കർണാടകയിൽ ആർ.എസ്.എസ് ട്രസ്റ്റിന് സർക്കാർ ഭൂമി പതിച്ചുനൽകിയ ഉത്തരവ് സിദ്ധരാമയ്യ മരവിപ്പിച്ചു

ബംഗളൂരു: കർണാടകയിൽ ആർ.എസ്.എസ് ട്രസ്റ്റിന് സർക്കാർ ഭൂമി പതിച്ചുനൽകിയ നടപടി സിദ്ധരാമയ്യ സർക്കാർ മരവിപ്പിച്ചു. ആർ.എസ്.എസുമായി ബന്ധമുള്ള ‘ജനസേവ ട്രസ്റ്റി’ന് മുൻ ബി.ജെ.പി സർക്കാർ 35.33 ഏക്കർ ഭൂമി നൽകിയ ഉത്തരവാണ് മരവിപ്പിച്ചത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ വിവിധ സംഘടനകൾക്ക് പതിച്ചുനൽകിയ മറ്റു ഭൂമികളിലും സർക്കാർ നടപടി സ്വീകരിക്കും.

കഴിഞ്ഞ സെപ്റ്റംബറിലാണ് ബംഗളൂരു സൗത്തിൽ തവരേക്കരയിലുള്ള കുറുബരഹള്ളിയിലെ ഭൂമി ആർ.എസ്.എസ് ട്രസ്റ്റിന് നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബി.ജെ.പി സർക്കാർ കൈമാറിയ ഭൂമികളുടെ തൽസ്ഥിതി തുടരാൻ അധികാരത്തിലേറി ദിവസങ്ങൾക്കകം സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ബംഗളൂരു സൗത്തിൽ വിവിധ സംഘടനകൾക്ക് മുൻ സർക്കാർ നൽകിയ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ജനസേവ ട്രസ്റ്റിന് 35.33 ഏക്കർ ഭൂമി നൽകിയതു തടഞ്ഞതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.

തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ബൊമ്മൈ ഭരണകൂടം പതിച്ചുനൽകിയ മറ്റു ഭൂമികൾക്കും ഉത്തരവ് ബാധകമാണെന്നും കൃഷ്ണ ബൈരെ വ്യക്തമാക്കി. ഗോമാല ഭൂമി (മൃഗങ്ങൾക്കു മേയാനായി ഒഴിച്ചിട്ട സർക്കാർ ഭൂമി) യാണ് ആർ.എസ്.എസ് ട്രസ്റ്റിനടക്കം നൽകിയിരിക്കുന്നത്. ഗോമാല ഭൂമി കൈമാറ്റം ചെയ്യരുതെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) 2018ൽ വ്യക്തമാക്കിയിരുന്നു.

ഈ ഭൂമി കൈമാറരുതെന്ന് സർക്കാറിനോട് നിർദേശിക്കുന്ന നിരവധി കോടതി വിധികളുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സി.എ.ജി ആവശ്യം. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയാണ് ബി.ജെ.പി സർക്കാർ ഭൂമി പതിച്ചുനൽകിയത്. ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഔദ്യോഗികതലത്തിൽ ഇതുവരെ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് ജനസേവ ട്രസ്റ്റ് സെക്രട്ടറി നിർമൽ കുമാർ പ്രതികരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.