ക്രിസ്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്: പ്രതികളെ പാക് സുപ്രീം കോടതി വെറുതെവിട്ടു

ഇസ്ലാമാബാദ്: 2014-ൽ പാകിസ്ഥാനിൽ ക്രിസ്ത്യൻ ദമ്പതികളായ ഷഹ്സാദ് മസീഹിനെയും ഗർഭിണിയായ ഭാര്യ ഷമ ബീബിയെയും കൊലപ്പെടുത്തിയ കേസിൽ ശേഷിച്ച മൂന്ന് പ്രതികളെയും പാകിസ്ഥാൻ സുപ്രീം കോടതി വെറുതെവിട്ടു. ഇതോടെ കേസിൽ കുറ്റക്കാരായി കണ്ടെത്തിയിരുന്ന അവസാന പ്രതികളും മോചിതരായതോടെ, ദമ്പതികളുടെ കൊലപാതകത്തിൽ ആരും ശിക്ഷിക്കപ്പെടാത്ത സാഹചര്യമാണുണ്ടായത്.

News Middle Advt Banner

2014 നവംബർ 4-ന് പഞ്ചാബ് പ്രവിശ്യയിലെ കസൂർ ജില്ലയിലെ കോട്ട രാധ കിഷനിലാണ് സംഭവം നടന്നത്. ഖുർആൻ പേജുകൾ അവഹേളിച്ചെന്ന ആരോപണത്തെ തുടർന്ന് ദമ്പതികൾക്കെതിരെ ജനക്കൂട്ടം അക്രമം നടത്തുകയായിരുന്നു. ഗുരുതരമായി മർദിച്ച ശേഷം ഇരുവരെയും ഇഷ്ടിക ചൂളയിലേക്ക് എറിഞ്ഞ് തീകൊളുത്തുകയായിരുന്നു. ഷമ ബീബി അന്ന് ഗർഭിണിയായിരുന്നു.

സംഭവത്തിൽ നിരവധി പേരെ പ്രതികളാക്കിയിരുന്നു. 2016-ൽ ഭീകരവിരുദ്ധ കോടതി അഞ്ച് പേർക്ക് വധശിക്ഷ വിധിച്ചു. പിന്നീട് ലാഹോർ ഹൈക്കോടതി രണ്ട് പേരെ കുറ്റവിമുക്തരാക്കുകയും മറ്റ് മൂന്ന് പേരുടെ വധശിക്ഷ നിലനിർത്തുകയും ചെയ്തു. കൂടാതെ കേസിലെ മറ്റു 102 പ്രതികളെയും ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു.

ശേഷിച്ച മൂന്ന് പ്രതികളായ ഇർഫാൻ ഷക്കൂർ, മെഹ്ദി ഖാൻ, റിയാസ് കാംബോ എന്നിവരുടെ വധശിക്ഷയാണ് സുപ്രീം കോടതി റദ്ദാക്കിയത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിലെ പൊരുത്തക്കേടുകളും സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളും പരിഗണിച്ച് സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കോടതി പ്രതികളെ വെറുതെവിട്ടത്.

വിധിയിൽ പാകിസ്ഥാനിലെ ക്രൈസ്തവ സമൂഹത്തിലും മനുഷ്യാവകാശ പ്രവർത്തകരിലും നിരാശയും ആശങ്കയും ഉയർന്നിട്ടുണ്ട്. വർഷങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിലും ഇരകൾക്ക് നീതി ലഭിക്കാത്തത് മതന്യൂനപക്ഷങ്ങളുടെ സുരക്ഷയും നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമതയും സംബന്ധിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തുകയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading