കവിത: നീ എവിടെ??? | ജോയ്‌സ് തോന്നിയാമല
രതിസുഖമൂർച്ചയിൽ പിറന്ന നിന്നെ
വഴിയരിക്കെങ്ങോ വലിച്ചെറിഞ്ഞു
ഒടുങ്ങാത്ത ജീവന്റെ നാൾ ബലത്തിൽ
ഏതോ കരങ്ങൾ പുതച്ചു നിന്നെ

ഒരു ദുഃഖ പുഷ്പമായി നീ വളർന്നു
പിന്നെ, മൃദു ദള മേനി തളർന്നുറങ്ങി
വിടർന്ന നിൻ കണ്ണുകൾ തോർന്നതില്ല
ആരും നിൻ പുഞ്ചിരി കണ്ടതില്ല
അനാഥയായി, വാത്സല്യമേശിടാതെ
പിഞ്ചിളം പ്രായം നീ തള്ളിടവേ
പിതൃസ്നേഹവായ്‌പോടെ വന്നൊരുന്നാൾ
ഇരുകരം നീട്ടി പുണർന്നിടുവാൻ
Download Our Android App | iOS App
പോയ കാലത്തിലെ കർമ്മങ്ങളോ
വന്നുചേർന്നോമന ഭാഗ്യങ്ങളോ
തൊട്ടു തലോടുവാൻ ഓമനിക്കാൻ
കാണുന്ന ദൈവമവതരിച്ചു
നീർക്കുമിള പോലെ ആയിരുന്നോ
നിന്നിൽ ചൊരിഞ്ഞ കരുണ പൊന്നേ
നിൻ മൃദു മേനി തഴുകിടാതേ
നിർദയം താഡനം ഏറ്റുവോ നീ
പിച്ചവെച്ചോടുവാൻ ആവതില്ലാ-
ത്തികുരുന്നെന്തു പിഴച്ചു കഷ്ടം !
ഇത്രമേൽ ക്രൂരത ചെയതിടുവാൻ
അറക്കും നരാധമൻമാരുപോലും
ഈ ക്രൂരകൃത്യം ഹ ചെയ്തുടുവാൻ
നിൻ കണ്ണു ഹ കുരുടായിരുന്നോ
തേൻചിരി ഊറുമിളം മുഖത്തെ
വേണ്ടെങ്കിൽ എന്തിനരിഞ്ഞെറിഞ്ഞു ?
അശ്രുപൂജ നിനക്കേകിടുന്നു
ഞെട്ടറ്റു വീണ ഇളം കുരുന്നേ
മായാത്ത നിൻ ചിരി എൻ മനസ്സിൽ
ഒരു തേങ്ങലായി ഉയർന്നിടുന്നു…..
-ജോയിസ് തോന്നിയാമല