ലേഖനം: അപ്പൊസ്തൊലനായ പൗലോസ് കപ്പൽ മുതലാളിയുടെ മകനോ? ഒരു ചരിത്ര അവലോകനം | പാസ്റ്റർ ജോൺസൺ തോമസ്, പത്തനാപുരം
കഴിഞ്ഞ ചില വർഷങ്ങളായി ക്രൈസ്തവ പൊതു വേദികളിൽ (ഒരുപക്ഷേ പെന്തക്കോസ്തു വേദികളിൽ മാത്രം) മുഴങ്ങി കേൾക്കുന്ന വാദമാണ് പൗലോസിന്റെ കുടുംബം കപ്പൽ ബിസിനസ് ചെയ്തിരുന്നവർ ആയിരുന്നു എന്നത്. ഈ ലേഖനം ചരിത്ര-വചന യാഥാർഥ്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് പ്രസ്തുത വിഷയം സത്യമോ മിഥ്യയോ എന്ന് ഗൗരവമായി അവലോകനം ചെയ്യുകയാണ്.

1. അവകാശ വാദം:
പൗലോസ് അപ്പോസ്തോലന്റെ പിതാവും കുടുംബവും സമ്പന്നമായ കപ്പൽ വ്യാപാര പശ്ചാത്തലമുള്ളവർ ആയിരുന്നു, അദ്ദേഹത്തിന് അനേകം കപ്പലുകൾ സ്വന്തമായിരുന്നു എന്നതൊക്കെയാണ് ഈ അവകാശ വാദത്തിന്റെ ആകെ തുക. സാധാരണയായി “എനിക്ക് ലാഭമായിരുന്നത് ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്ന് എണ്ണിയിരിക്കുന്നു” എന്ന ഫിലിപ്പിയ ലേഖനത്തിലെ പൗലോസിന്റെ വാക്കുകളെ (ഫിലി 3:7) വർണ്ണിക്കുവാൻ വേണ്ടിയാണ് ഇത്തരമൊരു വാദം പ്രസംഗിക്കപ്പെടുന്നതു. ഉദ്ദേശ്യം മാർഗത്തെ സാധൂകരിക്കുന്നില്ല. അതുകൊണ്ട് തന്നേ ഈ വാദം ഇഴകീറി പരിശോധിക്കേണ്ടത് അനിവാര്യമാണ്.
2. ഉറവിടം:
ക്രൈസ്തവ സഭയുടെ ആദിമ നൂറ്റാണ്ടുകളിലെ എഴുത്തുകളിലോ സഭാ പിതാക്കന്മാരുടെ വിശദീകരണങ്ങളിലോ കാനോനികമല്ലാത്ത പുസ്തകങ്ങളിലോ എങ്ങും തന്നേ ഇങ്ങനെയൊരു വിവരം അടങ്ങിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അതിശയകരമായ കാര്യം രണ്ടാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ എഴുതപ്പെട്ട, കാനോനിൽ ചരിത്ര പരമായ വിശ്വാസ്യത ലഭിക്കാതിരുന്ന “പൗലോസിന്റെയും തെക്ലയുടെയും പ്രവർത്തികൾ” (Acts of Paul and Tecla) പോലെയുള്ള ലിഖിതങ്ങളിൽ പോലും ഇങ്ങനെയൊരു വാദം ഉണ്ടായിട്ടില്ല. ആധുനീക പുതിയ നിയമ എഴുത്തുകാരോ കമെൻറികളോ ഇത്തരമൊരു പരാമർശം നൽകുന്നില്ല. അങ്ങനെയെങ്കിൽ ഇത്തരമൊരു വാദം എങ്ങനെ നമ്മിലേക്കെത്തി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.
3. വസ്തുതാവലോകനം:
പൗലോസിന്റെ ജീവിതത്തിന്റെ ഏറ്റവും ആധികാരികമായ ഉറവിടങ്ങൾ തന്റെ ലേഖനങ്ങളും, വൈദ്യനും തന്റെ സഹയാത്രികനും ആയിരുന്ന ലൂക്കോസിനാൽ വിരചിതമായ അപ്പോസ്തൊല പ്രവർത്തികളുടെ പുസ്തകവുമാണ്. പൌലൊസ് തന്റെ ലേഖനങ്ങളിൽ ഒരിക്കലും വ്യക്തിപരമായ പരാമർശങ്ങൾക്ക് ഇടം നല്കിയിട്ടില്ല. തന്റെ ഹൃദയം മുഴുവനും സഭകപ്രതികരിച്ചുളെയും ദൈവ രാജ്യത്തെയും കുറിച്ചുള്ള ആത്മ ഭാരമായിരുന്നു. വളരെ ചുരുക്കം സന്ദർഭങ്ങളിൽ ചില വിഷയങ്ങളോട് കൊണ്ട് സ്വന്തം പശ്ചാത്തലം പൌലൊസ് വിവരിക്കുന്നുണ്ട്. ഫിലിപ്പിയ ലേഖനത്തിൽ പൗലോസിന്റെ സ്വന്തം വാക്കുകളിൽ തനിക്കു ജഡത്തിൽ പ്രശംസിക്കാനുള്ളതു (ഫിലിപ്പിയർ 3:5-6)
i. എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ
ii. യിസ്രായേൽ ജാതിക്കാരൻ
iii. ബെന്യാമിൻ ഗോത്രക്കാരൻ
iv. എബ്രായരിൽ നിന്നും ജനിച്ച എബ്രായൻ
v. ന്യായ പ്രമാണം സംബന്ധിച്ചു പരീശൻ
vi. ശുഷ്‌കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ
vii. ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യൻ.
എന്നിവയിൽ മാത്രമാണ്. ഇവിടെയൊന്നും മുകളിൽ പരാമർശിക്കപ്പെട്ട വാദത്തെ ന്യായീകരിക്കാൻ ഒന്നും തന്നെയില്ല.
മറുഭാഗത്ത്, ലൂക്കോസ് എന്ന ചരിത്രലേഖകൻ പൗലോസിന്റെ കൂടുതൽ വ്യക്തിപരമായ വിവരണങ്ങൾ സാന്ദർഭീകമായി പകർന്നു നൽകുന്നുണ്ട്.
a. പൗലോസിന്റെ ജനനം കിലിക്യയിലെ തർസോസിൽ ആയിരുന്നു (അപ്പൊ 22:3)
b. ആ പട്ടണത്തിലെ തന്നേ പൗരത്വം (citizenship) ലഭിച്ച, അഥവാ റോമൻ പൗരനായ വ്യക്തിയായിരുന്നു പൌലൊസ്. (അപ്പൊ 21:39)
c. അദ്ദേഹത്തിന്റെ റോമൻ പൌരത്വം ജന്മനാ ലഭിച്ചതാണ്, മാതാപിതാക്കളും റോമൻ പൗരത്വം ഉള്ളവർ ആയിരുന്നു. (അപ്പൊ 22:27-28)
d. പൗലോസ് ഒരു skilled labour ൽ പ്രാവീണ്യം നേടിയിരുന്നു. “തൊഴിലോ കൂടാരപണി ആയിരുന്നു” എന്നു pop ലൂക്കോസ് പറയുന്നു. (അപ്പൊ 18:3)
e. പൗലോസിന്റെ മാതാപിതാക്കൾ ആരെന്നു പറയുന്നില്ല, എങ്കിലും പൗലോസിനു ഒരു സഹോദരിയും അവർക്കു കുടുംബവും മകനും ഉണ്ടായിരുന്നു (അപ്പൊ 23:16)
f. തന്റെ മാതാ പിതാക്കൾ പരീശന്മാർ ആയിരുന്നു. (അപ്പൊ 23:6)
ഇത്രയുമാണ് ലൂക്കോസ് പ്രധാനമായി പൌലൊസിന്റെ കുടുംബ പശ്ചാത്തലത്തെ പറ്റി പരാമർശിച്ചിരിക്കുന്നത്. മുകളിൽ പറഞ്ഞ തെളിവുകളിൽ ഏറ്റവും ഒടുവിലത്തെതിന് വിശദീകരണം അനിവാര്യമാണ്. അപ്പോ 23:6 പറയുന്നു “ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു.”
ഇവിടെ ‘പരീശൻമാരുടെ മകൻ’ എന്ന പ്രസ്താവന ബഹുവചന രൂപത്തിൽ ഉപയോഗിച്ചത് എന്തുകൊണ്ടായിരിക്കാം? രണ്ടു സാദ്ധ്യതകൾ ആണുള്ളത്.
ഒന്ന്, പൗലോസിന്റെ പിതാവും മാതാവും പരീശർ ആയിരുന്നിരിക്കാം. രണ്ടു, പൗലോസ് പരീശ പാരമ്പര്യത്തിൽ പെട്ട വ്യക്തി ആയിരിക്കാം. ഏത് തന്നെയായാലും, ഒരു വ്യക്തി പരീശ പാരമ്പര്യത്തിൽ ജനിച്ചത് തന്റെ സാമ്പത്തീക ഭദ്രതയുടെയോ, വ്യാപാര ബന്ധങ്ങളുടെയോ തെളിവല്ല. പരീശൻ എന്നത് മതപരമായ തിരിച്ചറിയലാണ്, സാമ്പത്തീകമായ വർഗീകരണം അല്ല.
4. ചില ശ്രദ്ധേയമായ ചരിത്ര സാധ്യതകൾ:
a. പൗലോസിന്റെ ജീവിതത്തിൽ നിരവധി കടൽയാത്രകൾ ഉണ്ടായിരുന്നുവെന്നത് സത്യമാണ്. അദ്ദേഹത്തിന്റെ മിഷനറി യാത്രകളിൽ കപ്പലുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ കപ്പലിൽ യാത്ര ചെയ്തു എന്നതുകൊണ്ട് അദ്ദേഹത്തിന്റെ പിതാവ് കപ്പൽ ഉടമയായിരുന്നു എന്ന് തെളിയിക്കാനാവില്ല. യാത്രക്കാരനായിരിക്കുക എന്നതും കപ്പലിന്റെ ഉടമയുടെ കുടുംബത്തിൽപ്പെട്ടവനായിരിക്കുക എന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്.
അപ്പൊസ്തലപ്രവൃത്തികൾ 27 ആം അധ്യായത്തിൽ അധ്യായത്തിൽ പൗലോസ് യാത്ര ചെയ്ത കപ്പലിന്റെ ഉടമസ്ഥതയും അതിന്റെ നിയന്ത്രണവും സംബന്ധിച്ച വിവരങ്ങൾ കാണാം. എന്നാൽ ആ കപ്പലിന്റെ ഉടമ പൗലോസിന്റെ പിതാവായിരുന്നു എന്നൊരു സൂചനയും അവിടെ ഇല്ല.
b. പൗലോസ് തർസോസിൽ ജനിച്ചവനായിരുന്നു. തർസോസ് ഒരു പ്രധാന വാണിജ്യ നഗരമായി അനുമാനിക്കപ്പെടുന്നു. പഴയ നിയമത്തിലെ ചില ഭാഗങ്ങൾ തർശീശ് കപ്പലുകളെ പറ്റി പരാമർശിക്കുന്നുണ്ട്:
i. “ശലോമോൻ രാജാവിന് തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു.” (1 രാജാ 10:22)
ii. “Smartwatch തർശീശ് കപ്പലുകളെ ഉണ്ടാക്കി.” (2 രാജാ 22:48)
iii. യോനാ പ്രവാചകൻ തർശീശിലേക്ക് കപ്പൽ കയറുന്നു. (യോനാ 1:3)
iv. യെശയ്യാവ് തർശീശ് കപ്പലുകളെ ഗർവ്വത്തോട് ഉപമിക്കുന്നു.
v. (സങ്കീ 48:7) ദൈവം കിഴക്കൻ കാറ്റുകൊണ്ട് തർശീശ് കപ്പലുകളെ ഉടച്ചു കളയുന്നു.
ഈ വാക്യങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് പൗലോസിന്റെ ജന്മനഗരമായ തർസോസും കപ്പൽ വ്യാപാരവുമായി ബന്ധം ഉണ്ടായിരുന്നു എന്നതാണ്.
5. ഈ വാദത്തിന്റെ യുക്തിപരമായ പ്രശ്നം:
മുകളിൽ നിരത്തപെട്ട വസ്തുതകൾ തർസോസും കപ്പൽ വാണിജ്യവുമായി ബന്ധം ഉണ്ടായിരുന്നു എന്നു മാത്രമാണ്, ഇവയൊന്നും തന്നെ ‘പൗലോസ് കപ്പൽ വ്യാപാരിയുടെ മകൻ’ എന്നതിന് തെളിവല്ല. പൗലോസ് തർസോസിൽ ജനിച്ചത് കൊണ്ട് കപ്പൽ വ്യാപാരിയുടെ മകൻ ആണെന്നതു, ഒരാൾ കൊല്ലം ജില്ലയിൽ ജനിച്ചത് കൊണ്ട് തന്റെ പിതാവ് കശുവണ്ടി ഫാക്ടറി ഉടമ ആയിരുന്നു എന്ന് അനുമാനിക്കുന്നതിനു തുല്യമാണ്. ഈ അനുമാനം നമ്മെ ‘argument from association’ അല്ലെങ്കിൽ ‘argument from silence’ എന്ന യുക്തി പിഴവിലേക്കാണ് നയിക്കുന്നത്.
6. ഉപസംഹാരം:
പൗലോസിന്റെ പിതാവ് കപ്പൽ ഉടമയായിരുന്നു എന്നും അദ്ദേഹത്തിന് കപ്പലുകൾ സ്വന്തമായിരുന്നു എന്നും തെളിയിക്കുന്ന വിശ്വസനീയമായ പുരാതന തെളിവുകൾ നിലവിൽ ലഭ്യമല്ല. ഒരുപക്ഷേ ഏതെങ്കിലുമൊരു പ്രഭാഷകനോ എഴുത്തുകാരനോ അതിശയോക്തി കലർത്തി ജനത്തെ ആവേശഭരിതരാക്കാൻ തുനിഞ്ഞത് അനേകർ ഏറ്റു പിടിച്ചുവെന്നു മാത്രം…!
7. തിരുത്തൽ?
ഈ ഉത്തരാധുനീക യുഗത്തിൽ സത്യരാഹിത്യവും, അർത്ഥസത്യങ്ങളും കളം നിറയുമ്പോൾ പുതു തലമുറ പിൻഗമിക്കേണ്ടത് സത്യങ്ങൾ മാത്രമാണ്. അർത്ഥസത്യങ്ങൾ പ്രസംഗിച്ചു വേദികൾ ഇളക്കാം, ശ്രോതാവിന്റെ കാതുകൾക്ക് കുളിർമയേകാം പക്ഷേ പുതു തലമുറ fact-check ചെയ്യുമ്പോൾ നമ്മൾ പ്രസംഗിച്ച സന്ദേശത്തിന്റെ അധികാരീകത തന്നെ ചോദ്യം ചെയ്യപ്പെടും. തിരുത്തണോ വേണ്ടയോ എന്നത് വ്യക്തി പരമായി തീരുമാനിക്കാം.
പാസ്റ്റർ ജോൺസൻ തോമസ്, പത്തനാപുരം

- Advertisement -


Comments are closed.