എഡിറ്റോറിയല്‍: അങ്ങോട്ട്‌ പറയുന്നത് കേട്ടാൽ മതി | ജെ. പി. വെണ്ണിക്കുളം

Editorial

‘അങ്ങോട്ട്‌ പറയുന്നത് കേട്ടാൽ മതി’

_ഇന്ന് ലോക റേഡിയോ ദിനം_

ജെ പി വെണ്ണിക്കുളം

ആകാശവാണി വാർത്തകൾ വായിക്കുന്നത് സത്യേന്ദ്രൻ, ഗോപൻ, ശ്രീകുമാർ, സുഷമ…
ഒരു കാലത്തു നാം ഉണരുമ്പോൾ റേഡിയോ വാർത്തകളിൽ ഇങ്ങനെ കേൾക്കുമായിരുന്നു. മലയാളം വാർത്ത വായിക്കുന്നത് കഴിഞ്ഞാലുടൻ സംസ്കൃത വാർത്ത വരും ‘സ്വാഗതം സംപ്രതി വാർത്താ ഹ…ബൽദേവാനന്ദ സാഗര…’ എന്റെ വീട്ടിൽ ഇത് പതിവായിരുന്നു. നിങ്ങളും കേട്ടിട്ടുണ്ടാകുമല്ലോ?ഇതൊക്കെ മലയാളികൾക്ക് പരിചിതമാണ്. കൂടാതെ ഡോ. കെ പി യോഹന്നാന്റെ (ഇന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ മെത്രാപൊലീത്താ) പ്രസംഗവും അങ്ങനെ പലതും.മറക്കാനാവാത്ത കാലങ്ങൾ…

ഇന്ന് ഫെബ്രുവരി 13 ലോക റേഡിയോ ദിനമാണ്
.1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് അംഗ രാജ്യങ്ങൾ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്.
1923 ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. അന്നേ വരെ ഇന്ത്യൻ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട് 1927 ജൂലൈ 23ന് ഇത് പുനർനാമകരണം ചെയ്ത് ഓൾ ഇന്ത്യ റേഡിയോ ആയി മാറി. 1957 ൽ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കി.
2011ൽ തീരുമാനിച്ച പ്രകാരം 2012 ഫെബ്രുവരി 13 മുതൽ യുനെസ്കോ ലോക റേഡിയോ ദിനം ആചരിച്ചു തുടങ്ങി . UN അംഗങ്ങളായ എല്ലാ രാജ്യങ്ങളും ഈ ദിവസം റേഡിയോ ദിനമായി ആചരിക്കുവാൻ നിർദേശം വരികയുണ്ടായി. 1946 ഫെബ്രുവരി 13 ന് ഐക്യ രാഷ്ട്ര സഭ റേഡിയോ പ്രേക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് ഈ ദിനം ആചരിക്കുന്നത്. അന്ന് നാം കേട്ട റേഡിയോ വാർത്തകൾ ഇന്ന് നവ മാധ്യമങ്ങൾക്ക് വഴി മാറി. ഓൾ ഇന്ത്യ റേഡിയോ എയർ മലയാളം എന്ന പേരിൽ 2002 മുതൽ ഡൽഹിയിൽ ഓൺലൈൻ റേഡിയോ സ്റ്റേഷൻ സജീവമാണ്. ഇന്ന് ഓൺലൈൻ റേഡിയോയുടെ കാലമാണ്. എഫ് എം റേഡിയോ ഇന്ന് ഓൺലൈൻ വഴി എല്ലാവരിലും എത്തിച്ചേരുന്നുണ്ട്. ആകാശവാണിക്ക് പുറമെ റേഡിയോ മിർച്ചി, റെഡ് എഫ് എം, ക്ലബ്‌ എഫ് എം, റേഡിയോ മാംഗോ ഇങ്ങനെ ധാരാളം മലയാളം റേഡിയോ സ്റ്റേഷനുകളും മറ്റു ഭാഷാ റേഡിയോകളും ഇന്നുണ്ട്. മലയാളി ക്രൈസ്തവർക്ക് അഭിമാനമായി ഭക്തിഗാനങ്ങളും പ്രഭാഷണങ്ങളുമായി ഇന്ന് ധാരാളം ഓൺലൈൻ റേഡിയോ കൾ സജീവമാണ്. ലോകം മുഴുവൻ സജീവമാണ് റാഫാ റേഡിയോ. കൂടാതെ റിവൈവ് റേഡിയോ, ബാഫാ റേഡിയോ, സാംസ് റേഡിയോ, ഗ്രീൻ റേഡിയോ, ഗ്രേസ് റേഡിയോ മറ്റു ചിലതാണ്. ഇവയുടെ ആപ്പുകളും ലഭ്യമാണ്.
മറ്റൊരു ശ്രദ്ധേയമായ വസ്തുത ഇന്നത്തെ തിരക്കുള്ള ലോകത്തിൽ സുവിശേഷ സാധ്യതകൾ മുന്നിൽ കണ്ടും നമുക്ക് എത്തിച്ചേരാൻ സാധിക്കാത്ത സ്ഥലങ്ങളിൽ സുവിശേഷം എത്തിക്കാനുമായി ആരംഭിച്ച ബൈബിൾ റേഡിയോ പ്രവർത്തനങ്ങളാണ്. FCBH, World Cassette Outreach of India, Hum Audio Bible App പോലെയുള്ള സംഘടനകൾ അതിനുവേണ്ടി പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കുന്നു. നിരക്ഷരരരായ വ്യക്തികൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ബൈബിൾ കഥാ ചിത്രീകരണങ്ങൾ ശ്രവണസഹായിയുടെ അകമ്പടിയോടെ കേൾക്കാൻ കഴിയുന്നു. ഇന്റർനെറ്റിന്റെ വരവോടെ ഇന്ന് എവിടെ പോയാലും നമ്മുടെ കൈകളിൽ റേഡിയോയുണ്ട്. വിജ്ഞാനവും വിനോദവും ഭക്തിയുമെല്ലാം ‘വിരൽത്തുമ്പിൽ’… ‘വായിച്ചു കേൾക്കുന്നതും കേൾപ്പിക്കുന്നതുമെല്ലാം ‘ ഭാഗ്യമാണല്ലോ?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.