ലേഖനം: ആത്മീയ ഗോളത്തിലെ മുഖംമൂടികൾ | പ്രിൻസി ജിൻസ്, ഷാർജ
ആത്മീയ ക്രിസ്തീയ ലോകത്തിൽ നാം കാണുന്ന ആത്മീയതയ്ക്ക് തിരുവചനത്തിലെ ആത്മീയ കാഴ്ചപ്പാടുമായി വല്ല ബന്ധവും ഉണ്ടോ എന്നുള്ളത് ഒന്ന് ഇരുത്തി ചിന്തിക്കേണ്ട സംഗതിയാണ്. പല പ്രസംഗ വേദികളിലും വളരെ പ്രഘോഷിക്കപ്പെടുന്നത് ക്രിസ്തുവിന്റെ സ്നേഹവും നമ്മൾ അത് അനുകരിക്കേണ്ടവരും ആകണം എന്നുള്ളതാണ്. യഥാർത്ഥത്തിൽ ആത്മാർത്ഥമായ സ്നേഹം നിലനിൽക്കുന്നത് ചുരുക്കം ചിലരിൽ മാത്രമാണ്.
പണ്ട് പത്താം ക്ലാസിലെ ഓട്ടോഗ്രാഫുകളിൽ മിന്നിത്തിളങ്ങി നിന്നിരുന്ന ഒരു വാചകം ഉണ്ടായിരുന്നു “പുഞ്ചിരിക്കുന്ന പൂവിലും ഉണ്ട് വഞ്ചനയുടെ ലാഞ്ചന” അന്നത്തെ പ്രായത്തിന്റെ നിഷ്കളങ്കതയിൽ പൂവിനുള്ളിൽ എന്തു വഞ്ചന എന്നായിരുന്നു ആലോചിച്ചത് എന്നാൽ കാലമേറെ മുൻപോട്ടു കടന്നു പോയപ്പോൾ അനുഭവങ്ങളും കാഴ്ചകളും ഒക്കെ വലുതായി വലുതായി തുടങ്ങി. പറയാതെ പോയ വഞ്ചനയുടെ പല ലാഞ്ചനകളും മനസ്സിലാക്കി എടുക്കാൻ കാലങ്ങൾ ഏറെ വേണ്ടിവന്നു.
മാറ്റം ലോകത്തിന് അനിവാര്യമാണെന്ന് ഘോരഘോരം പ്രഘോഷിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ആയിരിക്കുന്നത്. ഈ മാറ്റം ആത്മീയ ഗോളത്തിനെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു എന്ന വസ്തുത മറച്ചുവെക്കാൻ ആകില്ല, കാരണം മുഖംമൂടി ധരിച്ച അനേക ആത്മീയ നേതാക്കൾ നമ്മുടെ ഇടയിൽ വളർന്നു പന്തലിച്ചു കഴിഞ്ഞു. നിങ്ങൾ ആരെയും പ്രസംഗിക്കുന്നു എന്ന ബോധ്യം ഉണ്ടായിരിക്കണം പ്രസംഗം ഒന്ന് പ്രവർത്തി മറ്റൊന്നാകാതിരിക്കട്ടെ അത് കണ്ടു നിൽക്കുന്ന അന്യമതസ്ഥർക്ക് പോലും ഇത് പരിഹാസത്തിന് ഇടയാക്കും എന്നുള്ള വസ്തുത മറന്നുള്ള ഈ ഓട്ടം എങ്ങോട്ടാണ്? അധികാര ലഹരിക്കടിമകളായ ശ്രേഷ്ഠന്മാർ ഇന്ന് കേരളത്തിൽ ലഹരി വിരുദ്ധ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നതിൽ മുൻപന്തിയിലാണ്, അത് ഒരു നല്ല കാര്യം തന്നെയാണ് എങ്കിലും മറ്റുള്ളവയെ തച്ചുടച്ചു കൊണ്ട് നാം അധികാര കസേരയ്ക്ക് വേണ്ടി നടത്തുന്ന പോരാട്ടവും കണ്ടുവളർന്നു വരുന്ന ഒരു തലമുറ നമ്മുടെ മുൻപിൽ ഉണ്ട് എന്നുള്ള വസ്തുത മറന്നു പോകരുത്.
ഇന്ന് ദൈവ സഭയിലെ മൂല്യച്യുതി എന്നു പറയുന്നത് തന്നെ പരസ്പരം ഉള്ള മത്സര മനോഭാവങ്ങളാണ്. മത്സരം ആഭിചാരദോഷം പോലെ എന്ന് ബൈബിൾ നമ്മെ ഓർമ്മപ്പെടുത്തുമ്പോഴും പരസ്പരം ഉള്ള പോരാട്ടങ്ങൾ ഇന്നും തുടരുന്നു. സഭയുടെ സ്ഥാപകൻ ദൈവമാണ് എന്നുള്ള വസ്തുത പലരും മറന്നു പോയി, ആയിരം ആത്മാക്കളുടെ സഭയിലെ ഇടയനും അൻപതു ദൈവമക്കൾ ഉള്ള സഭയെ എങ്ങനെയെങ്കിലും തകർക്കണം എന്ന ചിന്താഗതിയാണ്, അതിനുവേണ്ടി എത്ര താഴ്ന്ന നിലവാരത്തിലേക്ക് പോകാൻ പോലും ഇക്കൂട്ടർക്ക് മടിയില്ല.
സ്തേഫാനോസ് രക്തസാക്ഷിയായി തീർന്ന ശേഷം ക്രിസ്ത്യാനികൾ ഭയപരവശരായി ചിന്നി ചിതറിപ്പോയി എങ്കിലും അവർ വിവിധ ഇടങ്ങളിലായി വർദ്ധിച്ചു മുന്നേറി വന്നു. അതുപോലെ ദൈവ സഭയെ തകർക്കുവാൻ ശ്രമിക്കുന്നത് വിശുദ്ധ കുപ്പായത്തിനുള്ളിൽ നിന്നുകൊണ്ട് ആയാലും ക്രിസ്തുവാകുന്ന മൂലക്കല്ലിന്മേൽ അടിസ്ഥാനം ഇട്ടതിന് നശിപ്പിക്കുവാൻ കഴിയുകയില്ല. ആത്മീയരെ എന്ന വ്യാജ പേരും യൂദാസിന്റെ ഹൃദയവുമായി നടക്കുന്ന ചില മുഖംമൂടികളെ തിരിച്ചറിയുവാൻ നമ്മുടെ അകക്കണ്ണുകൾ തുറന്നിരിക്കട്ടെ. ദൈവ സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പരസ്പരം തകർക്കുവാൻ പ്രയത്നിക്കുന്നതിന്റെ ഒരു ശതമാനം എങ്കിലും താല്പര്യo ഒരു ആത്മാവിനെ നേടുവാൻ കാണിച്ചിരുന്നു എങ്കിൽ സ്വർഗ്ഗം എത്ര സന്തോഷിച്ചേനെ? ഞാനെന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല (മത്തായി16:18) അത് ബൈബിളിൽ വെറുതെ എഴുതി വെച്ചേക്കുന്ന വെറുമൊരു വാചകം അല്ല മറിച്ച് ദൈവത്തിന്റെ മാറ്റമില്ലാത്ത വചനത്തിന്റെ ഉടമ്പടി യാണ് .
ആകയാൽ പ്രിയരേ ക്രിസ്തുയേശുവിനുള്ള ഭാവം നമ്മളിലും ഉണ്ടായിരിക്കട്ടെ. ശിഷ്യന്മാരുടെ കാൽ കഴുകി മാതൃക കാണിച്ചുതന്ന ഒരു ഗുരുവിന്റെ അനുയായികളാണ് നാം ഓരോരുത്തരും അതുകൊണ്ട് നാം ചെയ്യുന്ന ഓരോ പ്രവർത്തിയിലൂടെയും ലോകം നമ്മളിൽ കാണുന്നത് ക്രിസ്തുവിനെയാണ്. നമ്മുടെ പ്രവർത്തികൾ പ്രസംഗങ്ങൾ എല്ലാം വെറുമൊരു വാക്കിൽ മാത്രം ഒതുങ്ങാതെ അത് നമ്മുടെ ജീവിതം കൊണ്ട് മാതൃകയാക്കാൻ ഇടയാകട്ടെ.
മുഖമൂടിയില്ലാത്ത ഒരു ജീവിതം ലോകത്തിനു മുമ്പിൽ കാഴ്ചവച്ചാൽ തന്നെ നാശത്തിന്റെ പടുകുഴിയിലേക്ക് വീണു പോകുന്ന ഒരുപാട് പേർക്ക് യഥാർത്ഥ ക്രിസ്തുവിന്റെ സ്നേഹം നമ്മളിലൂടെ തിരിച്ചറിയുവാൻ കഴിയും. സ്വർഗീയ മഹിമകളെ വെടിഞ്ഞ് ഈ താണ ലോകത്തിൽ വന്ന ക്രിസ്തുവാണ് നമ്മുടെ മാതൃകാപുരുഷൻ പിന്നെ എന്തിനാണ് നാം പലതും വെട്ടിപ്പിടിക്കുവാൻ പോർവിളി കൂട്ടുന്നത്, ജ്ഞാനികളിൽ ജ്ഞാനിയായ ശാലോമോൻ പറഞ്ഞതുപോലെ സകലതും മായയാണ് നമ്മുടെ ജീവിതവും അങ്ങനെ തന്നെ ഇന്ന് കണ്ടു നാളെ വാടിപ്പോകുന്നു ഒരു പൂ പോലെ മാത്രം. അതുകൊണ്ട് ഇനിയുള്ള സമയം പാഴാക്കിക്കളയാതെ ജീവിക്കുവാൻ നമുക്ക് ഇടയാകണം. ഇരുൾ മൂടിയ ഹൃദയ ദൃഷ്ടികളിൽ ദൈവിക വെളിച്ചം പരക്കട്ടെ.


- Advertisement -


Comments are closed.