പുസ്തക നിരൂപണം: “ഞാൻ കണ്ടതും കേട്ടതും തൊട്ടതും” | അലക്സ് പൊൻവേലിൽ

ഈ വർഷത്തെ (2025) ഏറ്റവും നല്ല വായന അനുഭവവും ഒപ്പം കുറെ ചിരിയും, അതിലേറെ ഇരുത്തി ചിന്തിപ്പിച്ചതുമായ ഒരു വായനാ വിരുന്ന് ആയിരുന്നു ഞാൻ കണ്ടതും കേട്ടതും തൊട്ടതും എന്ന മനോഹരമായ പുസ്തകം.

1980 കളിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കുടിയാൻ മലയിൽ പരന്നു തുടങ്ങിയിരുന്ന സുവിശേഷ വെളിച്ചം. അതിന് കാരണമായിതീർന്നത് ആകട്ടെ പുസ്തകങ്ങൾ (ചില യാഥാർത്ഥ്യങ്ങൾ, വസ്തുതകളെ നേരിടുക, ശാസ്ത്ര യുഗത്തിൽ ബൈബിൾ വിശ്വാസനീയമൊ? ഇവൻ എത്ര മഹാൻ, ഇസ്രായേലും ലോക രാഷ്ട്രങ്ങളും…) കൊടുത്തും, കൈമാറി വായിച്ചും അതെ കുറിച്ച് ചർച്ചചെയ്തും ക്രിസ്തു വിശ്വാസത്തിന്റെ ബോധ്യത്തിലേക്ക് ഒരു കൂട്ടം അന്വേഷകർ എത്തിച്ചേർന്നിടത്തു നിന്നും ആണ് ഈ രചനയുടെ തുടക്കം.

നാല്പത്തഞ്ചു അദ്ധ്യായങ്ങൾ അടങ്ങിയ ഈ പുസ്തകത്തിന് അവതാരിക എഴുതിയത് ക്രൈസ്തവ കൈരളിക്ക്, പ്രത്യേകാൽ മലയാള ക്രിസ്തീയ സാഹിത്യത്തിൽ ഏറെ പ്രീയങ്കരനും ആദരണീയനുമായ എഴുത്തുകാരൻ ജെ സി ദേവ് ആണ്. ഒരു കുടിയാന്മലക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗ്രന്ഥകാരൻ കണ്ടതും കേട്ടതും തൊട്ടതും ആയ അനുഭവങ്ങൾ നമ്മോട് പങ്ക് വെക്കുന്നതിലൂടെ എന്റെ മനസ്സിൽ കട്ടപിടിച്ചു കിടന്നിരുന്ന ഭാരവും നൊമ്പരവും കുറേക്കൂടി കൂടി, കാരണം ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നത് ക്രിസ്തുവിൻ്റെ സഭയുടെ ഇന്നിൻ്റെ ദയനീയ മുഖമാണ്.തനിക്ക് ക്രിസ്തുവിനേയും സഭയേയും കുറിച്ച് വ്യക്തവും വിശുദ്ധവും ആയ ഒരു ധാരണ ഉണ്ട്, ആ വീക്ഷണത്തിലൂടെ യാണ് അദ്ദേഹം എല്ലായിടത്തും ക്രിസ്തുവിനേയും അവിടുത്തെ സഭയേയും തേടിയത്, നിരാശയായിരുന്നു ഫലം എന്നെനിക്കു മനസ്സിലായി. അവിടെ ഒരിടത്തും ക്രിസ്തുവിനേയും ക്രിസ്തുവിൻ്റെ സഭയേയും കാണാത്ത ദുഃഖം നിഴലിക്കുന്നു. ഈ കാഴ്ചയും സ്വരവും ആണ് ഈ ഗ്രന്ഥത്തിൽ ഞാൻ തിരിച്ചറിഞ്ഞതും.” ക്രിസ്തുവിനെ വെളിപ്പെടുത്താനാവാത്ത, ക്രിസ്തുവിൻ്റെ സഭയേ വിരുദ്ധ ഭാവങ്ങളിൽ അവതരിപ്പിക്കുന്ന, മൂല്യങ്ങൾ വിറ്റു സ്വന്തമാക്കിയ അപരന്മാരുടെ ഇടപെടലുകൾ, അവകാശവാദങ്ങൾ, ക്രിസ്തുവിനെയും അവിടുത്തെ സഭയേയും ആദരിക്കുന്ന ആർക്കും ഈ കാഴ്ചയും ചെയ്തിയും സഹിക്കാനാവാത്ത വേദനയാണ് പകരുക. നമ്മുടെ സഭാന്തരീക്ഷത്തിൽ ഉരുണ്ടു കൂടിയ ഈ ഇരുൾ മാറി പോവുക തന്നെ വേണം ആ നിർബന്ധം ആണ് ഗ്രന്ഥകാരൻ്റെ വാക്കുകളിൽ ഞാൻ വായിച്ചെടുത്തത്.

ലൈഫ് വിഷൻ എന്ന പ്രസിദ്ധീകരണത്തിൽ ക്രൈസ്തവർക്കിടയിലെ ആനുകാലീക ആത്മീയ പ്രതിസന്ധികളെ നിരീക്ഷിച്ച് എഴുതിയ ലേഖനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 45 ലേഖനങ്ങൾ 263 പേജുകളിലായി ഒരുക്കിയ വായനയുടെ വിരുന്നാണ് ഈ പുസ്തകം, മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പ്രഥമ ലേഖനം തുടങ്ങി തിരികെ തോട്ടത്തിലേക്ക് എന്ന 45 ആം ലേഖനം വരെ വേറിട്ട ചിന്തകളുടെ ഒരു കലവറ തന്നെ ഒരുക്കിയിരിക്കുന്നു.

സഖാക്കളേ പിന്നോട്ട്, സ്തോത്രം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്..,ഗുരുത്വക്കേട്, യൂദാസിൻ്റെ പെസഹ, നിരായുധരുടെ സർവ്വായുധം, നമ്മുടെ ജീവിതത്തേയും ശുശ്രൂഷകളേയും സ്വാധീനാക്കുകയും ചെയ്യുന്ന ഐഡിയകൾ ആരുടേതാണ് എന്ന് വിവരിക്കുന്ന ഐഡിയ എന്ന ലേഖനം, 44 നദികളുടെ നമ്മുടെ നാടും, ശുദ്ധ ജലം തടാകങ്ങളിൽ സമൃദ്ധമായ കാനഡയും നമ്മുടെ വരൾച്ച പ്രതിസന്ധിക്ക് പരിഹാരമല്ല വരൾച്ചയുടെ ആത്മിയപാഠങ്ങൾ, നടനശാലകളും നാട്യക്കാരും, ഇങ്ങനെ നീളുന്നു ചിന്തനീയമായ ലേഖനങ്ങൾ.

ക്രിസ്തുവിൻ്റെ തുടിനാദംആയി മാറിയ പൗലോസ് തുടിയൻ. മലബാറിൻ്റെ ആത്മിയ ഭുപടത്തിലെ ആദ്യകാല സുവിശേഷ കുടിയേറ്റ ക്കാരനായ പി എം മാത്യു (കുഞ്ഞുപദേശി). ഇടുക്കിയിലെ കാഞ്ചിയാറിൽ നിന്നും കട്നിയിലേക്കു പോയ ബാബു തോപ്പിൽ എന്നി സുവിശേഷ സ്നേഹികളെ കുറിച്ചുള്ള ഹൃസ്വമായ വിവരണം ഏറെ പ്രചോദനമാണ് ,അങ്ങനെ നീളുന്ന ആഴമായ നിരവധി ലേഖനങ്ങൾ. ക്രിസ്തുവിൻ്റെ സ്ഥാനത്ത് അപര രൂപങ്ങളും ക്രിസ്തുവിൻ്റെ സ്വരത്തിനു പകരം അപര സ്വരങ്ങളും രൂപപ്പെട്ടു തുടങ്ങിയപ്പോൾ തന്നെ സഭക്ക് ആത്മിയ ദർശനങ്ങളും മൂല്യങ്ങളും നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അപ്പോൾ മുതൽ മൂല്യച്യുതിയേപറ്റിയുള്ള പ്രസംഗങ്ങളും കേട്ടു തുടങ്ങി, ഈ ആക്രോശങ്ങൾ തുടരുകയല്ലാതെ മൂല്യങ്ങൾ തിരിച്ചു പിടിക്കുവാനുള്ള പരിശ്രമങ്ങൾ ഒരിടത്തും കാണുന്നില്ല.പ്രസംഗകർക്ക് അതൊരു പ്രസംഗ വിഷയമായി മാറി എന്നതുമാത്രം നേട്ടമായി.സഭയുടെ ശുദ്ധീകരണത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സ്വരം എതിർ സ്വയമായി ദുർവ്യാഖ്യാനിച്ചതാണ് മൂല്യച്യുതി വർദ്ധിക്കുവാനുള്ള വളമായി മാറിയത്. ഇതിനെ സഭാ വിമർശനമായി മുദ്ര കുത്തി അവഗണിക്കാതെ, തിരിച്ചുവരാനുള്ള പ്രവാചക സ്വരമായി പരിഗണിക്കുകയാണ് സഭയുടെ ശുദ്ധീകരണത്തിനും , ശാക്തീകരണത്തിനും ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്.

 

ഗ്രന്ഥകർത്താവ് : സിറിയക് ജോസഫ് പടവിൽ. ജനനം കണ്ണൂർ ജില്ലയിലെ കുടിയാന്മലയിൽ , കോഴിക്കോട് ദേവഗിരി കോളേജിലെ പഠനത്തിനു ശേഷം, കാനഡയിലെ ടോർച്ച് ബെയറേഴ്സ് ബൈബിൾ സ്കൂളിൽ പഠനം, 1995 മുതൽ ക്രൈസ്തവ ആനുകാലികങ്ങളിൽ എഴുതുന്നു.

പ്രസാധകർ: ലൈഫ് വിഷൻ ലിട്രേച്ചർ.

തുറന്ന മനസ്സോടെ മുൻവിധികൾ കൂടാതെ സഭയുടെയും സംഘടന കളുടെയും അതിർവരമ്പുകൾക്കപ്പുറം വചനം ആകുന്നു കണ്ണാടിയിലൂടെ പരിശുദ്ധാത്മാവിൻ്റെ സഹായത്തോടെ നാം സ്വയ വിമർശനത്തിനു സന്നദ്ധ മാകുമെങ്കിൽ ഇപ്പോഴത്തെ മൂല്യച്യുതിയിൽ നിന്നും പുറത്തു കടക്കാൻ കഴിയും എന്ന് പ്രതീക്ഷയും ഈ പുസ്തകം മുന്നോട്ട് വെക്കുന്നു.

 

 അലക്സ് പൊൻവേലിൽ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.