ലേഖനം: ദൈവം ദാവീദിൽ കണ്ട സൽസ്വഭാവങ്ങൾ | പാസ്റ്റർ സാബു ചെറിയാൻ, അബുദാബി
ഏലാ താഴ്വരയിൽ ഗോലിയാത്ത് എന്ന മല്ലനെ വീഴ്ത്തിയ ദാവീദിന്റെ വീരചരിത്രം മാനുഷിക ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സംഭവങ്ങളിലൊന്നാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ദാവീദിന്റെ ഈ വീരപ്രവർത്തിയെ ആദരവോടെയാണ് സ്മരിക്കുന്നത്.

എന്നാൽ ദാവീദ് ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് വീരനായകനായി മാറിയതല്ല. ഗോലിയാത്തിന്റെ മുമ്പിൽ ധൈര്യത്തോടെ നിൽക്കുന്നതിനു മുമ്പുതന്നെ ദൈവം ദാവീദിന്റെ ജീവിതത്തിൽ ചില മഹത്തായ സ്വഭാവഗുണങ്ങൾ രൂപപ്പെടുത്തിയിരുന്നു. നാം പലപ്പോഴും പ്രസംഗിക്കുകയും വർണ്ണിക്കുകയും ചെയ്യുന്നത് ഗോല്യാത്തിനെ വീഴ്ത്തിയ ദാവീദിനെയാണ്. എന്നാൽ ആ വിജയത്തിലേക്ക് അവനെ ഒരുക്കിയ സ്വഭാവശുദ്ധിയും ജീവിതശൈലിയും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് കേവലം ബാഹ്യമായ കഴിവുകളിലോ വീര്യപ്രവർത്തികളിലോ അധിഷ്ഠിതമല്ല, മറിച്ച് ദൈവം മനുഷ്യന്റെ ഹൃദയത്തെയും സ്വഭാവത്തെയും പരിശോധിക്കുന്നുണ്ട്.
“അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവൽക്കാരന്റെ പക്കൽ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടുചെന്നു കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടെക്കു ആർത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു” 1 ശമൂ: 17:20.
ദാവീദിൽ ഞാൻ കണ്ട ഒന്നാമത്തെ സൽസ്വഭാവം അച്ചടക്കമുള്ള ജീവിതശൈലിയാണ്. യിശ്ശായി തന്റെ മക്കൾക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ ദാവീദ് അതികാലത്തു തന്നെ എഴുന്നേറ്റു യാത്ര തിരിച്ചു. അതികാലത്തു എഴുന്നേൽക്കുക എന്നത് സമയനിഷ്ഠയും അച്ചടക്കവും ഉത്തരവാദിത്വബോധവുമുള്ള ഒരു മനുഷ്യന്റെ ജീവിതശൈലിയാണ്. ഇന്ന് ജോലിക്കു പോകുവാനും കുഞ്ഞുങ്ങളെ ഒരുക്കി സ്കൂളിൽ അയക്കുവാനും വേണ്ടി മാത്രമാണ് പലരും അതിരാവിലെ എഴുന്നേൽക്കുന്നത്. എന്നാൽ ഉത്തരവാദിത്വങ്ങളുള്ള ദിവസങ്ങളിൽ മാത്രമല്ല, സാധാരണ ദിവസങ്ങളിലും അച്ചടക്കത്തോടെ ജീവിക്കുവാൻ നാം പഠിക്കണം. ആത്മീയജീവിതത്തിലും ഈ അച്ചടക്കം അനിവാര്യമാണ്. പ്രാർത്ഥനയ്ക്കും വചനധ്യാനത്തിനും ദൈവസന്നിധിയിൽ കാത്തിരിക്കുവാനും ഒരു ക്രമവും ശീലവും ആവശ്യമാണ്. വലിയ നിയോഗങ്ങൾക്കായി ദൈവം നമ്മെ ഒരുക്കുമ്പോൾ ചെറിയ കാര്യങ്ങളിലുള്ള നമ്മുടെ *വിശ്വസ്തതയും ജീവിതത്തിലെ അച്ചടക്കവും* അവഗണിക്കപ്പെടുന്നില്ല. രഹസ്യജീവിതത്തിലെ ആത്മീയശീലങ്ങളാണ് പലപ്പോഴും പരസ്യമായ വിജയങ്ങളുടെ അടിത്തറയായി മാറുന്നത്.
ദാവീദിൽ ഞാൻ കണ്ട സൽസ്വഭാവങ്ങളിൽ രണ്ടാമത്തേത് ഉത്തരവാദിത്വബോധവും മൂന്നാമത്തേത് മറ്റുള്ളവക്ക് ബഹുമാനവും ആദരവും നൽകുന്ന മനോഭാവവുമാണ്. പുതിയൊരു നിയോഗം ലഭിച്ചപ്പോൾ ദാവീദ് താൻ മേയിച്ചുകൊണ്ടിരുന്ന ആടുകളെ വഴിയിൽ ഉപേക്ഷിച്ചില്ല, കാവൽക്കാരന്റെ പക്കൽ സുരക്ഷിതമായി ഏൽപ്പിച്ച ശേഷമാണ് യാത്ര തിരിച്ചത്.
പഴയ ഉത്തരവാദിത്വങ്ങളെ മറന്നുകൊണ്ട് പുതിയ അവസരങ്ങളുടെ പിന്നാലെ ഓടുന്നവനായിരുന്നില്ല ദാവീദ്. തന്നിൽ ഭരമേൽപ്പിക്കപ്പെട്ടതിനെ സുരക്ഷിതമായ മറ്റൊരു കരത്തിൽ ഏൽപ്പിക്കുവാൻ അവൻ ശ്രദ്ധിച്ചു. ഗോല്യാത്തിനെ പരാജയപ്പെടുത്തി വിജയശ്രീലാളിതനായി മടങ്ങിവന്ന ദാവീദിനെ കണ്ട ശൗൽ രാജാവ് ആദ്യം അന്വേഷിച്ചതും അവന്റെ പിതാവ് ആരാണെന്നായിരുന്നു (1 ശമൂ: 17:56). ദാവീദിന്റെ അഭിഷേക സമയത്ത് അവനെ ഒഴിവാക്കി എന്ന കാരണത്താൽ നാം പലപ്പോഴും യിശ്ശായിയെ കുറ്റപ്പെടുത്താറുണ്ട്. എന്നാൽ ഗോല്യാത്തിനെപ്പോലെയുള്ള ഒരു മല്ലനെ പരാജയപ്പെടുത്താൻ തക്കവിധം ധൈര്യവും വിശ്വാസവും ആത്മീയബോധവുമുള്ളവനായി ദാവീദിനെ വളർത്തിയെടുത്ത പിതാവിനെയാണ് രാജാവ് അന്വേഷിച്ചത്. ആ അന്വേഷണത്തിൽ ഉത്തരവാദിത്വബോധമുള്ള ഒരു പിതാവിന്റെ സാന്നിധ്യം നമുക്ക് കാണുവാൻ സാധിക്കുന്നു. ദാവീദിന്റെ വിജയത്തിനു പിന്നിൽ ദൈവത്തിന്റെ അഭിഷേകം മാത്രമല്ല, അവനെ വിശ്വസ്തതയിലും ഉത്തരവാദിത്വത്തിലും വളർത്തിയെടുത്ത കുടുംബത്തിന്റെ സ്വാധീനവും ഉണ്ടായിരുന്നു.
അതുപോലെ, അണിയിൽ ഓടിച്ചെന്നു സഹോദരന്മാരെ കണ്ടപ്പോൾ അവൻ അവരോട് കുശലം ചോദിച്ചു. ഇംഗ്ലീഷ് പരിഭാഷയിൽ കാണുന്ന “സല്യൂട്ട് ചെയ്തു” എന്ന ആശയം സഹോദരന്മാരോടുള്ള ആദരവും ബഹുമാനവും സൂചിപ്പിക്കുന്നു. മൂത്തവരെ ചേട്ടാ, ചേച്ചി, അച്ചാച്ചൻ, അമ്മാമ എന്നിങ്ങനെ ആദരവോടെ വിളിച്ചിരുന്ന നമ്മുടെ സംസ്കാരവും കുടുംബബന്ധങ്ങളിലെ ബഹുമാനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു. ഭാര്യമാർ ഭർത്താക്കന്മാരെ ബഹുമാനത്തോടെ
പേരിനൊപ്പം അച്ചായാ അല്ലെങ്കിൽ അച്ചാച്ചാ എന്ന് ചേർത്തു വിളിക്കുമായിരുന്നു. ഇന്നിപ്പോൾ ഭാര്യ ഭർത്താവിനെ പേര് തന്നെ വിളിക്കുന്ന ഒരു കാലത്തിലേക്ക് നമ്മൾ എത്തിനിൽക്കുന്നു. ഇന്ന് ബന്ധങ്ങൾക്കിടയിൽ ബഹുമാനവും ആദരവും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ദാവീദിന്റെ മാതൃക നമ്മെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കട്ടെ. ദൈവം ഉയർത്തുന്നവൻ മറ്റുള്ളവരെ താഴ്ത്തിക്കാണിക്കുന്നവനല്ല, മറിച്ച് അധികാരത്തിന്റെയും സ്ഥാനത്തിന്റെയും മുമ്പിൽ വിനയവും ബന്ധങ്ങളിൽ സ്നേഹവും കാത്തുസൂക്ഷിക്കുന്നവനാണ്.
ഗോലിയാത്തിനെ വീഴ്ത്തുന്നതിനു മുമ്പുതന്നെ ദാവീദിന്റെ ജീവിതത്തിൽ ഈ വിധത്തിലുള്ള *സൽസ്വഭാവങ്ങൾ* ദൈവം കണ്ടിരുന്നു. യിശ്ശായിയുടെ വീട്ടിൽവെച്ച് ശമൂവേൽ ദാവീദിനെ അഭിഷേകം ചെയ്തപ്പോൾ അവൻ ഒരു വലിയ സൈനികനായിരുന്നില്ല, ആടുകളെ മേയിച്ചുകൊണ്ടിരുന്ന ഒരു സാധാരണ ബാലനായിരുന്നു. എന്നാൽ ദൈവത്തിന്റെ ദൃഷ്ടി മനുഷ്യന്റെ ബാഹ്യരൂപത്തിലല്ല, ഹൃദയത്തിലാണ് (1 ശമൂ: 16:7).
അതുകൊണ്ട് പ്രിയ ദൈവപൈതലേ, നിന്റെ ജീവിതത്തിൽ ഗോല്യാത്ത് പോലുള്ള വെല്ലുവിളികളെ ജയിക്കുവാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം നിന്റെ സ്വഭാവത്തെ ദൈവസന്നിധിയിൽ സമർപ്പിക്കുക. അച്ചടക്കമുള്ള ജീവിതവും ഉത്തരവാദിത്വബോധവും മുതിർന്നവരോടുള്ള ബഹുമാനവും വിനയവും വിശ്വസ്തതയും നിന്റെ ജീവിതത്തിൽ വളരട്ടെ.
ഇവ ഒരു ദിവസംകൊണ്ട് കൈവരിക്കുന്ന ഗുണങ്ങളല്ല, ദൈവസന്നിധിയിലെ നിരന്തരമായ പരിശീലനത്തിലൂടെയും ചെറിയ കാര്യങ്ങളിലെ വിശ്വസ്തതയിലൂടെയും രൂപപ്പെടുന്ന സ്വഭാവങ്ങളാണ്. ഗോല്യാത്തിനെ വീഴ്ത്തുന്നതിനു മുമ്പ് ദാവീദിനെ രൂപപ്പെടുത്തിയ ദൈവം ഇന്നും വലിയ നിയോഗങ്ങൾക്കായി തന്റെ മക്കളെ ചെറിയ കാര്യങ്ങളിലൂടെ ഒരുക്കിക്കൊണ്ടിരിക്കുന്നു. അതിനാൽ അഭിഷേകത്തിനായി മാത്രം കാത്തിരിക്കാതെ, അഭിഷേകത്തിന് അനുയോജ്യമായ സ്വഭാവം രൂപപ്പെടുത്തുവാൻ നമുക്ക് ശ്രമിക്കാം. കാരണം, വിജയത്തിന്റെ വേദിയിൽ ദൈവം ഉയർത്തുന്നത് വീര്യപ്രവർത്തികൾ ചെയ്യുന്നവരെ മാത്രമല്ല, അവിടുത്തെ ഹൃദയപ്രകാരമുള്ള സ്വഭാവം രൂപപ്പെടുത്തുന്നവരെയുമാണ്.
പാസ്റ്റർ സാബു ചെറിയാൻ, അബുദാബി

- Advertisement -


Comments are closed.