ലേഖനം : ശരിയായ തെരഞ്ഞെടുപ്പ്: ജീവിത പങ്കാളി | റവ. സാം ജി എസ്

പരസ്പര കൂട്ടായ്മയ്ക്കും സംതൃപ്തിക്കും വേണ്ടി ദൈവം രൂപകല്പന ചെയ്ത സ്ഥാപനമാണ്‌ വിവാഹം. ഒരു വ്യക്തിയുടെ ജീവിതത്തെയും സമഗ്രമായ സന്തോഷത്തെയും വളരെയധികം സ്വാധീനിക്കുന്ന വ്യക്തിപരവും പരമപ്രധാനവുമായ തീരുമാനമാണ്‌ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുക എന്നത്. മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ തുടങ്ങിയ അടുത്ത ബന്ധങ്ങൾ ദൈവം നല്കുന്നതാണ്‌. എന്നാൽ ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന ഒരേയൊരു അടുത്ത ബന്ധം ജീവിതപങ്കാളിയാണ്‌.

ജീവിതപങ്കാളിയെ കണ്ടെത്തുന്നതിന്‌ എല്ലാവർക്കും അനുയോജ്യമായ ഒരു സമീപനം ഇല്ലെങ്കിലും, തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ ചുവടെ ചേർക്കുന്നു.
1. അനുയോജ്യത: മൂല്യങ്ങൾ, വിശ്വാസങ്ങൾ, ജീവിതത്തിലെ ലക്ഷ്യങ്ങൾ തുടങ്ങിയവ ഒരുപോലെയുള്ള വ്യക്തിയെ തെരഞ്ഞെടുക്കുന്നത് ബന്ധത്തിന്‌ ശക്തമായ അടിത്തറ ഉണ്ടാകുവാൻ സഹായിക്കും. ജീവിതശൈലി, അഭിലാഷങ്ങൾ, താല്പര്യങ്ങൾ തുടങ്ങിയ മേഖലകളിൽ അനുയോജ്യത ഉണ്ടായിരിക്കണം.
2. ആശയവിനിമയം: ഫലപ്രദമായ ആശയവിനിമയം ആരോഗ്യകരവും സംതൃപ്തവുമായ ബന്ധത്തിന്‌ അത്യന്താപേക്ഷിതമാണ്‌. തുറന്ന മനസ്സോടെ സത്യസന്ധമായും, ആദരവോടും, പരസ്പര ബഹുമാനത്തോടും ആശയവിനിമയം നടത്താൻ കഴിവുള്ള വ്യക്തിയെ കണ്ടെത്തണം.
3. വൈകാരിക സംതുലിതാവസ്ഥ: നിഷേധാത്മക വികാരങ്ങളോ, അവേശകരമായ പ്രതികരണങ്ങളോ ഇല്ലാതെ വികാരങ്ങളെ നിയന്ത്രിച്ച് വിവിധ സാഹചര്യങ്ങളോടും വെല്ലുവിളികളോടും ക്രിയാത്മകമായി പ്രതികരിക്കുവാൻ കഴിവുള്ള വ്യക്തിയെ തിരഞ്ഞെടുക്കണം. വികാരങ്ങളെ ഫലപ്രദമായി തിരിച്ചറിയാനും മനസ്സിലാകാനും നിയന്ത്രിക്കാനുമുള്ള കഴിവ് കുടുംബ ബന്ധത്തിലെ സമാധാനത്തിനും ഊഷ്മളതയ്ക്കും അനിവാര്യമാണ്‌.
4. പരസ്പര വിശ്വാസവും ബഹുമാനവും: സുദൃഢമായ ബന്ധം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും പരസ്പര വിശ്വാസവും ബഹുമാനവും അനിവാര്യമാണ്‌. വിശ്വസിക്കുവാനും ബഹുമാനിക്കുവാനും കഴിവുള്ള വ്യക്തിയെ തെരഞ്ഞെടുത്താൽ കുടുംബബന്ധം സ്ഥായിയായിരിക്കും.
5. ഭാവിയെക്കുറിച്ചുള്ള പങ്കിട്ട കാഴ്ചപ്പാട്: തൊഴിൽ അഭിലാഷങ്ങൾ, കുടുംബാസൂത്രണം, ജീവിതശൈലി തുടങ്ങിയ കുടുംബജീവിതതിലെ സുപ്രധാന വശങ്ങളെക്കുറിച്ചുള്ള ദീർഘകാല ലക്ഷ്യങ്ങളും ഭാവിയിലേക്കുള്ള ദർശനങ്ങളും പരസ്പരം ചർച്ച ചെയ്ത് ഒരുപോലെയുള്ളവരെ തെരഞ്ഞെടുക്കുന്നത് ജീവിതത്തിലെ വെല്ലുവിളികളെ ഒരുമിച്ച് കൈകാര്യം ചെയ്യുവാൻ സഹായിക്കും
6. അടിസ്ഥാന മൂല്യങ്ങൾ: ശാശ്വതമായ ബന്ധത്തിന്‌ സത്യസന്ധത, സമഗ്രത, വിശ്വസ്തത, പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങൾ നിർണ്ണായകമാണ്‌. പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ ഈ മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരാണെന്ന് ഉറപ്പാക്കണം.
7. പങ്കിട്ട താല്പര്യങ്ങളും വിനോദങ്ങളും: പരസ്പര ബന്ധം വളർത്തിയെടുക്കുവാനും ഒരുമിച്ച് ഗുണനിലവാരമുള്ള സമയം ചെലവഴിക്കുന്നതിനും രണ്ടുപേരും ഒരുമിച്ച് ആസ്വദിക്കുന്ന വിനോദങ്ങളും പ്രവർത്തനങ്ങളും അനിവാര്യമാണ്‌. ഒരേതാല്പര്യങ്ങൾ ഉള്ള ജീവിതപങ്കാളികളുടെ ജീവിതം ഉല്ലാസപൂർണ്ണമായിരിക്കും.
8. കുടുംബവും സാംസ്കാരവും: വിവാഹബന്ധം രണ്ട് വ്യക്തികളുടെ കൂടിചേരൽ മാത്രമല്ല, രണ്ട് കുടുംബങ്ങളുടെയും രണ്ട് സംസ്കാരങ്ങളുടെയും കൂടിചേരലുകൾ കൂടിയാണ്‌. കുടുംബവും സാംസ്കാരികവുമായ അനുയോജ്യത ബന്ധത്തിന്റെ ചലനാത്മകതയ്ക്കും പ്രതിസന്ധികളെ ഒരുമിച്ച് തരണം ചെയ്യുന്നതിനും സഹായിക്കും.
9. വ്യക്തിഗത വളർച്ചയും പിന്തുണയും: വ്യക്തിഗത വളർച്ചയെ പിന്തുണയ്ക്കുകയും നിങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും പിന്തുടരാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പങ്കാളിയെ തെരഞ്ഞെടുക്കണം. ഒരുമിച്ച് വളരുകയും പരസ്പരം വളരുവാൻ അനുവദിക്കുകയും ചെയ്യുന്ന ബന്ധങ്ങൾ ഗുണകരമായിരിക്കും.
10. അഭിപ്രായ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്: കുടുംബബന്ധത്തിൽ അഭിപ്രായ വ്യത്യാസങ്ങളും സംഘർഷങ്ങളും സ്വാഭാവികമാണ്‌.ആരോഗ്യകരവും കൂടുതൽ സ്ഥിരതയുതുമായ കുടുംബ ബന്ധത്തിന്‌ ഫലപ്രദമായി ചർച്ചചെയ്യാനും ഒരുമിച്ച് നേരിടാനും പരിഹരിക്കുവാനും ശക്തരാകുവാനും കഴിവുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കണം.
11. ആത്മീകത: ജീവിതത്തിലെ പ്രതിസന്ധികളിൽ മനുഷ്യൻ ആശ്രയിക്കുന്ന ഒരു പ്രധാന ഘടകം ആത്മീകതയാണ്‌. ഒരേ ആത്മീക പശ്ചാത്തലം ഉള്ളവരെ തെരഞ്ഞെടുക്കുന്നത് പ്രതിസന്ധികളിലെ ഒരുമിച്ചുള്ള പ്രാർത്ഥനയ്ക്കും ദൈവാശ്രയത്തിനും സഹായിക്കും.
12. തന്മയീഭാവശക്തി: നിങ്ങളെ നിങ്ങളുടെ ഭാഗത്തു നിന്ന് മനസ്സിലാക്കി നിങ്ങളോട് ഇടപെടുവാൻ ശക്തിയുള്ള വ്യക്തിയെ തെരഞ്ഞെടുക്കുന്നത് കുറ്റപ്പെടുത്തലുകളും സംഘർഷങ്ങളും കുറയ്ക്കുവാൻ സഹായിക്കും.
13. നിരുപാധികമായ നല്ല പരിഗണന: എല്ലാവ്യക്തികൾക്കും അവരവരുടെ കഴിവുകളും കഴിവുകേടുകളും ഉണ്ട്. അവയോട് സമരസപ്പെട്ട് പോകുന്നതിന്‌ നിരുപാധികമായ നല്ല പിന്തുണ നല്കുന്ന വ്യക്തിയെ തെരഞ്ഞെടുക്കണം.
മേല്പറഞ്ഞവയെല്ലാം ഒരുപോലെയാകുന്നതുകൊണ്ട് ഒരു കുടുംബജീവിതം ഉത്തമമാകണമെന്നില്ല. അതിന്‌ ദൈവാനുഗ്രഹം അനിവാര്യമാണ്‌. അതുകൊണ്ട് ദൈവഹിതമുള്ള തെരഞ്ഞെടുപ്പാണ്‌ ഉത്തമം.
ഒരിക്കൽ തെരഞ്ഞെടുത്താൽ തിരുത്തുവാൻ പ്രയാസമായതുകൊണ്ട് അനുയോജ്യമായ ജീവിത പങ്കാളിയെ ദൈവഹിതപ്രകാരം തെരഞ്ഞെടുത്ത് ഉത്തമമായ കുടുംബ ജീവിതം നയിക്കുവാൻ ക്ഷമയോടും സമചിത്തതയോടും പ്രരിശ്രമിക്കാം.

റവ. സാം ജി എസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.