ഭാവന: നല്ല യജമാനൻ | ഷെറിൻ ബ്ലെസൻ

എന്നെപറ്റി നിങ്ങൾ ഒരുപാട് തവണ കേട്ടിട്ടുണ്ടാകാം. എല്ലാവരും എന്നെ മണ്ടനും, മടിയനും, കഴിവില്ലാത്തവനുമായി ആണ് കാണുന്നത് . പക്ഷെ എന്റെ സമൂഹത്തിൽ എന്നെ ദൈവം മാനിച്ച കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

News Middle Advt Banner

ഞങ്ങൾ പാരമ്പര്യമായി മറ്റുള്ളവരുടെ അടിമപ്പണികൾ ചെയ്താണ് ജീവിച്ചിരുന്നത്. ഞാനും എന്റെ അമ്മയും ഒരു യജമാനന്റെ വീട്ടു ജോലികൾ ചെയ്തു, സംതൃപ്തിയോടെ അല്ലെങ്കിലും ജീവിച്ചു വരികയായിരുന്നു. വെറുതെ ഇരിക്കുന്ന സമയങ്ങളിൽ അമ്മ ധാരാളം കഥകൾ എന്നെ പറഞ്ഞു കേൾപ്പിക്കുമായിരുന്നു. അമ്മയുടെ കഷ്ടപ്പാടിന്റെ കഥകൾ ആണ് സാധാരണയായി പറഞ്ഞു കേൾക്കാറുള്ളത്. അന്നു യാദൃശ്ചികമായി ഞങ്ങളുടെ പൂർവികർ പറഞ്ഞു തന്ന ഒരു കഥയാണ് എന്നോട് പറഞ്ഞു കൊണ്ടിരുന്നത്. എന്റെ ഒരു മുത്തശ്ശിയുടെ കഥ…

അതു ഇങ്ങനെ ആയിരുന്നു….

മുത്തശ്ശി തന്റെ ബിലയാം എന്ന യജമാനനെ വളരെ ആത്മാർത്ഥമായി സേവിച്ച വ്യക്തി ആയിരുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യൻ ആയതുകൊണ്ടും അനുഗ്രഹിക്കപ്പെട്ടവൻ ആയതു കൊണ്ടും മുത്തശ്ശിക്ക് വളരെ സന്തോഷകരമായ ജീവിതമായിരുന്നു അവിടെ. എങ്കിലും ആവശ്യത്തിൽ അധികം അടിമപ്പണികൾ ആ വീട്ടിൽ ഉണ്ടായിരുന്നു. വർഷങ്ങളോളം തന്റെ യജമാനനെ സഹായിച്ചു ജീവിച്ചു കൊണ്ടിരിക്കെ, ഒരു ദിവസം തന്നെയും കൂട്ടി അദ്ദേഹം എവിടേക്കോ യാത്ര തിരിച്ചു. യജമാനൻ അന്നു പതിവിലും വ്യത്യസ്തൻ ആയി വളരെ അസ്വസ്ഥനായി കാണപ്പെട്ടു. എന്താണെന്നു മുത്തശ്ശിക്ക് ഒന്നും മനസ്സിലായില്ല… യജമാനന്റെ ഒപ്പം താനും അങ്ങനെ മുൻപോട്ടു പൊയ്ക്കൊണ്ടിരുന്നു. അപ്പോൾ അതാ ഞങ്ങൾ പോകുന്ന മുന്തിരിത്തോട്ടത്തിനു ഇടയിലുള്ള ഇടുക്കുവഴിയിൽ, ഊരിപ്പിടിച്ച വാളുമായി തേജസ്സാൽ നിറയപ്പെട്ട ഒരു വ്യക്തി നിൽക്കുന്നു. കണ്ടിട്ടു ദൈവ ദൂതനെപ്പോലെ… തനിക്കു മുൻപോട്ടു പോകുവാൻ കഴിഞ്ഞില്ല…

മുത്തശ്ശിയുടെ ഉള്ളിൽ ഭയം തോന്നി. താൻ മുൻപോട്ടു പോകാതെ നിന്നതുകൊണ്ടു ദേഷ്യം വന്ന യജമാനൻ ആ പാവത്തെ പൊതിരെ തല്ലി. പക്ഷെ ആ ദൈവ പുരുഷനെ മറികടന്നു തനിക്കു പോകുവാൻ കഴിഞ്ഞില്ല. യജമാനൻ തന്നെ അടിച്ചതിന്റെ ദേഷ്യത്തിൽ അദ്ദേഹത്തിന്റെ കാൽ മതിലിനിടയിൽ വച്ച് താൻ ഞെരിച്ചു. കോപം അടക്കുവാൻ കഴിയാതെ രണ്ടാം പ്രാവശ്യവും തന്നെ അടിച്ചു. “എന്റെ യജമാനൻ ഇത്ര ക്രൂരനായിരുന്നോ?” “മുൻപിൽ വാളുമായി നിൽക്കുന്ന ഈ മനുഷ്യനെ അദ്ദേഹം കാണുന്നില്ലല്ലോ” എന്ന് ആ പാവം പിറുപിറുത്തു. പിന്നേയും മുൻപോട്ടു പോകുവാൻ ശ്രമിച്ചപ്പോൾ ദൂതൻ തടഞ്ഞതിനാൽ മുത്തശ്ശി താഴെ വീണുകിടന്നു. അപ്പോൾ പിന്നേയും അടിക്കാൻ തുടങ്ങി. ദേഷ്യത്തോടെ അയാൾക്കിട്ടു രണ്ടു ചവിട്ടു കൊടുക്കാം എന്ന് വിചാരിച്ചു എഴുന്നേൽക്കാൻ ശ്രമിച്ച തന്റെ നാവിൽ എന്തോ ഒന്ന് ഉടക്കിയതുപോലെ… അതുവരെ ബ്രെ…ബ്രെ… എന്ന് മാത്രം പറഞ്ഞിരുന്ന ഒരു സാധാരണ കഴുതയായ താൻ മനുഷ്യരുടെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു തുടങ്ങി. അപ്പോൾ യജമാനന്റെ കണ്ണു തുറന്നു. ഊരിപ്പിടിച്ച വാളുമായി ദൂതൻ വഴിയിൽ നിൽക്കുന്നത് അയാൾ കണ്ടു. എന്തായാലും ഇതൊക്കെ ഒരു മായാജാലം പോലെ തനിക്കു തോന്നി. യജമാനനും ആ ദൈവദൂതനെ കാണാൻ സാധിച്ചതിൽ തനിക്കു സന്തോഷമായി. അയാൾ മുത്തശ്ശിയുമായി പിന്നേയും യാത്ര തുടർന്നു. മുന്നോട്ടുള്ള യാത്രയിൽ മനുഷ്യരുടെ ഭാഷയിൽ പിന്നേയും എന്തെങ്കിലും പറയണം എന്ന് തോന്നി. പക്ഷെ എന്തു പറയാൻ… ബ്രെ…ബ്രെ… എന്നുള്ള ശബ്ദം മാത്രമേ പുറത്തു വരുന്നുള്ളൂ. എന്തായാലും തങ്ങൾ പോയ കാര്യം ദൈവഹിതപ്രകാരം നിർവഹിച്ച് അവർ മടങ്ങി.

കഥയെല്ലാം പറഞ്ഞു തീർന്നപ്പോൾ ഞാൻ ഒന്നു നെടുവീർപ്പെട്ടു. എങ്കിലും ആ പാവത്തെ എത്ര പ്രാവശ്യം അടിച്ചു? എന്തു പറയാൻ? നമ്മുടെയൊക്കെ ജീവിതം മറ്റുള്ളവരുടെ അടികൊണ്ടു ജീവിക്കുക തന്നെ…

കഥകേട്ടു ദുഃഖിച്ചിരിക്കുമ്പോൾ അതാ ഒരാൾ ഓടി വരുന്നു. ഈ പെൺ കഴുതയേയും കുട്ടിയേയും യേശു എന്ന ഒരു യജമാനനു അത്യാവശ്യമായി വേണം എന്ന് അയാൾ പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. എന്റെ ദൈവമേ! ആ ബിലയാമിനെപ്പോലെയുള്ള വല്ല യജമാനനും ആണെങ്കിൽ ഞാൻ അടികൊണ്ടു ചത്തത് തന്നെ.. അതിനേക്കാൾ ഭേദം ഈ വീട്ടിലെ വേലകൾ ചെയ്തു ജീവിക്കുന്നതാണ്. എന്തായാലും അമ്മയോടൊപ്പം, മനസ്സോടെയല്ലെങ്കിലും ആളുടെ കൂടെ ഞങ്ങൾ പോയി. പോകുമ്പോൾ ഒരു ചിന്ത… ആരാണു ഈ യേശു? ബിലയാമിനെപ്പോലെ എന്നെ ഉപദ്രവിക്കുമോ ?

അപ്പോൾ അതാ അവിടെ ഒരു വലിയ ആൾക്കൂട്ടം… ആ ജനക്കൂട്ടത്തിന്റെ ഇടയിൽ നിന്നും സുന്ദരനായ ഒരു മനുഷ്യൻ എന്റെ അരികിലേയ്ക്കു നടന്നു വന്നു. എന്നെ മെല്ലെ തലോടി… ഇത്രയും സ്നേഹം ഒരു യജമാനന്റെ അടുത്തു നിന്നും ഇതുവരെ തനിക്കു കിട്ടിയിട്ടില്ല. ഞാൻ മെല്ലെ എന്റെ പുറം ചായ്ച്ചു കൊടുത്തു. ആ യജമാനൻ എന്റെ പുറത്തു കയറി. അവിടെ നിന്നിരുന്ന ജനകൂട്ടം തങ്ങളുടെ വസ്ത്രം ഞങ്ങളുടെമേൽ ഇട്ടു. നിലത്തൊക്കെ തുണിയും മറ്റു വിലപിടിപ്പുള്ള പരവതാനികളും വൃക്ഷ ശിഖരങ്ങളും കുരുത്തോലയും വിരിച്ചു തരുന്നു. എല്ലാവരും ഒന്നിച്ചു ” ദാവീദു പുത്രനു ഹോശന്നാ… കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ… അത്യുന്നതങ്ങളിൽ ഹോശന്നാ ” എന്ന് ആർത്തു കൊണ്ടിരുന്നു. ഞങ്ങൾക്ക് അത്ഭുതം തോന്നി… ഇതു വരെ ആരും ഞങ്ങൾക്ക് ഒരു വിലയും തന്നിരുന്നില്ല… ഇന്ന് ഞങ്ങൾക്ക് വളരെ വലിയ സ്വീകരണം തന്നെയാണ് കിട്ടിയത്. എനിക്കു ഒത്തിരി സന്തോഷമായി. എന്തായാലും കുറച്ചു ഗമയിൽ പുതിയ യജമാനനെയും വഹിച്ചു നടത്തം തുടങ്ങി. ഇന്ന് ഒരു ദിവസം എങ്കിലും കുറച്ചു ഗമയിൽ നടക്കാമല്ലോ എന്ന് വിചാരിച്ചു. പക്ഷെ അന്നു മുതൽ എന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങി. ഇന്ന് ഞാൻ പഴയ കഴുതയല്ല… എന്റെ നിന്ദ എല്ലാം മാറി… എവിടെ ചെന്നാലും യേശു കയറിയ കഴുത എന്ന പേരാണ് ഇപ്പോൾ എനിക്ക് ഉള്ളത്… ആ നല്ല യജമാനന്റെ അടുത്ത് എത്തപ്പെട്ടതുകൊണ്ട് ഇന്നും ഞാൻ എന്റെ സമൂഹത്തിൽ വ്യത്യസ്തൻ ആണ്…

പ്രിയരേ… നിങ്ങളും എന്നെപ്പോലെ നിരാശനാണോ… നിന്ദിക്കപ്പെട്ട വ്യക്തി ആണോ? എങ്കിൽ ആ നല്ല യജമാനന്റെ അടുത്തു വരിക… നിങ്ങൾക്കും മാന്യതയുണ്ടാകും. തള്ളപ്പെട്ട കല്ലിനെ മൂലക്കല്ലാക്കുവാൻ ദൈവത്തിനു നിശ്ചയമായും കഴിയും.

“ മൃഗങ്ങളോടു ചോദിക്കുക; അതു നിന്നെ ഉപദേശിക്കും ” ഇയ്യോബ് 12:7

ഷെറിൻ ബ്ലെസൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading