ഊഴത്തിനായി കാത്തിരിക്കാം

Pr. ഷിബു കെ ജോൺ കല്ലട

രംഗം വടക്കേ ഇന്ത്യയിലെ ഒരു ചെറിയ പട്ടണത്തിലെ സാമാന്യം മോശമല്ലാത്ത ഭവനം. മാതാപിതാക്കളും മക്കളും മരുമക്കളും എല്ലാം ഉന്നത ബിരുദധാരികളായ ഡോക്ടർമാർ. ആതിഥ്യമര്യാദയോടെ അതിഥികൾക്ക് മധുരം വിളമ്പുകയായിരുന്നു മാതാവ്. പെട്ടെന്ന് ആ വീട്ടിലെ അഞ്ചു വയസുകാരനായ കൊച്ചുമകൻ തന്റെ കസേരയിൽ നിന്നും ചാടിയിറങ്ങി അമ്മയുടെ കയ്യിലെ മധുരത്തിന്റെ പാത്രം കൈവശമാക്കാൻ ശ്രമിച്ചു. പാത്രം നൽകാതെ ആ അമ്മ മകനോട് പറഞ്ഞ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു.” Wait for your turn” – നിന്റെ ഊഴത്തിനായി കാത്തിരിക്കുക!!

സ്വന്തം അവസരത്തിനായി ക്ഷമയോടെ കാത്തു നിൽക്കാൻ – അതെത്ര വർഷമായാലും – സാധിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പക്ഷേ ബാല്യത്തിലെ പരിശീലനത്തിന്റെ അഭാവമായിരിക്കാം പലർക്കും ഒട്ടും കാത്തു നിൽക്കാനേ കഴിയുന്നില്ല. ടിക്കറ്റ് കൗണ്ടറുകളിൽ, വിവാഹ വിരുന്നുകളിൽ, ട്രാഫിക് സിഗ്നലുകളിൽ എന്നു വേണ്ട ആത്മീയ രംഗത്ത് പോലും ഈ അക്ഷമയും അത് വരുത്തി വയ്ക്കുന്ന അസ്വസ്ഥതകളും ഇന്ന് വിരളമല്ല.

നേതൃത്വമാണ് ഈ വിഷയത്തിൽ കലുഷിതമായിരിക്കുന്ന ഒരു പ്രധാന രംഗം. ദൈവം ആക്കി വച്ചിരിക്കുന്ന അധികാരങ്ങൾക്ക് കീഴ്പ്പെട്ടിരുന്ന് ആത്മാർത്ഥതയോടെ പ്രവർത്തിക്കുമ്പോൾ ഉയർച്ചകൾ തക്ക സമയത്ത് ദൈവം തരിക തന്നെ ചെയ്യും. അക്ഷമരായി കുറുക്കുവഴികൾ തേടുമ്പോൾ ജനിക്കുന്നത് യിസഹാക്കിനു പകരം യിശ്മായേലുകളായിരിക്കും. പിന്നത്തേതിൽ അത് വ്യസനഹേതു ആയിത്തീരുകയും ചെയ്യുന്നു. നേതൃത്വത്തിനെതിരെ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള അപവാദ പ്രചരണം, പ്രസ്ഥാനത്തിന് വിള്ളൽ ഉണ്ടാക്കി പുതിയവ തുടങ്ങുക, പ്രതികാര മനോഭാവം സൂക്ഷിക്കുക, ആത്മീയ പ്രവർത്തനങ്ങളിൽ സഹകരിക്കാതിരിക്കുകയും അവയ്ക്ക് തുരങ്കം വയ്ക്കുകയും ചെയ്യുക…. തുടങ്ങി എത്ര മാരക വിപത്തുകളാണ് ഊഴം കാത്തുനിൽക്കാത്തവർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ട്രാഫിക് സിഗ്നൽ അനുസരിക്കാതെ ചാടുന്നവർ തങ്ങൾക്കും മറ്റുള്ളവർക്കും അപകടം വരുത്തുന്നതു പോലെയാണിക്കൂട്ടർ ചെയ്യുന്നതും.
ഊഴത്തിനായി ക്ഷമയോടെ കാത്തിരിക്കാം.
അവൻ തക്ക സമയത്ത് നിങ്ങളെ ഉയർത്തേണ്ടതിന് ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ.

When time is ripe സമയം പാകമായപ്പോൾ – വേദപുസ്തകത്തിലെ ഉദാത്തമായൊരു ചിന്തയാണിത്. ലോക രക്ഷകനായി യേശുക്രിസ്തു ബേത് ലഹേമിൽ അവതരിച്ചതും പൌലൊസിനെ ദൈവം തിരഞ്ഞെടുത്തതും ജാതികളുടെ അപ്പൊസ്തലനായി താൻ നിയമിക്കപ്പെട്ടതും വേദപുസ്തക കാനോൻ ക്രോഡീകരിക്കപ്പെട്ടതും അച്ചടിക്കപ്പെട്ടതും എല്ലാം സമയം പാകമായപ്പോഴാണ്. നമ്മുടെ വിളിയും തെരഞ്ഞെടുപ്പും അപ്രകാരം തന്നെ. കാലം പാകപ്പെടുമ്പോൾ നടക്കുവാൻ പോകുന്ന അടുത്ത കാര്യം കർത്താവിന്റെ രണ്ടാമത്തെ വരവാണ്.

ഊഴത്തിനായി കാത്തിരുന്ന് ദൈവിക നന്മകൾ പ്രാപിക്കുവാൻ നമുക്ക് സാധിക്കട്ടെ. ഒപ്പം അക്ഷമയുടെ കൈയ്പേറിയ ഫലങ്ങളൊന്നും നമ്മിൽ നിന്നും ഉളവാകാതിരിക്കട്ടെ. ഇതത്രെ ദൈവം നമ്മിൽ നിന്നും പ്രതീക്ഷിക്കുന്ന സുപ്രധാന കാര്യം.

– Pr. ഷിബു കെ ജോൺ കല്ലട

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.