എഡിറ്റോറിയൽ: ജസിൻഡയുടെ സ്ഥാനത്യാഗവും ഇന്നത്തെ അധികാര മോഹികളും | ജെ പി വെണ്ണിക്കുളം

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നു എന്നതാണ് ലോകരാജ്യങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന ഏറ്റവും പുതിയ വാർത്ത. വയസ്സ് 42 മാത്രം എന്നിട്ടും എന്തെ ഇങ്ങനെയൊരു തീരുമാനം എന്നതാണ് എല്ലാവരും ചോദിക്കുന്നത്. അതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് ഈ തീരുമാനം എടുത്തതെന്നാണ് ജസിൻഡയുടെ വാദം.
സാമ്പത്തീക പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന ന്യൂസിലാന്റിനെ കരകയറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ ചുവടുമാറ്റം. എന്നും വാർത്തകളിൽ ഇടം കണ്ടെത്തിയ ജസിൻഡ ഏത് വെല്ലുവിളിയെയും നേരിടാൻ കരുത്തുള്ള വനിതയായിരുന്നു. അപ്പോൾ തന്നെ ഇപ്പോൾ രാഷ്ട്രം നേരിടുന്ന മോശം സാഹചര്യങ്ങൾ ജനപ്രീതി കുറയാൻ കാരണമായിട്ടുമുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്നത്തെ സ്ഥിരം ‘കസേര സംരക്ഷകർക്കു’ ഇതൊരു വെല്ലുവിളിയാണ്. ജീവിതകാലം മുഴുവൻ കസേര വേണമെന്നും കസേരയില്ലെങ്കിൽ തങ്ങൾ ഒന്നുമില്ലെന്നും ചിന്തിക്കുന്നവരുണ്ട്. അധികാരത്തിന്റെ മത്തു പിടിച്ച ഇവർക്ക് അതൊരു ലഹരിയാണ്. അടുത്ത തലമുറയ്ക്ക് വഴിമാറി കൊടുക്കാൻ പോലും അവർ തയ്യാറുമല്ല. ഇനി ആരെങ്കിലും ആ കഴിവ് തെളിയിച്ചാൽ അവരെ അമർച്ച ചെയ്യാനും ഇക്കൂട്ടർ മടിക്കില്ല.’സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക’ എന്ന പഴഞ്ചൊല്ലും നൽകുന്ന സന്ദേശം മറ്റൊന്നല്ല. കാര്യപ്രാപ്തി നഷ്ടപ്പെട്ടു എഴുന്നേറ്റു നടക്കാൻ പോലും പ്രാപ്തിയില്ലാത്ത പ്രായത്തിൽ അധികാരങ്ങൾ കൈമാറുന്നതിലും നല്ലത് അതിനേക്കാൾ വളരെ മുന്നമേ തന്നെ ഉചിതമായ തീരുമാനം എടുക്കലാണ്. ജസിന്ധ സ്ഥാനം ഒഴിയുമ്പോൾ മറുവശത്തു കസേരയ്ക്ക് വേണ്ടി മുറവിളികൂട്ടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. അധികാരത്തിന്റെ ചക്കരകുടത്തിൽ ഒരിക്കൽ എങ്കിലും കൈയിട്ടവർക്ക് അതിൽ നിന്നും മാറി ചിന്തിക്കാനാവില്ല! ജനപ്രീതി കുറയുന്നു എന്ന തോന്നൽ ഉണ്ടാകുമ്പോൾ തന്നെ ഉചിതമായ തീരുമാനങ്ങൾ എടുക്കണം. തങ്ങൾക്കു നേരെ വരുന്ന വിമർശനങ്ങളെ ഉൾക്കൊള്ളാൻ വയ്യാതെ മാധ്യമങ്ങളുടെ പോലും വായ അടപ്പിച്ചു അധികാരം കയ്യാളുന്നവർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്‌? ജനം അംഗീകരിക്കാത്ത എന്ത് ഭരണമാണ് ആവശ്യമായിരിക്കുന്നത്? സാമൂഹിക നീതി നടപ്പിലാക്കാൻ മുൻകൈയ്യെടുത്ത ജസിൻഡയെപ്പോലെയുള്ളവർ കളം വിടുമ്പോൾ പകരക്കാരായെത്തുന്നവർ കരുത്തരോ ദുർബലരോ എന്ന് ലോകം കാത്തിരിക്കുകയാണ്.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.