ലേഖനം: പാത്രത്തിലെന്ത്? | ഷെറിൻ ബ്ലെസൻ
ഒരു വീട്ടിലെ പാത്രങ്ങളുടെ വില അവ നിർമ്മിച്ചിരിക്കുന്ന വസ്തുവിൽ മാത്രം അല്ല; അവ എതിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്നതിലാണ് അവയുടെ യഥാർത്ഥ വില. അതുപോലെ തന്നെ ദൈവത്തിന്റെ ഭവനത്തിലെ ഓരോ വിശ്വാസിയും ദൈവത്തിന്റെ കരങ്ങളിലെ ഒരു പാത്രമാണ്. ചോദ്യം നാം ഏത് പാത്രമാണ് എന്നതിലുപരി, നമ്മുടെ പാത്രത്തിനുള്ളിൽ എന്താണുള്ളത്, അത് എങ്ങനെ സൂക്ഷിക്കുന്നു, ആരുടെ ഉപയോഗത്തിനാണ് നാം നമ്മെത്തന്നെ സമർപ്പിച്ചിരിക്കുന്നത് എന്നതാണ്.

ദൈവത്തിന്റെ പ്രതീക്ഷയും നമ്മെക്കുറിച്ചുള്ള പദ്ധതിയും വലുതാണ്. നാം ഓരോരുത്തരും ദൈവത്തിന്റെ മനോഹരമായ സൃഷ്ടികളാണ്. ജീവിതത്തിൽ ചിലപ്പോൾ വീഴ്ചകളും പരാജയങ്ങളും തകർച്ചകളും സംഭവിച്ചേക്കാം. എന്നാൽ അതുകൊണ്ട് ദൈവം നമ്മെ ഉപേക്ഷിക്കുന്നില്ല.
യിരെമ്യാവ് 18:1–6-ൽ കുശവന്റെ കയ്യിൽ ഉടഞ്ഞുപോയ പാത്രത്തെക്കുറിച്ച് നാം വായിക്കുന്നു. പാത്രം ഉടഞ്ഞപ്പോൾ കുശവൻ അതിനെ ഉപേക്ഷിച്ചില്ല; തന്റെ ഇഷ്ടപ്രകാരം വീണ്ടും രൂപപ്പെടുത്തി. തകർന്ന പാത്രത്തെ മനോഹരമായ പാത്രമാക്കാൻ കഴിയുന്ന കുശവനാണ് നമ്മുടെ ദൈവം. നമ്മുടെ ഭൂതകാലത്തിലെ പരാജയങ്ങൾ ദൈവത്തിന്റെ ഭാവി പദ്ധതിക്ക് തടസ്സമാകേണ്ടതില്ല.
1. വെടിപ്പുള്ള പാത്രം
2 തിമൊഥെയൊസ് 2:21 പറയുന്നത്, “തന്നെത്താൻ വെടിപ്പാക്കുന്നവൻ” മാനപാത്രമാകും എന്നാണ്.
ബാഹ്യമായ വൃത്തിയെക്കാൾ പ്രധാനമാണ് ആന്തരിക വിശുദ്ധി. യേശു പരീശന്മാരോട് പുറം വെടിപ്പാക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവരുടെ ഉള്ളിൽ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നതിനെ ചൂണ്ടിക്കാട്ടി (ലൂക്കോസ് 11:39).
ദൈവം നമ്മുടെ പുറംകാഴ്ചയേക്കാൾ ഹൃദയത്തെയാണ് നോക്കുന്നത്. മനുഷ്യർ കാണുന്ന രൂപവും സ്ഥാനവും പ്രശസ്തിയും ദൈവത്തിന്റെ മുമ്പിൽ പ്രധാനമല്ല. ഹൃദയം എത്രമാത്രം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ദൈവത്തിന് പ്രധാനം.
അഹങ്കാരം, അസൂയ, ക്ഷമിക്കാത്ത മനസ്സ്, അവിശ്വാസം, ജഡത്തിന്റെ പ്രവൃത്തികൾ, രഹസ്യപാപങ്ങൾ എന്നിവ നമ്മുടെ പാത്രത്തെ മലിനമാക്കും. അതുകൊണ്ട് ദിവസവും ദൈവസന്നിധിയിൽ നമ്മെത്തന്നെ പരിശോധിക്കുകയും വചനത്താൽ ശുദ്ധീകരിക്കുകയും ചെയ്യേണ്ടതാണ്.
2. പാത്രത്തിനുള്ളിൽ എന്താണ്?
ഒരു പാത്രത്തിന്റെ പുറം എത്ര മനോഹരമായാലും അതിനുള്ളിൽ വിഷമാണെങ്കിൽ അത് ഉപയോഗപ്രദമായ പാത്രമല്ല. അതുപോലെ നമ്മുടെ വാക്കുകളും പ്രവർത്തനങ്ങളും പുറമേ ഭംഗിയുള്ളതായിരുന്നാലും ഹൃദയത്തിനുള്ളിൽ തെറ്റായ കാര്യങ്ങളാണെങ്കിൽ ദൈവത്തിന് നമ്മെ മാനകാര്യത്തിനായി ഉപയോഗിക്കാൻ കഴിയില്ല.
അപ്പൊസ്തലനായ പൗലോസ് തന്റെ പഴയ പദവികളും സ്ഥാനമാനങ്ങളും സ്വാഭിമാനത്തിന്റെ കാരണങ്ങളും ക്രിസ്തുവിനെക്കാൾ വലിയതായി കണക്കാക്കിയില്ല. നമുക്കും നമ്മുടെ ഉള്ളിൽ ദൈവത്തിന് ഇഷ്ടമില്ലാത്തതെല്ലാം നീക്കം ചെയ്യേണ്ടതുണ്ട്.
പാത്രം ശൂന്യമാകുമ്പോഴാണ് അതിൽ നല്ലത് നിറയ്ക്കാൻ കഴിയുന്നത്.
3. ആത്മാവിനാൽ നിറയുന്ന പാത്രം
2 രാജാക്കന്മാർ 4-ാം അധ്യായത്തിൽ പ്രവാചകനായ എലീശായുടെ കാലത്ത് അനേകം ശൂന്യപാത്രങ്ങളിൽ എണ്ണ നിറഞ്ഞ സംഭവത്തെ നാം കാണുന്നു. ശൂന്യമായ പാത്രങ്ങളാണ് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കപ്പെട്ടത്. കാനായിലെ കല്യാണത്തിന് ഒഴിഞ്ഞ കല്പാത്രങ്ങളിൽ വെള്ളം പകർന്നു പിന്നെത്തേതിൽ വീഞ്ഞാക്കിയതായും കാണുന്നു.
അതുപോലെ, സ്വയം ദൈവത്തിന് സമർപ്പിക്കുന്ന ഹൃദയങ്ങളെയാണ് ദൈവം തന്റെ കൃപയാലും പരിശുദ്ധാത്മാവിനാലും നിറയ്ക്കുന്നത്. നമ്മുടെ കഴിവുകൾ മാത്രമല്ല, ദൈവത്തിന്റെ ശക്തിയാണ് നമ്മെ ഫലപ്രദമായ ശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്നത്.
4. മാനപാത്രങ്ങളായ ചില ജീവിതങ്ങൾ
വിശുദ്ധ ബൈബിളിൽ ദൈവം മാനകാര്യത്തിനായി ഉപയോഗിച്ച നിരവധി പാത്രങ്ങളെ നമുക്ക് കാണാം.
മറിയ, ദൈവഹിതത്തിന് കീഴടങ്ങി സ്വയം ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ച യുവതി. മനുഷ്യരുടെ കാഴ്ചയിൽ അപമാനകരമായ സാഹചര്യം നേരിടേണ്ടിവന്നെങ്കിലും അവൾ ദൈവഹിതത്തിന് വേണ്ടി സമർപ്പിച്ചു. അതുകൊണ്ട് ലോകത്തിന്റെ രക്ഷകനായ യേശുവിന്റെ മാതാവാകാനുള്ള മഹത്തായ ദൗത്യം അവൾക്ക് ലഭിച്ചു.
യേസേഫ് തന്റെ സഹോദരന്മാരാൽ ഉപേക്ഷിക്കപ്പെട്ടവനും അടിമയായി വിൽക്കപ്പെട്ടവനും വ്യാജ ആരോപണത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടവനുമായിരുന്നു. എന്നാൽ പരീക്ഷണങ്ങളിലൊന്നും തന്റെ പാത്രത്തെ മലിനമാക്കാൻ അവൻ അനുവദിച്ചില്ല. ഒടുവിൽ ദൈവം അവനെ മിസ്രയീമിന്റെ ഭരണാധികാരിയുടെ സ്ഥാനത്തേക്ക് ഉയർത്തി.
രാജാവിന്റെ ഭക്ഷണവും വീഞ്ഞുംകൊണ്ട് തന്നെത്താൻ അശുദ്ധമാക്കുകയില്ലെന്ന് ഹൃദയത്തിൽ തീരുമാനിച്ചു,(ദാനീയേൽ 1:8) സ്ഥാനമാനങ്ങൾക്കിടയിലും വിശുദ്ധി കാത്തുസൂക്ഷിച്ച ദാനീയേൽ പിന്നീട് രാജ്യത്തിലെ ഉന്നത സ്ഥാനങ്ങളിലേക്ക് ഉയർത്തപ്പെട്ടു.
5. ഹീനപാത്രങ്ങളായ ജീവിതങ്ങൾ
മറുവശത്ത്, തങ്ങളുടെ ഹൃദയങ്ങളെ സംരക്ഷിക്കാതിരുന്നതിനാൽ ഹീനകാര്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടവരെയും ബൈബിൾ പരിചയപ്പെടുത്തുന്നു.
ഇസ്കര്യോത്ത് യൂദാ യേശുവിനോടൊപ്പം നടന്നവനും ശിഷ്യനായിരുന്നവനും ആയിരുന്നു. എന്നാൽ പണത്തോടുള്ള മോഹം അവന്റെ ഹൃദയത്തെ കീഴടക്കി. ഒടുവിൽ മുപ്പത് വെള്ളിക്കാശിനുവേണ്ടി യേശുവിനെ ഒറ്റിക്കൊടുത്തു.
കയീൻ തന്റെ സഹോദരനായ ഹാബേലിനോടുള്ള അസൂയയും കോപവും ഹൃദയത്തിൽ വളർത്തിയപ്പോൾ അത് കൊലപാതകത്തിലേക്ക് നയിച്ചു. ഹൃദയത്തിൽ നിറഞ്ഞത് എന്താണോ, അതാണ് ജീവിതത്തിലൂടെ പുറത്തുവന്നത്.
ഏലി പുരോഹിതന്റെ മക്കളായ ഹൊഫ്നിയും ഫിനെഹാസും ദൈവാലയത്തിലെ ശുശ്രൂഷയിൽ ആയിരുന്നിട്ടും അവർ ദൈവത്തെ ഭയപ്പെടാതെ പാപത്തിൽ ജീവിച്ചു. ശുശ്രൂഷയുടെ സ്ഥാനം മാത്രം ഒരാളെ മാനപാത്രമാക്കുന്നില്ലെന്ന് അവരുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. വിശുദ്ധമായ ഹൃദയവും ദൈവഭയമുള്ള ജീവിതവുമാണ് മാനപാത്രത്തിന്റെ അടയാളം.
6. നമ്മുടെ പാത്രത്തിൽ എന്ത് നിറയ്ക്കുന്നു?
പ്രിയരേ, നമുക്ക് ഇന്ന് നമ്മോടുതന്നെ ഒരു ചോദ്യം ചോദിക്കാം:
എന്റെ പാത്രത്തിൽ എന്താണുള്ളത്?
സ്നേഹമാണോ?
വിശ്വാസമാണോ?
ദൈവവചനമാണോ?
പരിശുദ്ധാത്മാവിന്റെ നിറവാണോ?
അതോ അഹങ്കാരമോ?
അസൂയയോ?
കയ്പ്പോ?
ക്ഷമിക്കാത്ത മനസ്സോ?
ലോകമോഹമോ?
പാപമോ?
നമ്മുടെ പാത്രം പുറമേ എത്ര മനോഹരമായി കാണപ്പെട്ടാലും അതിനുള്ളിൽ എന്താണുള്ളതെന്ന് ദൈവത്തിന് അറിയാം.
എത്ര തകർന്നുപോയ പാത്രമായാലും കുശവനായ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുമ്പോൾ അവിടുന്ന് അതിനെ വീണ്ടും രൂപപ്പെടുത്തും. നമ്മുടെ ഭൂതകാലത്തിലെ പരാജയങ്ങൾ ദൈവത്തിന്റെ കൈകളിൽ അവസാന അധ്യായമല്ല.
വെടിപ്പാക്കപ്പെട്ട പാത്രമാകുക.
ശൂന്യമാക്കപ്പെട്ട പാത്രമാകുക.
പരിശുദ്ധാത്മാവിനാൽ നിറയ്ക്കപ്പെട്ട പാത്രമാകുക.
യജമാനന് ഉപയോഗമുള്ള മാനപാത്രമാകുക.
നമ്മുടെ ജീവിതം മനുഷ്യരുടെ പ്രശംസയ്ക്കല്ല, ദൈവനാമത്തിന്റെ മഹത്വത്തിനായി ഉപയോഗിക്കപ്പെടട്ടെ. ഹീനകാര്യങ്ങൾക്ക് ഉപയോഗിക്കപ്പെടാതെ, നല്ല വേലയ്ക്കായി ഒരുങ്ങിയിരിക്കുന്ന വിശുദ്ധമായ മാനപാത്രങ്ങളായി നമുക്ക് നമ്മെത്തന്നെ ദൈവത്തിന് സമർപ്പിക്കാം.
ഷെറിൻ ബ്ലെസൻ

- Advertisement -


Comments are closed.