ലേഖനം : സന്തോഷത്തോടെ പ്രാർത്ഥിക്കുക

ജീവിതത്തിലെ സാഹചര്യങ്ങൾ എല്ലാം നല്ലതും എല്ലാ ബന്ധങ്ങളും അനുകൂലമായിരിക്കയും ചെയ്യുമ്പോൾ സന്തോഷത്തോടെ പ്രാർത്ഥിക്കാൻ പ്രയാസമില്ല. എന്നാൽ സാഹചര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ലാതെ വരുമ്പോൾ, സഹായിപ്പാൻ ആരെയും കാണാതെ വരുമ്പോൾ നമ്മുടെ പ്രാർത്ഥന എങ്ങനെയായിരിക്കും?. ദീർഗ്ഘവർഷങ്ങൾ ദൈവവും ആയി ബന്ധമുള്ള പ്രാർത്ഥനാ മനുഷ്യർക്കു മാത്രമേ അപ്പോഴും ദൈവത്തിന്റെ ഹൃദയം അറിഞ്ഞ്‌ പ്രാർത്ഥിക്കാൻ കഴിയൂ. വേദപുസ്തകം ശ്രദ്ധയോടെ വായിക്കുമ്പോൾ അങ്ങനെയുള്ള ചിലരെ നമുക്കു കാണാം. പഴയനിയമത്തിൽ നാം കാണുന്ന ദാനിയേലിനു അപ്രകാരമുള്ള സ്വഭാവം ഉണ്ട്‌. അടിമയായി പിടിച്ചുകൊണ്ടുവരുന്നതും സിംഹക്കുഴിയിലിടുന്നതും സന്തോഷകരമായ പ്രാർത്ഥനാ സാഹചര്യങ്ങൾ അല്ല എന്ന് നമുക്കു തോന്നാം. എന്നാൽ പ്രാർത്ഥനാ മനുഷ്യൻ ആയ ദാനിയേലിനെ ഇതൊന്നും ബാധിച്ചില്ല. അദ്ദേഹത്തിനു ഔദ്യോഗിക സ്ഥാനമുള്ളപ്പോൾ എങ്ങനെ പ്രാർത്ഥിച്ചോ അതുപോലെ പ്രതികൂല സാഹചര്യങ്ങളിലും പ്രാർത്ഥിച്ചു. ഇതാണു സന്തോഷകരമായ പ്രാർത്ഥന.

നമ്മുടെ അനുഭവം ഒന്നു ശോധന ചെയ്യുന്നത്‌ നല്ലതാണു. ചെറിയ പ്രതികൂലം വരുന്നു എന്ന് മുന്നറിയിപ്പ്‌ ലഭിക്കുമ്പോൾ തന്നെ നാം പ്രാർത്ഥന നിറുത്തി പിറുപിറുപ്പ്‌ ആരംഭിക്കില്ലേ?. ദൈവം ഈ പ്രതികൂലത്തിലൂടെ നമ്മിൽ നിന്നും എന്തു പ്രതീക്ഷിക്കുന്നു എന്ന തിരിച്ചറിവ്‌ നമുക്ക്‌ ഉണ്ടായാൽ നമ്മുടെ പ്രാർത്ഥനാ രീതികൾ മാറുകയും നമ്മുടെ മറുപടികൾ പ്രതീക്ഷിക്കുന്നതിലും ശ്രേഷ്ഠമാവുകയും ചെയ്യും. പുതിയ നിയമത്തിലെ പ്രാർത്ഥനാമനുഷ്യനായ പൗലോസ്‌ അപ്പോസ്തലൻ ഫിലിപ്പിയർക്ക്‌ ലേഖനം എഴുതുന്നത്‌ കാരാഗൃഹത്തിൽ വെച്ചാണല്ലോ. അദ്ദേഹം പറയുന്നു, ഞാൻ നിങ്ങൾക്കു വേണ്ടി സന്തോഷത്തോടെ പ്രാർത്ഥിക്കുന്നു, വല്ലപ്പോഴും അല്ല, എപ്പോഴും. എന്താ അതിന്റെ അർത്ഥം? ഞാൻ കിടക്കുന്ന സ്ഥലം എന്റെ പ്രാർത്ഥനയ്ക്കോ, സന്തോഷത്തിനോ തടസ്സം അല്ല, ദൈവം ഈ സാഹചര്യങ്ങളിലും എന്നെ പ്രാർത്ഥിക്കാൻ, ഇടുവിൽ നിൽക്കാൻ പ്രേരിപ്പിക്കുന്നു എന്ന് നിങ്ങൾ അറിയേണം എന്ന് താനാഗ്രഹിക്കുന്നു. ഞാൻ ഇപ്പോൾ കാരാഗൃഹത്തിൽ ആണെങ്കിലും എന്നിൽ നല്ല പ്രവർത്തിയെ ആരംഭിച്ചവൻ എന്റെ കൂടെയുണ്ട്‌. ആ ദൈവം നിങ്ങളിൽ ആരംഭിച്ച നല്ല പ്രവർത്തിയും തികയ്ക്കും.

ഇതുപോലെ കഷ്ഠമേറിയ സാഹചര്യം അനുഭവിക്കുന്നവർ നിരാശയുടെ വാക്കുകൾ പറയാൻ പ്രലോഭിപ്പിക്കപ്പെടുമ്പോൾ , ദൈവമനുഷ്യർ സന്തോഷത്തോടെ പ്രാർത്ഥിക്കുന്നവരും മറ്റുള്ളവരെ ഉറപ്പിക്കുന്നവരും ആയിരിക്കണം എന്ന് തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു. നാം നമ്മുടെ സാഹചര്യങ്ങളെ നോക്കാതെ സന്തോഷത്തോടെ പ്രാർത്ഥിക്കുവാൻ തയ്യാറാവുക, എങ്കിൽ നമ്മുടെ തലമുറയ്ക്കുള്ള ഒരു സന്ദേശം ദൈവം നമ്മെ ഏൽപ്പിക്കും നിശ്ചയം. നാം പ്രാർത്ഥിക്കുന്നവരെങ്കിൽ മറ്റു ചിലരെയും പ്രാർത്ഥനാമുറിയിൽ എത്തിക്കും. ദൈവം നമ്മെ ഈ തലമുറയിൽ പ്രാർത്ഥനാമനുഷ്യരും രഹസ്യത്തിൽ ദൈവവും ആയി ബന്ധം ഉള്ളവരും തലമുറ ഓർക്കത്തക്ക നിലയിൽ ചരിത്രം തിരുത്തുന്നവരും ആക്കുവാൻ ആഗ്രഹിക്കുന്നു, അതിനായി സമർപ്പിക്കാം.

-ഷീലാ ദാസ്‌, കീഴൂർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.