സ്വവര്‍ഗ വിവാഹം: ഹർജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

ന്യൂഡല്‍ഹി: സ്വവര്‍ഗവിവാഹം സംബന്ധിച്ച ഹർജികള്‍ പരിഗണിക്കാനായി സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചത്. ഈ മാസം 18ന് ഹരജികള്‍ പരിഗണിക്കും. മാര്‍ച്ച്‌ 13നാണ് ഹർജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നാണ് ഹർജികളില്‍ ആവശ്യപ്പെടുന്നത്.

ഈ വര്‍ഷം മാര്‍ച്ചിലാണ് സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹർജികള്‍ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് വിട്ടത്. പ്രണയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും മൗലിക അവകാശങ്ങള്‍ ആണെന്ന വാദമാണ് അന്ന് ഹർജിക്കാര്‍ മുന്നോട്ട് വെച്ചത്. സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം രണ്ട് വ്യക്തികള്‍ എന്നെ നിയമത്തില്‍ വ്യവസ്ഥയുള്ളൂ എന്നും ഹർജിക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിക്കുകയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചെയ്തത്. പ്രണയത്തിനും പ്രണയം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുന്നത് വലിയൊരു വിഭാഗം സമൂഹത്തിന്റെ പൊതു ചിന്തയ്ക്ക് എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

നിലവിലുള്ള നിയമങ്ങളും വ്യക്തികളുടെ അവകാശങ്ങളും തമ്മില്‍ ബന്ധപ്പെട്ട വിഷയമായതിനാല്‍ ഹരജികളില്‍ കോടതി ഇടപെടരുത് എന്നും പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്ത് നിയമ നിര്‍മാണം നടക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ഹരജികള്‍ പ്രാധാന്യമുള്ളത് ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന ആവശ്യത്തെ തള്ളി കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സ്വവര്‍ഗ വിവാഹം രാജ്യത്തെ കുടുംബ സങ്കല്‍പത്തിന് വിരുദ്ധമാണെന്ന് കേന്ദ്രം വാദിച്ചു. മത, സാമൂഹിക, സംസ്‌കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനം. അവയെ ദുര്‍ബലപ്പെടുത്തുകയും മാറ്റി മറിക്കുന്നതുമായ വ്യഖ്യാനങ്ങളിലേക്ക് കോടതികള്‍ നടക്കരുത്. സ്വവര്‍ഗ ലൈംഗിത നിയമപരമാക്കിയത് കൊണ്ട് മാത്രം സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് പറയാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.