തിത്‌ലി ചുഴലിക്കാറ്റ്‌ ഗോപാല്‍പൂരിലെത്തി; കനത്തമഴ, മൂന്നുലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

ഒഡീഷ: തിത്‌ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പൂരില്‍ കടന്നു. ഏതാണ്ട് മൂന്നുലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ പരമാവധി വേഗം. തെക്കു കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടങ്ങി. ഒഡീഷയിലെ ഗോപാല്‍പൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശുക.

5 തീരദേശ ജില്ലകളില്‍ നിന്നാണ് ഏതാണ്ട് മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചത്. ഇന്നു പുലര്‍ച്ചെ അ‍ഞ്ചരയോടെ ചുഴലിക്കാറ്റ് ശക്തമായ മഴയോടെ ഒഡീഷാ തീരത്ത് എത്തുമെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. അഞ്ചു ജില്ലകളുടെ കലക്ടര്‍മാരോടും തീരത്തു നിന്നു ജനത്തെ അടിയന്തരമായി ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചു.ഒഡീഷയില്‍ വിവിധ സ്ഥലങ്ങളിലായി 836 ക്യാംപുകള്‍ തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കി നിര്‍ത്തി. വേണ്ടിവന്നാല്‍ പട്ടാളത്തിന്റെ സഹായം തേടും. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്നു നാളെയും അവധി നല്‍കി. കേരളത്തിലും തമിഴ‌്നാട്ടിലും മഴ ലഭിക്കും.ബംഗാള്‍ ഉള്‍ക്കടലിന്റെ കേന്ദ്രഭാഗത്ത‌് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂന മര്‍ദ്ദം അതിവേഗം തി‌ത‌്‌ലി ചുഴലിക്കാറ്റാറയി മാറുകയായിരുന്നു.

അറബിക്കടലില്‍ നിലകൊള്ളുന്ന ലുബാന്‍ ചുഴലിക്കാറ്റ‌് ഇരുപത്തിനാല‌് മണിക്കൂറിനുള്ളില്‍ ഒമാന്‍-യമന്‍ തീരത്ത‌് ആഞ്ഞുവിശും.

ഒരാഴ‌്ചയിലേറെയായി അറബിക്കടലില്‍ നിന്ന‌് ശക്തി സമാഹരിച്ച ലുബാന്‍ ചുഴലിക്കാറ്റ‌് വെള്ളിയാഴ‌്ചയോടെ ഒമാന്‍-യമന്‍ തീരത്തെത്തും. സലാലക്ക‌് 570 കിലോമീറ്റര്‍ തെക്ക‌് കിഴക്കായാണ‌് ചുഴലിക്കാറ്റ‌് ഇപ്പോള്‍ നിലകൊള്ളുന്നത‌്. ഇത‌് 90 മുതല്‍ 100 കിലോമീറ്റര്‍ വേഗതപ്രാപിച്ചേക്കാം. ഇരു ചുഴലിക്കാററുകളും പരസ‌്പരം സ്വാധീനം ചെലുത്തു(ഫുജിവാര എഫ്ക്ട‌്)ന്നുണ്ട‌്. കടല്‍ക്ഷോഭം രൂക്ഷമയതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട‌്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.