ഭാവന: ഉം… വിശ്വാസം അതല്ലേ എല്ലാം…? | റോജി ഇലന്തൂർ

 

അപ്പച്ചന്റെ അടക്കശുശ്രൂഷ ‘അടിപൊളിയാക്കി’ ചാക്കോച്ചനും കൂട്ടരും. പിന്നല്ല! ബോഡി മോർച്ചറിയിൽ വയ്‌ക്കുന്നത്‌ മുതൽ എല്ലാവർക്കും യൂണിഫോം തുടങ്ങി, പ്രോഗ്രാം ഷീറ്റ് എന്നുവേണ്ട, വേണ്ടതും വേണ്ടാത്തതും എല്ലാം അവർ തന്നെ തയ്യാറാക്കി. ഇവന്റ്‌ മാനേജ്‌മെന്റ്‌ ടീമിനു കിട്ടിയ അവസരമല്ലേ, അവർ വിടുമോ? അതും പോരാന്നിട്ട്‌, ഒരു പ്രമുഖ ലൈവ്‌ സ്റ്റ്രീമിംഗ്‌ ടീം അടക്കം മൊത്തത്തിൽ ‘ലൈവ്‌’ വിട്ട്‌ എല്ലാവർക്കും കാണാനുള്ള അവസരവും ഉണ്ടാക്കി. അങ്ങനെ ആകെ മൊത്തം ടോട്ടൽ ‘ഒരു കിടു അടക്കം’. ലക്ഷങ്ങൾ പൊടിഞ്ഞാലെന്താ, പരിപാടി കെങ്കേമമായില്ലേ.? അങ്ങനെ അടക്കം പൊടിപൊടിച്ച സന്തോഷത്തോടെ എല്ലാവരും ‘അക്കരെയ്‌ക്ക്‌ യാത്രയായി‌’.

എന്തായാലും കൊള്ളാം.. പണ്ടത്തെപോലെ ചാക്കോച്ചനും ചിന്നമ്മയും മാത്രം പിന്നെയും ബാക്കി. പതിവ്‌ പോലെ ബോസ്‌ പാസ്റ്റർ ഇടയ്‌ക്കൊന്ന് വിസിറ്റ്‌ ചെയ്ത്‌ പ്രാർത്ഥിച്ച്‌ ഒക്കെ പോകും. അപ്പച്ചനെ പ്രാർത്ഥിച്ച്‌ കൊന്നു എന്ന ദുഷ്പേരു മാത്രം ആ പാവത്തിനു മിച്ചം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബോസ്‌ പാസ്റ്റർക്ക്‌ അതൊക്കെ ‘നെവർ മൈൻഡ്‌’ ആണ്.

അപ്പച്ചൻ പോയതിലും ശൂന്യത കൊച്ചുമക്കൾ പോയപ്പോഴാണ് ഉണ്ടായതെന്ന് ചിന്നമ്മ പറഞ്ഞപ്പോൾ, പിള്ളേരൊക്കെ ഉണ്ടാരുന്നെങ്കിൽ ഒരു ‘അനക്കോം ആവീം’ ഒക്കെ ഉണ്ടാരുന്നേനേമെന്ന് ചാക്കോച്ചനും മറുപടി പറഞ്ഞു. ‘ഹാ… നേഴ്സുമ്മാരു പിന്നെ പുറത്ത്‌‌ പോകാതെ ഇവിടെങ്ങാനും നിൽക്കാമെന്ന് വച്ചാലും വല്യ ശമ്പളമൊന്നും ഇല്ലല്ലൊ’ എന്ന് ചിന്നമ്മ സ്വയം പറഞ്ഞ്‌ ആശ്വസിച്ചു.

ഇതളുകൾ കൊഴിയും പോലെ ദിനങ്ങൾ വേഗത്തിൽ മുന്നോട്ടോടി. അങ്ങനെ ഡിസംബർ 31 ഇങ്ങെത്തി. അതെ, ആണ്ടറുതി ദിവസം തന്നെ. രാവിലെ ഒരു പത്തുപത്തരയായ നേരം. നമ്മുടെ ചാക്കോച്ചായൻ വാട്ട്‌സ്‌ ആപ്പുമായി ചാരുകസേരയിൽ കിടന്ന് നോക്കുമ്പോൾ ദാണ്ട്‌ കിടക്കുന്നു ചർച്ച്‌ വാട്ട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിൽ ഒന്നിനുപുറകെ ഒന്നായി മെസ്സേജുകൾ.. ഇതെന്തു പറ്റി? ശ്മശാനം പോലെ കിടന്ന ഗ്രൂപ്പിൽ ഇപ്പൊ പൊടുന്നനവെ ഒരു ഭൂകമ്പം, ചാക്കോച്ചാൻ ചിന്തിച്ചു. ചിന്തിച്ചിട്ട്‌ ചാക്കോച്ചാന് ‘ഒരന്തോം കുന്തോം’ കിട്ടുന്നില്ല. ചാക്കോച്ചാൻ മറ്റ്‌ മെസ്സേജുകൾ ഒന്നും തന്നെ നോക്കാതെ നേരെ ചർച്ച്‌ ഗ്രൂപ്പിലേക്കു കടന്നു.

ദാ കിടക്കുന്നു കാര്യം.. സഭയിലെ ആർക്കും ദോഷമില്ലാത്ത ജോൺസച്ചായൻ ആണ് ചർച്ചയുടെ വെടിക്കെട്ടിനു ആദ്യം തിരി കൊളുത്തിയത്‌! കാര്യം മറ്റൊന്നുമല്ല, ആണ്ടറുതി യോഗം ആണ് ഇന്നത്തെ ചിന്താവിഷയം.
‘ഡിസംബർ 31നുള്ള വാച്ച്നൈറ്റ്‌ സർവീസ്‌ ഒക്കെ വെറും വ്യർത്ഥപാരമ്പര്യം ആണെന്നു’ മാത്രമേ നമ്മുടെ ജോൺസച്ചായൻ പറഞ്ഞുള്ളൂ‌! പിന്നെ പറയണോ പുകില്? തുടങ്ങിയില്ലേ, പോസ്റ്റുകളുടെ ഒരു മഹാപ്രളയം തന്നെ… ചർച്ച്‌ ഗ്രൂപ്പ്‌ കണ്ടിട്ടില്ലാത്ത ചർച്ചയുടെയും വാദങ്ങളുടെയും ഒരു പുതിയ മുഖം അങ്ങനെ ഗ്രൂപ്പിനു കൈവന്നു‌. ചാക്കോച്ചാനെ പോലെ ചിലർ എല്ലാം നിശബ്ദമായി കേട്ടിരിക്കത്തതേയുള്ളു. എന്നാൽ ചിലരൊക്കെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചയ്‌ക്ക്‌ ഏതാണ്ടൊരു വാദമുഖമൊക്കെ പൂണ്ടു.

അതിനിടയ്‌ക്ക്‌ പാരമ്പര്യവാദിയായ ഒരു വിദ്വാൻ പറഞ്ഞു, “ചിലർക്കൊക്കെ പുതിയ തീരുമാനങ്ങൾ എടുക്കാൻ അതൊരു കാരണമാകുമെന്ന്!”

അങ്ങനെയും ചിലതൊക്കെ നടക്കാഴിക ഇല്ലെന്ന് അതിനിടയ്‌ക്ക്‌ ആരോ ഇടയ്‌ക്കു കയറി പറഞ്ഞു. അതുമല്ല, ‘ഇക്കൊല്ലം ഞാനൊരു തീരുമാനോം എടുക്കുന്നില്ലെന്നും’ കൂടെ കൂട്ടിച്ചേർക്കാൻ മറന്നില്ല ആ ഫലിതക്കാരൻ!

അങ്ങനെ ചർച്ച അങ്ങോട്ട്‌ കൊഴുത്തു വരുമ്പോഴാണ് അടുക്കളയിൽ നിന്നും ചിന്നമ്മയുടെ ഒരു ഒന്നൊന്നര വരവ്‌.
“ഹാ… ഞാനീ അടുക്കളേൽ കിടന്ന് മടയ്‌ക്കുന്നെ കണ്ടിട്ടും ഇതിയാനിതെന്നാ കിടപ്പാ കിടക്കുന്നെ..?” ചിന്നമ്മയ്‌ക്ക്‌ കലിപ്പ്‌ കയറി.

“അതല്ലെടീ ചിന്നൂ, നീയിതൊന്നു നോക്കിക്കെ നമ്മുടെ ചർച്ച്‌ ഗ്രൂപ്പിൽ അടി നടക്കുന്ന മട്ടുണ്ട്‌..”

“അതെന്നാ അച്ചായാ..?” ചിന്നമ്മ ആകാംക്ഷാഭരിതയായി.

“ഒന്നും പറയണ്ട, നമ്മുടെ ആ ജോൺസണില്ലിയോ? അവനാ ചർച്ച തുടങ്ങി വച്ചത്‌.. പിന്നെ സഭക്കാരെല്ലാം കൂടെ അതങ്ങ്‌ ഏറ്റെടുത്തില്ലിയോ.?” ചാക്കോച്ചാൻ എല്ലാം മണിമണിപോലെ ചിന്നമ്മയ്‌ക്ക്‌ കാര്യങ്ങളുടെ കിടപ്പുവശം പറഞ്ഞുകൊടുത്തു. അതുകേട്ട ചിന്നമ്മ ഫോണും തട്ടിപ്പറിച്ച്‌ അടുക്കളയിൽ എത്തിയപ്പോൾ ‘ഫിഷ്‌ ഫ്രൈ’ ഏകദേശം ‘ഡീപ്‌ ഫ്രൈ’ ആയിരുന്നു. ചിന്നമ്മ ഓടിച്ചെന്ന് സ്റ്റൗ ഓഫാക്കി ചാക്കോച്ചായൻ കാണാതെ, കണ്ടാൽ അതതിലും വല്ല്യ വിഷയാ…

ചർച്ച ചരിത്രവും പാരമ്പര്യവും ഒക്കെ സമന്വയിപ്പിച്ച്‌ വേഗത്തിൽ മുന്നേറുമ്പോൾ ചിന്നമ്മയ്‌ക്കും ഒരു ഹരമൊക്കെ തോന്നി. പിന്നല്ല, പെണ്ണുങ്ങളുടെ കൈയിൽ കിട്ടിയ വിഷയമല്ലേ..?

“പുരാതന റോമിലെ പൗരാണിക ദേവനായ ഭാവിയും ഭൂതവും നോക്കി നിൽക്കുന്ന ഇരട്ട മുഖമുള്ള ജനുസ്‌ ദേവന്റെ പേരിലാണ് ജനുവരി മാസം തുടങ്ങുന്നതെന്നായി…” അതിൽ ചിലർ.

അതുതന്നെയുമല്ല, “കഴിഞ്ഞ കാലങ്ങളിലെ അനുഗ്രഹങ്ങൾക്ക്‌ നന്ദി അർപ്പിക്കുകയും, വരും വർഷത്തെ അനുഗ്രഹങ്ങൾക്ക്‌ വേണ്ടി പ്രാർത്ഥിച്ച്‌ ഡിസംബർ 31ന് രാത്രി 12 മണിക്ക് ജനുസ്‌ ദേവന് സ്തുതിസ്തോത്രങ്ങളും ആർപ്പുവിളികളും ഒക്കെ അർപ്പിച്ചുകൊണ്ട്‌ പുതിയ വർഷത്തേക്ക്‌ കടക്കുന്നു. ഇതിനൊന്നും എന്നെ കിട്ടത്തില്ല.” ഇത്രയും പറഞ്ഞ്‌ സണ്ണിക്കുട്ടി ‘തന്റെ സ്റ്റാന്റ്‌’ വ്യക്തമാക്കി‌.

“അല്ല, അച്ചായാ.. ഇതിപ്പൊ അന്യദേവനെ ആരാധിക്കില്ലെന്നും പറയുന്നു എന്നാൽ പാഗൻ മതത്തിന്റെ ഭാഗമായി നടത്തിവന്ന ചടങ്ങ്‌ ലോകം മുഴുവനുള്ള ക്രിസ്ത്യാനികൾ ഏറ്റുപിടിച്ച്‌ ‘ന്യൂ ഇയർ വർഷിപ്പ്’‌ ആയിട്ട്‌ ഡിസംബർ 31നു രാത്രി 12 മണിക്ക്‌ കൊണ്ടാടുന്നത്‌. അല്ല, പുതുവർഷത്തെ വരവേൽക്കണമെങ്കിൽ ജനുവരി 1ന് രാവിലെ ആരാധിച്ചാലും പോരേ.?” സണ്ണിക്കുട്ടിയെ പിന്താങ്ങിക്കൊണ്ട്‌ അനിയൻ ജോണിക്കുട്ടിയും ഖത്തറിൽ നിന്നും വോയിസ്‌ ക്ലിപ്പ്‌ ഇട്ടു.

അപ്പൊഴാണ് വചനപാണ്ഡിത്യമുള്ള സെമിനാരിയിൽ പഠിച്ച ഒരു ന്യൂജൻ ബ്രദർ വാട്ട്‌സ്‌ ആപ്പിൽ പൗലോസ്‌ അപ്പോസ്തോലന്റെ വാക്കുകൾ ഗലാത്യർക്ക്‌ ലേഖനം എഴുതിയപ്പോൾ നാലാം അധ്യായം എട്ടാം വാക്യം എഴുതിയത്‌ ഓർപ്പിച്ചു‌, “എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്ക്‌ അടിമപ്പെട്ടിരുന്നു. ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ബാലപാഠങ്ങളിലേക്ക്‌ തിരിഞ്ഞ്‌ അവയ്‌ക്ക്‌ പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നത്‌ എങ്ങനെ? നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കുവേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു..”

എന്തായാലും കൊള്ളാം.. ഇതെല്ലാം കേട്ടുകേട്ട്‌ ചിന്നമ്മ പണികൾ ഒന്നൊന്നായി ഒതുക്കി, തീൻമേശയിലേക്ക്‌ ഭക്ഷണം എത്തിച്ചു. കഴിച്ചുകൊണ്ടിരുന്നപ്പോൾ ചാക്കോച്ചാൻ, “ഇന്നിനി ഇവരാരും ആണ്ടറുതിക്ക്‌ വരുമെന്ന് തോന്നുന്നില്ല, എന്നാപിന്നെ നമുക്കും ഇവിടെങ്ങാനും അങ്ങ്‌ ഇരുന്നാപോരായോ.?” ചോദ്യം കേട്ടതുമല്ല, ചിന്നമ്മയ്‌ക്ക്‌ എന്തൊക്കെയോ പറയണമെന്ന് തോന്നിയെങ്കിലും പുതുവിശ്വാസിയായ ചാക്കോച്ചാനോട്‌ സൗമ്യമായി കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി. ചാക്കോച്ചായൻ ആണെങ്കിൽ ഉള്ള വോയിസ്‌ നോട്ടും ഒക്കെ കേട്ടാകെ ഒരു കുഴഞ്ഞ പരുവത്തിലായി. വെടിക്കെട്ടിനു തിരികൊളുത്തിയ ആ ജോൺസനെ ഒന്നു പ്രത്യേകം കണ്ടിട്ട്‌ തന്നെ കാര്യമെന്ന് ചിന്നമ്മ മനസ്സിൽ കുറിച്ചു. എന്നിട്ട്‌ സൗമ്യമായി അച്ചായനോട്‌, “കഴിഞ്ഞ ഒരുവർഷക്കാലം വരാവുന്ന ആപത്ത്‌ അനർത്ഥങ്ങൾ വരാതെ കർത്താവ്‌ നമ്മളെ കാത്തതല്ലിയോ? അതുതന്നേമല്ല, എന്റെ എത്ര നാളത്തെ ആഗ്രഹവും പ്രാർത്ഥനയും ആരുന്നെന്ന് അറിയാമോ..?”

ചിന്നമ്മയല്ലേ ആൾ? പറഞ്ഞുപറഞ്ഞ്‌ നമ്മുടെ ചാക്കോച്ചായനെ മയപ്പെടുത്തി എടുത്തു. അവസാനം ചാക്കോച്ചായനും സമ്മതിച്ചു ഒരു കാര്യം,
“ഉം.. വിശ്വാസം അതല്ലേ.. എല്ലാം..? എന്നാൽ പിന്നെ പൊയ്‌ക്കളയാം.”

ചർച്ച്‌ ഗ്രൂപ്പിലെ ചർച്ച ചാക്കോച്ചായന്റെ ആത്മീയശോഷണത്തിനു കാരണം ആയതെന്ന് മനസ്സിലാക്കിയ ചിന്നമ്മ ചാക്കോച്ചായനോടു പോലും ചോദിക്കാതെ ഗ്രൂപ്പിൽ നിന്നും ‘എക്സിറ്റ്‌’ അടിച്ച്‌ വെളിയിൽ ഇറങ്ങി. അല്ലെങ്കിൽ ചിലപ്പോൾ ഇന്നത്തെ ആത്മീയശോഷണം നാളത്തെ പിന്മാറ്റം ആയിരിക്കാം, ചിന്നമ്മ ഭയപ്പെട്ടു. ഇത്രയും വിശ്വാസത്തിൽ കൊണ്ടുവന്ന പാട്‌ ചിന്നമ്മയ്‌ക്കേ അറിയുള്ളു, അത്‌ ഗ്രൂപ്പിൽ ചർച്ച ചെയ്യുന്ന സഹോദരങ്ങൾ ഉണ്ടോ അറിയുന്നു. അപ്പോഴും എമ്മസിലേക്ക്‌ പോയ ശിഷ്യന്മാരെ പോലെ ഗ്രൂപ്പിന്റകത്ത്‌ ചർച്ചകൾ പുരോഗമിച്ചുകൊണ്ടേ ഇരുന്നു.

വൈകുന്നേരം ഒമ്പതര മണിസമയം..
സ്ഥലം നമ്മുടെ‌ സഭാങ്കണം തന്നെ..

ചാക്കോച്ചനും ചിന്നമ്മയും ഒരുങ്ങിപിടിച്ച്‌ കാറിൽ കയറി ആണ്ടറുതിക്കെത്തി. അപ്പോൾ, ദാ നിൽക്കുന്നു വാദവും പ്രതിവാദവുമായി ഗ്രൂപ്പിൽ കടന്നുവന്ന ജോൺസനും കൂട്ടരും. ഇത്‌ കണ്ട ചാക്കോച്ചനാണ് ശരിക്കും ഞെട്ടിയത്‌. ‘ഇവറ്റകളുടെ വാക്കും കേട്ട്‌ വരാതിരുന്നെങ്കിൽ നമ്മൾ മാത്രമേ വരാതെ ഇരിക്കത്തൊള്ളാരുന്നു അല്ല്യൊടീ ചിന്നുക്കുട്ടീ’ എന്നു പറഞ്ഞുകൊണ്ട്‌ ചാക്കോച്ചായൻ സന്തോഷത്തോടെ ആലയത്തിന്റെ പടവുകൾ‌ കയറി.

– റോജി ഇലന്തൂർ

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.