എഡിറ്റോറിയൽ: ബാലികാ ദിനം ആഘോഷിക്കുമ്പോൾ | ദീന ജെയിംസ്

ഇന്നത്തെ ദിനം നമ്മുടെ രാജ്യം പെൺകുട്ടികൾക്കായി മാറ്റി വച്ചിരിക്കുന്നു. ജനുവരി 24…ദേശീയ ബാലികാ ദിനം… ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി ചുമതലയേറ്റത് 1966ജനുവരി 24നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ദിനം ദേശീയ ബാലികാ ദിനമായി ആചരിക്കാൻ തുടങ്ങിയത്. 2008 മുതലാണ് ഇതിനു തുടക്കം കുറിച്ചത്.

പെൺഭ്രൂണഹത്യകളും ശൈശവവിവാഹവും പെൺകുട്ടികൾക്കെതിരെയുള്ള അക്രമങ്ങളും പൂർണ്ണമായും തുടച്ചുനീക്കപ്പെടേണമെന്നും അതോടൊപ്പം ബാലികാ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണെന്നും ഓരോ ബാലികാ ദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നു.

നമ്മുടെ സമൂഹത്തിൽ പെൺകുഞ്ഞുങ്ങൾ സുരക്ഷിതരാണോ? ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രായവ്യത്യാസമെന്യേ പെൺകുട്ടികൾക്കെതി രെയുള്ള അക്രമണങ്ങൾ നമ്മുടെ രാജ്യത്ത് വർധിച്ചുവരികയാണ്. പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാർത്ത കളാണ് ഓരോദിവസവും പുറത്ത് വരുന്നത്. മാത്രവുമല്ല പെൺകുട്ടികൾ ഒരു ബാധ്യതയാണെന്ന് കരുതുന്ന ഒരു സമൂഹം ഇന്നുമുണ്ട്. ഒരു പെൺകുഞ്ഞു പിറന്നുകഴിഞ്ഞാൽ നിരാശരാകുന്നവർ നിരവധിയാണ്. അനന്തരഫലമോ ഭ്രൂണഹത്യാ നിരക്കുകൾ വർധിക്കുന്നു. പെണ്ണായി പിറന്നതിന്റെ പേരിൽ ഉപേക്ഷിക്കപെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെ ഭാവി എന്താണ്? ശാരീരിക മാനസിക പീഡന ങ്ങൾക്കിരയായി പുറത്തു പറയാനാകാതെ കഴിയുന്ന കുട്ടികൾ… അതവരുടെ മാനസികരോഗ്യ വളർച്ച യെ ദോഷമായി ബാധിക്കുന്നു.

പെൺകുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ ആദ്യം മാറേണ്ടത് നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളാണ്. പെൺകുട്ടി ഒരു ബാധ്യതയല്ല, മറിച്ച് നമ്മുടെ അഭിമാനമാണ് എന്ന തിരിച്ചറിവ് ഉണ്ടാകേണം. എങ്കിൽ മാത്രമേ ആരോഗ്യമുള്ള ആത്മാഭിമാനമുള്ള പെൺതലമുറയെ വാർത്തെടുക്കുവാൻ നമ്മുടെ സമൂഹത്തിന് കഴിയൂ….എല്ലാവർഷവും മുടങ്ങാതെ ബാലികാ ദിനം ആഘോഷിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്താനും നമുക്ക് കഴിയേണം.എന്നെന്നും അവർ സംരക്ഷിക്കപ്പെടട്ടെ!!!!
ഓരോ പെൺകുഞ്ഞും നമ്മുടെ കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്നവരായി മാറട്ടെ!!!!

ദീന ജെയിംസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.