ലേഖനം: സമ്പാദ്യം | രാജൻ പെണ്ണുക്കര

ഭാവികാലത്തേക്കുവേണ്ടി കരുതുന്ന എന്തും ഏതും സമ്പാദ്യം ആകുന്നു. മനുഷ്യൻ ദിനരാത്രം അധ്വാനിക്കുന്നതും സകലതും വെട്ടിപിടിക്കാൻ ഓടുന്നതും സമ്പാദിക്കാൻ വേണ്ടിയല്ലേ?. എന്നാൽ സമ്പാദിക്കുന്നത് ആർക്കുവേണ്ടി, എങ്ങനെ, എപ്പോഴത്തേക്ക് എന്നതാണ് ചിന്തനീയം!!. സമ്പാദ്യം എന്നവാക്കിന് കരുതുക, സ്വരൂപിച്ചുവെക്കുക, ചേർത്തുവെക്കുക, ചരതിച്ചുവെക്കുക എന്നൊക്കെ വിവിധ അർത്ഥങ്ങൾ കൂടി കാണാം.

മനുഷ്യൻ മാത്രമല്ല പല ജീവചാലങ്ങളും നാളേക്കുവേണ്ടി കരുതുന്നതായി നാം പഠിച്ചിട്ടുണ്ട്. അതിനെകുറിച്ച് ജ്ഞാനിയായ ശലോമോന്റെ വാക്കുകൾ (സദൃ 30:25) വളരെ ശ്രേദ്ധേയമാണ് “ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനൽക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.”

മനുഷ്യരെ പറ്റി പറയുമ്പോൾ പൗലോസ്സ് പറയുന്നത് ശ്രദ്ധിക്കുക, “മക്കൾ അമ്മയപ്പന്മാർക്കല്ല അമ്മയപ്പന്മാർ മക്കൾക്കായിട്ടല്ലോ ചരതിക്കേണ്ടതു.” എന്നാൽ മിക്ക മനുഷ്യരും അറിഞ്ഞോ അറിയാതെയോ മനുഷ്യന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു” (റോമർ 2:5) എന്ന മഹാസത്യം മറന്നുപോകുന്നു. മാത്രവുമല്ല, സങ്കീ 39:6-ൽ പറയുന്നു “മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല”. എത്ര ഗൗരവമേറിയ വാക്കുകൾ. ഈ തിരിച്ചറിവ് നഷ്ടപ്പെട്ടതാണ് മനുഷ്യന്റെ പരാജയം, ഈ തിരിച്ചറിവാണ് മനുഷ്യൻ പ്രാപിക്കേണ്ടത്.

ദൈവീക സമാധാനം, സന്തോഷം, ആരോഗ്യം, സംതൃപ്തി എന്നിവ വലിയ സമ്പാദ്യം തന്നേ എന്നുവേണം പറയുവാൻ. ഇന്ന് പലർക്കും ഭൗതീക സമ്പാദ്യങ്ങൾ ധാരാളം ഉണ്ടെങ്കിലും ഇവയുടെ കുറവ് ജീവിതത്തിൽ എപ്പോഴും നിഴലിക്കുന്നത് കാണുവാൻ കഴിയും.

മനുഷ്യന്റെ കാഴ്ചപ്പാടിൽ പണവും പ്രതാപവും പദവിയും ആണ് വലിയ സമ്പാദ്യമായി കരുതുന്നത്. ഒത്തിരി സമ്പാദ്യം കൂടിയാൽ, നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും, അതുമൂലം വീണ്ടും ഒത്തിരി സമ്പാദിക്കണം എന്നമോഹം ദ്രവ്യാഗ്രഹത്തിൽ എത്തിച്ച് സകലവിധ ദോഷത്തിന്നും മൂലമായി മാറുന്നു എന്ന് വചനം പറയുന്നു.

എന്നാൽ അതിലും ഉപരിയായി ദൈവത്തേ അറിയുന്ന, മാതാപിതാക്കളെ അനുസരിക്കുന്ന, ബഹുമാനിക്കുന്ന, ശുശ്രുഷിക്കുന്ന, ദേശത്തിനും സഭക്കും സമൂഹത്തിനും കുടുംബത്തിനും മാതൃക ആകുന്ന മക്കൾ തന്നേ ഒരു വലിയ സാമ്പാദ്യം എന്നുവേണം പറയുവാൻ. അതല്ലേ നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും എന്ന് വചനം പോലും പറയുന്നത്.

“നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെ” എന്നു സങ്കീർത്തനക്കാരൻ 128:3-ൽ പറയുമ്പോൾ, ജ്ഞാനിയായ ശലോമോന്റെ വാക്കുകൾ കൂടി പറയാതെ പോയാൽ ശരിയാകില്ലല്ലോ “ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു”, സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും” (സദൃ 18:22, 31:10). ഇതു ദൈവം മനുഷ്യന് കൊടുക്കുന്ന പ്രേത്യേക സമ്പാദ്യം ആകുന്നു എന്നുവേണം പറയുവാൻ. സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കും കിട്ടും എന്ന് പലരും വിശ്വസിക്കുന്നു, തെറ്റിച്ചു വായിക്കാറുമുണ്ട്.

ഇന്ന് ആത്മികതയുടെയും ശുശ്രുഷയുടെയും പേരിൽ കാട്ടികൂട്ടുന്ന സമ്പത്തിക ക്രമക്കേടും കള്ളത്തരവും ചതിവും കൗശലവും കൊണ്ട് ഒത്തിരി സമ്പാദിച്ചു കൂട്ടുന്നെങ്കിലും, പിന്നിടത്തേക്ക് ചരതിച്ചുവെക്കുന്ന ദൈവകോപം എന്ന സമ്പാദ്യത്തെ കുറിച്ചു ആലോചിക്കുന്നില്ല, അറിയാമെങ്കിൽ തന്നേയും ഒന്നും വരില്ല എന്ന് അവർ നിസാരമായി ചിന്തിക്കുന്നു. അതേ “ചതിച്ചും വഞ്ചിച്ചും ദുഷ്ടതയാലും സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല”; “അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വർദ്ധിച്ചു വർദ്ധിച്ചു വരും”, “കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു;” (സദൃ 10:2, 13:11, 21:6).

ഭൗതീക സമ്പാദ്യത്തെക്കൾ ശ്രേഷ്ടവും മെന്മയുള്ളതുമായ സമ്പാദ്യത്തെ കുറിച്ച് ഏറ്റവും കൂടുതൽ തവണ വ്യക്തമായി പറഞ്ഞിരിക്കുന്നത് ജ്ഞാനിയായ ശലോമോൻ ആകുന്നു. “”സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും “ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിപ്പാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും ഉതകുന്നു”, തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുക; ജ്ഞാനം സമ്പാദിപ്പാൻ അവന്റെ കയ്യിൽ ദ്രവ്യം എന്തിനു?. ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക. ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.

സത്യത്തേ അസത്യവും വെളിച്ചത്തെ തമസ്സും ആക്കിമാറ്റിയും, നീതിയും ന്യായവും മറച്ചും മറിച്ചും നേതൃത്വത്തേയും നേതൃസ്ഥാനത്തിരിക്കുന്നവരെയും പ്രസാദിപ്പിച്ചും, പ്രീതിപ്പെടുത്തിയും ഇന്നു പലരും നിലനിൽപ്പിനും, സ്ഥാനം ഉറപ്പുക്കാനും മാനത്തിനും, പദവിക്കും, ദൈവത്തിന്റെ പ്രീതിയെക്കാൾ മനുഷ്യന്റെ പ്രീതി സമ്പാദിപ്പാൻ ശ്രമിക്കുന്നു, വചനവും അങ്ങനെ തന്നേ അടിവരയിട്ട് പറയുന്നു പ്രഭുവിന്റെ (മനുഷ്യന്റെ) പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; (സദൃ 19:6). എത്ര സത്യമേറിയ വാക്കുകൾ.””

ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ, മക്കൾക്കുവേണ്ടി കുറെ ധനം സമ്പാദിച്ചു കൂട്ടി വെക്കുന്നതിലും ഉപരിയായി, നീ കണ്ട ദർശനവും, കാഴ്ചപ്പാടും, ആത്മീകമൂല്യങ്ങളും, സാക്ഷ്യവും മാതൃകയും, സത്യസന്ധതയും, വിശ്വാസവും, വരും തലമുറയ്ക്ക് മുതൽക്കൂട്ടായി കൈമാറാൻ കഴിഞ്ഞാൽ അതിലും ശ്രേഷ്ഠമായ ഒരു സമ്പാദ്യവും ലോകത്ത്‌ കാണില്ല എന്നസത്യം ഒരത്മീകൻ അറിഞ്ഞിരിക്കണം.

“ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും (സാമ്പാദിച്ചിട്ടും) തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? (മത്താ 16:26).

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.