ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശം വിശ്വാസ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റം: നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ്

തിരുവല്ല: സിപിഎമ്മിന്റെ രാജ്യസഭാ നേതാവും കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവും എംപിയുമായ ഡോ. ജോണ്‍ ബ്രിട്ടാസ് അണ്‍ഫില്‍റ്റേര്‍ഡ് ബൈ സംദിഷ് എന്ന യൂറ്റിയൂബ് ചാനലില്‍ സംദിഷ് ഭാട്ടിയ എന്ന ബ്ലോഗ്ഗറുമായി നടത്തിയ അഭിമുഖത്തില്‍ പെന്തകോസ്ത് സഭകളുടെ സുവിശേഷ പ്രവര്‍ത്തനങ്ങളെയും ആരാധനകളെയും അവജ്ഞയോടെ അവതരിപ്പിച്ചത് വിശ്വാസ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമാണെന്ന് നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റീസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

പഞ്ചാബിലെ ബജീന്ദര്‍ സിംഗിനെ അറിയാമോ എന്നും ‘യേസു യേസു മേരാ യേസു…’എന്ന ഗാനത്തെക്കുറിച്ച് അറിയാമോ എന്നും അവതാരകന്‍ ചോദിക്കുമ്പോഴാണ് പെന്തകോസ്തരുടെ പേരെടുത്ത് പറഞ്ഞ് അവരുടെ ശബ്ദത്തിലുള്ള പ്രാര്‍ത്ഥനകളെയും തെരുവുകളില്‍ നടത്തുന്ന ആശയപ്രചാരണ രീതികളെയും ജോണ്‍ ബ്രിട്ടാസ് പരിഹസിക്കുന്നത്. വിശ്വാസി സമൂഹത്തിന് വേദന ഉളവാക്കുന്നതും ഒരു സമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ് ഈ പ്രസ്താവന. ഭരണഘടനയുടെ അനുസരിച്ച്, പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യവും ആശയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സമാധാനപരമായി സമ്മേളിക്കാനുള്ള അവകാശവും ഏത് മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും ഈ രാജ്യത്തുണ്ട്.

മറ്റ് മതസ്ഥരുടെ ഉച്ചഭാഷിണി ഉപയോഗിച്ച് കൊണ്ടുള്ള ശബ്ദമുഖരിതമായ പ്രാര്‍ത്ഥനകളും രാഷ്ട്രീയ പാര്‍ട്ടികളുടെ ശബ്ദ മലിനീകരണവും ആസ്വദിക്കുന്ന ജോണ്‍ ബ്രിട്ടാസിന് പെന്തകോസ്ത്കാരുടെ ശബ്ദത്തിലുള്ള പ്രാര്‍ഥനകളും തെരുവുകളില്‍ നടത്തുന്ന വചന പ്രഘോഷണങ്ങളുമാണ് അരോചകം. ഭരണഘടന തൊട്ട് സത്യ പ്രതിജ്ഞ ചൊല്ലിയ രാജ്യസഭാ അംഗമാണ് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന നടത്തുന്നത്. പൗരന്റെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ പാര്‍ലമെന്റ് അംഗം അപരന്റെ വിശ്വാസത്തെ അവഹേളിക്കുന്നത് ജാനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ തോമസ് എം പുളിവേലില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, ട്രഷറര്‍ റവ. ഡോ. എല്‍. ടി. പവിത്ര സിംഗ്, അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങളായ ഫാ. ബെന്യാമീന്‍ ശങ്കരത്തില്‍, ഫാ. ജോണിക്കുട്ടി, പാസ്റ്റര്‍ ഉമ്മന്‍ ജേക്കബ്, ഷിബു കെ. തമ്പി, കോശി ജോര്‍ജ്, അനീഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading