ചെറുചിന്ത: ‘ഇത്തിരി പുളിക്കും’ | ജിജി കോട്ടയം

നമ്മുടെ ഭവനങ്ങളിൽ ഒക്കെ അപ്പം ചുടുവാനുളള മാവിൽ തലേരാത്രി അൽപ്പം ഈസ്റ്റ് ചേർത്ത് വയ്ക്കാറുണ്ടെന്ന് നമുക്ക്‌ അറിവുള്ളതാണല്ലൊ…

‘ഈസ്റ്റ്’ എന്നു നാം പറയുന്ന വസ്തു‌, വളരെ ചെറിയ ആകൃതിയിലും വലുപ്പത്തിലും ഉരുട്ടിയുണ്ടാക്കിയ പുളിച്ചമാവുതന്നെയാണ്… അത് അല്പം മാത്രം മതി പിണ്ഡത്തെ മുഴുവനും പുളിയുള്ളതാക്കി രുചിയും… മണവും… ഗുണവും ഉളളതാക്കി തീർക്കുവാൻ.

ലോകത്തിൽ ഇന്നുവരെ എത്ര എത്ര സാമ്രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ഉയർച്ചയും വീഴ്ച്ചയും ചരിത്ര പുസ്തകങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. എന്നാൽ എതിരെ തടസ്സം നിന്ന എല്ലാ സാമ്രാജ്യത്വശക്തികളെയും അതിന്റെ അധികാരങ്ങളെയും ചരിത്രപുസ്തകങ്ങളിലെ കറുത്ത അക്ഷരങ്ങൾ മാത്രമായി അവശേഷിപ്പിച്ച കാലിത്തൊഴുത്തിൽ പിറന്ന്, താഴ്മയും സൗമ്യതയും സ്വഭാവമാക്കിയ ഒരു നസ്രേത്തുകാരൻ ഇന്നും ചരിത്ര പുരുഷനായി തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനുമായി ഇന്നും ഉയർന്നു നിൽക്കുന്നതിന്റെ കാരണം ദൈവികമായതിനെ നശിപ്പിപ്പാനോ ദൈവത്തോടു പോരാടാനോ ആർക്കും കഴികയില്ല; എന്ന് യഹൂദപണ്ഡിനും പരീശനുമായ ഗമാലിയേൽ പറഞ്ഞത് തന്നെയാണ്.

മാനവസംസ്ക്കാര ചരിത്രം തന്നെ രണ്ടായി വിഭാഗിച്ച ആ നിർധനന്റെ എളിമയുളള ജീവിതത്തോടും സ്വഭാവത്തോടും തന്മയീഭവിക്കുന്നതാണ് ഒരു യഥാർത്ഥ ക്രിസ്തീയ ജീവിതം അല്ലെങ്കിൽ ഒരു യഥാർത്ഥ ക്രിസ്ത്യാനി.

അഞ്ച് കോടതികളിൽ വിസ്തരിക്കപ്പെട്ടിട്ടും കുറ്റം ഇല്ലാത്തവനായിരുന്നവൻ, ഒറ്റിക്കൊടുത്തവൻ പോലും പിന്നത്തേതിൽ കുറ്റമില്ലാത്ത രക്തത്തെ ഞാൻ കാണിച്ചു കൊടുത്തു എന്ന സാക്ഷ്യം പ്രാപിച്ചവൻ (മത്തായി 27:4)
മാനവരാശിയുടെ മുഴുവൻ പാപഭാരവും ചുമന്നുകൊണ്ട് കുറ്റക്കാരനെപ്പോലെ തലതാഴ്ത്തി തന്റെ മുപ്പത്തിമൂന്നാം തിരുവയസ്സിൽ യഹൂദൻമാരാൽ ക്രൂശിൽ തറയ്ക്കപ്പെട്ടു മരിച്ച ഒരു മനുഷ്യന്റെ പന്ത്രണ്ട് ശിഷ്യന്മാരും വിദ്യാഭ്യാസമോ പണമോ മറ്റു സ്വാധീനമോ ഇല്ലാത്ത ഒരുചെറിയ കൂട്ടം അനുയായികൾ വളരെ എളിമയിലും മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കിരാതമായ പീഡനങ്ങൾ സഹിച്ചും ആരംഭിച്ച ക്രിസ്തീയ കൂട്ടായ്മ പരിശുദ്ധാത്മശക്തിയിൽ സ്ഥിരതയുള്ളവരായ് മേൽക്കുമേൽ വളർന്നു ഒരു വലിയ നദിയായി ഒഴുകി ആ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചു; ഈ വെള്ളം അവിടെ വന്നതുകൊണ്ടു വളരെ മത്സ്യം ഉണ്ടായി; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീർന്നൂ (യെഹസ്ക്കേൽ 47:9) അതിന്റെ പാഞ്ഞോഴുക്കിൽ അതിന് എതിരെ നിന്ന റോമസാമ്രാജ്യത്തെയും ബാർബേറിയൻ സമൂഹത്തെയും എല്ലാം കീഴടക്കികൊണ്ട് പിന്നെയും ഒഴുക്ക് തുടർന്നൂ. ഇതാണ് ആദിമ സഭയുടെ കഥ.

എന്നാൽ ആധുനിക സഭയുടെ കാര്യവും വ്യത്യസ്തമല്ല…

AD- ഒന്നിന്റെ തുടക്കത്തിൽ ക്രിസ്ത്യാനികളുടെ എണ്ണം അംഗസംഖ്യ വിരലിൽ എണ്ണാവുന്നതായിരുന്നങ്കിൽ…

AD- 1500ൽ അത് 100 കോടിയായും…

AD 1800ൽ 200കോടിയിൽ പരമായും…

AD 2000ത്തിൽ 650 കോടിയായും വർദ്ധിച്ചതിനുകാരണം ഈ പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്ന പുളിതന്നെയാണ്…

അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു” എന്നു
(മത്തായി 13:33)

പ്രിയപ്പെട്ട സഹോദരങ്ങളെ, ‘പുളി’ എന്നു വായിക്കുമ്പോൾ പറയുമ്പോൾ ഒക്കെതന്നെ നമ്മുടെ നാവിൽ ഒരു പ്രത്യേക ‘പുളി’യുടെ അനുഭവമാണ് ഉണ്ടാവുക… ഈ ചെറിയ സന്ദേശം വായിക്കുന്ന ഏവരിലും നാവിൽ മാത്രമല്ല… ശരീരം മുഴുവനും… അത്രയും പോരാ… ഈ നല്ല കർത്താവിന്റെ സ്നേഹം പരിചയമില്ലാത്തരുടെ ഇടയിൽ നാമും അവന്റെ ഒരു ചെറിയ ‘പുളി’യായി മാറാം… നാം ആയിരിക്കുന്ന സമൂഹത്തെ മുഴുവനും പുളിപ്പിക്കാൻ ശ്രമിക്കാം… അതിനായി… വിശുദ്ധിയിൽ മഹിമയുളളവനായ.. കർത്താവിനോടു പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു…..

കർത്താവായ യേശു ക്രിസ്തുവിന്റെ ദാസൻ

– ജിജി കോട്ടയം.

-ADVERTISEMENT-

-ADVERTISEMENT-

You might also like