ഇന്നത്തെ ചിന്ത : എരിതീയിൽ എണ്ണ ഒഴിക്കാമോ | ജെ. പി വെണ്ണിക്കുളം
ഇയ്യോബ് 5:7
തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.
ഈ ലോകത്തിൽ ജനിക്കുന്ന മനുഷ്യരൊക്കെ തന്നെ പല പ്രയാസഘട്ടങ്ങളിൽ കൂടി കടന്നു പോകാറുണ്ട്. സഭാപ്രസംഗി 5:17 പറയുന്നു, “അവന്റെ ജീവകാലം ഒക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു”. എന്നാൽ ഒരു ദൈവവിശ്വാസിയെ സംബന്ധിച്ചിടത്തോളം കഷ്ടത ഒരു വരമാണ്. അപ്പോഴും ഓർക്കേണ്ട മറ്റൊന്നുണ്ട്, അതായതു ജീവിതത്തിൽ നേരിടുന്ന കഷ്ടതകൾക്ക് പിന്നിൽ രഹസ്യപാപങ്ങളല്ല. ‘പഴുത്ത ഇല വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കരുത്’ എന്നൊരു നാടൻ ചൊല്ലുണ്ട്. ഒരുവന് പ്രയാസം ഉണ്ടാകുമ്പോൾ മാറിനിന്നു ഊറിചിരിക്കരുത്. ദൈവം അവരുടെ ജീവിതത്തിൽ അനുവദിച്ചതാകാം ആ കഷ്ടത. അതിലൂടെ ദൈവനാമം മഹത്വപ്പെടണം. അല്ലാതെ ‘മുള്ളുകൾ’ കൊണ്ടു കുത്തി നോവിക്കരുത്. പുര കത്തുമ്പോൾ വാഴ വെട്ടാനും എരിതീയിൽ എണ്ണ ഒഴിക്കാനും ധാരാളം പേർ കാണും. കഷ്ടതയിൽ അകപ്പെടുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ അധികം പേർ കാണില്ല!
ജെ. പി വെണ്ണിക്കുളം