ആഗോള ചർച്ച് ഓഫ് ഗോഡ് പ്രസ്ഥാനം ദൗത്യത്തിൽ 140 വർഷം പൂർത്തിയാക്കുന്നു
ക്ലീവ്‌ലാൻഡ്, ടെന്നസി: ആഗോള പെന്തെക്കോസ്ത്-ഹോളിനസ് പ്രസ്ഥാനമായ ചർച്ച് ഓഫ് ഗോഡ് 140 വർഷം പൂർത്തിയാക്കുന്നു. 1886 ഓഗസ്റ്റ് 19-ന് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് റിച്ചാർഡ് ജി. സ്പർലിംഗിന്റെ നേതൃത്വത്തിൽ എട്ട് പേർ ചേർന്ന് ആരംഭിച്ച പ്രസ്ഥാനമാണ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നത്. 2026-ൽ 140-ാം വാർഷികം ആഘോഷിക്കുന്ന സഭയുടെ സന്ദേശം “We Are The Church of God” എന്നതാണ്.

സുവിശേഷീകരണം, ശിഷ്യത്വം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ലോകമിഷൻ തുടങ്ങിയ മേഖലകളിൽ ചർച്ച് ഓഫ് ഗോഡ് വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു. സഭയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ന് 189 രാജ്യങ്ങളിലായി എട്ട് ദശലക്ഷത്തിലധികം അംഗങ്ങളും 15 ദശലക്ഷത്തിലധികം അനുഭാവികളും സഭയ്ക്കുണ്ട്.
ഇന്ത്യയിലും ഒരു നൂറ്റാണ്ടിലേറെ നീണ്ട ശുശ്രൂഷാ പാരമ്പര്യമാണ് ചർച്ച് ഓഫ് ഗോഡിനുള്ളത്. അമേരിക്കൻ മിഷനറിയായ റോബർട്ട് എഫ്. കുക്ക് ഇന്ത്യയിലെ പെന്തെക്കോസ്ത് പ്രവർത്തനങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. പ്രത്യേകിച്ച് കേരളത്തിൽ സുവിശേഷ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൽ കുക്ക് ഉൾപ്പെടെയുള്ള ആദ്യകാല മിഷനറിമാരും ഇന്ത്യൻ നേതാക്കളും വലിയ പങ്കുവഹിച്ചു. പിന്നീട് ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ എന്ന നിലയിൽ പ്രവർത്തനം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു.
കേരളത്തിൽ മുളക്കുഴ ആസ്ഥാനമാക്കി സഭയുടെ പ്രവർത്തനം ശക്തമായി വളർന്നു. സഭകൾ സ്ഥാപിക്കുന്നതിനൊപ്പം ബൈബിൾ പരിശീലനം, സുവിശേഷീകരണം, യുവജന-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലും പ്രവർത്തനം വ്യാപിച്ചു. കേരള സംസ്ഥാനത്തെ സഭയുടെ ഔദ്യോഗിക വെബ്സൈറ്റ് 1,300-ലധികം സഭകളും 1,400-ലധികം പാസ്റ്റർമാരും വിവിധ ശുശ്രൂഷകളും നിലവിലുള്ളതായി വ്യക്തമാക്കുന്നു.
140 വർഷത്തെ യാത്ര പൂർത്തിയാക്കുമ്പോൾ, ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് നന്ദി അർപ്പിക്കുകയും വരും തലമുറകളിലേക്ക് ക്രിസ്തുവിന്റെ സുവിശേഷം കൂടുതൽ ശക്തമായി എത്തിക്കാനുള്ള ദൗത്യം പുതുക്കുകയും ചെയ്യുകയാണ് ചർച്ച് ഓഫ് ഗോഡ്. ലോകമിഷനിലും ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങളിലും പുതിയ അധ്യായങ്ങൾക്ക് തുടക്കം കുറിക്കുന്നതായിരിക്കും 140-ാം വാർഷികാഘോഷങ്ങൾ.

- Advertisement -


Comments are closed.