കവിത: ആത്മഗതം | രാജൻ പെണ്ണുക്കര

അറിയാതെന്മനം മടങ്ങിപോയി
നാലരപതിറ്റാണ്ടുകൾ പിന്നിലായ്,
എത്ര മധുരമാണാ ഓർമ്മകൾ
ഓർമ്മിച്ചാൽ കുളിരേകുന്ന ബാല്യകാലം

ഒരിക്കലും മറക്കുവാനാവതല്ലാ നാളുകൾ,
ആനല്ല കാലം സ്മരിക്കയാണിന്നു ഞാനിപ്രഭാതം,
പൂർവ്വപിതാക്കൾ നേർവഴി കാട്ടിതന്ന ഭാഗ്യകാലം,
പുൽപ്പായിൽ ഇരുന്നയെൻ ബാല്യകാലം.

ആരാധനയിൽ തീ കത്തിയിരുന്ന കാലം,
കരസ്പർശനം കാത്തിരിക്കവേ-
നടന്നടുക്കും പ്രവാചകന്റെ പദനിസ്വനം
കേട്ടു വിളറിവെളുത്ത കാലം!

എൻ തലമേലാകരുതേയാ-
കരങ്ങളെന്ന് പ്രാർത്ഥിച്ചിരുന്ന കാലം!
എത്ര അച്ചട്ടായവർ പ്രവചിച്ചിരുന്ന കാലം,
കുറ്റബോധത്താലേവരും നിലവിളിച്ച കാലം.

രാത്രി യോഗങ്ങളിൽ പോകാൻ
വെമ്പൽ കൊണ്ടിരിന്ന കാലം
ചൂട്ടു കെട്ടുവാനപ്പൻ പഠിപ്പിച്ചുതന്നകാലം,
ചൂട്ടു പിടിക്കുവാനൊരവസരം കിട്ടിയെൻ
കൈവിരൽ പൊള്ളിച്ച കാലം!

ചൂട്ടുവെട്ടത്തിൽ ചാടിമറയും
തവളകുഞ്ഞുങ്ങളെ നോക്കി രസിച്ചൊരു കാലം,
കളകള നാദമായൊഴുകും ചെറു തോട്ടിൽ
കാലുകൾ കഴുകി പായിൽ ഇരിന്നോരുകാലം,

വഴികാട്ടിയായൊരാൾ മുന്നിൽ
നടന്നു പോയൊരുകാലം,
കാഹളനാദം കേട്ടാലുടൻ
പറന്നുപോകാനൊരുക്കമായ്
രാത്രിയിൻ യാമങ്ങളിൽ
മാറാനാഥ പറഞ്ഞവർ പിരിഞ്ഞ കാലം.

ഇന്നു ഞാൻ തിരിച്ചുവന്നെൻ സഭയിൽ
തിരഞ്ഞവയെല്ലാം എന്നോർമ്മയിൻ താളുകളിൽ,
ഒന്നുമേ കാണുവാനായില്ലെന്നതും സങ്കടം
എവിടേതിരിഞ്ഞാലും പുതുമുഖങ്ങൾ മാത്രം.

ഇന്നേവരും എത്തുന്നു തൻ ശകടമതിൽ,
തകൃതിയായ് നടക്കുന്നു ആരാധന മുന്നിലായ്,
തമ്പേറിൻ താളം മുറുകുന്നു പലപ്പോഴും,
ഇതിനിടെ പരതുന്നു പലരും മൊബൈലിൽ

കൊല്ല്യാൻ പോൽ പാഞ്ഞുപോയി ചിലർ മുന്നിലായ്
ഒന്നുമിണ്ടണമെന്നാശിച്ചു പോയി പലപ്പോഴും
ഒന്നുമിണ്ടുവാനവസരം ലഭിച്ചാലതും ഭാഗ്യം.
ഹസ്തദാനം ചെയ്യുവാൻ മറന്നുപോയെവരും

പിരിവുകൾ നടക്കുന്നു തകൃതയായി സഭയിൽ
പേരുകിട്ടുവാനുയർത്തുന്നു കൈകൾ ധൃതിയായ്
നെഞ്ചിടംപുകയുന്ന പാവം ചിലമനുഷ്യരും
എല്ലാമിന്നു പണത്തിൻ കളികളല്ലേ സഭയിൽ

ആദ്യസ്നേഹമെങ്ങ്പോയ് സോദരാ
എത്ര മാറിപ്പോയി സോദരങ്ങളെ നാം,
സ്വർഗ്ഗരാജ്യം കാണുവാൻ ആകുമോ
എന്നതും സംശയം!.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.