സ്വന്തമായി ആശുപത്രി തുടങ്ങാനുള്ള വിപ്ലവകരമായ നീക്കവുമായി നഴ്‌സിംഗ് സംഘടനയായ UNA

പിന്തുണയുമായി ഡോക്ടര്‍മാരും: സ്വകാര്യ ആശുപത്രി മാനേജ് മെന്റുകള്‍ക്കിടയില്‍ ഭിന്നത രൂക്ഷം

കൊച്ചി: മാലാഖമാരെ പോലെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം കൊടുത്താല്‍ ആശുപത്രികള്‍ പൂട്ടിപ്പോകുമെന്ന് പറയുന്ന സ്വകാര്യ ആശുപത്രി മുതലാളിമാര്‍ക്ക് ശക്തമായ തിരിച്ചടി കൊടുക്കാന്‍ ഒരുങ്ങി നഴ്‌സിംഗ് സംഘടനയായ യുഎന്‍എ. ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സഹകരണത്തില്‍ സ്വന്തമായി ആശുപത്രി തുടങ്ങാന്‍ ഒരുങ്ങുകയാണ് യുഎന്‍എ. മാന്യമായി ശമ്പളം എങ്ങനെ കൊടുക്കാമെന്നും, നഴ്‌സുമാരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാമെന്നും മനസാക്ഷിയില്ലാത്ത സ്വകാര്യ ആശുപത്രി മുതലാളിമാര്‍ക്ക് കണ്ടുപഠിക്കാന്‍ കൂടിയാണ് കേരളത്തില്‍ യുഎന്‍എ മാതൃകാ ആശുപത്രി പണിയുന്നത. തൃശ്ശൂരില്‍ തുടങ്ങാന്‍ ഉദ്ദേശിച്ച ആശുപത്രി ചേര്‍ത്തലയിലേക്ക് മാറ്റി സ്ഥാപിക്കാനാണ് യുഎന്‍എയുടെ തീരുമാനം.

പ്രവാസി നഴ്‌സുമാരുടെ സഹായത്തോടെയുള്ള കേരളത്തിലെ യുഎന്‍എ ആശുപത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം യുഎന്‍എയുടെ ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ജിതിന്‍ ലോഹി കഴിഞ്ഞ ദിവസം യുഎന്‍എ പ്രവാസി ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ നടത്തിയിരുന്നു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും യുഎന്‍എ ആശുപത്രിക്ക് പിന്തുണ ഉയരുകയാണ്.

‘നിലവില്‍ നഴ്‌സുമാരുടെ സമരം നടക്കുന്ന ചേര്‍ത്തല കെവിഎം ആശുപത്രി പൂട്ടുമെന്നാണ് മാനേജ്‌മെന്റ് നിലപാട്. അത്തരം ഒരു നീക്കം ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ചേര്‍ത്തലയില്‍ തന്നെ ആശുപത്രി നിര്‍മ്മിച്ച് ജോലി നഷ്ടപ്പെടുന്ന എല്ലാ നഴ്‌സുമാര്‍ക്കും ജോലി നല്‍കുമെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. നിയമങ്ങള്‍ പാലിച്ചുകൊണ്ടും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടും ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് സമൂഹത്തിനുമുന്നില്‍ ഒരു മാതൃക അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ജാസ്മിന്‍ ഷാ ബിഗ് ന്യൂസിനോട് പറഞ്ഞു. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള ആശുപത്രി കേരളത്തിലെ ആരോഗ്യമേഖലയിലെ നല്ല മാറ്റത്തിന് തുടക്കമാകുമെന്ന സംഘടനയുടെ പ്രതീക്ഷയും ജാസ്മിന്‍ ഷാ പങ്കുവച്ചു.

അതേ സമയം സ്വന്തമായി ആശുപത്രി തുടങ്ങാനുള്ള യുഎന്‍എയുടെ തീരമാനം സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ക്കിടയില്‍ കനത്ത ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. ഡോക്ടര്‍മാരുടെ പിന്തുണ യുഎന്‍എയ്ക്ക് ലഭിച്ചതും മാനേജ്മെന്റുകളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തങ്ങളുടെ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ശമ്പള വര്‍ദ്ധനയും മറ്റ് ആുകുല്യങ്ങളും നല്‍കി അവരെ ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ നേരിടേണ്ടി വരുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളിലെ ഒരു പ്രമുഖ വ്യക്തി പറഞ്ഞു.

ഈ വരുന്ന നവംബര്‍ മാസത്തില്‍ കേരളത്തിലെ പല രാഷ്ട്രീയ പാര്‍ട്ടികളും നഴ്‌സിംഗ് സംഘടനകള്‍ രൂപികരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ നഴ്‌സുമാരിലൂടെ രാഷ്ട്രീയ പാര്‍ട്ടികളും ആശുപത്രികളിലേക്ക് കയറിക്കൂടും. ഇതു തങ്ങളെ നല്ല രീതിയില്‍ തന്നെ പ്രതിരോധത്തിലാക്കുമെന്ന് ചില മാനേജുമെന്റുകള്‍ കണക്കു കൂട്ടുന്നു. അതിനാല്‍ തന്നെ യുഎന്‍എ അടക്കമുള്ള നിലവിലെ സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് അവരെ ഒപ്പം നിര്‍ത്തണമെന്ന് ഒരു വിഭാഗം മാനേജ്‌മെന്റുകള്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയൊട്ടാകെയുള്ള നഴ്‌സുമാര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന സാമാന്യ നീതിക്കുവേണ്ടി ആയിരുന്നു യുണൈറ്റഡ് നഴ്‌സിംഗ് അസ്സോസിയേഷന്‍ (യുഎന്‍എ) ആദ്യം ശബ്ദം ഉയര്‍ത്തിയത്. ഈ ശബ്ദം അധികാരികള്‍ കേട്ടില്ലെന്നു നടിച്ചപ്പോള്‍ കേരളം ഒന്നാകെ അലയടിക്കും വിധം ആ ശബ്ദം ഉയര്‍ന്നുപൊങ്ങി. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. അര്‍ഹതപ്പെട്ട വേതനം നേടിയെടുത്തപ്പോള്‍ യുഎന്‍എ പോരാട്ടം അവസാനിപ്പിച്ചില്ല. സമരത്തില്‍ ഒപ്പം നിന്നവര്‍ക്കെതിരെ മാനേജ്മന്റ് നടപടിയെടുത്തപ്പോള്‍ കയ്യുംകെട്ടി നോക്കി നിന്നില്ല.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും സമരമുഖത്തേക്കിറങ്ങി. പോലീസിന്റെ മര്‍ദ്ദനവും ഭീഷണികളുമൊന്നും യുഎന്‍എയെ പിന്തിരിപ്പിച്ചില്ല. സമരം ചെയ്യുന്ന അംഗങ്ങള്‍ക്ക് ഓണത്തിന് ബോണസ് ഉള്‍പ്പെടെ നല്‍കി ഒപ്പം നിന്നു. പ്രതികാര നടപടിയുമായി ചില മാനേജ്‌മെന്റുകള്‍ കടുംപിടുത്തം തുടര്‍ന്നപ്പോള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എന്നാല്‍ ആശുപത്രി പൂട്ടിയാലും ന്യായമായ ശമ്പളം നല്‍കില്ലെന്ന് മാനേജ്‌മെന്റുകള്‍ പുതിയ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കാന്‍ യുഎന്‍എ തയ്യാറായില്ല. ആശുപത്രി പൂട്ടി ജോലി നഷ്ടപ്പെടുന്ന നഴ്‌സുമാര്‍ക്ക് ജോലി നല്‍കുന്നതിനായാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ ആശുപത്രി തുടങ്ങാന്‍ സംഘടന തീരുമാനിച്ചിരിക്കുന്നത്.

യുഎന്‍എ യുടെ നേതൃത്വത്തില്‍ ഒരു ആശുപത്രിയെന്ന ആശയം സംഘടന മുന്നോട്ടു വച്ചിരുന്നു. സംഘടനയുടെ ആസ്ഥാനമായ തൃശ്ശൂരില്‍ ആശുപത്രി നിര്‍മ്മിക്കണമെന്നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മതിയായ പണം കണ്ടെത്താനാകാത്തതിനാല്‍ പ്രഖ്യാപനം ഉണ്ടായില്ല. എന്നാല്‍ ശമ്പളം ചോദിച്ചാല്‍ ആശുപത്രി പൂട്ടുമെന്ന ഭീഷണിയുമായി ആശുപത്രി മാനേജ്‌മെന്റുകള്‍ നിലകൊണ്ടതോടെ സ്വന്തമായി ആശുപത്രിയെന്ന ആശയത്തിലേക്ക് യുഎന്‍എ കൂടുതല്‍ അടുത്തു.

ആശുപത്രി നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തിലേക്ക് യുഎന്‍എ നീങ്ങിയപ്പോള്‍ത്തന്നെ പിന്തുണയുമായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തി. ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന ദുഷ്പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് കുത്തക മുതലാളിമാരുടേതല്ലാത്ത ഒരു ആശുപത്രി കേരളത്തില്‍ ആവശ്യമാണെന്ന് യുഎന്‍എ കരുതുന്നു. പ്രവാസി നഴ്‌സുമാരുടെ പിന്തുണയാണ് യുഎന്‍എയെ സ്വന്തം ആശുപത്രി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്. 36 രാജ്യങ്ങളിലായുള്ള 23000 ത്തിലധികം പ്രവാസി നഴ്‌സുമാര്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ളവ വാഗ്ദാനം ചെയ്തിട്ടുണ്ട്.

-കടപ്പാട്: ബിഗ് ന്യൂസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.