ചെറു ചിന്ത: വിശ്വാസഗോളത്തിൽ ആമയുടെയും മുയലിന്റെയും ഓട്ടമത്സരം | ബിജു ജോസഫ്, ഷാർജ

ബാല്യകാല വിദ്യാഭ്യാസ കാലഘട്ടത്തിലെ പാഠ്യപദ്ധതിയിലെ ഏടുകളിൽ മനസ്സിൽ മാറാലപിടിച്ചു കിടന്ന ഒരു ഗുണപാഠകഥ. ഒരു ചെറു കഥയാണെങ്കിലും കാലത്തിനനുയോജ്യമായ സന്മാർഗപാഠം ഉൾകൊള്ളുന്ന ഒരു കാതൽ അഥവാ മർമ്മം അതിലുണ്ട്. വിശ്വാസഗോളത്തെ വളരെയധികം ശ്രമപ്പെട്ടു ഒറ്റക്കു ഉരുട്ടിക്കൊണ്ടുപോകുന്ന നാമുൾപ്പെടെയുള്ള വ്യക്തികളുടെ മനോഭാവത്തിന് മാറ്റം വരുത്താൻ.. ആയാസരഹിതമായ വിശ്വാസപ്രവർത്തിയുടെ നവോത്ഥാനത്തിനു ഒരുപക്ഷെ ഈ കഥ അല്പമെങ്കിലും സഹായകമായാലോ…

ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ. 1കൊരിന്ത്യർ 9:24 പൗലോസ് അപ്പോസ്തലൻ പറഞ്ഞ ഈ വാക്കുകൾ ധ്യാനചിന്തക്കു ആദാരമായി എടുക്കാം.

ലോകത്തിലെ ഓട്ടക്കാർ നശ്വരമായ കിരീടത്തിനു വേണ്ടി ഓടുന്നു, നാമോ വാടാത്തതും നിത്യവുമായ കിരീടത്തിനായ് ഓടുന്നു. മുകളിൽ പ്രതിപാദിച്ച ആമയും മുയലും, അവരുടെ ഓട്ടവും നോക്കിയാൽ.. ലക്‌ഷ്യം നോക്കി, സ്ഥിരതയോടെ ജന്മനായുള്ള പുറത്തെ ഭാരമേറിയ ചുമടുമായ് ഇഴഞ്ഞു ഓടുന്ന ആമ, അമിതവിശ്വാസത്തിൽ താൻ വെല്ലുവിളിച്ചു തന്നോടൊപ്പം ഓടാൻ വന്ന വ്യക്തിയുടെ സ്വാഭാവിക ബലഹീനത മനസിലാക്കി തന്റെ വിരലുകളുടെ എണ്ണത്തിലുള്ള കുതിപ്പിൽ ജയം സാധ്യമാക്കാൻ കഴിയും എന്നുള്ള അഹംഭാവം പൂണ്ടു ലക്ഷ്യസ്ഥാനം അലക്ഷ്യമായ് കണ്ടു സ്ഥിരതയില്ലാതെ ഉറങ്ങി വിശ്രമിച്ചു ഓടുന്ന മുയലും. ഓട്ടക്കളത്തിൽ, മത്സരിക്കുവാൻ തന്നെ വിളിച്ചവന്റെ വാക്കിനെ നിരസിക്കാതെ, സ്വാഭാവികമായി അവനോടൊപ്പം ഓടി ജയിക്കുവാൻ തനിക്കു കഴിവില്ലെന്നറിഞ്ഞിട്ടും ആരോഗ്യകരമായ ഒരു മത്സരത്തിന് ആമ തയ്യാറായതിന്റെ കാരണം മനസിന്റെ നന്മയാണ് ഒരു സംശയവും ഇല്ല.

തന്റെ പരാജയത്തിലൂടെ അഥവാ കഴിവില്ലായ്മയുടെ തോളത്തു ചവുട്ടി ഒരാൾക്ക് ജയത്തിന്റെ ചുവടുകൾ ചവുട്ടി കയറാൻ അഥവാ ലോകത്തിന്റെ മുന്നിൽ മാനിക്കപ്പെടുമെങ്കിൽ, അയാളുടെ സന്തോഷത്തിനും, ജയത്തിനും താൻ മുഖാന്തിരമായതിലുള്ള ചാരിതാർഥ്യം തനിക്കു ലഭിക്കുമല്ലോ, മുന്നോട്ടുള്ള ആ വ്യക്തിയുടെയും തന്റെയും ജീവിതത്തിൽ വീര്യം പകരാൻ ആത്മീക ഊർജ്ജം പകരാൻ ഇടയാവുകയും ചെയ്യും. അങ്ങനെ കാട്ടിൽ ആമയുടേയും മുയലിന്റെയും ഓട്ടപ്പന്തയം നടന്നു എല്ലാവരുടെയും പ്രതീക്ഷക്കു വിപരീതമായ് പന്തയത്തിൽ അഹംഭാവിയായ മുയലിനെ തോൽപ്പിച്ചു അത്യത്ഭുത പൂർവ്വമായ വിജയം ആമ കരസ്ഥമാക്കി. മുമ്പന്മാർ പിമ്പന്മാരും, പിമ്പന്മാർ മുമ്പന്മാരും ആകും. ഈ കഥയും, കഥയിലെ ഗുണപാഠവും എല്ലാവർക്കും അറിയാം, എങ്കിലും മുയലിന്റെ പരാജയത്തിന് കാരണം എഴുതുന്നത് നീതിയുക്തമല്ലോ.

മത്സരം ഓട്ടമാണ് ആ ഓട്ടം ട്രാക്കിൽ സ്ഥിരമായി ഓടുക എന്നുള്ളതാണ്… ഓട്ടത്തിൽ ലക്ഷ്യസ്ഥാനത്തേക്കുള്ള മുയലിന്റെ ഫോക്കസ് മാറിപ്പോയി, ട്രാക്കിനു വെളിയിലുള്ള കാണാൻ ഭംഗിയുള്ള കാഴ്ചകൾ അവനെ വല്ലാതെ ആകർഷിച്ചു ട്രാക്ക് വിട്ടു പുറത്തു വന്നു അത് കാണുക മാത്രമല്ല പറിച്ചുതിന്നു ഉറങ്ങി വിശ്രമിക്കുകയും ചെയ്തു. തന്നെ ജയിക്കാൻ ഇഴഞ്ഞു വരുന്ന പ്രതിയോഗിയുടെ സമയ ദൈർഘ്യത്തെ കുറിച്ചുള്ള കണക്കുകൂട്ടൽ എവിടെയോ പിഴച്ചു, അഥവാ അവബോധമില്ലായ്മ കാര്യങ്ങളെ കുഴപ്പത്തിലാക്കി കളഞ്ഞു. മുയലിന്റെ ഇഷ്ടഭോജനമാണല്ലോ കാരറ്റും മുള്ളങ്കിയും അത് മൂക്കുമുട്ടെ തിന്നുകഴിഞ്ഞു ക്ഷീണം വന്നു. പ്രതിയോഗിയെ കുറിച്ചുള്ള ഓർമയുണ്ടെങ്കിലും, തന്റെ ഉറക്കത്തിന്റെ നാഴികയെപോലും ആ മണ്ടൻ ആമച്ചാർക്കു ഇഴഞ്ഞു മറികടക്കാൻ കഴിയുകയില്ലെന്നുള്ള അഹംഭാവമുള്ള അമിതവിശ്വാസം അവനെ ഉറക്കികിടത്തി. ഈ സമയം കൊണ്ട് പാവം ആമ ഇഴഞ്ഞാണെങ്കിലും അത് അതിന്റെ പ്രവർത്തി സ്ഥിരതയോടെ ലക്ഷ്യസ്ഥാനം ലാക്കാക്കി ഓടിയതിനാൽ അസാധ്യമായ ജയം കൈവരിക്കാൻ ഇടയായി.

വിശ്വാസഗോളത്തിൽ ഈ കഥയുടെ പ്രാധാന്യമെന്തെന്നാൽ അഥവാ തരുന്ന ആത്മീയപാഠം എന്തെന്നാൽ നമ്മൾ പൗലോസ് പറയുന്നപോലെ ഒരു ഓട്ടക്കളത്തിൽ ആണ്.. ഓട്ടക്കളത്തിൽ എല്ലാവർക്കും ഒരുപോലെ ഓട്ടമുണ്ട് അവരവരുടേതായ ഒരു ട്രാക്ക്ഉം ഉണ്ട്. നിയമം എല്ലാവർക്കും ഒരുപോലെ തന്നെയാണ്. ഓടുന്നവർ മുമ്പോട്ടു നോക്കി ലക്ഷ്യസ്ഥാനം ലാക്കാക്കി ഓടണം, ട്രാക്ക് തെറ്റാൻ പാടില്ല പുറകോട്ടും, ഇരുവശത്തേക്കും കണ്ണോ കാതോ ഹൃദയമോ തിരിയരുത്. അത് കാലുകളുടെ സ്ഥിരതയോടുള്ള ഓട്ടത്തിന് വേഗത കുറയ്ക്കും അഥവാ അസ്‌ഥിരത സൃഷ്ടിക്കും.

ഗ്യാലറിയിൽ ടിക്കറ്റ് എടുത്തു കയറിയവരിൽ നിന്നും നിന്ദയുടെയും പരിഹാസത്തിന്റെയും ദുഷിയുടെയും കൂക്കുവിളികൾ അന്തരീക്ഷത്തിൽ നമ്മെ നോക്കി ഉയരുന്നുണ്ടാകാം അത് ശ്രദ്ധവയ്കാതെ നമ്മുടെ കണ്ണും കാതും കാലും മുന്നോട്ടു ലക്ഷ്യസ്ഥാനം ലാക്കാക്കി തന്നെ ആയിരിക്കണം. 2000 ൽ പരം വർഷങ്ങൾക്കുമുമ്പ് ഇതിനേക്കാൾ വലിയ ഒരു ട്രാക്കിൽ ഓടി ജയിച്ച ഒരു വ്യക്തിയുണ്ട്.. വർജ്ജിക്കപ്പെടേണ്ടത് പോലും വർജ്ജിക്കാൻ കഴിയാതെ അതും ചുമന്നുകൊണ്ട് ഒരു കാൽവരിയെ ലക്ഷ്യമാക്കി ഓടി, ഓട്ടത്തിൽ വീണു, ആ വർജ്ജന വസ്തുവിന്റെ ഭാരം അത്ര വലുതായിരുന്നു. അതിനേക്കാൾ ശരീരത്തിനേറ്റ പീഡകളുടെ വലുപ്പം അതികഠിനമായിരുന്നു മൂന്നു പ്രാവശ്യം വീണു, ക്രൂശാകൃതിയിലുള്ള, നമ്മളിൽ നിന്ന് എടുത്തു ചുമന്ന പാപത്തിന്റെയും ശാപത്തിന്റെയും വർജ്ജനവസ്തുക്കൾ ഇട്ട ഭാണ്ഡക്കെട്ടു.. നാളത്തെ നമ്മുടെ ഓട്ടത്തിന് ആയാസം കുറക്കാൻ അവൻ ചുമന്നു. കാൽവരിക്രൂശിൽ ചുമന്നിറക്കി, പ്രതിയോഗിയെ തോൽപ്പിച്ചു, ആത്മീയ ജയോത്സവം കൊണ്ടാടിയ നായകനായ ക്രിസ്തു. വിശ്വാസത്തിന്റെ നായകനെ നമ്മൾ മാതൃകയാക്കണം. വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ ക്രിസ്തുവിനെ നോക്കി ഓടുവിൻ മുമ്പിൽ വച്ചിരിക്കുന്ന അപമാനത്തെ അലക്ഷ്യമാക്കി.. ഓട്ടക്കളത്തിൽ പലരും ഓടിയിട്ടുണ്ട് ഓട്ടം പൂർത്തിയാക്കിയവർ കുറച്ചുപേർ മാത്രം. പഴയ നിയമത്തിലും പുതിയ നിയമപുസ്തകത്തിലും ഓടിയവരൊക്കെയും പിന്മാറാതെ ഓട്ടം പൂർത്തിയാക്കിയവർ, ജയിച്ചവർ തന്നെ സംശയമില്ല. എബ്രായ ലേഖനത്തിൽ ജയിച്ച സാക്ഷികളുടെ വലിയൊരു സമൂഹത്തെ നമുക്ക് ദൃഷ്ടാന്തമായി വരച്ചു കാണിച്ചിട്ടുണ്ട്. അവർക്കെല്ലാം ഓടിയതിനനുസരിച്ചുള്ള പ്രതിഫലം ഉണ്ട്, അന്ത്യ ന്യായവിധിയുടെ സമയത്തു. ഓട്ടം സ്ഥിരതയോടെ ആരൊക്കെ ഓടിയാലും പ്രതിഫലം ഉണ്ട്, ദൈവത്തിനു മുഖപക്ഷമില്ല. ലോകത്തിലെ ഓട്ടം പോലെ ഒന്നാമനും, രണ്ടാമനും, മൂന്നാമനും ഒന്നുമില്ല, പ്രതിഫലം എല്ലാവർക്കും ഉണ്ട്.. പക്ഷെ അതിനു വ്യത്യാസം ഉണ്ടെന്നു മാത്രം. നമ്മൾക്ക് തന്നിരിക്കുന്ന ഓട്ടം എങ്ങനെ ഓടിയെന്നതിനെ ആശ്രയിച്ചിരിക്കും പ്രതിഫലം നിർണ്ണയിക്കുന്നത്.
ഓട്ടത്തിൽ ക്ഷീണിക്കാതെ, പിന്മാറിപോകാതെ ആമയെപ്പോലെ ഇഴഞ്ഞാണെങ്കിലും സ്ഥിരതയോടെ ട്രാക്ക് തെറ്റാതെ ലക്ഷ്യസ്ഥാനം കൺമുമ്പിൽ കണ്ടു വിശ്വാസത്തോടെ കാണുന്നതുപോലെ ഓടുവിൻ.. അത് പ്രാപിക്കും നിശ്ചയം.. ആ സ്ഥിരത നമ്മുടെ പ്രത്യാശക്കു ഭംഗം വരുത്തുകയില്ല, ഓട്ടം പൂർത്തിയാക്കി ജയകിരീടം പ്രാപിക്കാം. നമുക്ക് തീരുമാനിക്കാം ഇഴഞ്ഞു ലക്‌ഷ്യം തെറ്റാതെ സ്ഥിരതയോടെ ഓടുന്ന ആമ വിശ്വാസിയാകണോ ഓട്ടത്തിലുള്ള കഴിവും ലക്ഷ്യവും ഒക്കെ അറിഞ്ഞിട്ടും ലഭിച്ച സമയത്തെ തക്കത്തിൽ ഉപയോഗിക്കാതെ അതിനെ അലസതയോടെ, അലക്ഷ്യമാക്കി അസ്ഥിരവാനായ മുയൽവിശ്വാസിയാകണോ?

കൃപയും കൃപാവരങ്ങളും ഭാഗം ഭാഗമായി പങ്കിട്ടു നൽകിയിരിക്കുന്നു, ലഭിച്ചതിനനുസരിച്ചുള്ള ശുശ്രുഷ എല്ലാവരിലും ഉണ്ട്. ശുശ്രുഷക്ക് വ്യത്യാസം ഉള്ളതുപോലെ അതിന്റെ ഒരുക്കത്തിനും അഥവാ പണിയപ്പെടലിനും വ്യത്യാസം ഉണ്ട്. ചിലർക്ക് ഓട്ടകളത്തിൽ 100 മീറ്റർ ഓടിയാൽ മതിയാകും ചിലർക്കതു 400 മീറ്റർ ആയിരിക്കും മറ്റുചിലർക്ക് ദീർഘദൂരമുള്ള മാരത്താൻ ഓട്ടമായിരിക്കും. ധരിക്കുന്ന വസ്ത്രത്തിനു വലിയ മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും ഓട്ടത്തിന് വ്യത്യാസം ഉണ്ടായിരിക്കും ക്ഷീണിച്ചുപോകാൻ സാധ്യത ഏറെയാണ്… ഓട്ടം വിശ്വാസജീവിതത്തിൽ ആകുമ്പോൾ ക്ഷീണിച്ചുപോകാൻ പാടില്ലല്ലോ അത് പിന്നെ അസ്ഥിരതക്കും മന്ദത ബാധിച്ചു തണുത്തു പോകാനും കാരണമാകും. സ്ഥിരതയോടെ ഓടുവാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് എല്ലാവരെയും സഹായിക്കുമാറാകട്ടെ.

Biju Joseph
Sharjah

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.