പ്രാർത്ഥനയുടെയും യാചനയുടെയും അർത്ഥം വരുന്നതാണെന്ന്‌ നാം വിസ്മരിച്ചുകൂടാ. ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു വാക്കുപോലും ഇല്ലാത്ത ഗാനങ്ങളും ഇന്ന് ആരാധനാഗീതമായി നാം കൺവൻഷൻ വേദികളിലും മറ്റും കേൾക്കുമ്പോൾ ആരാധനാഗീതം ഏത്‌‌ പ്രാർത്ഥനാഗാനം ഏത്‌ എന്ന ചോദ്യം ഇവിടെ ഉയരുന്നു. ആരാധനയുടെ ശൈലിയിൽ ഉള്ള തട്ടുപൊളിപ്പൻ ഗാനങ്ങൾ അതിന്റെ വാക്കുകളോ വരികളോ അർത്ഥങ്ങളോ നോക്കാതെ പാടുവാൻ തെരഞ്ഞെടുക്കുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദൈവജനത്തിന് ആരാധിക്കാൻ നല്ല താളവും മേളവും ഉപരിപ്ലവമായ ഇളക്കപ്പെരുക്കത്തിനും സാധ്യതയുള്ള പാട്ടുകൾ പാടാൻ കഴിവും താലന്തും ഉള്ളവർ എഴുന്നേൽക്കുമ്പോൾ ജനവും ആരാധനയുടെ ഉത്തുംഗശൃംഘത്തിൽ എത്തുന്നത്‌‌ സ്വാഭാവികം. എന്നാൽ ആ താളക്കൊഴുപ്പിനൊപ്പിച്ച്‌ ജനം ആടുന്നതോ യഥാർത്ഥ ക്രിസ്തീയ ആരാധന? ആരാധന ആരംഭിക്കേണ്ടത്‌ ഹൃദയാന്തർഭാഗത്ത്‌ നിന്നത്രെ, അത്‌ പിന്നെ ജ്വാലയായി മനുഷ്യന്റെ സമസ്ത മണ്ഡലങ്ങളിലും ഒരു വലിയ അഗ്നിയായി കത്തിപ്പടരും ബാഹ്യമായ ആഹ്വാനങ്ങൾ ഒന്നും തന്നെ ഇല്ലാതെ.

നാമധേയ ക്രൈസ്തവ സഭകൾ ഇതിനൊരു മാതൃകയാണ് നമുക്ക്‌. അവർ തങ്ങളുടെ വരും വർഷത്തെ സുവിശേഷ മഹായോഗത്തിനു വേണ്ടി ആരാധനാഗീതങ്ങൾ തെരഞ്ഞെടുക്കും പോലെ എന്തുകൊണ്ട്‌ നമുക്കും ഇനിയുള്ള നാളുകളിൽ കൺവൻഷൻ വേദികളിൽ തെരഞ്ഞെടുത്തുകൂടാ? സന്ദേശത്തിന് വിഷയം ദൈവദാസന്മാർക്ക്‌ തെരഞ്ഞെടുത്ത്‌ സമയം പകുത്ത്‌ നൽകും‌പോലെ തന്നെ ഗാനങ്ങളും പാടേണ്ടത്‌ തെരഞ്ഞെടുക്കുന്നത്‌ ഇത്തരുണത്തിൽ ചിന്തനീയമാണ്. അതിനായി പാട്ടുമായി ബന്ധമുള്ള കഴിവും കൃപയും ഉള്ള ദൈവമക്കളെയും ദൈവദാസന്മാരെയും ഉൾപ്പെടുത്തി എന്തുകൊണ്ട്‌ ഒരു തെരഞ്ഞെടുപ്പ്‌ നടത്തിക്കൂടാ? കൺവൻഷൻ ഗീതങ്ങൾ തെരഞ്ഞെടുക്കാനായി സഭകളും പ്രസ്ഥാനങ്ങളും ശ്രദ്ധ ചെലുത്തുന്നത്‌ ആത്മാക്കളുടെ വിടുതലിനൊപ്പം അനേകം നവയുഗപ്രതിഭകളുടെ ഉദയത്തിനും, അനശ്വര ആരാധനാഗീതികളുടെ ജനനത്തിനും ഉതകുന്നതാകട്ടെ നമ്മുടെ സുവിശേഷമാമാങ്കവേദികൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.