ലേഖനം : കുഞ്ഞുങ്ങളുടെ മേല്‍ വേണം ജാഗ്രതയുടെ കണ്ണുകള്‍

പാസ്റ്റർ സൈമണ്‍ തോമസ്‌.കൊട്ടാരക്കര

“എന്നാല്‍ രാത്രി ഇവൾ  തന്‍റെ മകന്‍റെ മേൽ കിടന്നുപോയതുകൊണ്ട് അവൻ മരിച്ചു പോയി”(1രാജാ 3:19).

ഒരു വീട്ടില്‍ രണ്ട്‌ സ്ത്രീകൾ താമസിച്ചിരുന്നു.ഇവര്‍ രണ്ടു പേരും ഗര്‍ഭവതികളായിരുന്നു.മൂന്ന്‍ ദിവസത്തിന്‍റെ വിത്യാസത്തിൽ രണ്ടു പേരും പ്രസവിച്ചു.രണ്ടും   ആണ്കുഞ്ഞുങ്ങൾ.എന്നാല്‍ ഇവരിൽ ഒരു സ്ത്രീരാത്രിയില്‍, ദിവസങ്ങള്‍മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിന്‍റെ മേല്‍ കിടന്നു പോയതിനാല്‍ ആ കുഞ്ഞു മരിച്ചുപോയി.തന്‍റെ കുഞ്ഞു മരിച്ചു പോയി എന്ന്‍ മനസിലാക്കിയ സ്ത്രീ അര്‍ദ്ധരാത്രിയിൽ എഴുന്നേറ്റ്, മരിച്ച കുഞ്ഞിനെ എടുത്ത്‌ മറ്റേ സ്ത്രീയുടെ അടുക്കല്‍ കിടത്തിയിട്ട് ജീവനുള്ള കുഞ്ഞിനെ എടുത്ത് തന്‍റെ അടുത്തും കിടത്തി(Changing).നേരം വെളുത്തപ്പോള്‍ മറ്റേ സ്ത്രീക്കു മനസിലായി തന്‍റെ അടുത്ത് കിടക്കുന്ന മരിച്ച കുഞ്ഞ് തന്‍റെതല്ലായെന്ന്‍.സ്ത്രീകൾ തമ്മില്‍ കടുത്ത തര്‍ക്കത്തിലായി.തന്നെ ചതിച്ച സ്ത്രീയോട് ജീവന്‍ ഉള്ള തന്‍റെ കുഞ്ഞിനെ മടക്കിതരുവാന്‍ അപേക്ഷിച്ചെങ്കിലും തിരികെ നല്‍കിയില്ല. പ്രശ്ന പരിഹാരത്തിനായി രണ്ടുപേരും ശലോമോന്‍ രാജാവിന്‍റെ അടുക്കല്‍ എത്തി.ഈ സമയത്ത് സ്ത്രീകളിൽ ഒരുവള്‍ ശലോമോന്‍ രാജാവിനോട്‌ പറയുന്ന വാചകമാണ് നാം മുകളില്‍ വായിച്ച വേദവാക്യം.

ഈ സംഭവത്തില്‍,  ദിവസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിക്കാന്‍ ഉള്ള കാരണം മാതാവിന്‍റെ അശ്രദ്ധയാണന്നതിന് ഒരു തെളിവാണ് .അപകടത്തിന് പ്രായവിത്യസമോ കാലവിത്യസമോ ഇല്ല.ശൌലിന്‍റെയും യോനാഥാന്‍റെയും മരണവാര്‍ത്ത അറിഞ്ഞപ്പോൾ അഞ്ചു വയസുള്ള യോനാഥാന്‍റെ മകൻ മെഫീബോശെത്തിനെ  ധൃതിയിൽ  എടുത്തുകൊണ്ട് ഓടിയ ധാത്രിയുടെ (Nurse) കൈയില്‍ നിന്നും യോനാഥാന്‍റെ മകൻ വീണതിനാൽ  മുടന്തനായിപോയി(2 ശാമൂ: 4:4) .   മുതിര്‍ന്നവര്‍ക്ക് പോലും അപകടങ്ങള്‍ സംഭവികാറുണ്ട്. പൌലോസിന്‍റെ പ്രസംഗം  കേട്ടുകൊണ്ടിരുന്ന യൂത്തിക്കൊസ് എന്ന യവ്വനക്കാരന്‍ ഉറങ്ങിപോയതിനാല്‍ മാളിക മുറിയുടെ മൂന്നാം തട്ടിന്‍റെ കിളിവാതിലില്‍ നിന്ന്‍ താഴെ വീണ് മരിച്ച സംഭവം ഇതിന് ഒരു ഉദാഹരണമാണ്(അപ്പോ 20:8,9).  ആരും അശ്രദ്ധയോടെ ജീവിക്കാന്‍ ദൈവം ആഗ്രഹിക്കുന്നില്ല.അപകടങ്ങള്‍ ഒഴിവാക്കാൻ ദൈവം നമുക്ക് തന്നിരിക്കുന്ന ജ്ഞാനവും, വിവേകവും, പണവും, ആരോഗ്യവും പരമാവധി ഉപയോഗിക്കാന്‍ നാം ബാദ്ധ്യസ്ത്തരാണ്. ദൈവവചനത്തില്‍  ഇതിനെ പിന്താങ്ങുന്ന വളരെ ശ്രദ്ധയേമായ ഒരു വാക്യം ഉണ്ട് “ഒരു പുതിയ വീടു പണിതാൽ നിന്‍റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ടു വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതിൽ ഉണ്ടാക്കേണം.”(ആവര്‍ 22:8). മനുഷ്യന് പരിമതികള്‍ ഉണ്ടെന്നുള്ളത് ഇവിടെ വിസ്മരിക്കുന്നില്ല. ചില ആപത്തുകള്‍ നാം എത്ര ശ്രദ്ധിച്ചാലും ഒഴിവാക്കാൻ സാധിച്ചില്ലെന്നുവരാം. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക്.അതും ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്.പക്ഷെ ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് വേണ്ട തിരിച്ചറിവ് ഇല്ലാത്തതിനാല്‍ മുതിര്‍ന്നവരുടെ ഏറെ കരുതല്‍ ഈ  സമയം ആവശ്യമാണ്.

 

കുട്ടികള്‍ക്ക് ഉണ്ടാക്കുന്ന ചില അപകടസാഹചര്യങ്ങള്‍ ഒഴിവാക്കാന്‍  താഴെ പറയുന്ന 25 വസ്തുതകള്‍ ശ്രദ്ധിക്കുക………………

 

1.ഉറങ്ങുമ്പോൾ മുതിര്‍ന്നവരുടെ ശരീരം അമര്‍ന്ന്‍ കുഞ്ഞിന് ശ്വാസതടസം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ശരിയായ അകലം പാലിക്കുക.മുതിര്‍ന്ന കുട്ടികളെ തിരെ ചെറിയ കുഞ്ഞുങ്ങളുടെ അടുത്ത് കിടത്തരുത്.

2.ഉയര്‍ന്ന പ്രതലത്തില്‍(തൊട്ടില്‍,കട്ടില്‍….) കുഞ്ഞിനെ തനിച്ച് കിടത്തിയിട്ട് ഫോണ്‍ എടുക്കാനോ,വാതില്‍ തുറക്കാനോ,ഗ്യാസ് ഓഫ്‌ ചെയുവാനോ പോകരുത്.

3.കുഞ്ഞിന്‍റെ വായില്‍ ഫീഡിംഗ് ബോട്ടില്‍ വച്ചുകൊടുത്ത് ടി.വി,മൊബൈല്‍,കമ്പ്യൂട്ടര്‍ എന്നിവ കാണുന്നതും പത്രങ്ങളും മറ്റും വായിക്കുന്നതും ഒഴിവാക്കുക.

4.കിടന്നുകൊണ്ടും കുഞ്ഞിന്‍റെ തല ശരിയായരീതിയിൽ വയ്ക്കാതയും ഉള്ള മുലയൂട്ടല്‍ പാല്‍ കുഞ്ഞിന്‍റെ ശ്വാസകോശത്തില്‍ കയറി അപകടമുണ്ടാക്കാം.

5.പൌഡര്‍ ടിന്‍ കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ കൊടുക്കരുത്.അടപ്പ് തനിയെ തുറക്കുകയോ കുഞ്ഞു കടിച്ചു തുറക്കുകയോ ചെയ്താൽ പൌഡര്‍ കുഞ്ഞിന്‍റെ ശ്വാസകോശത്തില്‍ എത്താം.

6.കുഞ്ഞു മുട്ടില്‍ ഇഴഞ്ഞ് നീങ്ങുമ്പോഴോ വാക്കര്‍ ഉപയോഗിക്കുമ്പോഴോ ഉയര്‍ന്ന ഇടങ്ങളില്‍ നിന്ന്‍(സ്റ്റെപ്പ്,സിറ്റ്ഔട്ട്‌) വീഴാതിരിക്കാൻ ശ്രദ്ധിക്കുക.

7.കത്തിച്ച മെഴുകുതിരി,കൊതുകുതിരി,വിളക്ക് ,ചൂടായ ഇസ്തീരിപ്പെട്ടി,വെള്ളം,ആഹാരപദാര്‍ത്ഥങ്ങൾ എന്നിവ കുഞ്ഞു സ്പര്‍ശിക്കാൻ സാധ്യതയുള്ളതിനാല്‍ കുഞ്ഞിന്‍റെ കൈയെത്താത്തിടത്ത് വയ്ക്കണം.

8.വിവിധ തരം ക്രീം,സോപ്പ്, പൌഡര്‍,മരുന്ന്,കീടനാശിനി,എണ്ണ മുതലായവ കുഞ്ഞുങ്ങളുടെ കൈ എത്തുന്ന ഇടങ്ങളില്‍ വയ്ക്കരുത്.

9.കല്ല്,പളുങ്ക്,ഗോലി,കുന്നികുരു,ബട്ടന്‍,കപ്പലണ്ടി,മിഠായി, തുടങ്ങിയ വസ്തുക്കള്‍ കുഞ്ഞിന്‍റെ മുക്കിലും,വായിലും,ചെവിയിലും, ശ്വാസകോശത്തിലും കയറാം.ആകയാല്‍ ഇവ കുഞ്ഞിന്‍റെ കൈയില്‍ അകപ്പെടാതെ നോക്കണം.

10.കത്തി,ബ്ലേഡ്,ആണി,സൂചി,പിന്‍,കത്രിക,പേന തുടങ്ങിയ മൂര്‍ച്ചയേറിയ വസ്തുക്കള്‍ സുരക്ഷിതസ്ഥാനത്ത് സൂക്ഷിക്കുക.

11.വള്ളികളും മുത്തുകളും ഉള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഒഴിവാക്കുക.

12.ജനാലകള്‍,ആണികള്‍,തൂണുകള്‍ എന്നിവയില്‍ കെട്ടിട്ടുള്ള കയറുകളും തുണികളും താഴെക്ക് കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.ഇവയെല്ലാം കുഞ്ഞിന്‍റെ കഴുത്തില്‍ കുരുങ്ങി ശ്വാസതടസ്സം ഉണ്ടാക്കാം.

13.ചൂടായ ആഹാരപദാര്‍ത്ഥങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോഴും,പാചകം ചെയുമ്പോഴും ഒക്കത്തിരുത്തി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.

14.കിണറിന്‍റെ ചുറ്റുമതില്‍, വീടിന്‍റെ കൈമതിൽ എന്നിവ ഉയരത്തിൽ കെട്ടുക.

15.കുളിമുറിയുടെയും,കക്കൂസിന്‍റെയും വാതിൽ എപ്പോഴും അടച്ചിടുക.ഇവിടെയുളള പാത്രങ്ങളില്‍ വെള്ളം നിറച്ചു വയ്ക്കരുത്.

16.മൊബൈല്‍ഫോണ്‍  ചെറിയ കുഞ്ഞുങ്ങള്‍ക്ക് കളിക്കാൻ കൊടുക്കരുത്. കുഞ്ഞുങ്ങളുടെ തലയോട്ടി മൃദുവായതിനാല്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത്‌ കുഞ്ഞിന്‍റെ ഭാവിക്ക് ദോഷകരമായി തീര്‍ന്നേക്കാം.

17.വാഹനങ്ങള്‍ പിറകോട്ടോ,മുന്‍പോട്ടോ എടുക്കുമ്പോൾ വാഹനത്തിന്‍റെ അടുത്തോ,കീഴിലോ കുട്ടികള്‍ ഇല്ലായെന്നു ഉറപ്പുവരുത്തുക.

18.കാര്‍,കതക്,ജന്നല്‍ എന്നിവയുടെ വാതിൽ അടയ്ക്കുപ്പോൾ കുട്ടികളുടെ കൈ വാതിലുകളുടെ ഇടുക്കുകളില്‍ അകപ്പെടതിരിക്കാൻ ശ്രദ്ധിക്കണം.

19.സൈഡ്‌ സ്റ്റാന്‍ഡിൽ വെച്ചിരിക്കുന്ന ടൂവിലർ കുട്ടികളുടെ മുകളിലേക്ക് വീഴാതിരിക്കാനും,ചുട്ടുപഴുത്ത സൈലൻസറിൽ തട്ടി കുഞ്ഞിന്‍റെ ശരിരം പൊള്ളാതിരിക്കുവാനും ശ്രദ്ധിക്കുക.

20.കുട്ടികളെ അടുക്കളയില്‍ ഒറ്റയ്ക്കാക്കരുത്.തീപ്പെട്ടി ,ലൈറ്റര്‍ മുതലായവ കുട്ടികൾ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.

21.മൊബൈല്‍ഫോണിന്‍റെയും ലാപ്ടോപ്പിന്‍റെയും മറ്റും ചാര്‍ജർ പ്ലെഗ്ഗിൽ കുത്തി താഴേക്ക് ഇടരുത്.

22.ഫാന്‍,ലൈറ്റ്,ടി.വി, കമ്പ്യൂട്ടര്‍ മുതലായവയുടെ സ്വിച്ചുകളും, പ്ലെഗ്ഗുകളും കുട്ടികള്‍ കൈകാര്യം ചെയ്താല്‍ കറന്‍റെ് അടിക്കാം.

23.പൂന്തോട്ടത്തിലും മറ്റും കുട്ടികൾ കളിക്കുമ്പോൾ ഇഴജന്തുക്കൾ ഉണ്ടെങ്കിൽ അവയുടെ മുന്നിൽ അകപ്പെടാം.

24.കുട്ടികള്‍ ഓടിനടക്കാറായ പ്രായത്തിൽ വീഴ്ച്ചകൾ സാധാരണമാണ്.മുറിവോ,ചതവോ ഉണ്ടായാലോ ചര്‍ദ്ദി,ബോധക്ഷയം,ഓര്‍മ്മകുറവ് എന്നിവ ഉണ്ടായാലോ ആവശ്യമെങ്കിൽ  ഉടനടി ആശുപത്രിയില്‍ എത്തിക്കുക.

25.ഒരു ഫസ്റ്റ് എയിട് ബോക്സ്‌ എപ്പോഴും വീട്ടിൽ  കരുതുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.