ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 57-ാമത് ശുശ്രൂഷക സമ്മേളനവും സംയുക്ത ആരാധനയും അനുഗ്രഹീതമായി സമാപിച്ചു. സെപ്റ്റംബർ 10 വ്യാഴാഴ്ച മുതൽ 12 ശനിയാഴ്ച വരെ രാവിലെ 9:30 മണി മുതൽ Aiwan-e-Ghalib ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ശുശ്രൂഷക സമ്മേളനം സഭാ പ്രസിഡണ്ട് പാസ്റ്റർ ലാജി പോൾ ഉദ്ഘാടനം ചെയ്തു. സഭയുടെ സമഗ്രമായ ദർശനത്തെ ആധാരമാക്കി അദ്ദേഹം നടത്തിയ പ്രഭാഷണം കേൾവിക്കാരെ പുതിയ സമർപ്പണത്തിലേക്ക് നയിക്കുന്നതായിരുന്നു. തുടർന്ന് നടന്ന വിവിധ സെക്ഷനുകളിൽ അഭിഷിക്തരായ ദൈവദാസന്മാർ നടത്തിയ വചന പ്രഘോഷണം ആളുകളിൽ ആത്മീയ ചൈതന്യം ഉളവാക്കുന്നതായിരുന്നു. സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ നടന്ന സഹോദരിമാരുടെ സമ്മേളനത്തിൽ നിരവധി സഹോദരിമാർ സംബന്ധിക്കുകയുണ്ടായി. സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ 9 മണി മുതൽ ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ തോമസ് ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. ഭാരതത്തിലെ 21 സംസ്ഥാനങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളുമായി ആയിരക്കണക്കിന് ആളുകൾ ആരാധനയിൽ സംബന്ധിച്ചു. പാസ്റ്റർ ജോർജ്ജ് ശാമുവേൽ, പാസ്റ്റർ ലാജി പോൾ എന്നിവർ മുഖ്യ സന്ദേശം നൽകി. പാസ്റ്റർ അനിൽ യു.കെ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിച്ചു.

പാസ്റ്റർ പി.ജെ ജെയിംസിൻ്റെ പ്രാർത്ഥനയോടും പാസ്റ്റർ ഫിലീപ്പോസ് മത്തായിയുടെ ആശീർവാദത്തോടും കൂടി ഈ വർഷത്തെ സമ്മേളനത്തിന് അനുഗ്രഹീത സമാപനമായി.

- Advertisement -

Comments are closed.