മാതാപിതാക്കൾക്കുള്ള 10 കൽപ്പനകൾ – ഫിന്നി കാഞ്ഞങ്ങാട്

 

 
ഇന്നത്തെ തലമുറയാണ് നാളത്തെ കുടുംബങ്ങളെയും സമൂഹത്തെയും സഭകളെയും നയിക്കേണ്ടവർ. കുഞ്ഞുങ്ങളെ ശരിയായ വഴിയിലൂടെ വളർത്തിയെടുത്താൽ ഈ ലക്ഷ്യം നേടിയടുക്കുവാൻ കഴിയും . കുഞ്ഞുങ്ങളെ നന്നായി വളർത്തുവാൻ ആവശ്യമായ ചില നിർദേശങ്ങളാണ് ഇവ.
 
1. മാതൃകപരമായി ജീവിക്കുക:
മാതാപിതക്കളുടെ ജീവിതത്തിലെ നല്ല സ്വഭാവരീതികൾ കണ്ടും മനസ്സിലാക്കിയും കുഞ്ഞുങ്ങൾ വളരണം. തെറ്റായ സ്വഭാവരീതികൾ അവരെ നിക്ഷേതാത്മകമായി ( Negative) സ്വാധിനിക്കുവാൻ ഇടയുണ്ട്. മദ്യപാനിയായ പിതാവിന്റെ മകൻ മദ്യപാനിയായി മാറുന്നതിൽ എവിടെയാണ് തെറ്റ് ? കുടുംബം എന്ന ചെറിയ സമൂഹത്തിലാണ് നല്ല സ്വഭാവഗുണങ്ങൾ പരിശിലിപ്പിക്കേണ്ടത് . കുടുംബത്തിലെ ആത്മബന്ധം, പരസ്പര സ്നേഹം, വിശ്വാസം, അച്ചടക്കം, കൃത്യനിഷ്ട്ടത ഇവയൊക്കെ മാതൃകാപരമായിരിക്കണം.
2.നല്ല ശീലങ്ങൾ പഠിപ്പിക്കുക :
ഇന്നത്തെ തലമുറയിൽ നല്ല ശീലങ്ങൾ കുറഞ്ഞുവരുന്നു. മുതിർന്നവരെ ബഹുമാനിക്കുവാനും ആദരിക്കുവാനും ഇന്നത്തെ തലമുറയ്ക്ക് അറിയില്ല എന്നത് വേദനാജനകമാണ്.. നല്ല ശീലങ്ങൾ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും കുടുംബത്തിലാണ്. നല്ല ശീലങ്ങളുടെ അഭാവമാണ് വ്യക്തി വൈകല്യമുള്ള തലമുറയെ രൂപപ്പെടുത്തുന്നത്.
‘വളർന്നു വരുമ്പോൾ സ്വാഭാവികമായി ശീലങ്ങൾ ഉടലെടുക്കും’ എന്ന് കരുതുന്ന മാതാപിതാക്കൾ തലമുറയെ ഓർത്തു വേദനിക്കേണ്ടി വരും എന്നതാണ് സത്യം. സ്വഭാവരൂപീകരണത്തിനുള്ള കളരിയാവണം നമ്മുടെ കുടുംബങ്ങൾ.
3.മക്കളുടെ ജീവിതത്തെ അടുത്തറിയുക:
ഇന്നു മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം വളരെ കുറവാണ്. പരസ്പരം മനസിലാക്കാനുള്ള വേദികൾ ഇന്നു കുടുംബങ്ങളിൽ ഇല്ല.
തെറ്റായ ജീവിതത്തിലേക്ക് മക്കൾ പോയാലും വേഗത്തിൽ തിരിച്ചറിയാനും മടക്കികൊണ്ട് വരുവാനും മാതാപിതാക്കൾക്ക് കഴിയാത്ത സമൂഹമാണ്‌ നമ്മുടേത്‌. ആവശ്യമുള്ളതും ഇല്ലാത്തതും വാങ്ങികൊടുക്കുമ്പോൾ മക്കളുടെ പ്രശ്നങ്ങളും ചോദിച്ച് മനസിലാക്കുന്നത്‌ നല്ലതുതന്നെ. സ്നേഹിക്കുന്നവ്ന്റെ കൂടെ ഒളിച്ചോടിയതിനു ശേഷം വിഷമിച്ചിട്ട് പ്രയോജനം ഇല്ല. മക്കളോട് അടുത്തിഴപെടുകയും അവരുടെ സംശയങ്ങൾ പരിഹരിക്കുകയും വേണം. പ്രതിസന്ധികളൊ, പ്രശ്നങ്ങളോ ജീവിതത്തിൽ നേരിട്ടാൽ അത് തുറന്നു സംസാരിക്കാനുള്ള മാനസ്സീക അടുപ്പം മാതാപിതാക്കളും മക്കളും തമ്മിൽ ഉണ്ടാകണം.
4.മറ്റു ബന്ധങ്ങളെ ആരോഗ്യപരമായി നേരിടുവാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുക
ഇന്നത്തെ തലമുറയ്ക്ക് ബന്ധങ്ങൾ ആരോഗ്യപരമായി സൂക്ഷിക്കുവാൻ അറിയില്ല എന്നതാണ് വാസ്തവം. ആണ്‍പെണ്‍ ബന്ധങ്ങൾ അനാരോഗ്യ പരമായി മാറി. കൂട്ടുകെട്ടുകൾ തെറ്റായ ബന്ധങ്ങളിലേക്ക് ഇന്നു വഴിമാറി പോകുന്നു. വിവാഹത്തിന് മുൻബ് ” പലകാര്യങ്ങളിലും അറിവ്നേടുന്ന തലമുറയാണ് ഇന്നത്തേത്. സ്നേഹം നടിച്ച് ശരീരവും മനസ്സും ചൂഷണം ചെയ്യുവാൻ കാത്തിരിക്കുന്ന വ്യക്തികളെ തിരിച്ചറിയുവാനുള്ള പരിശീലനം നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകണം.
5.മക്കളുടെ വ്യക്തിത്വത്തെ മാനിക്കുക
പലപ്പോഴും മാതാപിതാക്കൾ കുഞ്ഞുങ്ങളെ അടിച്ചമർത്തുകയും അവരുടെ വ്യക്തിത്വത്തെ തള്ളികളയുകയും ചെയ്യാറുണ്ട്. അത് നെഗറ്റീവായി (Negative) സ്വാധീനിക്കപ്പെടുന്നു എന്നതാണ് വാസ്തവം. പല സാഹചര്യങ്ങളിലും അത് കുഞ്ഞുങ്ങളുടെ വ്യക്തി വ്യകല്യങ്ങൾക്ക് കാരണമായി തീരാറുണ്ട്. കുടുംബത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് മക്കളുടെ അഭിപ്രായം തേടുന്നത് അവരുടെ സ്വഭാവ വികസനത്തിന്‌ (Character Development) കാരണമായി മാറുന്നു.ഭവനത്തിലെ ചെറിയ ഉത്തരവാദിത്വങ്ങൾ (Responsibilities)ഏൽപ്പിക്കുന്നതും വ്യക്തിവികസനത്തിന്‌ പ്രയൊജനീഭവിക്കും.
6.ജീവിത മൂല്യങ്ങൾ പകർന്നുനൽകുക
മൂല്യങ്ങൾ അന്യമായ ഒരു സമൂഹത്തിലാണ് ഇന്നത്തെ തലമുറ വളരുന്നത്‌.സ്വയകേന്ദ്രികൃതമായ (Self centered) ജീവിതമാണ്‌ ഇന്നത്തെ അപകടകരമായ പ്രവണത. ഞാനും എന്റെ കുടുംബവും എന്നാ ചെറിയ സമൂഹത്തിലേക്ക് ഒതുങ്ങി പോയിരിക്കുന്നു. അയൽവാസിയുടെ വേദന കാണുവാനും അവന്റെ സന്തോഷത്തിൽ ഭാഗമാകുവനും ഇന്നത്തെ തലമുറയ്ക്ക് കഴിയുന്നില്ല. ഫ്ലാറ്റ് സംസ്കാരവും മണിമാളികകളും ഇന്നത്തെ തലമുറയുടെ മൂല്യങ്ങളെ മതിലിനുള്ളിലൊ ഭിത്തിക്കുള്ളിലോ തളച്ചു കഴിഞ്ഞു.
കൂട്ടുകുടുംബങ്ങളിൽനിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റവും തലമുറയെ തെറ്റായി സ്വാധീനിച്ചു. ധാർമീകത (Ethics) അന്യമായ തലമുറ തകർച്ചയിലേക്കാണ് നടന്ന് നീങ്ങുന്നത്‌.
7. ശരീരത്തെയും മനസ്സിനെയും സ്വയം സൂക്ഷിക്കുവാൻ പ്രാപ്തമാക്കുക
അപകടകരമായ ജീവിത സാഹചര്യങ്ങളിലാണ്‌ നമ്മുടെ കുഞ്ഞുങ്ങൾ ജീവിക്കുന്നത്. ശരീരവും മനസ്സും മലിനമാക്കപ്പെടുവാനുള്ള സാഹചര്യങ്ങൾ ഒഴിഞ്ഞിരിക്കുവാൻ മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക്‌ ആവശ്യമായ നിർദേശങ്ങൾ നൽകണം.
8 തെറ്റുകൾ ചൂണ്ടികാണിച്ച് ശരിയായ പാതയിൽ നടത്തുക
തെറ്റുകൾ സ്വഭാവികമാണ്, അത് സംഭവിച്ചാൽ മക്കളെ കുറ്റപ്പെടുത്തി അവരെ തേജോവധം ചെയ്യാതെ പറഞ്ഞു മനസിലാക്കുവാൻ മാതാപിതാക്കൾക്ക് കഴിയണം. തെറ്റിൽ തുടരുന്ന ജീവിതസാഹചര്യം ഉണ്ടെങ്കിൽ അത് വേണ്ട ശിക്ഷണം സ്നേഹത്തോടെ നൽകി മടക്കികൊണ്ടുവരണം.
9. കുഞ്ഞുങ്ങൾക്ക്‌ ആവശ്യമായ സ്നേഹം നല്ക്കുക
മക്കൾക്ക്‌ സ്നേഹം നൽകുവാൻ മാതാപിതാക്കൾ വിമുകത കാണിക്കുന്നത് ഇന്നു സർവസാധാരണമാണ്. ജോലി തിരക്കുകളും മറ്റു ജീവിതസാഹചര്യങ്ങളുമാണ് ഇതിനു കാരണം. സ്നേഹം ലഭിക്കാതെ വളരുന്നവർ മറ്റു വഴികൾ തേടി പോകുന്നു. ഇന്റർനെറ്റ്‌, മൊബൈൽ ഫോണ്‍ പോലുള്ള മാധ്യമങ്ങൾ “പുതിയ പല സ്നേഹങ്ങളിലും” കൊണ്ടെത്തിക്കുന്നു. അത് ജീവിതത്തിന്റെ തകർച്ചയ്ക്ക് കാരണമായി മാറുന്നു. പീഡനങ്ങളും ആത്മഹത്യകളും തുടർകഥയായി തീരുന്നു.
സ്വന്തം ഭവനത്തിൽ ലഭിക്കേണ്ടുന്ന സ്നേഹം ലഭിച്ചില്ല എങ്കിൽ സ്നേഹത്തിനായി മറ്റു പല മാർഗ്ഗങ്ങളും തേടി പോകാൻ ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഒരു നിമിഷം കൊണ്ട് ഉപേക്ഷിച്ച് ‘പുതിയ സ്നേഹത്തിനു’ വേണ്ടി ഇറങ്ങിത്തിരിക്കുന്നവർ നഷ്ട്ടപ്പെടുത്തുന്നത് വിലപ്പെട്ട ജീവിതമാണ്.
10. ആത്മീയതയിൽ വളർത്തുക:
മക്കളെ ആത്മീയതയിൽ വളർത്തുക എന്നത് മാതാപിതാക്കളുടെ ധാർമ്മിക ഉത്തരവാദിത്വമാണ്; എന്നാൽ പലപ്പോഴും ഈ ഉത്തരവാദിത്വത്തെ വിസ്മരിച്ചു പോകുന്ന ദയനീയ കാഴ്ചയാണ് നമ്മുടെ സമൂഹത്തിൽ ദൃശ്യമാകുന്നത്. മക്കളെ പഠിപ്പിച്ചു വലുതാക്കാനും , എന്തും വാങ്ങി നൽകുവാനും തയ്യാറാകുന്നവർ ആത്മീയ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ല. ദൈവവചനത്തിൽ നമ്മുടെ തലമുറ വളർന്നു വരുവാനുള്ള സാഹചര്യം കുടുംബത്തിൽ ഒരുക്കപ്പെടണം. ദൈവവചനം ഹൃദയത്തിൽ ഉള്ള തലമുറ പാപത്തിന് വശംവദരായി പോകുവാനുള്ള സാധ്യത കുറവാണ്.
ആത്മീയത ജീവിതത്തെക്കാൾ ഉപരി ഇന്നത്തെ കുടുംബങ്ങളെ ഭരിക്കുന്നത് സിനിമയും സീരിയലുകളുമാണ്. കുടുംബപ്രാത്ഥനയുടെ പ്രാധാന്യം ഇന്ന് കുറഞ്ഞിരിക്കുന്നു.
വാൽകഷ്ണം :
തലമുറ തെറ്റിപ്പോയി എന്ന് നിലവിളിക്കാനുള്ള സാഹചര്യം ഉണ്ടാക്കാതെ അവരെ ധാർമികതയിലും ആത്മീയരായും വളർത്തിയെടുക്കുക. ഒരു കാര്യം ഓർക്കുക കുഞ്ഞുങ്ങൾ വിലപ്പെട്ടവരാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.