ലേഖനം: സംസാരിക്കുന്ന തുണിക്കഷ്ണങ്ങൾ | രാജൻ പെണ്ണുക്കര
യാക്കോബ് തന്റെ ഇഷ്ടപുത്രനായ ജോസഫിന് സമ്മാനിച്ച നിലയങ്കിയുടെ ആദ്യ നിറം മാറി ഇന്ന് അതിന് ചോരയുടെ നിറമാണ്. ജീവന്റെ തുടിപ്പുള്ള രക്തത്തിൽ മുക്കിയെടുത്ത സത്യം മാത്രം സംസാരിക്കുന്ന അങ്കി. എത്ര കഴുകിയാലും പോകാത്ത വിധം ചിലരാൽ ജീവൻ പോയ നിരപരാധിയായ മൃഗത്തിന്റെ രക്തക്കറയാൽ തിരിച്ചറിയാൻ ആവാത്തവിധം നിറം മാറിപ്പോയ അങ്കി. സത്യവാൻ ചമഞ്ഞുകൊണ്ട് വ്യാജത്താൽ കാര്യങ്ങൾ അവർക്ക് ഹിതം ആകും വിധം സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും നിർദോഷിയായ ഒരു കോലാട്ടുകൊറ്റന്റെ രക്തത്താൽ വിതുമ്പി കരയുന്ന അങ്കി. ആ തുണി കൈയ്യിൽ പിടിച്ചുകൊണ്ടു എത്ര അസത്യം പുലമ്പി സ്ഥാപിക്കാൻ ശ്രമിച്ചാലും അതിൽ ചോരയുടെ മണവും തുടിക്കുന്ന ജീവന്റെ അംശവും പുരണ്ടിട്ടുണ്ടെന്ന സത്യം മറന്നുപോയ മണ്ടന്മാർ. കണ്ണടച്ചു പിടിച്ചാലും കാണാം വൃദ്ധനായ യാക്കോബ് അരയിൽ രട്ടുശീല ചുറ്റി രക്തക്കറ പുരണ്ട അങ്കിയെ നോക്കി എന്നും നെടുവീർപ്പിടുന്ന കരൾ അലിയിക്കുന്ന കാഴ്ച. ഇതിനെല്ലാം ഒത്താശ കൊടുത്തവരും ചെയ്തവരും ചെയ്യിപ്പിച്ചവരും കണക്കു പറയുന്ന ദിനം സമീപം എന്ന് അറിയാതെ പോയ മണ്ട ശിരോമണികൾ. ഒരുവൻ വിവസ്ത്ര ധാരിയായി പൊട്ടകിണറ്റിലും അവനുവേണ്ടി സ്വന്ത വസ്ത്രം കീറുന്ന രൂബേനും യാക്കോബും.

പാപക്കറ ഇല്ലാത്ത തുണി പാപക്കറയുള്ള പൊത്തിഫെറിന്റെ ഭാര്യയുടെ കയ്യിൽ കിട്ടിയപ്പോൾ സ്വയരക്ഷയ്ക്ക് വേണ്ടി പാപക്കറയുള്ള തുണിയായി മാറ്റിയെടുത്ത് അതിനെ മൂർച്ചയുള്ള ആയുധമാക്കി ഉപയോഗപ്പെടുത്തുന്ന മനസ്സാക്ഷി ഇല്ലാത്തവൾ. ചില നഗ്നസത്യങ്ങൾ അന്ന് വിളിച്ചു പറയുവാൻ ആഗ്രഹിച്ച് നെടുവീർപ്പിട്ട വസ്ത്രം, പക്ഷെ ആരു കേൾക്കും ആ ദീനരോദനം. ചില സത്യങ്ങൾ പ്രാണരക്ഷാർത്ഥം ഉപേക്ഷിച്ചു ഓടുമ്പോൾ ഒരുനിമിഷം കൊണ്ട് മുതലകണ്ണീരും നിലവിളിയും ഉയർത്തി ആ സത്യത്തേ അസത്യമായി മാറ്റി കാരാഗൃഹത്തിൽ വരെ എത്തിക്കാൻ കഴിവുള്ളവൾ എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞവൾ. എന്നാൽ ആ വസ്ത്രം എങ്ങനെ അവിടെ വന്നു എന്നതിന്റെ യാഥാർഥ്യം അറിയുവാൻ ശ്രമിക്കാത്തവരുടെ മുന്നിൽ അതൊരു കച്ചിത്തുരുമ്പായി, വിജയക്കോടിയായി നിഷ്പ്രയാസം മാറ്റിയെടുക്കാമെന്ന് തെളിയിച്ചവൾ. ചില സത്യങ്ങൾ അസത്യക്കാരുടെ കയ്യിൽ ലഭിച്ചാൽ ഒരുനിമിഷം കൊണ്ട് അസത്യമായി മാറ്റാമെന്നും അതുപോലെ ചില കള്ളങ്ങൾ അസത്യക്കാരുടെ കയ്യിൽ ലഭിച്ചാൽ അനായാസം സത്യമാക്കി ചിത്രീകരിക്കാനും കഴിയുമെന്നന്നതിന് മകുടോദാഹരണം ആയി മാറിയവൾ. നുണ ആവർത്തിച്ചാൽ സത്യമാകില്ല എങ്കിലും ഒരു നുണ ആയിരം പേർ ഒരുമിച്ച് പറഞ്ഞാൽ സത്യമായി തന്നേ തൊന്നും, ആളുകൾ അത് വിശ്വസിക്കാൻ തുടങ്ങും” എന്ന കാര്യം ഒരു ഉദാഹരണത്താൽ തെളിയിച്ചവൾ.
അൽപ്പക്കാലത്തേക്ക് വിജയിച്ചു നിൽക്കുന്ന പത്തു പുരുഷന്മാർ ഒരുതട്ടത്തിലും, മറുതട്ടത്തിൽ വിജയിച്ചു നിൽക്കുന്ന ഒരു സ്ത്രീയും . ഇതിന്റെ മദ്ധ്യേ രണ്ടു കേസിലും ഇര (Victim) ഒരാളും. ഇന്നു നിങ്ങൾ വിജയകൊടി പാറിച്ചാലും അനീതിക്ക് അല്പായുസ്സാണെന്ന് തെളിയിക്കുന്ന ഉദാഹരണം. ഇന്നവർ വിജയശ്രീലാളിതർ ആയെങ്കിൽ നാളെ അവർക്ക് തലകുനിക്കേണ്ടുന്ന അവസ്ഥ ഉണ്ടാകുമെന്ന് മറന്നുപോയവർ.
എന്നാൽ പതിറ്റാണ്ടുകൾക്ക് ശേഷം ഈ സഹോദരങ്ങൾ ജോസഫ്നോട് ഞങ്ങളുടെ ഒരു സഹോദരനെ കണ്മുന്നിൽ വെച്ച് ദുഷ്ടമുഗം കടിച്ചു കീറി കളഞ്ഞു, അവന്റെ രക്തം പുരണ്ട അങ്കി ഇന്നും ഞങ്ങളുടെ അപ്പന്റെ കൈയ്യിൽ ഉണ്ടെന്ന് പറയാതെ “ഞങ്ങളുടെ ഒരു സഹോദരൻ ഇപ്പോൾ ഇല്ല” എന്ന സത്യം പറഞ്ഞ നിമിഷം. നീ എത്ര കള്ളം പറഞ്ഞാലും ഒരു ദിവസം അറിയാതെയെങ്കിലും നിന്റെ നാവിൽ നിന്നും സത്യം പുറത്തുവരുമെന്ന് തെളിഞ്ഞ ദിനം. ഹത്യ ചെയ്തവരും നിന്റെ നേരെ കൈപൊക്കിയവരും ഗൂഢാലോചന ചെയ്തവരും ഒത്താശ കൊടുത്തവരും ദൈവം ഞങ്ങളുടെ പക്ഷത്താണ്, ദൈവീക അനുഗ്രഹവും ഉണ്ടെന്ന് കരുതി അന്ന് പലതലങ്ങളിൽ ക്ഷേമമായി വിഹരിച്ചപ്പോൾ, ഓർക്കപ്പുറത്ത് നെട്ടോട്ടം ഓടിക്കുന്ന കഠിന ക്ഷാമം ജീവിതത്തിൽ വരുമെന്ന മർമ്മം മറന്നുപോയവർ. എന്നാൽ അതേസമയം അതിനോടൊപ്പം സമാന്തരമായി നിങ്ങൾ ഹത്യ ചെയ്തവനെ ഉയർത്തി യോഗ്യമായ സ്ഥാനത്ത് ഇരുത്തി മാനിച്ച് മുന്നിൽ സത്യവാൻ ചമഞ്ഞു നിൽക്കുന്ന മാന്യന്മാർക്ക് ജോസഫ് സ്വയം ആരെന്നു വെളിപ്പെടുത്തുന്ന നിമിഷം വരേയും തിരിച്ചറിയാൻ ആവാത്ത വിധം അവന്റെ രൂപവും ഭാവവും ഭംഗിയും പദവിയും വസ്ത്രധാരണവും മാറ്റിമറിക്കുന്നതാണ് ദൈവീകനീതിയും പദ്ധതിയും എന്ന് തെളിയിച്ചു കാണിച്ച വാക്കുതെറ്റിക്കാത്ത വ്യാജം പറയാത്ത വലിയവനായ ദൈവവമാണ് പിന്നിൽ എന്ന് തിരിച്ചറിയാൻ വൈകിപ്പോയ മരമണ്ടന്മാരും.
യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് എന്താണ്.. നാളെ നടക്കാൻ പോകുന്ന ചില സത്യങ്ങൾ ഇന്ന് വിളിച്ചു പറയുന്നവനും, അതുപോലെ ഇന്ന് തെറ്റിൽ അകപ്പെടാതെ ഓടി രക്ഷപെടാൻ ശ്രമിക്കുന്നവനും നേരിടേണ്ടി വരുന്ന ദുരവസ്ഥ. പ്രിയരെ സത്യം നീതി ന്യായം പറഞ്ഞാൽ, നിലകൊണ്ടാൽ ഇതുതന്നെയാണ് അവസ്ഥ. നിനക്കൊരു പൊട്ടകിണറും നിനക്ക് ചുറ്റും ഇരുട്ടും നിന്നേ കൂട്ടത്തിൽ നിന്നും വെട്ടി നിസാരവിലക്ക് വിൽക്കുന്ന ദിനവും ഉണ്ട്. നിനക്ക് ചുറ്റും ക്ഷുദ്രജീവി ഉണ്ടെങ്കിലും അത് നിന്നേ തൊടില്ല കാരണം അതിലും ഉഗ്രവിഷമുള്ള സഹോദരങ്ങൾ ആണ് നിന്റെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണക്കാർ. നീ വിശുദ്ധിക്കുവേണ്ടി നിന്നാലോ കാരാഗ്രഹവാസവും തറയിൽ കിടക്കേണ്ടുന്ന അവസ്ഥയും ഉറപ്പാണ്. അല്ലയോ ജോസഫേ നീ വളർന്ന സ്ഥലത്ത് നിന്നാൽ നിന്റെ വളർച്ച മുരടിച്ച് നിന്റെ ഉയർച്ചയെ അത് ബാധിക്കും. അതുകൊണ്ട് ആ യാത്രയിൽ നിന്റെ മേലുള്ള നിയോഗത്തിന്റെ പൂർത്തികരണത്തിന് ചില ദുഷ്ടസഹോദരങ്ങളും പൊട്ടകിണറും പൊത്തിഫെറിന്റെ വീട്ടുകാരെ പോലുള്ളവരും കാരാഗ്രഹവും മുഖാമുഖം വരും.
പൂർണ്ണമായ അനേക അസത്യങ്ങളെക്കാൾ ഏറ്റവും അപകടകാരിയാണ് ഒരു അർദ്ധസത്യം (Half-truth) എന്ന് നാം തിരിച്ചറിയണം. പലപ്പോഴും അർദ്ധസത്യം മാത്രം അറിഞ്ഞിട്ട് എടുത്തു ചാടുന്നവരുടെ അവസ്ഥ ചിന്തിക്കുക. അർദ്ധസത്യം പൂർണമാകുന്ന നാളുവരേയും അത് അസത്യമായി തന്നേ അവശേഷിക്കും. ഈ രണ്ടു തുണികൾക്കും സംസാരശേഷി വന്നാൽ എന്തെല്ലാം വിളിച്ചുപറയും അപ്പോൾ എന്താകും അവരുടെ സ്ഥിതി.
രാജൻ പെണ്ണുക്കര

- Advertisement -


Comments are closed.